ADVERTISEMENT

തൃശൂരിലെ പൂമല ഗ്രാമത്തിലെ ഫിറ്റ്നസ് ഫ്രീക്കായ 60 കഴിഞ്ഞ വീട്ടമ്മ, റാംപിലെ അവരുടെ അസാധ്യ പ്രകടനം കണ്ട് കാണികള്‍ കയ്യടിച്ചു. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ഈ പ്രായത്തിലും ശരീരം എങ്ങനെ ഇത്ര ഭംഗിയായി സൂക്ഷിക്കുന്നു എന്നറിയാനായിരുന്നു പലര്‍ക്കും തിടുക്കം. രമ മഹേശ്വരി എന്ന ജിം ഇൻസ്ട്രക്ടറുടെ ജീവിതവും ഫിറ്റ്നസ് യാത്രയാണ്. വ്യക്തിപരമായ വെല്ലുവിളികളെ അതിജീവിച്ച്, ഫിറ്റ്നസ് രംഗത്ത് സജീവമായി പ്രവർത്തിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്ത രമയുടെ ജീവിതം അറിയാം.

സാധാരണ വീട്ടമ്മയില്‍ നിന്ന്...

ADVERTISEMENT

തൃശൂർ പൂമലയിലാണ് താമസം. ഭർത്താവ് ഷൺമുഖദാസ്. മക്കളുടെ പേര് ദിലൻ, ദില്‍ഷൻ. വിവാഹത്തിന് ശേഷം ഞാനും ഹൗസ് വൈഫ് ആയിരുന്നു. ഭര്‍ത്താവ്, രണ്ടു ആണ്‍മക്കള്‍, വീട് - ഇതായിരുന്നു എന്റെ ലോകം. പക്ഷേ ഒരിടവേളയിൽ, ഒന്നും ചെയ്യാതെ ഇരിക്കുന്നതുകൊണ്ട് ഉള്ളിൽ ഒരു അസ്വസ്ഥത തോന്നി. ‘എനിക്ക് എന്തെങ്കിലും ചെയ്യണം’ എന്ന ചിന്തയാണ് ഫിറ്റ്നസിലേക്കുള്ള ആദ്യ ചുവട്. തുടക്കത്തില്‍ കരാട്ടെ ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്നു. പൊലീസ് ക്യാമ്പുകളിലും സ്കൂളുകളിലും പരിശീലനം നൽകിയിട്ടുണ്ട്. 

ആദ്യകാല ജീവിതവും ആരോഗ്യ പ്രശ്നങ്ങളും

ADVERTISEMENT

ഫിറ്റ്നസ് തുടങ്ങിയ സമയത്താണ് എന്റെ നടുവിന്റെ പ്രശ്നങ്ങൾ ഗുരുതരമായത്. സയാറ്റിക്ക പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. അതിനിടയിൽ, എന്റെ വളർത്തുനായയ്ക്ക് പരുക്കേറ്റു. വലിയ നായയെ താങ്ങി നടത്തുന്നതിനിടയിൽ നടുവിന്റെ പ്രശ്നം കൂടുതൽ മോശമായി. ഒടുവിൽ ഗംഗ ആശുപത്രിയിൽ സർജറി വേണ്ടിവന്നു- പ്ലേറ്റ് ഇട്ടുള്ള സർജറി. 6 സ്ക്രൂവും പ്ലേറ്റും ഉപയോഗിച്ചു, ഒരു കശേരു നീക്കം ചെയ്തു. 

ബൾജിങ് ഡിസ്ക് മാത്രമല്ല, ബോൺ ഡിജനറേഷൻ പോലുള്ള പ്രശ്നങ്ങളും എനിക്ക് ഉണ്ടായിരുന്നു. ഡോക്ടർമാർ ‘വളരെ സൂക്ഷിക്കണം’ എന്ന് പറഞ്ഞു. ഏകദേശം പതിനൊന്ന് മാസം വിശ്രമം. ആ സമയത്ത് മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഒരിക്കലും ‘ഞാനിനി പഴയ പോലെ ആകില്ല’ എന്ന ചിന്ത വന്നില്ല.

rema-maheswari-gym-lady-story
ADVERTISEMENT

വളരെ പതുക്കെ ‍ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ശരീരത്തിന്റെ ഓരോ പ്രതികരണവും ശ്രദ്ധിച്ച്. ആദ്യം വീട്ടിൽ ചെറിയ വ്യായാമങ്ങൾ. പിന്നെ ജിമ്മിലേക്ക്. ആ സമയത്താണ് ഞാൻ തീരുമാനിച്ചത്- ഫിറ്റ്നസ് എന്റെ ഹോബിയല്ല, ഉത്തരവാദിത്തമാണ്.

കടുത്ത വേദന തിന്ന നാളുകളായിരുന്നു. എനിക്ക് വെറുതെ ഇരിക്കാന്‍ കഴിയുമായിരുന്നില്ല. പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്താന്‍ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. രോഗിയായി ആരെയും ആശ്രയിച്ച് ജീവിക്കരുതെന്ന ദൃഢനിശ്ചയമാണ് തിരിച്ചുവരവിന് പ്രചോദനമായത്.

സർജറിയ്ക്ക് ശേഷമുള്ള റിക്കവറിയ്ക്കു ശേഷമാണ് പ്രൊഫഷണൽ ട്രെയിനിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നത്. വിഎംബി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഫിറ്റ്നസ് ഇൻസ്ട്രക്ടർ കോഴ്സ് പൂർത്തിയാക്കിയത്. ഇപ്പോൾ തൃശൂരിലെ ആർബിഎസ് ജിമ്മിൽ, ലേഡീസ് ടൈമിൽ ഇൻസ്ട്രക്ടറായി പ്രവർത്തിക്കുന്നു.

‘ഈ പ്രായത്തിൽ ഇതെങ്ങനെ?’  

ഫിറ്റ്നസ് മത്സരങ്ങളിൽ സ്ത്രീകൾക്ക് കാറ്റഗറികൾ ഇല്ല. ഒരു മത്സരത്തിൽ കമ്മ്യൂണിക്കേഷൻ പ്രശ്നം കാരണം ആദ്യ റൗണ്ടിൽ തന്നെ ഞാന്‍ പുറത്തായി. വെൽനെസ് കാറ്റഗറിയിലാണ് മത്സരിച്ചത്. പക്ഷേ, അവിടെ എനിക്ക് 60 വയസ്സ് കഴിഞ്ഞതിനാല്‍ പ്രത്യേക അംഗീകാരം ലഭിച്ചു. അത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി.  

പ്രായം 60 ആണെന്ന് പറഞ്ഞപ്പോള്‍ പലർക്കും വിശ്വസിക്കാൻ പറ്റിയില്ല, ‘ഈ പ്രായത്തിൽ ഇതെങ്ങനെ?’ എന്ന ചോദ്യം പതിവായി കേൾക്കേണ്ടിവന്നു. സോഷ്യൽ മീഡിയയിലും നെഗറ്റീവ് കമന്റുകൾ ഒന്നുമില്ലാതെ ആയിരക്കണക്കിന് ആളുകൾ പിന്തുണ നൽകി. അത് വലിയ അനുഗ്രഹമായി ഞാൻ കാണുന്നു.

ഈ പ്രായത്തിലും ശരീരം ഫിറ്റായി നിലനിർത്താൻ കഴിഞ്ഞത് പലർക്കും പ്രചോദനമായി. ‘എനിക്ക് പറ്റുമെങ്കില്‍ നിങ്ങൾക്കും പറ്റും’ എന്ന ആത്മവിശ്വാസം നൽകാൻ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു തുടങ്ങി. 

തൃശൂരിൽ നടന്ന മാരത്തോണിൽ യാതൊരു പ്രത്യേക റണ്ണിങ് ട്രെയിനിങ്ങുമില്ലാതെ ഞാൻ പങ്കെടുത്തതാണ്. ലക്ഷ്യം പൂർത്തിയാക്കുക മാത്രമായിരുന്നു. യാതൊരു പ്രത്യേക പരിശീലനവുമില്ലാതെ 10 കിലോമീറ്റർ പൂർത്തിയാക്കി. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് അൻപതിനു മുകളിലുള്ള കാറ്റഗറിയിൽ റണ്ണർ അപ്പ് ആയിരുന്നു എന്ന്. വലിയ സന്തോഷം തോന്നി. തിരികെ പോയി ഞാന്‍ ട്രോഫി വാങ്ങി.

ഹൈപ്പോതൈറോയിഡിസവും ഫിറ്റ്നസും

എനിക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ട്. ഈ രോഗം ബാലൻസ് ചെയ്യാന്‍ മരുന്നുകൾ മാത്രം പോര. ലൈഫ് സ്റ്റൈലില്‍ മാറ്റം വേണം. കൃത്യമായ വ്യായാമം, ലളിതമായ ഭക്ഷണം. മുട്ട, ചിക്കൻ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാര്‍ബ്സിന്റെ അളവ് നന്നായി കുറച്ചു. സപ്ലിമെന്റ്സായി ഞാൻ ഉപയോഗിക്കുന്നത് പ്രോട്ടീൻ മാത്രം. മറ്റെല്ലാം ഡോക്ടറുടെ നിർദേശപ്രകാരം.

രാവിലെ രണ്ടു മണിക്കൂര്‍ ജിമ്മിൽ വര്‍ക്ഔട്ട് ചെയ്യും. അതിനുശേഷം ട്രെയിനിങ്, കോച്ചിങ് ഇവ നല്‍കുന്നു. വൈകുന്നേരം നടപ്പ് കൂടിയുണ്ട്. ഭർത്താവും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ആളാണ്. ദിവസവും ജിമ്മിൽ പോകുന്നുണ്ട്. ‘സ്ത്രീകൾക്ക് ഹെവി വെയ്റ്റ് വേണ്ട’ എന്ന പൊതുധാരണ തെറ്റാണ്. സ്ത്രീകള്‍ വെയ്റ്റ് എടുത്താന്‍ പുരുഷന്‍മാരെ പോലെ മസിലൊന്നും വരില്ല.   

ശരിയായ ഗൈഡൻസോടെ ചെയ്താൽ വെയ്റ്റ് ട്രെയിനിങ് സ്ത്രീകൾക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ച് നാല്പതിനു മുകളിലുള്ള സ്ത്രീകൾക്ക് ബോൺ ഡെൻസിറ്റി, മസിൽ സ്ട്രെങ്ത് എല്ലാം നിലനിർത്താൻ വെയ്റ്റ് ട്രെയിനിങ് ആവശ്യമാണ്. തുടക്കത്തില്‍ ചെറിയ വെയ്റ്റ് എടുത്തു കൊണ്ടുതന്നെ ഫിറ്റ്നസ് തേടാം.

ജിം പരിശീലനത്തിലെ മോശം പ്രവണതകള്‍

ഇന്ന് ജിമ്മുകളില്‍ പല പരിശീലകര്‍ക്കും വിഷയത്തിൽ ആഴത്തിലുള്ള അറിവോ, പാഷനോ ഇല്ല. ഈ മേഖലയില്‍ സർട്ടിഫിക്കേഷനുകൾ മാത്രം മതിയാവില്ല, നിരന്തരമായ പഠനം ആവശ്യമാണ്.

ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും ആവശ്യകതകളും മനസ്സിലാക്കാതെ ട്രെയിനിങ് നല്‍കുന്നത് ദോഷകരമാണ്. ജിമ്മില്‍ വച്ച് കുഴഞ്ഞു വീണുള്ള മരണങ്ങളില്‍ പലതിന്റെയും കാരണം അശാസ്ത്രീയമായ വ്യായാമം ആണ്. 

പ്രചോദനവും ലക്ഷ്യങ്ങളും

നാല്പത് കഴിഞ്ഞ സ്ത്രീകളോട്, ഇനി വൈകി എന്ന ചിന്ത ഉപേക്ഷിക്കുക. എനിക്ക് പറ്റിയെങ്കിൽ, നിങ്ങള്‍ക്കും പറ്റും. ശരിയായ ട്രെയിനിങ് ഉണ്ടെങ്കിൽ എല്ലാ ആരോഗ്യ പ്രശ്നങ്ങളെയും മറികടക്കാം.

എന്നെ ഈ ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠം- ശരീരം വേദനിച്ചാലും, മനസ്സ് പതറരുത്. പതുക്കെ മുന്നോട്ട് പോയാലും, മുന്നോട്ട് തന്നെ പോകണം എന്നാണ്. 

From Homemaker to Fitness Icon: Rema Maheshwari's Inspiring Journey:

Fitness influencer Rema Maheshwari, a 60-year-old homemaker from Poonmala, Thrissur, has become a social media sensation for her incredible fitness journey and stage performance. Overcoming personal health challenges, including a severe back surgery, she now inspires many to prioritize their health and well-being regardless of age.

ADVERTISEMENT