ADVERTISEMENT

നഗരത്തിലെ തിരക്കേറിയ  കഫേയുടെ കോണിലിരുന്നു തന്റെ ഹോട് കാരമൽ ലാറ്റെ ഊതിക്കുടിക്കുകയായിരുന്നു മോളി ആന്റി.  ശരിക്കും നല്ല ആവി  പറക്കുന്ന ഹോട് കട്ടൻ കാപ്പി ആണ് ആന്റിക്കിഷ്ടം. എന്നിട്ടും കഫേയിലേക്ക് ഒരു വരവ് വരാൻ ആന്റി തീരുമാനിച്ചതിനു ഗൂഡമായ ലക്ഷ്യമുണ്ട്.

സ്ഥലത്തെ പുതുതലമുറയുടെ പ്രധാന സങ്കേതമാണു പ്രസ്തുത കഫേ. പുതിയ തലമുറയുടെ സംസാരരീതിയൊക്കെ ഒന്നു പിടിച്ചെടുക്കണം. പറ്റിയാൽ ഒന്നുരണ്ടെണ്ണം പഠിച്ചെടുക്കണം.

ADVERTISEMENT

കാരമൽ ലാറ്റെയിൽ മിഴി നട്ട്, ചെവി റെക്കോർഡർ ആക്കി ആന്റി കാത്തിരുന്നു. ആദ്യസംഭാഷണം പൊഴിഞ്ഞതും ആന്റി കാതുകൊണ്ട് ഒപ്പിയെടുത്തു.

ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും അതു ഡീകോഡ് ചെയ്തെടുത്തപ്പോൾ ആന്റിക്ക് ‘വല്ലാത്ത മനഃസുഖം’ തോന്നി. കാരണം, അത് വെറുമൊരു സംഭാഷണമായിരുന്നില്ല.  മറിച്ച് പ്രണയത്തിന്റെ പുതിയ ‘മെനു കാർഡ്’  തന്നെയായിരുന്നു.  

ADVERTISEMENT

ആദ്യകാഴ്ചയിലെ ആ ‘റിസ്സ് ’ = ഞെട്ടിക്കൽ ബിരിയാണി

ഒരാളെ ആകർഷിക്കാനുള്ള കഴിവിനെയാണു  കുട്ടികൾ  ‘റിസ്സ്’ (Rizz) എന്നു വിളിക്കുന്നത്. ‘എങ്ങനെ കിട്ടിയെടാ നിനക്ക് ഇത്ര റിസ്സ്’ എന്ന് കൂട്ടുകാർ ചോദിക്കുമ്പോൾ ആ യുവാവിന്റെ മുഖത്തുണ്ടായ ആത്മവിശ്വാസം  ദം പൊട്ടിക്കുമ്പോൾ വരുന്ന ബിരിയാണിയുടെ വാസന പോലെയാണെന്ന്  ആർക്കിടെക്റ്റ് സഞ്ജയ് കുമാർ പറയുന്നത് ആന്റി കേട്ടു. പിന്നെയും കടുകുപൊട്ടും പോലെ വാക്കുകൾ പൊട്ടിത്തെറിക്കുന്നു.  ആന്റി പോക്കറ്റ് ഡയറി പഴ്സിൽ നിന്നെടുത്തു കുറിച്ചു തുടങ്ങി.

ADVERTISEMENT

ഇപ്പോൾ സംസാരിക്കുന്നതു നിഖിലാണ്. ‘ഈ റിസ്സ് കണ്ട് വീഴുമ്പോൾ അത് വെറും ‘ലവ് ബോംബിങ്’ ആണോ എന്നു ശ്രദ്ധിക്കണം. തുടക്കത്തിലേ സ്നേഹത്തിന്റെ അണക്കെട്ട് തുറന്നു വിട്ടിട്ട് പെട്ടെന്ന് ഷട്ടർ ഇടുന്ന പരിപാടിയാണത്രേ ഇത്. അതുകേട്ടപ്പോൾ പഴയ കാലത്തെ  ചില ‘അമിത സ്നേഹപ്രകടനങ്ങളെ’ ഓർമിച്ച് ഇത് അതായിരുന്നല്ലേ എന്നൊരു ദീർഘനിശ്വാസത്തോടെ മോളി ആന്റി തിരിച്ചറിഞ്ഞു.

 സിറ്റുവേഷൻഷിപ്പും കുലുക്കി  സർബത്തും'

‘അതൊന്നും പറഞ്ഞാൽ അമ്മയ്ക്കു മനസ്സിലാവില്ല, അതൊരു സിറ്റുവേഷൻഷിപ്പാണ്’ തുടർന്ന് ആ പെൺകുട്ടി അമ്മയ്ക്കു നൽകിയ വിശദീകരണത്തിലാണ് ആന്റിക്ക് കാര്യം പിടികിട്ടിയത്.

ഉത്തരവാദിത്തങ്ങളോ കമ്മിറ്റ്മെന്റോ ഇല്ലാത്ത ഒരു 'നോ-പ്രഷർ' ലവ്! സ്വന്തം നിഘണ്ടുവിൽ നിന്നൊരു വാക്ക് വലിച്ചെടുത്ത് ആന്റി അതിനൊരു പരിഭാഷ നിർമിച്ചു– ‘കുലുക്കി സർബത്ത്’.  ഇഷ്ടമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്,   കമ്മിറ്റഡ് ആണോ എന്നു ചോദിച്ചാൽ അതില്ല! എല്ലാം കൂടി അങ്ങോട്ടും ഇങ്ങോട്ടും മിക്സ് ആയ ഒരവസ്ഥ. കുടിക്കുന്നതിനു മുൻപു നല്ലതുപോലെ ഒന്ന് ‘കുലുക്കി’ നോക്കേണ്ടി വരും എന്നു സാരം.

റെഡ് ഫ്ലാഗ് നൂഡിൽസും ഗ്രീൻ ഫ്ലാഗും

കാണാൻ നല്ല ഭംഗിയൊക്കെയുണ്ട്. പക്ഷേ, കഴിച്ചാൽ വയറിനു പണി തരുന്ന നൂഡിൽസ് പോലെയുള്ള ചിലരുണ്ട്. അങ്ങനെയുള്ള അടുപ്പിക്കാൻ കൊള്ളാത്തവർക്ക്  ഐടി ജീവനക്കാരി അനഘ നൽകിയ പേരാണ്. ‘റെഡ് ഫ്ലാഗ്’.  അപ്പോൾ അടുപ്പിക്കാൻ കൊള്ളാവുന്നവരെ എന്തു വിളിക്കും.

വീണ്ടുമൊരു കോഫി ഓർഡർ ചെയ്ത് ആന്റി ചിന്തിച്ചു. കോഫി വരും മുൻപേ ഉത്തരം കാതിൽ വീണു. ‘ഏയ്, മറ്റവൻ കുഴപ്പക്കാരനൊന്നുമല്ലടോ.  നമ്മളെ ബഹുമാനിക്കുന്ന, കൊച്ചു കാര്യങ്ങൾ പോലും ഓർക്കുന്ന  ‘ഗ്രീൻ ഫ്ലാഗാണ്’. ഇതല്ലേ ഞങ്ങൾ പണ്ടു പറഞ്ഞിരുന്ന ലക്ഷണമൊത്ത പുരുഷൻ. കുട്ടികളുടെ വർത്തമാനം കേട്ട് ആന്റി ഓർത്തു. 

ഡെലൂലു' ഡോണട്ടും ‘കുഴിമന്തി’ പ്രണയവും

അൽപം  സ്വപ്നം കണ്ടാലേ ജീവിതത്തിൽ സന്തോഷമുള്ളൂ എന്നു വിശ്വസിക്കുന്നവരാണു 'ഡെലൂലു' (Delulu) കൂട്ടർ. ഡിജിറ്റൽ മാർക്കറ്റർ ശ്രേയയുടെ അഭിപ്രായത്തിൽ ഡെലൂലു ഈസ് ദ സൊലൂലു ആണ് ഇവരുടെ മന്ത്രം.

പ്രണയത്തിൽ പാതിയിലധികവും  സ്വപ്നലോകത്താകും. യാഥാർഥ്യത്തിലേക്കെത്തുമ്പോൾ ‘ഇത് ഒരു ഡോണട്ട് പോലെയാണ്. മുകളിൽ നിറമുള്ള സ്പ്രിങ്കിൾസ് കണ്ടു കടിച്ചാൽ മധുരിക്കും, പക്ഷെ, നടുവിൽ ഒരു വലിയ ഓട്ട - ശൂന്യത!  ഇനി കുറെ കാലമായി പ്രണയിക്കുന്നവരുണ്ടല്ലോ, തമ്മിൽ കണ്ടാൽ അടിയും പിടിയും ബഹളവും ഉള്ളവർ; അവരെ ശ്രേയ ‘കുഴിമന്തി’യോട് ഉപമിച്ചു.

ഇടയ്ക്കൊന്ന് പൊട്ടിത്തെറിച്ചില്ലെങ്കിൽ  സമാധാനമില്ല. എങ്കിലും എരിവും സ്പൈസസും കെട്ടിപ്പിടിച്ചു നിൽക്കുന്നൊരു കുഴിമന്തി പോലെയാണവരുടെ പ്രണയം.  

മെയിൻ ക്യാരക്ടർ മീൽസ്

താൻ തന്നെയാണു തന്റെ ജീവിതത്തിലെ താരം എന്ന് വിശ്വസിക്കുന്നവരാണിവർ. സ്വയം വിശേഷിപ്പിക്കുന്നത്  ‘മെയിൻ ക്യാരക്ടർ എനർജി’ എന്നാണത്രേ. ഇവർക്കായി മാറ്റി വച്ചിരിക്കുന്നത് ‘മെയിൻ ക്യാരക്ടർ മീൽസ്’ ആണ്.

ഇതിൽ ലെഗ് പീസ് ആർക്കും ഷെയർ ചെയ്യണ്ട, പപ്പടം ആരും തട്ടിപ്പറിക്കില്ല! ആരെയും കാത്തിരിക്കാതെ സ്വയം സ്നേഹിക്കുന്നവർക്കു ജീവിതം ഒരു കൊട്ടാര സദ്യ.  

മോളി ആന്റിയുടെ നിരീക്ഷണം

കാലം മാറി, കോലവും മാറി. പഴയ പ്രേമലേഖനങ്ങളിലെ മഷിപ്പാടുകൾക്കും വാട്സാപ്പ് ഇമോജികൾക്കും ശേഷം പ്രണയം ഇപ്പോൾ പുതിയ ലോകത്താണ്.  ‘ഭാഷയും’ രുചിയും മാറിക്കൊണ്ടേയിരിക്കുന്നു! ചിലപ്പോൾ എരിവുള്ള ബിരിയാണി പോലെയും, മറ്റു ചിലപ്പോൾ തണുത്ത സർബത്ത് പോലെയുമാണു പ്രണയം. 

കഫേയിലെ ജനക്കൂട്ടത്തിനിടയിലൂടെ  ഹാൻഡ്‌ബാഗും തൂക്കി, ആത്മവിശ്വാസത്തോടെ പുറത്തേക്കു നടക്കുമ്പോൾ മോളി ആന്റി പിള്ളേർക്ക് വാലെന്റൈൻസ് ഡേ ആശംസ പറയാനും മറന്നില്ല. ‘എല്ലാവർക്കും കുറച്ച് ‘ഡെലൂലു’വും ഒരുപാടു ‘ഗ്രീൻ ഫ്ലാഗുകളും’ ഉ‌ണ്ടാകട്ടെ. 

English Summary:

Molli Aunty's cafe observations reveal modern youth slang for relationships and dating. She deciphers terms like 'Rizz', 'Situation-ship', 'Red flag', 'Green flag', 'Delulu', and 'Main character energy', offering her unique perspective on evolving romantic language.

ADVERTISEMENT