കർണാടകയിലെ ദാവൻഗരെയിൽ നടന്ന സീനിയർ നാഷനൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡലും ‘സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ’ (ഓപ്പണ്‍ ബെസ്റ്റ് ലിഫ്റ്റർ ഓഫ് ഇന്ത്യ ) പട്ടവും സ്വന്തമാക്കിയ ജ്വാല ജോസിന്റെ വീടിന്റെ പേര് ‘പവർ’ എന്നാണ്. അതിനുപിന്നിൽ രസകരമായൊരു കാരണമുണ്ട്. വീട്ടിലെ അംഗങ്ങളെല്ലാവരും തന്നെ പവർലിഫ്റ്റിങ് താരങ്ങളാണ്. പ്രണയിച്ചു വിവാഹിതരായവരാണു ജ്വാലയുടെ അമ്മ ലേഖയും അച്ഛൻ ജോസും. ആദ്യമായി പരസ്പരം കാണുന്നതും പവർലിഫ്റ്റിങ് മത്സരവേദിയിൽ.
‘‘അച്ഛനും അമ്മയും ദേശീയ, രാജ്യാന്തര പവർലിഫ്റ്റിങ് താരങ്ങളാണ്. അച്ഛൻ സ്ട്രോങ് മാൻ ഓഫ് കേരള, സ്ട്രോങ് മാൻ ഓഫ് ട്രിവാൻഡ്രം എന്നീ പട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്പോർട്സ് കോട്ടയിൽ സർവീസിൽ കയറിയവരാണ് ഇരുവരും. കുട്ടിക്കാലത്ത് പാർക്കിൽ പോയതിനേക്കാൾ കൂടുതൽ സമയം ചെലവിട്ടത് പവർലിഫ്റ്റിങ് മത്സരവേദികളിലാണ്. ഞാൻ സ്പോർട്സിലേക്കു വന്നതെങ്ങനെയാണെന്നു മനസ്സിലായില്ലേ?’’ പൊട്ടിച്ചിരിച്ചുകൊണ്ടു ജ്വാല ചോദിച്ചു.
‘‘അത്‌ലറ്റിക്സിലായിരുന്നു എന്റെ തുടക്കം. പിന്നെയാണു പവർലിഫ്റ്റിങ്ങിലേക്കു തിരിഞ്ഞത്.’’ ലേഖ സംസാരിച്ചു തുടങ്ങി. എനിക്കു ജോലി കിട്ടിയതിനു ശേഷം മതി കല്യാണം എന്നൊരു നിബന്ധനയേ അച്ഛൻ മുന്നോട്ടു വച്ചുള്ളൂ. അത് അങ്ങനെ തന്നെ നടന്നു. വീട്ടുകാരുടെ ആശിർവാദത്തോടെയായിരുന്നു ഞങ്ങളുടെ വിവാഹം. 2013ൽ പവർ എന്ന വീടും വച്ചു.’’ ലേഖയുടെ വാക്കുകളിൽ സന്തോഷം.
ലേഖയും ജോസുമുള്ള മത്സരവേദികളിൽ എപ്പോഴും കുഞ്ഞു ജ്വാലയുമുണ്ടാകും. കൗതുകം നിറഞ്ഞ കുഞ്ഞിക്കണ്ണുമായി അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന കൊച്ചു മിടുക്കിയുടെ പേര് ഇന്നു രാജ്യാന്തര വേദികളിൽ കേൾക്കുമ്പോൾ അഭിമാനമെന്നു പറയുന്നു ജോസും ലേഖയും.
‘‘അമ്മയുടെ മെഡലുകൾ സൂക്ഷിക്കുന്ന മെഡൽബോക്സ് പിടിക്കാൻ എനിക്കു വലിയ ആവേശമായിരുന്നു. ആ നേട്ടങ്ങളിലേക്കെത്താൻ അമ്മ എടുക്കുന്ന പ്രയത്നങ്ങൾ കണ്ടിട്ടുള്ളതുകൊണ്ടാകാം പരമാവധി പരിശ്രമിച്ചാണ് ഞാൻ ഓരോ മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ളത്.’’ ആരാധനയോടെ ജ്വാല ലേഖയെ നോക്കി.
2022, 2024, 2025 വർഷങ്ങളിൽ ജ്വാല സ്ട്രോങ് വുമൺ ഓഫ് കേരളയായി. കൂടാതെ തുടർച്ചയായ അഞ്ചുവർഷം സ്ട്രോങ് വുമൺ ഓഫ് കേരള യൂണിവേഴ്സിറ്റിയുമായിരുന്നു. പ്രാക്ടീസിനൊപ്പം മികച്ച മാർക്കോടെയാണ് ജ്വാല കേരള സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. സൗത്ത് ആഫ്രിക്ക, ടർക്കി, മംഗോളിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലായി നാലു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു. ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയായിരുന്നു ജ്വാലയുടെ മെഡൽ നേട്ടം.