ADVERTISEMENT

ഓൺലൈൻ പണ തട്ടിപ്പിൽ പെട്ടു കോടികൾ നഷ്ടപ്പെട്ട ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത വന്നതു കഴിഞ്ഞ ദിവസമാണ്. ഇത്തരം വാർത്തകൾ മലയാളിക്കു പുതുമയല്ലാതായിട്ടു കുറച്ചു നാളുകളായി. പക്ഷേ, ഡിജിറ്റൽ അറസ്റ്റും പണത്തട്ടിപ്പു വാർത്തകളും ഇടതടവില്ലാതെ വരുന്നു. രണ്ടര ലക്ഷം മുതൽ 25 കോടി രൂപ വരെ ഈ പേരിൽ നഷ്ടപ്പെട്ടവരുടെ പരാതികൾ സൈബർ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാണക്കേടു ഭയന്നു പരാതിപ്പെടാതെ നഷ്ടം സഹിക്കുന്നവരുടെ എണ്ണം പരാതിക്കാരേക്കാൾ കൂടുതലാണെന്നാണു വിവരം.

ഉന്നത പദവികളിൽ ജോലി ചെയ്തിരുന്നവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും അനായാസം ഫണ്ട് കൈകാര്യം ചെയ്യുന്നവരുമാണു തട്ടിപ്പുകാരുടെ വലയിൽ വീണതെന്നതാണ് അതിശയിപ്പിക്കുന്ന യാഥാർഥ്യം.
എന്താണ് ഡിജിറ്റൽ അറസ്റ്റെന്നും എങ്ങനെയാണു തട്ടിപ്പുകാർ നിങ്ങളെ കെണിയിൽ വീഴ്ത്തുന്നതെന്നും മനസ്സിലാക്കിയാൽ ഇത്തരം കെണിയിൽ പെടാതെ വിദഗ്ധമായി രക്ഷപ്പെടാം.

ADVERTISEMENT

കെണി ഇങ്ങനെ

ഏതു സാഹചര്യത്തിലായാലും നിങ്ങളുടെ ഔദ്യോഗിക ഫോൺ നമ്പരിലേക്കു വരുന്ന കോളിലൂടെയാകും മിക്കവാറും തട്ടിപ്പിന്റെ തുടക്കം. ആധാർ കാർഡ് നമ്പരും ഇമെയിൽ ഐഡിയും പറഞ്ഞശേഷം അവ നിങ്ങളുടേതു തന്നെയാണോ എന്ന് ഉറപ്പിക്കാനാകും ആ വിളി. ആധികാരികമായ വിവരങ്ങളാണ് എന്ന് ഉറപ്പിച്ച ശേഷമാകും തട്ടിപ്പിന്റെ ആദ്യ ചുവടു വയ്ക്കുക.

ADVERTISEMENT

നിങ്ങളയച്ച / നിങ്ങളുടെ പേരിൽ വന്ന  പാർസലിൽ നിരോധിത ഉത്പന്നങ്ങൾ ക ണ്ടെത്തിയെന്നാകും അവർ പറയുക. ഹിന്ദിയിലോ ഇംഗ്ലിഷിലോ ആകാം സംഭാഷണം. പൊലീസെന്നു സ്വയം പരിചയപ്പെടുത്തിയ അവർ വിളിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതിലെങ്കിലും നിന്നാണെന്നും അവിടെ നിന്നു പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നും അറിയിക്കും. കേസിന്റെ തുടർനടപടികൾ ആ സംസ്ഥാനത്താകുമെന്നും കൂടി പറഞ്ഞുവയ്ക്കും. നിങ്ങളുടെ ഭാഗത്തു തെറ്റൊന്നുമില്ല എന്നു പറയുമ്പോൾ നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ അറസ്റ്റ് നടപടികളിലേക്കു നീങ്ങുമെന്നാകും ‘അനുഭാവപൂർവ’മുള്ള അറിയിപ്പ്.

രണ്ടാമത്തെ രീതി സാമ്പത്തിക ഇടപാടു സംബന്ധിച്ച അന്വേഷണത്തിലൂടെയാകും തുടങ്ങുക. അടുത്തിടെ നിങ്ങൾ നടത്തിയ ഒരു സാമ്പത്തിക ഇടപാട് ഭീകരവാദ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന സംഘടനയ്ക്കു വേണ്ടിയാണ് എന്നാകും പറയുക.

ADVERTISEMENT

പുൽവാമ അറ്റാക്കിനും സിംഗൂർ ഭീകരാക്രമണത്തിനുമൊക്കെ കാരണക്കാരായ തീവ്രവാദ സംഘടനകളുടെ ബിനാമി അക്കൗണ്ടിലേക്കു പണം അയച്ചതായാണു പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത് എന്നും പറയും. ദേശീയ അന്വേഷണ ഏജൻസിയടക്കം ഈ കേസിൽ തുടർ നടപടികളെടുക്കുമെന്നും പറയും.

അത്തരം അക്കൗണ്ടുകളിലേക്കൊന്നും പണം അയച്ചില്ല എന്നു മറുപടി നൽകിയാൽ, ക്രോസ് ചെക്ക് ചെയ്യാനെന്ന മട്ടിൽ അടുത്തിടെ നടത്തിയ വലിയ സാമ്പത്തിക ഇടപാടിന്റെ വിവരം തിരക്കും. പരാതിയെക്കുറിച്ചു കേട്ടു പേടിച്ചിരിക്കുന്നവർ അറിയാതെ തന്നെ ഒന്നോ രണ്ടോ ലക്ഷം രൂപ ബന്ധുവിനോ സുഹൃത്തിനോ അയച്ചതിനെ കുറിച്ചു പറഞ്ഞുപോകും.

cybersafetydhanyamenoncolumninvanitha2

ആ ഇടപാടിനെ ചുറ്റിപ്പറ്റിയാകും പിന്നെയുള്ള ചോദ്യങ്ങൾ. അടുത്തറിയാവുന്നയാളിനു തന്നെയാണു പണമയച്ചത് എന്നു പറഞ്ഞാൽ പോലും അവർ സമ്മതിച്ചു തരില്ല, തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു നിങ്ങളെ കുഴപ്പിക്കും. നിങ്ങൾ പറഞ്ഞ വിവരങ്ങൾ സത്യമാണെന്നു മേലുദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണമെന്നാകും ആവശ്യം.

വിശ്വാസവും ആശ്വാസവും

മേലുദ്യോഗസ്ഥൻ സംസാരിക്കുന്നതിനു മുൻപുള്ള സമയത്തു നിങ്ങളോടു സിംപതിയോടെയാകും അവർ ഇടപെടുക. കാര്യങ്ങൾ മനസ്സിലായി, പേടിക്കരുത്, എല്ലാം ശരിയാകും എന്നൊക്കെയുള്ള ആശ്വാസവാക്കുകൾ പറയും. അതോടെ മിക്കവരും അതു വിശ്വാസത്തിലെടുക്കും.

ബോസിനു വിഡിയോ കോളിലൂടെ സംസാരിക്കുന്നതിനായി ലിങ്ക് അയയ്ക്കുന്നതാണ് അടുത്ത ഘട്ടം. അതിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ ഡാറ്റ മുഴുവൻ അവരിലെത്തും. അവ പരിശോധിച്ച് നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അതിലൂടെ നടത്തിയ ഇടപാടുകളുമൊക്കെ ചികഞ്ഞ ശേഷമാകും മേലുദ്യേഗസ്ഥന്റെ വരവ്.

ആ വിവരങ്ങൾ ചോദ്യമായി വരുമ്പോൾ തെളിവു ശേഖരണത്തിന്റെ ഭാഗമായി കിട്ടിയതാണ് എന്നു ന മ്മൾ കരുതും. നിരപരാധിത്വം തെളിയുന്നതു വരെ ഡിജിറ്റൽ അറസ്റ്റ് വേണ്ടി വരുമെന്നും സഹകരിച്ചില്ലെങ്കിൽ പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്നും കേൾക്കുമ്പോൾ അറിയാതെ സമ്മതിച്ചു പോകും.

ആർബിഐ കേസ് പരിഗണിക്കുന്നു എന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുമെന്നുമുള്ള മുന്നറിയിപ്പാകും അടുത്തത്. സഹായമെന്ന മട്ടിൽ അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം മാറ്റിയിടാമെന്നും നിർദേശിക്കും. പണം കൈമാറിക്കഴിഞ്ഞാൽ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായുള്ള ഇടപെടൽ എന്ന പേരിൽ വിവിധ പൊലീസ് ഏജൻസികൾക്ക് അയക്കുന്ന ‘കത്തുകളു’ടെ കോപ്പികൾ ഇമെയിലിലൂടെ ലഭിച്ചുകൊണ്ടിരിക്കും. മൂന്നു മുതൽ അഞ്ചു ദിവസം വരെ ഈ നാടകം തുടരും. ആ സമയത്തിനുള്ളിൽ നിങ്ങളുടെ പണം പല അക്കൗണ്ടുകളിലേക്ക് അവർ മാറ്റിയിട്ടുണ്ടാകും.

പരാതിപ്പെടാൻ വൈകരുത്

ഡിജിറ്റൽ അറസ്റ്റ് എന്ന പേര് സുപരിചിതമായതുകൊണ്ട് തന്നെ പല ‘നമ്പരുകൾ’ ഇറക്കിയാണ് ത ട്ടിപ്പുകാരുടെ വരവ്. പോക്സോ കേസിൽ പെട്ടു, ഓഫിസിലെ സെക്‌ഷ്വൽ ഹരാസ്മെന്റ് പരാതി ലഭിച്ചു, എച്ച്ആർ വിഭാഗം പോലുള്ളവയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി എന്നൊക്കെ പരാതി കിട്ടി എന്നാകും പറയുക.

ബിസിനസുകാരും മറ്റും വിദേശയാത്രയ്ക്കു പുറപ്പെടുന്നതിന്റെ തലേന്നാകും ഫോൺകോൾ. എത്രയും പെട്ടെന്നു പണം മാറ്റിയിട്ടില്ലെങ്കിൽ യാത്ര കഴിഞ്ഞു തിരികെ വരുമ്പോഴേക്കും അക്കൗണ്ട് ഫ്രീസ് ആകും എന്നൊക്കെ കേട്ടാൽ ആരായാലും ഭയന്നുപോകും.

ഏതു കേസിൽപെട്ടാലും നിരപരാധിത്വം തെളിയിക്കാൻ ലോക്കൽ പൊലീസ് സ്റ്റേഷൻ വഴിയാണു ശ്രമിക്കേണ്ടത്. ‘എനിക്കെതിരേ പരാതിയുണ്ടെങ്കിൽ ലോക്കൽ പൊലീസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തോളൂ...’ എന്നു ധൈര്യമായി മറുപടി പറയണം. പൊലീസിനു പരാതി കിട്ടിയാൽ ‘നിങ്ങൾ എവിടെയുണ്ട്’ എന്നു ചോദിക്കാതെ തന്നെ അവർ തപ്പിയെത്തും എന്നുമോർക്കുക.

ഇതൊന്നുമാലോചിക്കാതെ തട്ടിപ്പുകാരുടെ ഭീഷണിക്കു വഴങ്ങി പണം കൈമാറിയെന്നു കരുതുക. എത്രയും വേഗം പൊലീസിനെ അറിയിക്കുന്നതു പ്രധാനമാണ്. ഈ ‘ഗോൾഡൻ അവർ’ ഇടപെടൽ കൊണ്ടു മാത്രമേ നമ്മൾ നൽകിയ പണം മറ്റുള്ള അക്കൗണ്ടുകളിലേക്ക് നൽകുന്നതിനു മുൻപു ബ്ലോക് ചെയ്യാനാകൂ. പരാതി ലഭിക്കുമ്പോൾ പ്രസ്തുത അക്കൗണ്ടിൽ ബാക്കിയുള്ള പണമാകും ബ്ലോക് ചെയ്തു തിരികെ ലഭിക്കുക.         

സൈബർ സേഫ്റ്റി ടിപ്സ്

  • തട്ടിപ്പുകാരുടെ കയ്യിൽ വ്യക്തി വിവരങ്ങൾ എത്താതെ കരുതലെടുക്കുക. നിങ്ങളുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ചു ചോദ്യമുന്നയിക്കാൻ ബാങ്കിനു പോലും അധികാരമില്ല.
  • ‌ഔദ്യോഗിക ഇമെയിൽ, ഫോൺ നമ്പർ എന്നിവ ബാങ്ക് അക്കൗണ്ടുമായി മാത്രം ലിങ്ക് ചെയ്ത് ഉപയോഗിക്കുക. ടിക്കറ്റ് ബുക്കിങ്, സർക്കാർ സേവനങ്ങൾ, ഓൺലൈൻ ഷോപ്പിങ് എന്നിങ്ങനെ ആവശ്യങ്ങൾക്കു വേണ്ടി പ്രത്യേകം ഇമെയിൽ വിലാസങ്ങൾ നൽകുക. ഇവയൊന്നും ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആക്കരുത്.
  • ഓൺലൈൻ ഷോപ്പിങ് പോലുള്ളവയ്ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുക. 

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി                 ∙

English Summary:

Digital arrest scams are rampant in Kerala, with victims losing lakhs, even crores, of rupees. Understanding how these fraudsters operate, often impersonating law enforcement, is crucial to avoiding becoming their next victim.

ADVERTISEMENT