ADVERTISEMENT

ഇരുപത്തി ഏഴാം വയസ്സിൽ, ആശിച്ച ജോലിയിൽ കയറി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തനിക്കു കാൻസറാണെന്ന സത്യം ഫേബ തിരിച്ചറിഞ്ഞു. രോഗദുരിതങ്ങൾ വലച്ചെങ്കിലും മരണത്തിന്റെ വക്കോളമെത്തിച്ചെങ്കിലും ഫേബ ഇരട്ടി കരുത്തോടെ ജീവിതത്തെ നോക്കി വിടർന്നു ചിരിച്ചു. ഒടുവിൽ ഒരു മഹാദ്ഭുതം പോലെ രോഗം മുട്ടുമടക്കി...കാൻസർ മുക്തയായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞിന്റെ അമ്മയാകാനും സാധിച്ചു...അതേ, ഫേബയുടെ ജീവിതത്തെയും കാൻസർ അതിജീവനത്തെയും മഹാദ്ഭുതം എന്നതിൽ കുറഞ്ഞൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാകില്ല. തന്റെ അതിജീവനനാളുകളെക്കുറിച്ചു ഫേബ മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു.

" കൊട്ടാരക്കര ആണ് എന്റെ വീട്. ഞങ്ങൾ മൂന്നു പെൺകുട്ടികളാണ്. പപ്പ പാസ്റ്റർ ആണ്. സാമ്പത്തികമായി അത്ര മെച്ചമല്ലായിരുന്നെങ്കിലും പപ്പ മൂന്നുപേരെയും നഴ്സിങ് പഠിപ്പിച്ചു. ഒരു ജോലി ലഭിച്ചിട്ടു ഹൃദ്രോഗിയായ പപ്പയ്ക്ക് സുഖമായി യാത്ര ചെയ്യാൻ ഒരു കാർ വാങ്ങണം, നല്ലൊരു വീട് സ്വന്തമായി വയ്ക്കണം... 2019 ൽ സൗദിയിലെ ആറം
കോയിൽ നഴ്സായി ജോലി ലഭിച്ചപ്പോൾ എന്റെ ഈ ചെറിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമായി ഞാൻ കരുതി. ജോലിക്ക് കയറി ആദ്യം ചെയ്തത് ഒരു കാർ ബുക്ക് ചെയ്യുകയായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ ചെറിയ തുക അയച്ചു നൽകി വീടുപണി തുടങ്ങാൻ പപ്പയെ പറഞ്ഞേൽപിച്ചു.

ADVERTISEMENT

ദിവസവും തൂക്കം നോക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. അങ്ങനെയാണു ദിവസവും തൂക്കം കുറഞ്ഞു വരുന്നതു ശ്രദ്ധിച്ചത്. എമർജൻസി വിഭാഗത്തിലായിരുന്നു ജോലി. 12 മണിക്കൂർ ഡ്യൂട്ടി. ഈ ഒാട്ടപ്പാച്ചിലു കൊണ്ടാകാം ഭാരം കുറയുന്നതെന്നു കരുതി. പിന്നെയും വന്നു ചില പ്രശ്നങ്ങൾ... ശ്വാസംമുട്ടൽ, ഭക്ഷണം വിഴുങ്ങാൻ പ്രയാസം, ചർമത്തിൽ ചൊറിഞ്ഞു തടിക്കൽ. പക്ഷേ കോവിഡനന്തരം എന്തു ലക്ഷണം കണ്ടാലും പോസ്റ്റ്‌ കോവിഡ് എന്നായിരുന്നല്ലോ ചിന്ത. എനിക്ക് 2021 ൽ കോവിഡ് വന്നതു കൊണ്ടു സ്വാഭാവികമായി ഞാനും അങ്ങനെ കരുതി. ഇടവിട്ടു പനിയും രാത്രി വിയർപ്പും കണ്ടപ്പോൾ ടിബി പരിശോധനയും ചെയ്തു. രക്തപരിശോധന ചെയ്തു, സി ടി സ്‌കാൻ എടുത്തു. എല്ലാം ഒാകെ.

എന്നിട്ടും ലക്ഷണങ്ങൾ ഒന്നും കുറയാതെ വന്നപ്പോൾ അവിടെ തന്നെ ഒരു ശ്വാസകോശരോഗ വിദഗ്ധനെ കണ്ടു. അദ്ദേഹം കോൺട്രാസ്റ്റ് സി ടി സ്‌കാൻ ചെയ്യാൻ പറഞ്ഞു.

ADVERTISEMENT

നിനച്ചിരിക്കാതെ വന്നത്

ഒരു ഡൈ കുത്തി വച്ചുള്ള ഈ സ്കാനിൽ സാധാരണ സി ടി യെക്കാളും വ്യക്തമായി രക്തക്കുഴലുകളും ശരീരഘടനകളും അവയവങ്ങളും കാണാൻ പറ്റും. സി ടി സ്‌കാൻ ഫലം മുൻപിൽ വച്ച്" ഫേബ ഞാൻ പറയുന്നതു ശാന്തമായി കേൾക്കണം. നിങ്ങൾക്കു കാൻസർ ആണോയെന്നു സംശയമുണ്ട്." എന്നു ഡോക്ടർ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഞാൻ മരവിച്ചിരുന്നു. എന്റെ മനസ്സിലൂടെ ഒട്ടേറെ ചിത്രങ്ങൾ പാഞ്ഞുപോയി. പണി തുടങ്ങി കിടക്കുന്ന വീട്, പുതിയ കാറിന്റെ ലോൺ, എന്റെ മാതാപിതാക്കൾ... ജോലി നിർത്തി ഞാൻ നാട്ടിൽ ചെന്നാൽ അവർ എങ്ങനെ മാനേജ് ചെയ്യും? പക്ഷേ, തുടർപരിശോധനകൾക്കു നാട്ടിലെത്തിയേ പറ്റൂ. അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ ടിക്കറ്റ് ശരിയാക്കി ഞാൻ നാട്ടിലേക്കു തിരിച്ചു.

ADVERTISEMENT

അവിടെ ബയോപ്സിക്കുള്ള കാര്യങ്ങളെല്ലാം ജസ്റ്റിൻ ശരിയാക്കി വച്ചിരുന്നു.ഒരു മിനിറ്റ്... ജസ്റ്റിൻ ആരെന്നു പറഞ്ഞില്ലല്ലേ...സൗദിയിലേക്കു പോകും മുൻപു വെച്ചൂച്ചിറക്കാരനായ ജസ്റ്റിൻ എന്നയാളുമായി വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനു മുൻപ് എന്റെ വീടൊന്നു കരയ്ക്കടുപ്പിക്കാൻ സമയം ചോദിച്ചു വാങ്ങിയാണു സൗദിയിലേക്കു പോയത്. ജസ്റ്റിനെ ഞാൻ അച്ചാച്ചൻ എന്നാണു വിളിക്കുക.പുള്ളിയുമായി ഞാൻ നന്നായി സംസാരിക്കുമായിരുന്നു. അവരുടെ കുടുംബവുമായും നല്ല അടുപ്പമായിരുന്നു.

ആരോഗ്യ പ്രശ്നങ്ങളൊക്കെ തുടക്കം മുതലേ പുള്ളിയോടു പറഞ്ഞിരുന്നു. പിന്നെ എല്ലാം വേഗം നടന്നു. കാർഡിയോതൊറാസിക് സർജൻ ആണു ബയോപ്സി ചെയ്യേണ്ടത്. ലിസി ആശുപത്രിയിൽ പോയി ബയോപ്സി എടുത്തു. അപ്പോഴും എന്റെ വീട്ടിൽ എല്ലാവരുടെയും ചിന്ത എനിക്ക് ഒരു കുഴപ്പവും കാണില്ല എന്നായിരുന്നു. പക്ഷേ അവരുടെ ശുഭ പ്രതീക്ഷകളെ തല്ലിക്കെടുത്തി 10 ദിവസം കഴിഞ്ഞു ഫലം വന്നു - എനിക്ക് ഹോഡ്ജ്കിൻസ് ലിംഫോമ എന്ന കാൻസർ ആണ്.

എന്നോട് ഈ വിവരം പറയാൻ ധൈര്യം ഇല്ലാത്തതു കൊണ്ടു വീട്ടുകാർ ജസ്റ്റിനെ അക്കാര്യം ഏൽപിച്ചു. പുള്ളി നേരെ വീട്ടിൽ വന്നു എന്നെ കണ്ടു, പോകാൻ നേരം പുറത്തേക്കു വിളിച്ചു കാര്യം പറഞ്ഞു. വല്ലാത്ത സങ്കടം തോന്നിയെങ്കിലും ഞാൻ കരഞ്ഞില്ല. ‘‘ദൈവം തരുന്നതെന്തും സ്വീകരിക്കാൻ ഞാൻ റെഡി ആണ്. ഇപ്പോൾ നല്ല ചികിത്സകൾ ഒക്കെ ഉണ്ടല്ലോ. അതുകരുതി മുൻപോട്ടു പോകാം ’’ എന്നു മാത്രം പറഞ്ഞു.

ജീവാംശമായ ഇഷ്ടം

2021 ഡിസംബറിൽ വിവാഹം എന്നായിരുന്നു തീരുമാനം. ബയോപ്സി ഫലം ലഭിച്ചത് 2021 സെപ്റ്റംബർ 1 നാണ്. അന്നു വൈകിട്ടു തന്നെ എന്റെ പപ്പ ജസ്റ്റിന്റെ വീട്ടിൽ വിളിച്ചു. ‘മകൾക്കു കാൻസർ ആണ്, നിങ്ങളുടെ മകനു വേറെ വിവാഹം നോക്കിക്കോളൂ’ എന്നു പറഞ്ഞു. പക്ഷേ, ആരും വിചാരിക്കാത്തൊരു മറുപടി ആണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. " ജസ്റ്റിനു ഫേബയെ തന്നെ വിവാഹം കഴിച്ചാൽ മതി എന്നാണ്. ഈ വിവാഹം എത്രയും പെട്ടെന്നു ന ടത്താനാണു ഞങ്ങളുടെയും തീരുമാനം. ഫേബയ്ക്ക് ഇപ്പോൾ ഏറ്റവുമധികം വേണ്ടതു മാനസിക പിന്തുണയാണ്. വിവാഹിതരായാൽ അവന് എപ്പോഴും ഫേബയ്ക്കൊപ്പം ഉണ്ടായിരിക്കാൻ സാധിക്കുമല്ലൊ. "

വീണ്ടും എന്റെ ബന്ധുക്കളിൽ തന്നെ പലരും ഉപദേശിച്ചെങ്കിലും അച്ചാച്ചൻ എത്രയും വേഗം വിവാഹം എന്ന് ഉറച്ചു നിന്നു.ചികിത്സ വൈകിക്കാനും പറ്റില്ലല്ലൊ. അതുകൊണ്ടുസെപ്റ്റംബർ നാലിനു തന്നെ എല്ലാവരെയും വിളിച്ച് ആഘോഷമായി കെട്ടു നടത്തി. അഞ്ചാം തീയതി ലിസിയിൽ പോയി ബയോപ്സി സ്ലൈഡ് വാങ്ങിച്ചു. വിശദ പരിശോധനയ്ക്കായി ആറാം തീയതി കാറിൽ നേരെ വെല്ലൂർക്കു പോയി.

ഹണിമൂൺ ട്രിപ്പ് വെല്ലൂരിലേക്ക് !

ചിലർ കരുതി ഞങ്ങൾ ഹണിമൂൺ ട്രിപ്പ് പോയതാണെന്ന്...സത്യത്തിൽ ഒരു ഹണിമൂൺ ട്രിപ്പ് പോലെ മനോഹരമായിരുന്നു ആ യാത്ര... കാഴ്ചകൾ കണ്ട്... ഓരോ പ്രദേശത്തെയും സ്‌പെഷൽ ഫൂഡ് കഴിച്ച്...ഒാരോ നിമിഷവും ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നു.

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ബയോപ്സി ഫലവുമായി കാണാൻ വന്ന പുതുപ്പെണ്ണും ചെറുക്കനും അവിടുത്തെ ഡോക്ടർമാർക്കു കൗതുകമായി. ഞങ്ങളുടെ ജീവിതം കേട്ട ഡോക്ടർമാർ ഞങ്ങളുടെ മനസ്സിൽ പ്രതീക്ഷ നിറച്ചു. "ഫേബ നീ ഒരുപാട് ഭാഗ്യവതി ആണ്. ഈ രോഗത്തെയും നീ തീർച്ചയായും അതിജീവിക്കും" എന്നുപറഞ്ഞു. പക്ഷേ, പ്രതീക്ഷകളുടെ വെളിച്ചത്തിൽ നിന്നു നിരാശയുടെ പടുകുഴിയിലേക്കു വീണ അവസ്ഥയായിരുന്നു പെറ്റ് സി ടി ഫലം കണ്ടപ്പോൾ... അർബുദം നാലാം സ്റ്റേജിലാണ്. പക്ഷേ പെറ്റ് സി ടി എടുത്ത ഡോക്ടർ പറഞ്ഞു " സാരമില്ല, നിങ്ങളിതിനെ അതിജീവിക്കും, നിങ്ങളുടെ ഈ ജീവിതകഥ ഒരുപാടു പേർക്ക് പ്രചോദനം ആയിരിക്കും" എന്ന്.

കീമോയും വേദനകളും

ചികിത്സ വെല്ലൂരിൽ തുടരുന്നതു സാമ്പത്തികമായും മറ്റു പല രീതിയിലും പ്രായോഗികമല്ലെന്നും തിരുവല്ല ബിലീവേഴ്‌സ് ആശുപതിയിലെ ഡോ. ചെപ്സി ഫിലിപ്സിനെ കാണാനും വെല്ലൂരിലെ ഡോ. അനൂപാണു നിർദേശിച്ചത്. തിരികെ നാട്ടിൽ വന്ന് അന്നുതന്നെ ഡോക്ടറെ കണ്ടു കീമോ തുടങ്ങി. 12 കീമോ എടുക്കണമായിരുന്നു. കീമോ കഴിഞ്ഞ് ആദ്യ കുറെ ദിവസം ഛർദിയും ശരീരവേദനയും ആയിരിക്കും. മോർഫിൻ എടുത്താൽ പോലും കുറയാത്ത വേദന. മുടികൊഴിച്ചിൽ കാരണം ഒാരോ തവണ കീമോയ്ക്കു മുൻപും പൊടിച്ചുവരുന്ന മുടി ഷേവു ചെയ്തു കളയുമായിരുന്നു.

എല്ലാ പ്രശ്നങ്ങളിലും ആശ്വാസമായി അച്ചാച്ചൻ കൂടെ നിന്നു. എനിക്കു കാൻസർ ആണെന്നറിഞ്ഞ ശേഷം പുള്ളി ജോലിക്കു പോയില്ല. എപ്പോഴും കൂടെ കാണും. എന്നെ കുളിപ്പിക്കും. ഭക്ഷണം കഴിപ്പിക്കും. ഛർദിച്ചു കട്ടിലിൽ തളർന്നു കിടക്കുമ്പോൾ താഴെ ഇരുന്നു ഛർദി തുടച്ചുകളയുന്ന ആ മനുഷ്യനെ
നോക്കി ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ സ്നേഹം ലഭിക്കാൻ എന്തു പുണ്യമാണു ചെയ്തതെന്ന്. അച്ചാച്ചന്റെ ഡാഡിയും മമ്മിയും എനിക്കായി ഒരുപാടു രാത്രികളിൽ ഉറക്കമിളച്ചു.

അൽപം ആശ്വാസം തോന്നുന്ന ദിവസങ്ങളിൽ ഞങ്ങൾ ചെറു യാത്രകൾ പോകും. ഒറ്റപ്പെട്ടു വീട്ടിൽ ഒതുങ്ങി കൂടുമ്പോഴാണു മനസ്സു കെട്ടുപോകുക. യാത്രകൾക്കു വലിയ ഹീലിങ് പവർ ഉണ്ട്. പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചാൽ തന്നെ പാതി രോഗം കുറയും. കാൻസർ വന്നവർക്കായി അതിജീവനം എന്നൊരു കൂട്ടായ്മയുണ്ട്. അതിലൂടെ കുറച്ചു നല്ല സുഹൃത്തുക്കളെയും കിട്ടി.

2022 മാർച്ചിൽ 12-മത്തെ കീമോയും കഴിഞ്ഞു. ഒരു മാസം കഴിഞ്ഞു പെറ്റ് സി ടി എടുത്തു നോക്കിയാൽ അസുഖം മാറിയോ എന്നുറപ്പിക്കാം. ആ സന്തോഷത്തിൽ ഇരിക്കുമ്പോ ൾ പെട്ടെന്നൊരു ദിവസം എനിക്കു വയ്യാതായി. സെപ്റ്റിക് ഷോക് എന്ന അതിഗുരുതരമായ അണുബാധ പിടിപെട്ടതായിരുന്നു. എന്തു ചെയ്തിട്ടും ബിപി ശരിയാകുന്നില്ല, ഹൃദയമിടിപ്പു ക്രമാതീതമായി, മരുന്നുകളൊന്നും ഏൽക്കുന്നില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിൽ കുറേ ദിവസങ്ങൾ കഴിച്ചു കൂട്ടി. ഒടുവിൽ ഞാൻ ജീവിതത്തിലേക്കു തിരികെ വന്നു.

കുഞ്ഞിനായുള്ള കാത്തിരിപ്പ്

എന്തുകൊണ്ട് എനിക്കു മാത്രമിങ്ങനെ എന്നു ഞാൻ ഒരിക്കലും പരിഭവിച്ചില്ല. പക്ഷേ ഒരു ആഗ്രഹത്തിനായി മാത്രം ഒരൽപം വാശി പിടിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. ഒരു കുഞ്ഞ് എന്ന സ്വപ്നം സഫലമാകാൻ.... കാൻസർ മുക്തയായി ഒരു വർഷം കഴിഞ്ഞുള്ള പെറ്റ് സി ടി ക്കു പോയപ്പോൾ ഡോക്ടറോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചെങ്കിലും അഞ്ചു വർഷം കഴിഞ്ഞ് ആലോചിച്ചാൽ മതി എന്നായിരുന്നു മറുപടി. ശക്തിയേറിയ കീമോ കഴിഞ്ഞു ശരീരത്തിനു പഴയപടി ആകേണ്ടേ? ഗൈനക്കോളജിസ്‌റ്റിനെ കണ്ടെങ്കിലും വലിയ പ്രതീക്ഷയൊന്നും ലഭിച്ചില്ല. പക്ഷേ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് ആ വർഷം ജൂണിൽ ഞാൻ ഗർഭിണി ആയി. പ്രതീക്ഷകൾ അസ്തമിച്ച സമയത്തു ദൈവം തന്ന നിധി....

കുഞ്ഞിനൊപ്പം ഒരു വലിയ ഫൈബ്രോയ്ഡ് കൂടി വളരുന്നത് ആശങ്ക ഉണ്ടാക്കിയെങ്കിലും ഒരു കുഴപ്പവുമില്ലാതെ 2024 മാർച്ച് 8 ന് ഒരു ആൺകുട്ടി പിറന്നു - ജയ്ഡൻ... ചില നേരങ്ങളിൽ അവനെ താലോലിക്കുമ്പോൾ ഇതു സ്വപ്നമാണോ യാഥാർഥ്യമാണോ എന്നു തോന്നാറുണ്ട്. അപ്പോഴൊക്കെ ബൈബിളിലെ ജോബിന്റെ പുസ്തകത്തിലെ വരികൾ മനസ്സിൽ എത്തും..."അവിടുന്നു മുറിവേല്‍പ്പിക്കും; എന്നാല്‍, വച്ചുകെട്ടും; അവിടുന്നു പ്രഹരിക്കും; എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും."

അർബുദത്തിനുമപ്പുറം മനോഹരമായ ഒരു ജീവിതം നമ്മെ കാത്തിരിപ്പുണ്ട്. പ്രതീക്ഷ നശിക്കാതെ മുൻപോട്ടു പോകുകയാണു വേണ്ടത്.

English Summary:

Cancer Survivor Feba shares her miraculous journey of overcoming Hodgkin's Lymphoma, finding love and support, and ultimately welcoming a "miracle baby" after her treatment. Her inspiring story highlights resilience, unwavering hope, and the power of love in the face of life-threatening illness.

ADVERTISEMENT