‘സ്ത്രീ ഘടം വായിക്കുന്നതിന്റെ ഒപ്പമിരിക്കില്ല’: മൃദംഗ വിദ്വാന്റെ വാശി: തളരാതെ താളംപിടിച്ച് സുകന്യ റാംഗോപാൽ Sukanya Ramgopal, India's female Ghatam artist
Mail This Article
ഘടം വിദുഷി സുകന്യ റാംഗോപാലിനെ കാണാനുള്ള യാത്രയിലുടനീളം മനസ്സിൽ മുഴങ്ങിയതു സുകന്യയുടെ ഘടതരംഗമാണ്. തൃശ്ശൂർ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച താളവാദ്യോത്സവ വേദിയിൽ നിരത്തിവച്ച ഘടങ്ങൾക്കുമുന്നിൽ രാജകീയ പ്രൗഡിയിലിരിക്കുന്ന സുകന്യയും സംഘവും ഓർമയിൽ താളമിട്ടു.
ബെംഗളൂരു യശ്വന്ത്പൂരിലെ സുകന്യയുടെ വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ ആദ്യം വരവേറ്റത് ഘടതാളമാണ്. 68ാം വയസ്സിലും ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ സുകന്യയുടെ വിരലുകൾ ഘടങ്ങളിൽ നാദപ്പെരുക്കമാകുന്നു. പരിശീലനമവസാനിപ്പിച്ച്, ഘടം തൊട്ടു വണങ്ങി, സുകന്യ സ്വീകരണമുറിയിലേക്കെത്തി.
‘‘20 വയസ്സുള്ളപ്പോഴാണു ഞാനാദ്യമായി കേരളത്തിൽ വരുന്നത്. ഗുരുവായൂർ വെങ്കടാചലപതി കോ വിലിൽ പി.ലീലക്കൊപ്പം കച്ചേരി അവതരിപ്പിച്ചത് ഇ ന്നും ഓർമയുണ്ട്. കേരളം എനിക്കേറെ ഇഷ്ടമുള്ള നാടാണ്. ’’ സുകന്യ പറയുന്നു.
ഘടലോകത്തെ വളക്കിലുക്കം
പുരുഷന്മാർ അടക്കിവാണിരുന്ന ഘടത്തിന്റെ താളവാദ്യ ലോകത്തേക്കു സുകന്യയുടെ വളക്കിലുക്കം കടന്നു വന്നതു ആകസ്മികമായാണ്. ഒരു പതിമൂന്നുകാരിയുടെ ഉള്ളിലുയർന്ന കൗതുകം സുകന്യയെ ഇന്ത്യയിലെ ആദ്യ വനിത ഘടം കലാകാരി എ ന്ന കിരീടത്തിന് അർഹയാക്കി.
ചേച്ചി ഭാനുമതിക്ക് പാവകളായിരുന്നു കൂട്ട്. അനിയത്തി സുകന്യയ്ക്ക് അടുക്കളയിലെ പാത്രങ്ങളും. അത് നിരത്തി വച്ച് താളം പിടിക്കുന്നതായിരുന്നു കുഞ്ഞുസുകന്യയുടെ വിനോദം. ചേച്ചിയുടെ പാട്ടും അനിയത്തിയുടെ കൊട്ടുമായി തമിഴ്നാട്ടിലെ മയിലാടുംതുറൈയിലെ സുബ്രഹ്മണ്യത്തിന്റെയും രംഗനായകിയുടേയും വീട്ടിൽ സദാ സംഗീതം ഉയർന്നു കേട്ടുകൊണ്ടേയിരുന്നു.
‘‘ആദ്യം ചേച്ചിക്കൊപ്പം കർണാടക സംഗീതം പ ഠിക്കാൻ പോയി. പിന്നെ, വയലിനായി എന്റെ താൽ പര്യം. അങ്ങനെ വീടിനടുത്തുള്ള ശ്രീ ജയ ഗണേഷ് താളവാദ്യ വിദ്യാലയത്തിലെത്തി. ഘടം വിദ്വാൻ വിക്കു വിനായക് റാമിന്റെ സഹോദരൻ ഗുരുമൂർത്തിയാണു വയലിനിൽ ഗുരു.
വയലിൻ ക്ലാസിലിരിക്കുമ്പോഴും എന്റെ കാതുകളും മനസ്സും തൊട്ടടുത്തുള്ള മൃദംഗം ക്ലാസിലായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. വിക്കു സാറിന്റെ പിതാവ് ഹരിഹര ശർമ സാറിനെക്കണ്ടു ‘മൃദംഗം പ ഠിപ്പിക്കുമോ?’ എന്നു ചോദിച്ചു. ‘പിന്നെന്താ കുട്ടീ, നീയും ഇരുന്നോളൂ’ എന്നു പറഞ്ഞ് ഒരു മൃദംഗമെടുത്തു കയ്യിൽ തന്നു. വാദ്യ ലോകത്തേക്കുള്ള ആ ദ്യതാളമായിരുന്നു അത്. ’’ .
തസ്മൈ ശ്രീ ഗുരവേ നമഃ
‘‘വിക്കു സാറിന്റെ കൈകളിലെന്തോ ഒരു മാന്ത്രികതയുണ്ട്. ആ കൗതുകമാണ് എന്നെ ഘടത്തിലേക്ക് ആകർഷിച്ചത്. കൗതുകം ആവേശമായപ്പോൾ ഘടം പഠിപ്പിക്കാമോ എന്നു വിക്കു സാറിനോടു ചോദിച്ചു. അദ്ദേഹം വിദേശത്തേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ‘കാണുംപോലെ എളുപ്പമല്ല ഇത്. പെൺകുട്ടിയുടെ മൃദുവായകയ്യിനു ഘടം വഴങ്ങുമോയെന്നും ചിന്തിക്കണം.’ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ‘ഒരവസരം തരൂ, സാധിക്കുന്നില്ലെങ്കിൽ പിന്മാറാം’ എന്നു പറഞ്ഞു ഞാൻ കരഞ്ഞു. അവിടെയും രക്ഷകനായതു ശർമ സാറാണ് ‘ആത്മവിശ്വാസമുണ്ടെങ്കിൽ അവൾ ശ്രമിക്കട്ടെ. ഞാൻ പരിശീലിപ്പിക്കാം. സാധിക്കുമെന്നു ബോധ്യപ്പെട്ടാൽ നീ സുകന്യയെ ശിഷ്യയായി സ്വീകരിക്കണം’ ശർമ സർ പറഞ്ഞു. വിക്കു സർ സമ്മതം മൂളി.
ആദ്യ ദിവസം തന്നെ രസകരമായൊരു സംഭവമുണ്ടായി. ‘തരികിട് തരികിട്’ കൊട്ടിയായിരുന്നു തുടക്കം. എന്നെ കൊട്ടാൻ ഏൽപിച്ച് മുന്നിലെ ചാരുകസേരയിൽ ശർമ സർ വിശ്രമിക്കാൻ തുടങ്ങി. അൽപനേരം കഴിഞ്ഞപ്പോഴേക്കും കൈക്കും കഴുത്തിനുമെല്ലാം വല്ലാത്ത വേദന അനുഭവപ്പെട്ടു. സർ ഉറങ്ങുകയാണല്ലോ എന്നു കരുതി ഞാൻ നിർത്തി.
‘ആരാ കുട്ടീ നിർത്താൻ പറഞ്ഞത്? വേദനകളുണ്ടായെന്നിരിക്കും. അവ സ്വയം മാറും. തുടരൂ.’ ഉറച്ച ശബ്ദത്തിൽ ശർമ സാർ പറഞ്ഞു. അന്ന് ഘടത്തിൽ വച്ച കൈ ഞാനിന്നും തിരികെ എടുത്തിട്ടില്ല.’’ സുകന്യയുടെ വാക്കുകൾ ശരിവച്ച് കമ്മലിലെ കുഞ്ഞു ഘടം തലയാട്ടി.
തളരാതെ മുന്നോട്ട്
‘‘വിദേശത്തു നിന്നു മടങ്ങിയെത്തിയ വിക്കു സർ എന്റെ പഠനത്തിലെ പുരോഗതി വിലയിരുത്തി. ശിഷ്യയായി സ്വീകരിച്ചു. വീടിനടുത്തുള്ള ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. അതിരില്ലാത്ത വേദികളും അളവില്ലാത്ത സ്നേഹവും എന്നെ തേടിയെത്തി.
തിരക്കിട്ട ആ യാത്രകള്‍ക്കിടയിൽ മനസ്സിനെ മുറിവേൽപ്പിച്ച ഒരു സംഭവമുണ്ടായി. ഒരു വലിയ കലാകാരന്റെ കച്ചേരിയിൽ ഘടം വായിക്കുന്നതിനായി എന്നെ ക്ഷണിച്ചു.
വലിയ സന്തോഷത്തോടെയാണു പോയെങ്കിലും വേദിയിൽ കയറുന്നതിനു തൊട്ടു മുൻപ് എന്നോടു തിരികെ പൊ യ്ക്കൊള്ളാൻ പറഞ്ഞു. മൃദംഗ വിദ്വാന് ഒരു സ്ത്രീ ഘടം വായിക്കുന്നതിനൊപ്പമിരിക്കാൻ സമ്മതമല്ലത്രേ.
പക്ഷേ, അതിൽ ഞാൻ തളർന്നില്ല. നിരസിക്കപ്പെട്ടതിനേക്കാൾ പൊള്ളിച്ചതു ഞാനൊരു സ്ത്രീയാണെന്ന കാരണമാണ്. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് എന്നെ തളർത്താനായില്ല. മുന്നോട്ടുള്ള ഓരോ യാത്രയും, ഓരോ വേദിയും കലാരംഗത്തു സ്ത്രീകളെ നിരസിച്ചവർക്കുമുള്ള മറുപടിയായിരുന്നു.
ടി.എൻ. കൃഷ്ണൻ സാർ, നെയ്യാറ്റിൻകര വാസുദേവൻ സർ എന്നിവർ നൽകിയ പ്രോത്സാഹനം മറക്കാൻ കഴിയുന്നതല്ല. ബോംബെ സിസ്‌റ്റേഴ്സിനൊപ്പം കച്ചേരി അവതരിപ്പിച്ചതും നിറമുള്ള ഓർമയാണ്. വിക്കു വിനായക് സർ ഒരു ഘടം സമ്മാനിച്ചു. അതിൽ എന്റെ ചിത്രം അതിമനോഹരമായി കൊത്തിയിരുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹമാണ് േതടിയെത്തുന്ന പ്രശസ്തിയും പുരസ്കാരങ്ങളുമെല്ലാം.’’
അവരില്ലായിരുന്നെങ്കിൽ ഞാനില്ല!
ഞാനെത്ര ഭാഗ്യവതിയാണെന്ന് എനിക്കു തോന്നുന്നത് എന്റെ വീട്ടിലേക്കു കൂടി നോക്കുമ്പോഴാണ്. ഒരു കലാകാരിയെന്ന നിലയിൽ ഇന്നെന്നെ ആളുകൾ അറിയുന്നതിൽ ഭർത്താവ് റാം ഗോപാലിനോടും അദ്ദേഹത്തിന്റെ അമ്മ സാവിത്രിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
ബിഎച്ച്ഇഎല്ലിൽ ജനറൽ മാനേജറായിരുന്നു റാം. എ ന്റെ അസാന്നിധ്യത്തിൽ മക്കളെ നന്നായി വളർത്തിയത് റാ മും അമ്മയുമാണ്. എന്നെ എപ്പോഴും അടുത്തു കിട്ടാത്തതിൽ മക്കൾ രാധയ്ക്കും നാരായൺ പ്രഭുവിനും വിഷമമുണ്ടായിരുന്നെങ്കിലും അവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു.
എന്നെ ആരെങ്കിലും വിമർശിച്ചാലുടൻ അമ്മ മറുപടിയുമായി എത്തും. ‘എനിക്കോ നിനക്കോ ഘടം വായിക്കാൻ പറ്റുമോ? നമുക്ക് കുട്ടികളെ നോക്കാൻ സാധിക്കും. ആ ജോലി നന്നായി ചെയ്യാം. അവൾക്കു സന്തോഷം കിട്ടുന്ന കാര്യങ്ങൾ അവൾ ചെയ്യട്ടേ’ എന്ന്.’’
എന്റെ ജീവിതത്തിൽ വിജയങ്ങളും സർഗാത്മക സൃഷ്ടികളും ജന്മം കൊണ്ടിട്ടുള്ളത് റിജക്‌ഷനിൽ നിന്നാണ്. എത്രയോ നാളത്തെ ചിന്തകൾക്കും പരിശീലനത്തിനുമൊടുവിലാണു ഘടതരംഗ് ചിട്ടപ്പെടുത്തുന്നത്.
35 വർഷമായി ഒരേസമയം ആറു മുതൽ എട്ടു ഘടം വ രെ വായിക്കുന്നതാണ് ഘടതരംഗ്. വിക്കു സാറിനൊപ്പം ഞ ങ്ങൾ കുട്ടികൾ ഘടമാല പരിശീലിക്കുമായിരുന്നു. ഘടതരംഗിന്റെ ഉത്ഭവം അവിടെ നിന്നാണ്.
സ്ത്രീ ആണെന്ന ഒറ്റക്കാരണം കൊണ്ടു പിന്തള്ളപ്പെട്ട ഒരുപാടു പേരെ എനിക്കറിയാം. അങ്ങനെയാണ് സ്ത്രീതാ ൾ രൂപീകരിക്കുന്നത്. ഒരിക്കൽ ക്ഷണിക്കപ്പെട്ട അതിഥിക ൾക്കു മുന്നിൽ സ്ത്രീതാൾ തരംഗ് അവതരിപ്പിച്ചപ്പോൾ മുതിർന്ന ഒരു കലാകാരൻ പറഞ്ഞു, ‘ഇതൊക്കെ വെറുതെ പഠിപ്പിക്കാൻ കൊള്ളാമെന്നതിനപ്പുറത്തേക്കു കച്ചേരിക്കു പറ്റില്ല’ എന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റാണെന്ന് അധികം വൈകാതെ ഞങ്ങൾ തെളിയിച്ചു.
മാറ്റങ്ങൾ കലാലോകത്തും സംഭവിക്കുന്നുണ്ട്. ഇന്ന് ഒ രുപാടു കുട്ടികൾക്ക് ഞാൻ ഘടത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുന്നു. എന്റെ ഒരു വിദ്യാർഥിപോലും ഞാൻ അ നുഭവിച്ച ബുദ്ധിമുട്ടുകൾ നേരിടരുത് എന്നെനിക്കു നിർബന്ധമുണ്ട്. കലാലോകത്തു നിറയണം പെൺതാളം’’
