ചിലർ ഏറ്റവും സന്തോഷമുള്ള ഘട്ടമായി പ്രണയകാലത്തെ കാണും, ചിലർക്കത് ഏറ്റവും വേദനിപ്പിച്ച കാലം: പ്രണയം അന്നും ഇന്നും Cherishing Love: The Sweet Pain and Lasting Memories
Mail This Article
ഇഷ്ടമുള്ളയാളോടു വഴക്കിട്ടു മിണ്ടാതിരുന്ന ശേഷം വീണ്ടും കൂട്ടുകൂടിയിട്ടുണ്ടോ? പിണക്കങ്ങൾ അലിഞ്ഞില്ലാതാകുന്ന ആ നിമിഷത്തിന്റെ സുഖം അനുഭവിച്ചുതന്നെ അറിയണം. അതാണു പ്രണയത്തിന്റെ മാജിക്.
വർഷങ്ങളോളം പ്രണയം പറയാതെ ഇരിക്കുകയും കാലങ്ങൾ കഴിഞ്ഞു പറയുകയും ചെയ്യുന്നതൊക്കെ ഇപ്പോൾ പഴങ്കഥകളായി മാറി. എന്നാൽ, പഴമയിൽ നിന്നു മാറാതെ തന്നെ പുതിയ പ്രണയത്തിന്റെ ത്രിൽ ആസ്വദിക്കുന്ന നയന്റീസ് കിഡ്സിന്റെ അനുഭവം കുറച്ചുകൂടി വ്യത്യസ്തമാണെന്നു പറയുകയാണ് കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളായ ശ്രീലക്ഷ്മി നയതും ഐശ്വര്യ രാജും സിന്ധ്യ എം. ഷാജിയും ഏയ്ഞ്ചൽ രാജുവും.
‘‘തൊണ്ണൂറുകളുടെ നൊസ്റ്റുവും 2000നു ശേഷമുള്ള ലോകവും ഒരുപോലെ അറിയുന്ന, രണ്ടു ജനറേഷനുകളുടെ നടുവിൽ നിൽക്കുന്ന ആൾക്കാരാണു ഞങ്ങൾ. സ്കൂൾ കാലത്തൊക്കെ ഇഷ്ടം തോന്നുന്നതു തന്നെ പേടിയുള്ള കാര്യമാണ്. അടുപ്പം ഉണ്ടെങ്കിലും ഒരിക്കലും തുറന്നുപറയരുത് എന്നൊരു ഉറച്ച നിലപാട് ആ തലമുറയിലെ മിക്കവർക്കുമുണ്ടായിരുന്നുവെന്ന് ഇവർ ഒറ്റക്കെട്ടായി പറയുന്നു.
ജനറേഷൻ ഗ്യാപ് പ്രധാനം
‘‘അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ എനിക്ക് ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കി തന്നു. പാസ്‌വേഡ് മറന്നുപോയ ആ അക്കൗണ്ട് ഈയിടെ കൗതുകത്തോടെ തുറന്നു നോക്കിയപ്പോൾ മെസേജുകൾ കണ്ടു ചിരിയടക്കാനായില്ല. അത്ര നിഷ്കളങ്കമായിരുന്നു ഓരോ വാക്കും, അത്ര ലളിതമായിരുന്നു ഓരോ ഇഷ്ടവും...’’ ഐശ്വര്യയ്ക്ക് പ്രണയത്തിന്റെ ‘നൊസ്റ്റു’ അടിച്ചു.
കോളജിലേക്കു കടന്നപ്പോൾ പ്രണയം രസമുള്ള കാഴ്ചകളായി മാറിയെന്നും ഇവർ പറയുന്നു. ‘‘കോളജ് പടവുകളിൽ ഇരുന്നു സംസാരിക്കുന്ന കാമുകീകാമുകന്മാർ, ക്ലാസ്സിനും ലാബിനും ഇടയിലെ ചെറിയ നിമിഷങ്ങൾ, ഒരുമിച്ച് നടക്കുന്നതും അടക്കിപ്പിടിച്ച ചിരിയും ചില വഴക്കുകളും ചിലപ്പോൾ പിണക്കവും നിശബ്ദതയും കണ്ണീരും. ചിലർ ഏറ്റവും സന്തോഷമുള്ള ഘട്ടമായി പ്രണയകാലത്തെ കാണുമ്പോൾ ചിലർക്കത് ഏറ്റവും വേദനിപ്പിച്ച ഘട്ടവുമാണ്.
പ്രണയമാണ് വലുത്
പ്രണയം ഉണ്ടോ ഇല്ലയോ എന്നതിനെക്കാൾ പ്രണയത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണു പ്രധാനമെന്ന് ആ കാലം പഠിപ്പിച്ചു. ടെക്കി ലൈഫിലേക്കു കടന്നപ്പോൾ പ്രണയത്തെ നോക്കിക്കാണുന്ന രീതി വീണ്ടും മാറി. കരിയറിൽ ശ്രദ്ധിച്ച്, സ്വപ്നങ്ങളെ മനസ്സിലാക്കി പിന്തുണയ്ക്കുന്ന ഒരാൾ കൂടെ വന്നാൽ അതാകും എന്റെ പ്രണയമെന്ന് ഇവർ പറഞ്ഞുവയ്ക്കുമ്പോൾ സ്വന്തം അനുഭവത്തിലൂടെ അതിനു പിന്തുണ നൽകുകയാണ് ഇവരുടെ കൂട്ടുകാരി ശ്രീലക്ഷ്മി.
‘‘വലിയ പ്രഖ്യാപനങ്ങളിലൂടെയോ പ്രത്യേക മുഹൂർത്തങ്ങളിലൂടെയോ അല്ല എന്റെ പ്രണയം ആരംഭിച്ചത്. കോളേജ് കാലത്തു പരിചയത്തിലൂടെ പതുക്കെ വളർന്ന ഒരു ബന്ധം. അവൻ തിരഞ്ഞെടുത്തതു രാജ്യസേവനമായതു കൊണ്ടുതന്നെ ഞങ്ങളുടെ ബന്ധത്തിൽ ദൂരം കൂടുതലായിരുന്നു.
വിവാഹം കഴിഞ്ഞതോടൊപ്പമാണ് എന്റെ ടെക്കി ജീവിതവും ആരംഭിച്ചത്. പരസ്പരമുള്ള ദൂരം കുറഞ്ഞില്ലെങ്കിലും ജോലിത്തിരക്കുകൾ ആശ്വാസമായത് ആ ഘട്ടത്തിലാണ്. സംസാരിക്കാൻ സാധിക്കാത്ത ദിവസങ്ങളിലും ഒരു ടെക്സ്റ്റ് മെസേജ് കിട്ടിയാൽ ‘അവൻ എന്റെ കൂടെയുണ്ട്’ എന്ന ഫീലിങ് കിട്ടും. അതിലും വലുതായി പ്രണയത്തിൽ എന്തുവേണം.
പ്രണയമെന്ന മരുന്ന്
തിരക്കുകൾ പരസ്പരം മനസ്സിലാക്കുന്ന സുഹൃത്തിനെ പ്രണയിക്കാൻ കിട്ടുന്നതിലും വലിയ സന്തോഷമില്ല. കരിയറിൽ മുന്നേറാനും ജീവിതം സുഖകരമായി പോകാനും പ്രണയം മരുന്നാകുമെന്ന് അനുഭവത്തിലൂടെ ഉറപ്പിച്ചു പറയാം. ദൂരം കൂടുമ്പോൾ പ്രണയത്തിന്റെ മധുരം കൂടുകയാണെന്നു കൂടി ശ്രീലക്ഷ്മി പറയുമ്പോൾ കൂട്ടുകാരികൾ സ്നേഹത്തോടെ അതു കേട്ടിരുന്നു.
രണ്ടുപേർക്കിടയിലെ ഏറ്റവും വലിയ വികാരം പ്രണയമാണ്. അഥവാ പ്രണയത്തകർച്ച വന്നാലും പ്രണയിച്ച ആ കാലഘട്ടത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമയായി മനസ്സിൽ താലോലിക്കുന്നതാണു പ്രണയികളുടെ വിജയമെന്നും ഇവർ ഒരേ സ്വരത്തിൽ പറയുന്നു.
ഇതൊക്കെ കേൾക്കുമ്പോൾ ഒരു കാര്യം അടിക്കുറിപ്പായി പറയാതെ വയ്യ. കാലം മാറുമ്പോഴും പ്രണയം മാറുന്നില്ല എന്നാണ് എയ്റ്റീസ് കിഡ്സും ജെൻ സീയും ഒരുപോലെ പറയുന്നത്. ഫാൻസി ഡ്രസ് പോലെ ഇടയ്ക്കൊന്നു രൂപവും ഭാവവും മാറുന്നുണ്ടെങ്കിലും, ഉള്ളിലിരുന്നു പുഞ്ചിരിക്കുന്ന ഓർമയായും നനുത്ത നോവായുമൊക്കെ പ്രണയത്തിന്റെ മധുരം മാറാതെ നിൽക്കുന്നു.
