കുട്ടികൾക്കായി കർശനമായ ഒരു സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണോ? ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി Kerala's Concerns Over Youth Social Media Addiction
Mail This Article
പതിയിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാതെ സോഷ്യൽ മീഡിയയിലും മൊബൈലിലും നേരം ചിലവഴിക്കുന്ന പുതുതലമുറ. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പട്ടിട്ടുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ചെന്നെത്തുന്നത് സോഷ്യൽ മീഡിയയുടെ നേരും നെറിയും തിരിച്ചറിയാനാകാതെ ചതിക്കുഴിയിൽ പെട്ടുപോയ പുതുതലമുറയിലേക്കാണ്. ഈ സാഹസചര്യത്തിൽ കുട്ടികൾക്കായി കർശനമായ ഒരു സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണമോ എന്ന ചോദ്യം മുന്നോട്ടു വയ്ക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്ക്രീനുകൾക്ക് അടിമപ്പെടുന്ന തലമുറ നമ്മുടെ നാടിന്റെ ഭാവി നിർമ്മിതിക്ക് തന്നെ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനാഭിപ്രായം തേടുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ടവരേ,
ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ല എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നമ്മുടെ കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ ഇന്ന് ഗൗരവകരമായ ഒരു ചർച്ച ആവശ്യപ്പെടുന്നുണ്ട്. ലോകത്തെ പല വികസിത രാജ്യങ്ങളും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിലേക്ക് പോലും നീങ്ങിക്കഴിഞ്ഞു. ഇന്റർനെറ്റ് സാക്ഷരതയിലും മൊബൈൽ ഉപയോഗത്തിലും മുൻപന്തിയിലുള്ള കേരളത്തിൽ ഈ ചർച്ച ഏറെ പ്രസക്തമാണ്.
എന്താണ് നമ്മെ ആശങ്കപ്പെടുത്തുന്നത്?
- കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം ഇന്ന് ചെറിയ മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുകയാണ്.
- അമിതമായി സമയം ചിലവഴിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെയും സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുന്നു.
- സ്ക്രീനുകൾക്ക് അടിമപ്പെടുന്ന ഒരു തലമുറ നമ്മുടെ നാടിന്റെ ഭാവി നിർമ്മിതിക്ക് തന്നെ വെല്ലുവിളിയാണ്.
സർക്കാർ ലക്ഷ്യമിടുന്നത്:-
ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും നിരോധിക്കുക എന്നതല്ല മറിച്ച്, അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതാണ് നാം ആലോചിക്കേണ്ടത്. ഈ വിഷയത്തിൽ ഒരു വലിയ പൊതുജന ചർച്ച സർക്കാർ ആഗ്രഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ:-
- കുട്ടികൾക്കായി കർശനമായ ഒരു സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണമെന്നാണോ നിങ്ങൾ കരുതുന്നത്?
- അതോ, രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ രീതിയിലുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത്?
നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി പൊതുസമൂഹത്തിന്റെ കൃത്യമായ അഭിപ്രായ രൂപീകരണം ഈ കാര്യത്തിൽ അനിവാര്യമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തും.
ഏവരുടെയും ക്രിയാത്മകമായ നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.