ADVERTISEMENT

പ്രേമം സിനിമയിലെ നിവിൻ പോളിയുടെ ജോർജിനെ ഓർമയില്ലേ. പ്രണയലേഖനമെഴുതാൻ പെടാപ്പാടുപെടുന്ന ടീനേജുകാരനായി നിവിൻ തകർക്കുമ്പോഴും, കത്തു കൊടുക്കാനുള്ള തത്രപ്പാടിനിടെ സൈക്കിളുമെടുത്ത് ഓടുമ്പോഴുമൊക്കെ കണ്ടിരുന്നവർ ഉള്ളിൽ ചിരിച്ചിട്ടുണ്ടാകും, ഇതൊക്കെ നമ്മളെത്ര അനുഭവിച്ചതാ എന്ന മട്ടിൽ.

പത്തുപതിനഞ്ചു കൊല്ലം മുൻപുവരെ പ്രണയകഥകൾക്ക് ഇത്തരം ‘നൊസ്റ്റു’ ഓർമകളുടെ പിൻബലമുണ്ടായിരുന്നു. വർണക്കടലാസിൽ പൊതിഞ്ഞു സമ്മാനിച്ച മിഠായികളുടെ മധുരവും, ഒന്നിച്ചൊരു ബസിൽ യാത്ര ചെയ്ത ടിക്കറ്റുകളുടെ പഴക്കം ചെന്ന മണവുമൊക്കെയാണ് എയ്റ്റീസ് കിഡ്സിന് പ്രണയം.

ADVERTISEMENT

കാലം ന്യൂ ജനറേഷനും കടന്നു ജെൻ സീ യിലെത്തി നിൽക്കുമ്പോൾ പ്രണയത്തിന് എന്തൊക്കെ മാറ്റം വന്നുവെന്ന് അന്വേഷിച്ചാലോ. ബ്രേക്കപ് മുതൽ ഡെലൂഷൻഷിപ് വരെയായി ലവ് ഡിക്‌ഷനറിയിൽ പുതിയ വാക്കുകൾ എഴുതി ചേർക്കുന്ന ന്യൂ ജെനറേഷനു ‘ക്രിഞ്ച്’ എന്നു തോന്നുമെങ്കിലും, പ്രണയദിന ആശംസകൾ നേർന്നു തുടങ്ങാം.

കാലം മാറി, കഥ മാറി

ADVERTISEMENT

പ്രണയം എന്നു കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു കുളിരൊക്കെ തോന്നും പഴയ തലമുറയ്ക്ക്. അന്നത്തെ കോളജ്കാല പ്രണയങ്ങളൊക്കെ കുറേക്കാലം മനസ്സിൽ കൊണ്ടുനടന്നു ഹരിച്ചും ഗുണിച്ചും നോക്കി, അനുകൂല അവസരം വരുമ്പോൾ മാത്രം മടിച്ചുമടിച്ചു പറഞ്ഞ ഒന്നാണ്. മുഖത്തു നിന്നോ വാക്കിൽ നിന്നോ ഒക്കെ പ്രണയം അറിയാനും അറിയിക്കാനും പെടാപ്പാടു പെട്ടിരുന്നു ആ തലമുറ. കോളജ് ക്ലാസ്സിലെ ഡെസ്കിനു മുകളിലൊക്കെ ഒരുപാടു പ്രണയവരികളും ചിഹ്നങ്ങളും നിറഞ്ഞിട്ടുണ്ടാകും.

കലാലയ ജീവിതം തീരുന്നതുവരെ പ്രണയം പറയാൻ കാത്തുനിന്നവരുണ്ടാകും. അതുകൊണ്ടുതന്നെ പ്രണയിനികൾ മനസ്സു തുറക്കുന്ന ആ മനോഹര നിമിഷം പോലെ സുന്ദരമായ ഒന്ന് ഈ ഭൂമിയിലില്ല എന്നു കാവ്യാത്മകമായി പറഞ്ഞു തുടങ്ങിയത് കണ്ണൂർ, മാടായി സിഎഎസ് കോളജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസറും എഴുത്തുകാരിയുമായ ഡോ. ജൈനി രമേഷാണ്.

ADVERTISEMENT

‘‘പഴയ കാലത്ത് ഒരുമിച്ചു പഠിക്കുന്നവരെ വിവാഹം ക ഴിക്കുക അത്ര എളുപ്പമല്ല. പരസ്പരം വിവാഹിതരാവുന്നതിനു സമൂഹം കൽപിച്ചുവച്ച ചില ചിട്ടവട്ടങ്ങളായിരുന്നു കാരണം. അഞ്ചോ പത്തോ വയസ്സു വ്യത്യാസത്തിലുള്ളവർ മാത്രം വിവാഹിതരാകുന്ന കാലത്തു ക്ലാസ്മേറ്റുമായുള്ള കല്യാണം സ്വപ്നം കാണാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. ഇന്ന് അങ്ങനെയൊരു അവസ്ഥയില്ല.

എന്റെ എത്രയോ വിദ്യാർഥികൾ പരസ്പരം വിവാഹിതരായിട്ടുണ്ട്. അവർ ‘സേവ് ദി ഡേറ്റ്’ ഷൂട്ട് ചെയ്യാനായി സ്വന്തം കലാലയം തന്നെ തിരഞ്ഞെടുത്ത അവസരങ്ങളുമുണ്ട്. ഈ മാറ്റം സന്തോഷകരമാണ്. പരസ്പരം അറിയാത്ത രണ്ടുപേർ എങ്ങനെയാണ് ഒന്നിച്ചു ജീവിക്കുക എന്നു പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, പുതിയ കാലത്തെ കുട്ടികൾ പരസ്പരം തിരിച്ചറിഞ്ഞു പ്രണയത്തെ കൂടെ കൂട്ടുന്നതു നല്ലതല്ലേ...’’

ജെൻ സീയുടെ ‘തനി വഴി’

ഡോ. ജൈനി രമേഷും സമാന ചിന്താഗതിക്കാരും കാര്യങ്ങളെ പോസിറ്റീവായി നോക്കിക്കാണുമ്പോൾ പ്രണയത്തിലും ഞങ്ങൾക്കു ‘തനി വഴി’യുണ്ടെന്നു പറയുകയാണു ജെൻ സീ. അവരുടെ പ്രണയത്തിനു തന്നെ കടലു പോലെ തരംതിരിവുകളുണ്ട്.

യാതൊരു കമ്മിറ്റ്മെന്റുമില്ലാതെ, ഭാവിയിൽ എന്താകുമെന്ന ആശങ്കയില്ലാതെ, ലവ് എന്നു പോലും ലേബൽ ചെയ്യാതെ ഉണ്ടാകുന്ന ജെൻ സീ ബന്ധങ്ങളാണു സിറ്റുവേഷൻഷിപ്. ചില സാഹചര്യങ്ങളിൽ ചിലരോടു തോന്നുന്ന ഒരു ‘വല്ലാത്ത’ അടുപ്പം. പ്രണയത്തിന്റെ എല്ലാ ഫീലിങ്സും ഉണ്ടാകുമെങ്കിലും ഈ ‘ഷിപ്’ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും വളരെ സ്വാഭാവികമായാണ്.

ഒരു നോട്ടം കൊണ്ടോ വാട്സ് ആപ് സ്റ്റാറ്റസിലെ ലൗ ഇമോജി കൊണ്ടോ, ‘എന്നോടു പ്രണയമുണ്ടെ’ന്ന് അങ്ങു വിചാരിച്ചു കളയുന്നതിനെയാണു ഡെലൂഷൻഷിപ് എന്നു വിളിക്കുക. അയാളുടെ മനസ്സിൽ എന്താണെന്നു പോലും തിരിച്ചറിയാതെ ഇപ്പുറത്തെയാൾ എല്ലാം അങ്ങു സങ്കൽപിച്ചുണ്ടാക്കും. വരുന്ന മെസേജുകളുടെ ‘വരികൾക്കിടയിൽ’ അർഥം തേടുന്നതും, ഒരു നോട്ടം കിട്ടിയാൽ കുളിരണിയുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്.

അയാൾക്കു തന്നോടു പ്രണയമില്ല എന്ന റിയാലിറ്റി തിരിച്ചറിയുമ്പോഴുള്ള ‘ഹാർട് ബ്രേക്’ പക്ഷേ, സഹിക്കാനുമാകില്ല. ഇതിനെയും കടന്ന്, അനാവശ്യ ഭാരമില്ലാതെ റിലേഷൻഷിപ്പിനെ മുന്നോട്ടു കൊണ്ടുപോകുന്നതാണ് ജെൻ സീയുടെ സീക്രട്ടെന്ന് ഒരേ ശബ്ദത്തിൽ പറയുകയാണ് എറണാകുളം, തേവര സേക്രട് ഹാർട്സ് കോളജിലെ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ ബിരുദ വിദ്യാർഥികളായ ദിയയും അലീനയും മെർലിയയും ആൻമരിയയും ഗോപികയും നന്ദയും.

‘‘പ്രണയമെന്ന പേരിൽ ഓവർ ഡ്രാമ വേണ്ടേ വേണ്ട. പരസ്പരം വൈബ് മാച്ചാകുന്നതാണു കാര്യം. റിലേഷൻഷിപ്പിലായിരിക്കുമ്പോൾ രണ്ടുപേർക്കും സമാധാനം ഉണ്ടാകണം. മനസ്സമാധാനം കളയുന്ന സൗഹൃദത്തിൽ പോലും അത്ര താത്പര്യമില്ല.
അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിനു ജെന്‍ സീ ഡിക്‌ഷനറിയിൽ സ്ഥാനമേയില്ല. പരസ്പരം നിയന്ത്രണങ്ങൾ വയ്ക്കുന്നതിലല്ല, വിശ്വാസത്തിലെടുക്കുന്നതിലാണു കാര്യം.

മനസ്സിലുള്ളതു മുഖത്തു നോക്കി പറയാനുള്ള ധൈര്യം രണ്ടുപേർക്കുമുണ്ടാകും. അത്രമാത്രം പരസ്പരമറിയുന്ന സുഹൃത്തുക്കളായിരിക്കുന്നതും പ്രധാനമാണ്. വേണ്ട സമയത്ത് സംസാരിക്കാനും വേണ്ടാത്ത സമയത്ത് അകലം പാലിക്കാനും ഞങ്ങൾക്കറിയാം.

അതുകൊണ്ടുതന്നെ ഒന്നിച്ചിരിക്കുമ്പോൾ സന്തോഷമില്ലെങ്കിൽ ‘മൂവ് ഓൺ’ ചെയ്യുന്നതു ബന്ധത്തിന്റെ പരാജയമായി കാണുന്നില്ല. സെൽഫ് റെസ്പക്ട് എന്നാണ് ആ തീരുമാനത്തെ വിളിക്കേണ്ടത്.
ആത്മാഭിമാനവും സ്വത്വവും പണയം വച്ചു പ്രണയത്തിൽ നിൽക്കേണ്ട കാര്യമില്ലല്ലോ. റെഡ് ഫ്ലാഗ് കണ്ടാൽ ‘ശ്ശെ, വെറുതേ തോന്നുന്നതാകും’ എന്നു കരുതി മിണ്ടാതിരിക്കാനും ഞങ്ങൾക്കാകില്ല.’’ ദിയയും കൂട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നു.

English Summary:

Modern love and relationship dynamics for Gen Z contrast with the romantic narratives of older generations. This article explores how the concept of love has evolved, moving from traditional courtship and grand gestures to more nuanced and often less committed connections.

ADVERTISEMENT