ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ളയുടെയും സംവിധായകനും ക്യാമറാമാനുമായ സുജിത് വാസുദേവിന്റെയും ഏകമകൾ ദയ സുജിത്താണ് സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി ഗേള്‍. മഞ്ജു പിള്ളയും ദയയും ഒരുമിച്ചുള്ള കോംബോ വിഡിയോകള്‍ക്ക് ആരാധകരും ഏറെയാണ്. 2023 സെപ്റ്റംബര്‍ മാസം വനിതയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തില്‍ തമാശയും ചിരിയും നിറഞ്ഞ അമ്മ- മകൾ വിശേഷങ്ങൾ കേൾക്കാം.

മിസ് ചെയ്യാതിരിക്കാൻ ടാറ്റുവോ?

ADVERTISEMENT

മഞ്ജു: ജാനിയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന എന്റെ ഫേവറിറ്റ് ഫോട്ടോ ഉണ്ട്. അതു കയ്യിൽ ടാറ്റൂ ചെയ്യാൻ തീരുമാനിച്ചു. മോളോട് ഇക്കാര്യം പറഞ്ഞതേയില്ല. എട്ടു മണിക്കൂറോളമെടുത്താണു ടാറ്റൂ പൂർത്തിയാക്കിയത്. എല്ലാം കഴിഞ്ഞിട്ടു വിഡിയോ കോൾ ചെയ്തു. 

ടാറ്റൂ കണ്ടിട്ടു ജാനി ചോദിച്ചു, ‘അമ്മ ഭാവിയിൽ ഖേദിക്കില്ലല്ലോ അല്ലേ...’ ആ ചോദ്യത്തിന്റെ അർഥം മനസ്സിലായതു സിനിമകളിൽ തിരക്കായപ്പോഴാണ്. ഷൂട്ടിങ്ങിനു ചെല്ലുമ്പോൾ കയ്യിലും മേക്കപ് ഇടണം, ടാറ്റൂ മറയ്ക്കാൻ.

ADVERTISEMENT

ദയ: ടാറ്റൂ കൊണ്ടുള്ള ‘സെന്റിമെന്റൽ അപ്രോച്’ അമ്മയെ പഠിപ്പിച്ചതു ‍ഞാനാണ്. എന്റെ ശരീരത്തിൽ ആറു ടാറ്റൂ ഉണ്ട്. ആദ്യം ചെയ്തത് എന്റെ പട്ടിക്കുട്ടിയുടെ ചിത്രം. അതിനു ശേഷം ഒറ്റയടിക്കു മൂന്നു ടാറ്റൂ ചെയ്തു. അതിലൊന്നിൽ അമ്മയുടെ കയ്യക്ഷരത്തിൽ ‘Be kind’ എന്നാണ് എഴുതിയിരിക്കുന്നത്. 

മൂന്നു ടാറ്റൂ ചെയ്തതിനു വഴക്ക് ഉറപ്പായിരുന്നു. അമ്മയുടെ കയ്യക്ഷരത്തിൽ ടാറ്റൂ ചെയ്താൽ പിന്നെ, ഒന്നും പറയാൻ പറ്റില്ലല്ലോ. അമ്മയുടെ അടികൊണ്ട പാടു മായ്ക്കാനാണ് ഇത്ര വലിയ ടാറ്റൂ ചെയ്തതെന്നു പറഞ്ഞ് അമ്മയെ ശുണ്ഠി പിടിപ്പിക്കുന്നതാണ് എന്റെ പ്രധാന വിനോദം.

ADVERTISEMENT

അത്ര കുരുത്തക്കേടായിരുന്നോ ജാനിക്ക്?

മഞ്ജു: അരിമാവു കണ്ടാൽ എടുത്തു ദേഹത്തു തേക്കുക പോലെയുള്ള ചെറിയ ചെറിയ വികൃതികളായിരുന്നു കുട്ടിക്കാലത്ത് ജാനിയുടെ മെയിൻ. ഒരിക്കൽ അമ്മ പാചകമൊക്കെ കഴിഞ്ഞു ഉച്ചയൂണിനു മുൻപു കുളിക്കാൻ കയറി. ആ സമയത്തു ഇവൾ അടുക്കളയിൽ നുഴഞ്ഞു കയറി. അടപ്പു തുറന്നു നോക്കുമ്പോൾ അതാ ഉഗ്രൻ മീൻകറി. അതിൽ അവൾ കുക്കറി ഷോ തന്നെ നടത്തി. മുളകുപൊടി, മസാലപ്പൊടികൾ, വിനാഗിരി, ഉപ്പ് എന്നു തുടങ്ങി കയ്യെത്തും ദൂരത്തിരുന്ന സകല സാധനങ്ങളും കറിയിൽ ചേർത്തിളക്കി ‘ഷോ’ അവസാനിപ്പിച്ച് അവൾ പോയി.

കുളി കഴിഞ്ഞു ചോറു വിളമ്പാൻ വന്ന അമ്മയെ അയൽവക്കത്തെ ചേച്ചി നീട്ടിവിളിക്കുന്നു. അവരുടെ മുറ്റത്ത് ഏഴു സ്പൂണുകൾ കിടക്കുന്നത്രേ. ഓരോ പൊടിയും കറിയിലിട്ട ശേഷം ‘പാചകക്കാരി’ സ്പൂൺ നീട്ടി എറിഞ്ഞതാണ്.  

‘ഒന്നേ ഉള്ളെങ്കിലും ഉലക്കയ്ക്കു തല്ലി വളർത്തണം’ എന്ന് അമ്മ പറയുമായിരുന്നു. പക്ഷേ, എനിക്കു നല്ല ക്ഷമയാണ്. പത്തുവട്ടം പറയും, എന്നിട്ടും കേട്ടില്ലെങ്കിലേ ഒന്നു കൊടുക്കൂ. ജാനിക്ക് അഞ്ചോ ആറോ വയസ്സുള്ള സമയം. കടയിൽ വച്ചു കണ്ട പാവ വേണമെന്ന് ഒരു മോഹം, പ്രൈസ് ടാഗ് നോക്കിയപ്പോൾ 3500 രൂപ. പിന്നെ വാങ്ങിത്തരാമെന്നു പറഞ്ഞപ്പോൾ ഒന്നു ചിണുങ്ങിയെങ്കിലും അവൾ സമ്മതിച്ചു. വീട്ടിലെത്തി മോളോടു സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു, ‘അത്രയും രൂപ അമ്മയുടെ കയ്യിൽ ഇല്ല. മോൾക്കു പാവ വാങ്ങി തരാൻ പറ്റാത്തതിൽ അമ്മയ്ക്കു വിഷമമുണ്ട്. പക്ഷേ, മോള്‍ വാശി പിടിക്കാതിരുന്നതിലുള്ള സന്തോഷമാണ് അതിനേക്കാൾ കൂടുതൽ.’ ഇപ്പോഴും ഒരു കാര്യം വേണമെങ്കിൽ അവൾ ആദ്യം ചോദിക്കുന്നത്, ‘അച്ഛാ, അമ്മാ... ഇപ്പോൾ പൈസ ഉണ്ടോ, ഇല്ലെങ്കിൽ ഇനിയൊരിക്കൽ നോക്കാം’ എന്നാണ്.

ദയ: അമ്മയുടെ നോട്ടത്തിൽ നിന്നു മനസ്സിലാകും, കുരുത്തക്കേടു കാണിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന്. എങ്കിലും അഞ്ചാറു വട്ടം അമ്മയുടെ കയ്യിൽ നിന്നു കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ നന്നായി. 

മകൾക്കു ‘സ്വാതന്ത്ര്യം കൊടുക്കുന്ന’ അമ്മയാണോ?

മഞ്ജു: നന്മ ചെയ്യുക, വീട്ടിലേക്ക് ആരെങ്കിലും വന്നാൽ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുക, അവരോടു രണ്ടു നല്ല വാക്കു പറയുക തുടങ്ങിയ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ എനിക്കു ദേഷ്യം വരും. മുതിർന്നവരെ ധിക്കരിക്കുന്നതും സഹിക്കാനാകില്ല. സ്നേഹം മനസ്സിൽ വേണം, സ്നേഹമുണ്ടെങ്കിൽ ബഹുമാനം താനേ വരും. ഇക്കാര്യങ്ങളിലൊക്കെ ജാനി മിടുക്കിയാണ്. നൂറിൽ മൂറു മാർക്കും കൊടുക്കാം.

ഒരു കാര്യവും അവളെ നിർബന്ധിച്ചു ചെയ്യിക്കാറില്ല. ലൈഫ്സ്റ്റൈലും വസ്ത്രധാരണവുമൊക്കെ  ഓരോരുത്തരുടെ ചോയ്സ് ആണ്. അതിലൊന്നും നിബന്ധന വയ്ക്കാറില്ല. അവളുടെ ഡ്രസ് സെൻസ് കണ്ടാണു ഞാൻ പഠിക്കുന്നത്. ‘അമ്മ ഒന്നു മാറാനുണ്ട്...’ എന്ന് അവൾ ഇടയ്ക്കു പറയും. ആദ്യമായി റാംപ് വാക് ചെയ്തപ്പോൾ ടിപ്സ് തന്നതും ജാനിയാണ്.

ദയ: മഞ്ജൂ എന്നു വിളിച്ചു ‘ഫ്രണ്ട്ഷിപ് വൈബ്’ നിലനിർത്തി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അമ്മയോടുണ്ട്. ചില കാര്യങ്ങൾ പറയുമ്പോൾ ‘അതു വേണോ’ എന്ന് അമ്മ ചോദിക്കും. അപ്പോൾ സോപ്പിട്ടു ചോദിക്കേണ്ടി വരും. മുൻപ് ഇറ്റലിയിലെ ബീച്ചിൽ ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തി. ആ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടും മുൻപ് അമ്മയ്ക്ക് അയച്ചു. ‘രണ്ടും മൂന്നും വട്ടം ആലോചിച്ചിട്ടു വേണം പോസ്റ്റ് ചെയ്യാൻ’ എന്നായിരുന്നു മറുപടി. ‘പോസ്റ്റ് ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ നീ തന്നെ ഫെയ്സ് ചെയ്യണം’ എന്ന് അച്ഛനും പറഞ്ഞു. 

ആ മുന്നറിയിപ്പിന്റെ അർഥം പിന്നാലെ മനസ്സിലായി. ആളുകൾ പല തരത്തിൽ പ്രതികരിച്ചു. അമ്മ അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ, ഞാൻ നോക്കും. അവ നമ്മളെ ബെറ്റർ ആക്കാൻ സഹായിക്കും എന്നാണ് എന്റെയൊരു ‘ഇത്.’

Manju Pillai's Daughter Daya Sujith: A Social Media Star:

Daya Sujith, the daughter of popular Malayalam actress Manju Pillai and director Sujith Vasudevan, is a social media celebrity. Their combo videos often go viral, and a recent interview revealed humorous and heartwarming anecdotes about their mother-daughter relationship, highlighting Daya's childhood mischief and her mature approach to finances and personal choices.

ADVERTISEMENT