ADVERTISEMENT

 രാഗവും താളവും ഭാവവും, നിഴലും നിലാവും പോലെ വീണുകിടന്ന കഥകൾ കേട്ടാണു ശ്രീല വളർന്നത്. കണ്ടു വളർന്ന കാഴ്ചകളിലെല്ലാം പാട്ടും നൃത്തവും അഭിനയവും സിനിമയും എല്ലാമുണ്ടായിരുന്നു.

മുത്തച്ഛന്‍ ചിത്രഭാനു സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. ദേശാടനം സിനിമയിലെ മുഖ്യ സ്വാമിയായും ആറാംതമ്പുരാനിൽ ‘പൂജയ്ക്കു തറവാട്ടിൽ നിന്ന് ആരും വരില്ലെന്നു’ പറയുന്ന നമ്പൂതിരിയായുമൊക്കെ അഭിനയിച്ച അദ്ദേഹം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഉൾപ്പടെയുള്ള നാടകങ്ങളിലും അഭിനയിച്ചിരുന്നു.

ADVERTISEMENT

അമ്മ സാവിത്രി അധ്യാപികയായിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി റെയിൽവേയിലും. പാഞ്ഞാൾ കലാഗ്രാമത്തിൽ ജനിച്ചതുകൊണ്ടു തന്നെ മകളുടെ ജീവിതത്തിൽ പാട്ടിന്റെയും നൃത്തത്തിന്റെയും തിരികൊളുത്തി വയ്ക്കാൻ അമ്മയ്ക്ക് ഒട്ടും മടിയില്ലായിരുന്നു. വീട്ടിലെ റേഡിയോയിലെ പാട്ടുകളുടെ വോള്യം കുറച്ചിട്ടേയില്ല. അമ്മയുടെ അമ്മാവനാണു മഹാകവി അക്കിത്തം.

ഇങ്ങനെ പായസത്തിലെ മധുരം പോലെ പാട്ടും നൃത്തവും ശ്രീലയുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നു. ഇന്ന് നൃത്തത്തിൽ നിന്നു സിനിമയിലേക്കും പഴമരുചി നിറയുന്ന പാചകരഹസ്യങ്ങൾ പറയുന്ന യൂട്യൂബ് ചാനലിലേക്കുമൊക്കെ ശ്രീല ചുവടുവച്ചു കൊണ്ടേയിരിക്കുന്നു.

ADVERTISEMENT

‘‘കലാമണ്ഡലം ശ്രീദേവി ടീച്ചർ ഞങ്ങളുടെ വീടിനടുത്തുതാമസം തുടങ്ങിയതായിരുന്നു ആദ്യത്തെ വഴിത്തിരിവ്. ടീച്ചർ എന്റെ ഗുരുവായി. മൂന്നു വയസ്സുള്ളപ്പോഴാണ് എന്നെ ടീച്ചറിനെ ഏൽപ്പിച്ചതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അരങ്ങേറ്റം എന്റെ ഒാർമയിലേയില്ല.

ശ്രീദേവി ടീച്ചർക്ക് ഒരു ബാലെ ട്രൂപ്പ് ഉണ്ടായിരുന്നു. കുട്ടിക്കാലത്തേ ‍‌അവർക്കൊപ്പം പോയിത്തുടങ്ങി. എന്തു പ്രോഗ്രാം ഉണ്ടായാലും ടീച്ചറിന്റെ കൂടെ വിടാൻ ഒരു മടിയും അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല. ഒാണത്തിനും വിഷുവിനും തിരുവാതിരയ്ക്കുമൊക്കെ ഞാൻ ബാലെ ടീമിനൊപ്പം യാത്രയായിരിക്കും. ടീച്ചറാണ് എന്നെ വളർത്തിയത്. അതുകൊണ്ടു തന്നെയാണ് കവളപ്പാറ യുപി സ്കൂളിൽ പഠിക്കുമ്പോൾ എ ന്താവാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോൾ എനിക്ക് ശ്രീദേവി ടീച്ചറാവണം എന്നു ഞാൻ മറുപടി പറഞ്ഞത്.’’ ശ്രീല ചിരിയിൽ ചിലങ്കകെട്ടി.

ADVERTISEMENT

നൃത്തം എന്ന മോഹം

പത്താം ക്ലാസ്സ് കഴിഞ്ഞ് അന്നത്തെ പതിവ് അനുസരിച്ച് ടിടിസിക്ക് ചേർന്ന് അധ്യാപികയാവാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും താളവും ഈണവും ചുവടുകളുമല്ലാതെ മറ്റൊരു പഠന വഴിയും തെളിയുന്നില്ലെന്നു ശ്രീല തുറന്നു പറഞ്ഞു

Sreelanalledath
ശ്രീല നല്ലേടത്ത്, ഫോട്ടോ:അശ്വിന്‍ കാരായി

‘‘40 വർഷം മുൻപാണ്. ഞങ്ങളുടേത് ശരിക്കും ഒരു നാട്ടി ൻപുറമായിരുന്നു. അന്നൊക്കെ നമ്പൂതിരിക്കുടുംബത്തിലെ ഒ‍രു പെൺകുട്ടി ഡാൻസു പഠിച്ച് അതൊരു ജീവിതമാർഗമായി തിരഞ്ഞെടുക്കാൻ പോവുന്നത് അംഗീകരിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. അമ്മയോട് പലരുമിതു ചോദിക്കുകയും ചെയ്തു.

ചെന്നൈ കലാക്ഷേത്രയിൽ ഡാൻസ് പഠിക്കണം. അല്ലെങ്കിൽ പാലക്കാട് മ്യൂസിക് കോളജിൽ പാട്ടു പഠിക്കണം. രണ്ടിലൊന്നാണ് കരിയർ ആയി ഞാൻ തീരുമാനിച്ചിരുന്നത്. പക്ഷേ, പ്രീഡിഗ്രി കഴിഞ്ഞ് ആലോചിച്ചാൽ മതി എന്ന് വീട്ടിൽ എല്ലാവരും നിർബന്ധിച്ചു. ഒടുവില്‍ പട്ടാമ്പി കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ജയിച്ചാൽ അധ്യാപികയാവേണ്ടി വരും. നൃത്തത്തിൽ നിന്നു മാറേണ്ടി വരും.

അപ്പോൾ ഞാനൊരു ‘നമ്പർ’ ഇറക്കി. ഹിസ്റ്ററി പരീക്ഷയ്ക്ക് നന്നായൊന്നുഴപ്പി. അതിന്റെ ‘റിസൽറ്റ്’ മാർക്കിലുണ്ടായിരുന്നു ഗംഭീരമായി തോറ്റു. ബാക്കി എല്ലാ വിഷയത്തിനും നല്ല മാർക്ക്. ഹിസ്റ്ററിക്കു മാത്രം തോറ്റു. ഇതു കണ്ട് വീട്ടുകാർക്കെല്ലാം സംശയം. ഞാൻ വീണ്ടും പാട്ടും ഡാൻസും പഠിക്കണം എന്ന മോഹം പൊടിതട്ടിയെടുത്ത് അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചു. പക്ഷേ ചെന്നൈ കലാക്ഷേത്രത്തിലേക്ക് ഡാൻസ് പഠനത്തിന് പോവാനായി അനുവാദം കിട്ടിയില്ല. പകരം പാലക്കാട് മ്യൂസിക് കോള‍ജിൽ പാട്ടു പഠിക്കാൻ ചേർത്തു. ഒപ്പം ഡാൻസ് പഠനവും മുന്നോട്ടു പോയി. മ്യൂസിക് രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ ലക്കിടിയിൽ ഡാൻസ് ക്ലാസ് ആരംഭിച്ചു.

ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വിവാഹാലോചനകൾ തുടങ്ങി. എന്റെ മനസ്സിൽ നൃത്തമേയുള്ളൂ. കല്യാണം കഴിഞ്ഞാൽ നൃത്തവും പാട്ടും ഉപേക്ഷിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ നല്ല പേടിയുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ പെണ്ണു കാണൽ ചടങ്ങിന് വന്നപ്പോൾ ഞാൻ തുറന്നു പറഞ്ഞു ‘എനിക്ക് ഡാൻസ് പഠിക്കണം. വേദികളിൽ നൃത്തം ചെയ്യണം. ഇതാണെന്റെ കരിയർ. ഡാൻസ് സ്കൂൾ തുടങ്ങണം എന്നാണ് ആഗ്രഹം.’ ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർന്നു.

അദ്ദേഹം സൗമ്യനായി പറഞ്ഞു, ‘എന്റെ പേര് പരമേശ്വരൻ. അധ്യാപകനാണ്. വീട്ടിൽ അമ്മ പാട്ടുപഠിച്ചിട്ടുണ്ട്. ഞങ്ങളുടെ തറവാട്ടിലും കലാകാരന്മാർ ഏറെപ്പേരുണ്ട്. അതുകൊണ്ട് നിന്റെ ഇഷ്ടത്തിന് അവിടെ ആരും എതിരു നിൽക്കില്ല.’ അപ്പോഴാണ് എനിക്ക് ആശ്വാസമായത്. അങ്ങനെ വിവാഹം കഴിഞ്ഞു ‍‍ഞാൻ നല്ലേടത്തു മനയിലേക്ക് എത്തി.

നല്ലേടത്തെ നൃത്ത വിദ്യാലയം

പാലക്കാട് തിരുവേഗപ്പുറയിലെ വിളത്തൂർ ഗ്രാമത്തിലാണു നല്ലേടത്തു മന. തനിനാടൻ വള്ളുവനാടൻ ഗ്രാമം. വിവാഹം കഴിഞ്ഞു വന്ന സമയത്തു മനേലത്തെ കുട്ടി ചുരിദാറാ ഇട്ടിരിക്കുന്നതെന്ന് നാട്ടുകാരിൽ ചിലർ അടക്കം പറഞ്ഞത്രേ. ചുരിദാര്‍ ഇട്ടാൽ പരിഷ്കാരിയായി എന്നു വിശ്വസിച്ചിരുന്ന കാലം. പക്ഷേ, ശ്രീല തന്റെ സ്വപ്നത്തിൽ ഉറച്ചു നിന്നു. പഠനം കഴിഞ്ഞ ഉടൻ ‘ശിവരഞ്ജിനി’ നൃത്തവിദ്യാലയം മനയിലെ ഹാളിൽ ആരംഭിച്ചു. ചുരിദാറിട്ടതിൽ അദ്ഭുതപ്പെട്ട നാട്ടുകാരിൽ ചിലർ വീണ്ടും ഞെട്ടി. നല്ലേടത്തു മനേലെ കുട്ടി ‘ദാ നൃത്തം പഠിപ്പിക്കുന്നു. അതും മനയിൽ വച്ച്...’

Sreela4
നൃത്തവിദ്യാലയത്തിൽ ശ്രീല, ഫോട്ടോ:അശ്വിൻ കാരായി

‘‘പക്ഷേ തറവാട്ടിലെ എല്ലാവരും പ്രോത്സാഹിപ്പിച്ചേയുള്ളൂ. ഇത്രയും കഷ്ടപ്പെട്ട് ഞാൻ പഠിച്ചത് അംഗീകരിക്കപ്പെടണം എന്നു ചിന്തിക്കാനുള്ള മനസ്സു തറവാട്ടിലെ എല്ലാവർക്കും ഉണ്ടായിരുന്നു. ശിവരഞ്ജിനിക്ക് ഇപ്പോള്‍ 25 വയസായി. മൂന്നോ നാലോ കുട്ടികളുമായി തുടങ്ങിയതാണ്.

നടി അനുമോൾ ഉൾപ്പടെ ആയിരത്തിലധികം കുട്ടികൾ നൃത്തം അഭ്യസിച്ചിട്ടുണ്ട്. അനു ഞങ്ങളുടെ നാട്ടുകാരി കൂടിയാണ്. ആറു വർഷം നൃത്തത്തിന്റെയും പാട്ടിന്റെയും ക്ലാസുകൾ ഒരുപോലെ മുന്നോട്ടു പോയി. പക്ഷേ 2006 ൽ എന്നെ തേടി ആ പ്രതിസന്ധിയെത്തി. ശബ്ദം നഷ്ടമായി.

ഒച്ചയടപ്പായി തുടങ്ങിയതായിരുന്നു. ജലദോഷത്തിന്റേതാവും എന്നാണ് ആദ്യം കരുതിയത്. അസ്വസ്ഥതകളുണ്ടെങ്കിലും പാട്ടുക്ലാസൊന്നും മുടക്കാതെ മുന്നോട്ടു പോയി. ഒരു ദിവസം രാവിലെ ശബ്ദം പൂർണമായും നഷ്ടമായി. കാറ്റു പോലെ അവ്യക്തമായി വാക്കുകള്‍. ‘സരിഗമ’ പാടി നോക്കി പറ്റുന്നില്ല. പാട്ടും നൃത്തവും എല്ലാം ശബ്ദത്തിൽ കൊരുത്താണല്ലോ നിൽക്കുന്നത്. സങ്കടം സഹിക്കാനായില്ല.

പറയാനുള്ള കാര്യങ്ങൾ നോട്ട്ബുക്കിൽ എഴുതിക്കൊടുക്കുന്ന രീതിയിലേക്കു വന്നു. ആദ്യം തൃശൂരിലെ ജയകുമാർ ഡോക്ടറുടെ മുന്നിലേക്ക്. പിന്നെ, ബന്ധുവിന്റെ നിർദേശപ്ര കാരം ബെംഗളൂരുവിലെ സ്പീച്ച് പത്തോളജിസ്റ്റ് രവി നായരുടെ മുന്നിലേക്ക് എത്തി. പരിശോധനയ്ക്കു ശേഷം വോക്കൽ കോഡ് വളഞ്ഞു പോയതാണെന്നു കണ്ടെത്തി. സ്പീച്ച് തെറപ്പിയാണു നിർദേശിച്ചത്.

മാസത്തിൽ മൂന്നോ നാലോ ദിവസം ബെംഗളൂരുവിൽ ചികിത്സ. അങ്ങനെ പത്തു വർഷത്തോളം തുടർന്നു. ദിവസങ്ങളോളം മൗനവ്രതത്തിലായിരിക്കും. അപ്പോഴും വോക്കൽ കോ ഡിന് പ്രത്യേകതരം വ്യായാമങ്ങൾ ചെയ്യണം. പാട്ടായിരുന്നു എന്റെ എല്ലാം. അപ്പോഴാണ് ഒരു വാക്കു പോലും പുറത്തു വരാത്ത അവസ്ഥ.

ചികിത്സ തുടങ്ങി കുറേക്കാലം ക്ലാസുകളെല്ലാം മറ്റൊരാളെ ഏൽ‌പ്പിച്ചു. ഇനി എനിക്ക് സംസാരിക്കാൻ പറ്റില്ല എന്നു തന്നെ ഞാൻ ഉറപ്പിച്ചു. ഇടയ്ക്കു ഞാൻ ക്ലാസുകൾ എടുക്കാൻ ശ്രമിച്ചു. പക്ഷേ, പെട്ടെന്നു ചുമ വരും. ചുമച്ചു തുടങ്ങിയാൽ ശ്വാസം കിട്ടാതാവും. ‘അമ്മേ’... എന്നുറക്കെ വിളിക്കണം എന്നായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. ചികിത്സയ്ക്കും പ്രാർഥനകൾക്കും ഫലം കണ്ടു തുടങ്ങി. മാഞ്ഞു പോയ ശബ്ദം തിരികെ എത്തി. ’’ കർക്കടകത്തിലെ തൂതപ്പുഴപോലെ അലറിയെത്തിയ പ്രതിസന്ധികളെ തടഞ്ഞു നിർത്തിയ കാലത്തെക്കുറിച്ച് ശ്രീല ഒാർമിക്കുന്നു.

അടുക്കളയിലേക്ക്

നൃത്തവും സംഗീതവും മാത്രം നിറഞ്ഞ മനസ്സിലെ ജനാലകൾ ശ്രീല തുറന്നിട്ടു. അതിലൂടെ പുതിയ സ്വപ്നങ്ങളുടെ നിലാവെട്ടം കടന്നുവന്നു.

‘‘പരസ്യത്തിൽ അഭിനയിക്കാനുള്ള അവസരമാണ് ആ ദ്യം കിട്ടിയത്. മടിച്ചെങ്കിലും ശിഷ്യകൂടിയായ അനുമോൾ അഭിനയിക്കാൻ നിർബന്ധിച്ചു. അങ്ങനെ സാധാരണ വീട്ടമ്മയായ ഞാൻ ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നെ, ആൽബങ്ങളിലും സീരിയലിലും അഭിനയിച്ചു. വാസന്തി എന്ന സിനിമയിൽ സ്വാസികയുടെ അമ്മയായി. ആ സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ എന്ന സിനിമയിലും ക്യാമറയ്ക്കു മുന്നിൽ നിന്നു. നിതീഷ് സുധ സംവിധാനം ചെയ്യുന്ന മലയാളി മെമ്മോറിയൽ ആണ് പുതിയ സിനിമ.

ഇതിൽ നിന്നൊക്കെ കിട്ടിയ ഒരു ധൈര്യം ഉണ്ട് അതാണ് നല്ലേടത്തെ അടുക്കള എന്ന യൂട്യൂബ് ചാനലിലേക്ക് എ ത്തിച്ചത്. കോവിഡ് സമയത്ത് ഡാൻസ് ക്ലാസുകൾ നിലച്ചു. അപ്പോഴാണ് എല്ലാവരേയും പോലെ യൂ ട്യൂബ് ചാനൽ എന്ന ചിന്തയിലേക്ക് എത്തിയത്. പക്ഷേ, ഇത്ര വിജയിക്കും എന്നൊന്നും കരുതിയില്ല. സുഹൃത്തും ഫൊട്ടോഗ്രഫറുമായ ബഷീർ പട്ടാമ്പിയുടെ പ്രോത്സാഹനം കൂടിയായപ്പോൾ നല്ലേടത്തെ അടുക്കള പ്രേക്ഷകർക്കു മുന്നിലെത്തി. നമ്മുടെയൊക്കെ അടുക്കളകളിൽ ഒരുപാടു വിഭവങ്ങൾ പുറം ലോകമറിയാതെ ജനിക്കുന്നുണ്ട്. രണ്ടോ മൂന്നോ ചേരുവകൾ കൊണ്ടുണ്ടാക്കിയ നാ‍ടൻ വിഭവങ്ങളാണ് പലതും. അത്തരം വിഭവങ്ങളെ തനി നാടനായി ഷൂട്ട് ചെയ്യാനാണ് ശ്രമിച്ചത്.

എന്റെ അടുക്കളയിൽ എന്താണോ ചെയ്യുന്നത് അതേപോലെ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അടുപ്പിലുണ്ടാക്കുന്ന വിഭവങ്ങൾക്ക രുചി കൂടുമെന്ന് അമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അനുഭവവും അതു തന്നെയാണ്. പ ഴമ അതേ പടി നിലനിർത്തി അടുപ്പിലാണു പാചകം ചെയ്യുന്നത്. കുറുക്കുകാളനും ആനത്തൂവ താളിച്ചതും മാന്നിക്കറിയും മുളകു വറുത്ത പുളിയും വറുത്തരച്ച കപ്പക്കറിയും ഒക്കെ അങ്ങനെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

SreelaNalledathFamily
ശ്രീല ഭർത്താവ് പരമേശ്വരനൊപ്പം, ഫോട്ടോ:അശ്വിൻ കാരായി

ഇതിനൊക്കെ കുടുംബത്തിന്റെ സഹായവും ഉണ്ട്. ഭർത്താവ് പരമേശ്വരൻ അധ്യാപകനായിരുന്നു. മുത്തമകൻ ഗൗതമൻ ചെർപ്പുളശ്ശേരി െഎഡിയൽ കോളജിൽ പ്രഫസറാണ്. ഇളയമകൻ ധ്രുവൻ മെക്കാനിക്കൽ എൻജിനീയർ. മാഷ് റിട്ടയർ‌ ചെയ്ത ശേഷം പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്്. അതും ‍യൂട്യൂബ് കണ്ടന്റ് ആക്കി ഞാൻ മാറ്റാറുണ്ട്. കുമ്പളങ്ങ വിളവെടുക്കുന്ന വിഡിയോ വൈറലായി.

നല്ലയിടമാവട്ടെ നാടും

‘‘ ഞങ്ങളുടെ നാട്ടിലാണ് രായിരനെല്ലൂർ മനയും മലയുമുള്ളത്. ആ മലയ്ക്കു മുകളിലാണ് നാറാണത്തു ഭ്രാന്തന്റെ വലിയ പ്രതിമയും ദുർഗാദേവീക്ഷേത്രവും. എല്ലാ വർഷവും തുലാം ഒന്നിനാണ് മലകയറ്റം ചടങ്ങുള്ളത്.

നാനാദിക്കിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ അന്ന് മലകയറും. ആളുകൾ തിരിച്ചിറങ്ങി പോവുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൊണ്ട് മലയുടെ മുകൾ നിറയും.

അതുവരെ പുണ്യമായി കിടന്നിരുന്ന സ്ഥലം വൃത്തിഹീനമാവും . പശുക്കൾ ഈ പ്ലാസ്റ്റിക് കവറുകൾ ഭക്ഷിക്കും. അതായിരുന്നു പതിവ്. മൂന്നു വർഷം മുൻപ് എല്ലാവരും മലകയറിങ്ങിപ്പോയതിനു പിറ്റേ ദിവസം ഞാനും രണ്ടു മൂന്നു സുഹൃത്തുക്കളും മലകയറി പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചാക്കുകളിലാക്കി താഴെയിറക്കി . ഹരിതകർമ സേന അത് ഏറ്റെടുത്തു.

കഴിഞ്ഞ വർഷം വലിയ കുപ്പിയുടെ രൂപത്തിലുള്ള ഒരു മാലിന്യ സംഭരണി ഉണ്ടാക്കി. നാട്ടിലെ പൊതുപ്രവർത്തകരുടെ സഹായത്തോടെ മലയ്ക്കു മുകളിലെത്തിച്ചു. അടുത്തുള്ള സ്കൂളുകളിലെ എൻഎസ്എസ് വോളണ്ടിയർമാർ പ്ലാസ്റ്റിക് മാലിന്യം താഴെയെത്തിച്ചു. ഈ വർഷവും അത് തുടരാൻ തന്നെയാണ് പ്ലാൻ. വഴിയോരത്തും ഇതുപോലുള്ള മാലിന്യസംഭരണികൾ വയ്ക്കാനുള്ള പദ്ധതിയും മനസ്സിലുണ്ട്. ഡാൻസ് ക്ലാസും പാട്ടു ക്ലാസും യൂട്യൂബ് ചാനലും പിന്നെ അഭിനയവും,ഡബ്ബിങും.... എനിക്ക് ഇത്രയൊക്കെ ചെയ്യാനാവുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. അതു നൽകുന്ന സന്തോഷവുമുണ്ട്.

പണ്ട് വീട്ടമ്മയെന്നാൽ വീട്ടിൽ ഒതുങ്ങിയിരിക്കുന്ന ആളെന്നായിരുന്നു ‘ധാരണ’. ഇന്ന് അതൊരു ‘തെറ്റിധാരണയായി’. പഴയ തലമുറയിലുള്ള എനിക്കു പോലും വീട്ടിലിരുന്ന് ഇത്രയുമൊക്കെ കാര്യം ചെയ്യാനാവുമെങ്കിൽ പുതിയ കാലത്തെ പെൺകുട്ടികൾക്ക് മുൻപിൽ ആകാശം പോലെ അവസരങ്ങളുണ്ട്. അതിൽ പറക്കാനുള്ള മനസ്സുണ്ടായാല്‍ മതി.’’ ശ്രീലയുടെ ചുവടുറപ്പുള്ള വാക്കുകൾ...

Sreela's 'Nalladathu Addukala': A Celebration of Traditional Flavors:

Sreela Nalledath, a multi-talented artist, has transitioned from classical dance to acting and now captivates audiences with her YouTube channel showcasing traditional Kerala cuisine.

ADVERTISEMENT