‘കുട്ടിക്കു മുലപ്പാൽ കൊടുക്കരുത്’; ചങ്കുരുകുന്ന വേദനയോടെ പാലുണ്ടാകാതിരിക്കാനുള്ള മരുന്നു ഞാൻ കഴിച്ചു: ബ്രിന്റയുടെ പോരാട്ടം
Mail This Article
എല്ലാക്കാലവും കാൻസർ എനിക്കൊരു പേടിസ്വപ്നമായിരുന്നു.’’ മലപ്പുറം പെരിന്തൽമണ്ണയിലെ വീട്ടിലിരുന്നു ബ്രിന്റ സംസാരിച്ചു തുടങ്ങി, പേടിയോടെ കാത്തിരുന്ന വില്ലനെ വേരോടെ പിഴുതെറിഞ്ഞ യാത്രയെക്കുറിച്ച്. ആറു വയസ്സുകാരി ഹൈറയും കുഞ്ഞു നോറയും അമ്മയെ ചേർന്നിരുന്നു. ഒപ്പമുണ്ട് ഭർത്താവ് അനിൽ.
‘‘എന്നെ പ്രസവിച്ചപ്പോൾ മുതൽ അമ്മയുടെ മാറിടത്തിൽ ചെറിയ തടിപ്പുണ്ടായിരുന്നുത്രേ. വേദനയൊന്നും ഇല്ലായിരുന്നതു കൊണ്ട് അമ്മ അതു കാര്യമാക്കിയില്ല. സ്വന്തം സഹോദരൻ കാൻസറിനു മുന്നിൽ കീഴടങ്ങിയപ്പോൾ അമ്മയുടെയുള്ളിൽ ഭയം തട്ടി. പരിശോധനയിൽ ആ തടിപ്പു ബ്രസ്റ്റ് കാൻസർ ആണെന്നു തിരിച്ചറിഞ്ഞു. രോഗം അവസാന സ്റ്റേജിലെത്തിയിരുന്നു. വേദന കടിച്ചമർത്താൻ അമ്മ ശ്രമിക്കുമെങ്കിലും പലപ്പോഴും നോവ് തൊണ്ടപൊട്ടി പുറത്തേക്കു നിലവിളിയായെത്തി.
എന്നെ പാലൂട്ടിയ മാറ് വിണ്ടുകീറുന്നതും ചെറുഭാഗങ്ങളായി ശരീരത്തിൽ നിന്നു വിട്ടുപോകുന്നതും ഭീതിയോടെ ഞാൻ കണ്ടു. അവസാന നാളുകളിൽ അമ്മയ്ക്കൊപ്പമുണ്ടായിരുന്നത് ഉണങ്ങാത്ത മുറിവുകളാണ്. ആറുമാസത്തെ സഹനത്തിനൊടുവിൽ അമ്മ യാത്രയായി. ഈ കാഴ്ചകളും നിലവിളികളും എന്റെയുള്ളിൽ ഭീതിയുടെ നിഴൽ പടർത്തി.
അമ്മയിൽ നിന്ന് ഈ രോഗം എനിക്കു പകർന്നു കിട്ടുമോ എന്ന ഭയത്തില്‍ പല രാത്രികളും ഉറങ്ങിയില്ല. പിന്നീടെപ്പോഴോ ആ പേടി മനസ്സിൽ നിന്നിറങ്ങിപ്പോയി. എങ്കിലും ഇടയ്ക്കൊക്കെ ആ ഭയം ക്ഷണിക്കാതെ വന്ന് എത്തി നോക്കി. വർഷങ്ങൾ കടന്നു പോയി.
ഭയം മാഞ്ഞ ദിനങ്ങൾ
‘‘അനിലുമായുള്ള പ്രണയം വീട്ടിൽ അവതരിപ്പിക്കുന്നത് ഏഴു വർഷം മുൻപാണ്. ഉറ്റവരിൽ പലരും സംശയങ്ങൾ പലതും ഉന്നയിച്ചെങ്കിലും ഞങ്ങളുടെ തീരുമാനം ഉറപ്പുള്ളതായിരുന്നു. അങ്ങനെ വിവാഹം നടന്നു.
അതിനു ശേഷം നാലാം മാസം ഞങ്ങളറിഞ്ഞു, എന്റെയുള്ളിലൊരു കുഞ്ഞുജീവൻ തുടിക്കുന്നുണ്ടെന്ന്. ഹൈറ ഞങ്ങളുടെ ജീവിതത്തിലേക്കെത്തിയതോ ടെ പിന്നീടുള്ള ദിനങ്ങൾ അവൾക്കു ചുറ്റുമായി. മോൾക്കു നാലു വയസ്സായപ്പോഴാണ് അവൾക്കു കൂട്ടായി ഒരാൾ കൂടി വരുന്നുവെന്നു മനസ്സിലാക്കിയത്. ആദ്യമാസത്തിൽ തന്നെ ഇടതുമാറിടത്തിൽ ചെറിയ തടിപ്പുള്ളതുപോലെ തോന്നി. ചെക്കപ്പിനു ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം നിർദേശിച്ചതനുസരിച്ചുള്ള അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ റിസൽറ്റുമായി വീണ്ടും ഡോക്ടറുടെ മുന്നിലെത്തി.
‘പേടിക്കണ്ട, എന്തുണ്ടെങ്കിലും നമുക്കു നോക്കാം’ അ ദ്ദേഹം സമാധാനിപ്പിച്ചു.’’ ബ്രിന്റയുടെ വാക്കുകളിൽ മൗനം കനം വച്ചു തുടങ്ങിയപ്പോൾ ഭർത്താവ് അനിൽ തുടർന്നു.
ക്ഷണിക്കാതെ വീണ്ടുമെത്തിയ അതിഥി
‘‘ബ്രിന്റയെ വീട്ടിലാക്കിയശേഷം ഞാൻ വീണ്ടും ആശുപത്രിയിലേക്കു പോയി. അമ്മയെപ്പോലെ ബ്രിന്റയ്ക്കും ബ്രസ്റ്റ് കാൻസറാണെന്നു ഡോക്ടർ പറഞ്ഞു. ലോകം മുഴുവൻ ചുറ്റുന്നതുപോലെ തോന്നി.
ബൈക്ക് ഓടിക്കുമ്പോഴും എന്റെയുള്ളിൽ പലതരം ഭ യങ്ങൾ തലപൊക്കുന്നുണ്ടായിരുന്നു. ബ്രിന്റയോട് അവസ്ഥ വിവരിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് ഞാനാദ്യം ഇക്കാര്യം പറഞ്ഞത് എന്റെ അമ്മയോടും ബ്രിന്റയുടെ മൂത്ത സഹോദരൻ ബ്രിസ്റ്റോയോടുമാണ്.’’ വാക്കുകളിൽ ഭയം വിറകൊള്ളുന്നതറിഞ്ഞാകണം ബ്രിന്റ, അനിലിന്റെ ക യ്യിൽ മെല്ലെ അമർത്തിപ്പിടിച്ചു. എന്നിട്ട് തുടർന്നു പറഞ്ഞു. ‘‘ഞങ്ങളേറെ പതറിപ്പോയത് കോഴിക്കോട് എംവിആറിൽ ബയോപ്സിക്ക് പോയ ദിവസമാണ്. ബയോപ്സി ചെയ്യുമ്പോൾ ഉള്ളിൽ കുഞ്ഞു വല്ലാതെ പിടയുന്നുണ്ടായിരുന്നു.
റിസൽറ്റ് പോസിറ്റീവായതോടെ ഒരായിരം ചിന്തകളാണ് ഉള്ളിലൂടെ കടന്നുപോയത്. ജനിക്കാനിരിക്കുന്ന കുഞ്ഞിനേക്കാൾ എന്നെ അലട്ടിയതു ഹൈറയെക്കുറിച്ചുള്ള ചിന്തകളാണ് എന്നതാണു സത്യം. ആശുപത്രി വരാന്തയിലിരുന്നു ഞാനൊരുപാടു കരഞ്ഞു.
കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുന്നതാണു പ്രായോഗികമെന്നു പലരും പറഞ്ഞു. പക്ഷേ, കുഞ്ഞിനെ സംരക്ഷിച്ചു കൊണ്ടു മുന്നോട്ടു പോകാവുന്ന ചികിൽസാരീതികളുണ്ടെന്നു ഗൈനക്കോളജിസ്റ്റ് ധൈര്യം പകർന്നു. ഒരു സുഹൃത്ത് വഴി കാൻസർ ചികിൽസാവിദഗ്ധനായ ഡോ. ഗംഗാധരൻ സാറിന്റെ അപ്പോയ്ന്റ്മെന്റ് എടുത്തു. അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെ കീമോതെറപ്പി ആരംഭിക്കാമെന്നു പറഞ്ഞു. ഡോക്ടറുടെ നിർദേശമനുസരിച്ച് ഞങ്ങൾ താമസം കൊച്ചിയിലേക്കു മാറ്റി. കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഹൈറ മോളെയും കൊണ്ടു വന്നു.’’
വെളിച്ചമായ മനുഷ്യർ
‘‘കീമോ ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ എന്റെ നീളൻ മുടി കൊഴിയാൻ തുടങ്ങി. എല്ലാ ദിവസവും കൊഴിഞ്ഞുപോയ മുടി നോക്കി ഞാൻ കരയുന്നതു കണ്ട് അനിൽ ചോദിച്ചു, ‘എന്നാൽപ്പിന്നെ നമുക്ക് മൊട്ടയടിച്ചാലോ?’ എന്ന്. ഞാനൊന്നും മിണ്ടിയില്ല. പിന്നെ കാണുന്നതു തല മൊട്ടയടിച്ചു നിരന്നു നിൽക്കുന്ന ഭർത്താവിനേയും ആങ്ങളമാരേയുമാണ്. എനിക്കുവേണ്ടി ഇവരൊക്കെ ഇത്രയും ചെയ്യുമ്പോൾ അവർക്കു വേണ്ടി ജീവിതത്തിലേക്കു മടങ്ങിവരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നു തോന്നി. മടുപ്പുണ്ടെങ്കിലും ഭക്ഷണം നന്നായി കഴിക്കാൻ ശ്രദ്ധിച്ചു. ഉള്ളിലുള്ള ആൾക്കു ഭക്ഷണം വേണമല്ലോ.
ആങ്ങളമാർ രണ്ടാളും എന്നെ കൈവെള്ളയിൽ കൊണ്ടു നടന്നവരാണ്. എങ്കിലും വിവാഹശേഷം പരസ്പരം വിളിക്കുന്നതും കാണുന്നതുമൊക്കെ കുറഞ്ഞു. സ്നേഹമില്ലാത്തതുകൊണ്ടാവും എന്നാണു ഞാൻ കരുതിയത്. എ ന്നാൽ, എന്റെ ധാരണ പാടെ തിരുത്തിയതായിരുന്നു അ വർക്കൊപ്പം നിന്ന ദിവസങ്ങൾ.
കീമോ ദിവസങ്ങളിൽ രാത്രി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാലോ എന്നു കരുതി ബ്രിസ്റ്റോ ചേട്ടൻ എന്റെ കട്ടിലിനു താഴെ പായ വിരിച്ചു കിടക്കും. ഛർദ്ദിലോ മറ്റോ ഉണ്ടായാലോ എന്നു കരുതി ബേസിനും വെള്ളവുമെല്ലാം മുറിയിൽ കൊണ്ടുവയ്ക്കും. എനിക്കാവശ്യമായ ഭക്ഷണമെല്ലാം ചേട്ടനും ചേട്ടത്തിയും ചേർന്നു പാകം ചെയ്തു തരും. അനിയൻ ബ്രിസ്റ്റി ദിവസവും വിളിച്ചു വിവരങ്ങൾ തിരക്കുകയും ഞാൻ ഓക്കെയാണെന്ന് ഉറപ്പിക്കുകയും ചെയ്യും.
സത്യത്തിൽ അമ്മയില്ലാത്തതിന്റെ കുറവ് ആ ദിവസങ്ങളിൽ ഞാൻ അറിഞ്ഞതേയില്ല. എനിക്കു വയ്യെന്നറിഞ്ഞശേഷം മോൾ എന്റെ അടുത്തുനിന്നു മാറിയിട്ടേയില്ല. ഇടയ്ക്കിടെ എന്നോടു ചോദിക്കും, വേദനയുണ്ടോ? അസുഖം മാറിയോ എന്നൊക്കെ. അതുകേൾക്കുമ്പോൾ നെഞ്ചു പൊട്ടും.’’ ബ്രിന്റയുടെ സ്വരമിടറി.
അമ്മിഞ്ഞ പാൽ നുണയാതെ
‘‘മൂന്നു കീമോ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാമെന്നു ഡോക്ടർ പറഞ്ഞു. ത ലയിൽ മുടിയില്ലാതെ, ഭയം നിറഞ്ഞ കണ്ണുകളും വലിയ വ യറുമായി ലേബർ റൂമിലേക്കു വീൽച്ചെയറിൽ പോകുന്ന പെൺകുട്ടിയെ അവിടെ കൂടി നിന്നവർ സഹതാപത്തോടെ നോക്കിയതു ഞാനിന്നും ഓർക്കുന്നു.
കീമോയുടെ ഫലമായി ഞരമ്പുകൾക്കു ഞെരുക്കം അ നുഭവപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അനസ്തേഷ്യ ഇ ൻജക്‌ഷനായി അഞ്ചു പ്രാവശ്യം കുത്തേണ്ടി വന്നു. അധികം വൈകിയില്ല, ഡോക്ടർ പറഞ്ഞു, ‘ബ്രിന്റാ, മോളാണ് കേട്ടോ’. വേദനകളെല്ലാം സഹിച്ചു ഞാൻ കാത്തിരുന്നത് ആ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു. തല നിറയെ കറുത്തിരുണ്ട ചുരുളൻ മുടിയും തുടുത്ത കവിളുകളും ഒരു ചെറു കരച്ചിലുമായി ആ കുഞ്ഞുമാലാഖ എന്റെ ജീവിതത്തിലേക്കു വന്നു. എന്റെ നോറഹ്!
കുട്ടിക്കു മുലപ്പാൽ കൊടുക്കരുത് എന്ന് ഡോക്ടർ പറഞ്ഞിരുന്നു. കുഞ്ഞു ജനിച്ചതിനുപിന്നാലെ ചങ്കുരുകുന്ന വേദനയോടെ പാലുണ്ടാകാതിരിക്കാനുള്ള മരുന്നു കഴിച്ചു. ആ സങ്കടം കൂട്ടുകാരിയോടു പറഞ്ഞു. അവൾക്കും അ തേ പ്രായത്തിലുള്ള കുഞ്ഞുണ്ട്. ‘ബ്രിന്റയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കുഞ്ഞിനു ഞാൻ പാൽകൊടുത്തോട്ടെ?’ അവൾ ചോദിച്ചു.
അവളുടെ മാറോടു ചേർന്നിരുന്ന്, പാലു കുടിച്ച്, സുഖമായി ഉറങ്ങുന്ന നോറയെ കണ്ടപ്പോൾ സന്തോഷംകൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിനുശേഷം എന്റെയൊരു കസിന്റെ ഭാര്യ കുറച്ചുനാൾ നോറ കുഞ്ഞിനെ പാലൂട്ടി. ഞാനിപ്പോഴും ഓർക്കാറുണ്ട്, എന്റെ നോറയ്ക്ക് എത്ര അമ്മമാരാണുള്ളതെന്ന്.
പ്രസവത്തിന്റെ ക്ഷീണം മാറിയതിനു പിന്നാലെ കുഞ്ഞുവാവയെ അവളുടെ അച്ഛമ്മയെ ഏൽപ്പിച്ചു ഞങ്ങൾ കൊച്ചിയിലേക്കു പോയി. കുഞ്ഞിനെ വളർത്താൻ ഞാനനുഭവിക്കേണ്ട കഷ്ടപ്പാടുകളെല്ലാം അനുഭവിച്ചത് അവളുടെ അച്ഛമ്മയാണ്.
ബാക്കി മൂന്നു കീമോയും റേഡിയേഷനും ചെയ്തു. റേഡിയേഷനു ശേഷം ഉമിനീരുപോലും ഇറക്കാൻ സാധിക്കാതെ ഞാൻ വലഞ്ഞു. ഭക്ഷണം മുന്നിൽ വച്ചിരുന്നു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. എല്ലാം ഒന്നടങ്ങി എന്നാശ്വസിച്ചിരിക്കുമ്പോഴാണു വാരിയെല്ലിന്റെ ഭാഗത്തു വേദന അനുഭവപ്പെട്ടത്. റേഡിയേഷന്റെ ഫലമായി എല്ലുകളുടെ ബലം ക്ഷയിച്ചതുകൊണ്ടാണത്രേ.
മാനം തെളിയുമ്പോൾ...
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പോലെ വിഷമിപ്പിച്ച മറ്റൊന്നു സാമ്പത്തികമാണ്. ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം മനസ്സിലാക്കിയ കാലം കൂടിയായിരുന്നു അത്. ഞാൻ ആശുപത്രിയിലായപ്പോൾ പൂട്ടിയതാണ് അനിലിന്റെ തട്ടുകട. നാളിത്രയായിട്ടും കട തുറക്കാനായില്ല. ഇപ്പോൾ ദിവസവേതനാടിസ്ഥാനത്തിൽ പഞ്ചായത്തിൽ ഡ്രൈവറായി പോകുന്നു.’’ ചിരി അൽപം മങ്ങുന്നുവെന്ന് കണ്ട അനിൽ ബ്രിന്റയെ ചേർത്തു പിടിച്ചു.
‘‘അതൊന്നും വലിയ പ്രശ്നമല്ല. നീയുണ്ടല്ലോ കൂടെ.’’ മക്കളുടേയും ചെറുമക്കളുടേയും ചിരിയിൽ അനിലിന്റെ അ മ്മ ആനിയും കൂടി. വേദനകളില്ലാത്ത ദിനങ്ങളിലേക്കു കടന്നതിന്റെ സന്തോഷമുണ്ട് ബ്രിന്റയുടെയുടെ കണ്ണുകളിൽ.
വാക്കിൽ പോലുമൊരു ഇടർച്ച വരുമ്പോൾ പരസ്പരം തിരിച്ചറിയുന്ന അനിലിനെയും ബ്രിന്റയെയും കണ്ടുപിരിയുമ്പോൾ ഈ ഭൂമിക്കു ഭംഗി കൂടുതലുണ്ടെന്നു തോന്നി.
