‘നിറങ്ങളില്ലാത്ത ഒരു ജീവിതമായി പോയല്ലോ ആലീസേ നമ്മളുടേത്..’ അതു പറയുമ്പോൾ ഇന്നസെന്റിന്റെ കണ്ണുകൾ നിറയുന്നതു ഞാൻ കണ്ടു Innocent's Resurgence as an Actor
Mail This Article
തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ഇന്നസെന്റിനെ കാണാൻ ഒരുപാടു പേർ വീട്ടിൽ വരും. പലരും വിചിത്രമായ പല ആവശ്യങ്ങളുമായാണു വരുന്നത്. അവരെ ഇന്നസെൻറ് കൈകാര്യം ചെയ്യുന്നതു കാണാൻ നല്ല രസമായിരുന്നു. എനിക്കു തോന്നുന്നത് 'അമ്മ'യുടെ പ്രസിഡന്റായി ഒരുപാടു കാലം തുടരാൻ ഇന്നസെന്റിനു കഴിഞ്ഞതു ജനപ്രതിനിധി എന്ന നിലയിലുള്ള ഈ മുൻപരിചയം കൊണ്ടാകണം.
സ്വതന്ത്രനായാണല്ലോ ജയിച്ചത്. അതുകൊണ്ട് പാർട്ടിക്കാരുടെ പിന്തുണയൊന്നുമില്ല. പിന്നെ, സ്വന്തം ബിസിനസ്. അതു കാര്യമായി മുന്നോട്ടു കൊണ്ടുപോകണം എന്ന് ഇന്നസെന്റിന് അറിയാമായിരുന്നു. രാഷ്ട്രീയം കൊണ്ടു ജീവിക്കാനും അറിയില്ലായിരുന്നു. അങ്ങനെ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇന്നസെന്റ് നാട്ടിൽ പ്രശസ്തനായി.
രണ്ടു പെൺകുട്ടികൾ
അങ്ങനെയിരിക്കുകയാണ് മദ്രാസിൽ നിന്നു സം വിധായകൻ മോഹന്റെ വിളി വരുന്നത്. ഇന്നസെന്റും മോഹനും ബാല്യകാല സുഹൃത്തുക്കളാണ്. ഇന്നസെന്റ് കഥകളിൽ പലപ്പോഴും മോഹൻ കഥാപാത്രമായി വരാറുണ്ട്. ആ കഥകൾ പലതും ഇന്നസെൻറ് എഴുതിയിട്ടുമുണ്ട്. രണ്ടുപേരും ഒരുമിച്ചു നാടകം കാണാൻ പോകുമായിരുന്നു. നാടകം എഴുതി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നസെന്റിനു മുൻപേ തന്നെ മോഹൻ മദ്രാസിലേക്കു പോയിരുന്നു. അവിടെ സഹസംവിധായകനായി മോഹൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഇന്നസെന്റ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മോഹൻ സഹസംവിധായകനായിരുന്ന ‘നൃത്തശാല’ എന്ന സിനിമയിൽ. പിന്നീടു സ്വതന്ത്ര സംവിധായകനായതിനു ശേഷവും പല അവസരങ്ങളും മോഹൻ ഇന്നസെന്റിന് കൊടുത്തിട്ടുണ്ട്.
അക്കാലത്തെ ഏറ്റവും വലിയ സന്തോഷമായിരുന്നു മോഹൻ ആദ്യമായി സ്വതന്ത്ര സംവിധായകനായ സിനിമ ‘രണ്ടു പെൺകുട്ടികൾ’.
അതിലെ രണ്ടു നായികമാരിൽ ഒരാളാണ് അനുപമ. ആന്ധ്രയിലെ നെല്ലൂരിൽ നിന്നു വന്ന അനുപമയുമായി മോഹൻ പ്രണയത്തിലായി. ‘രണ്ടു പെൺകുട്ടിക’ളുടെ ജോലികൾ തീർന്നപ്പോഴേക്കും അവർ വിവാഹിതരാകാനുള്ള തീരുമാനം എടുത്തിരുന്നു. എന്തുകൊണ്ടോ ആ വിവാഹത്തിനു മോഹന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. മറ്റാരുമറിയാതെ മോഹനും അനുപമയും റജിസ്റ്റർ വിവാഹം ചെയ്തു. ഒരുമിച്ച് ജീവിക്കാനും തുടങ്ങി. ‘രണ്ടു പെൺകുട്ടികൾ’ക്കു ശേഷം, ‘വാടക വീട്’ സംവിധാനം ചെയ്യുമ്പോൾ ഇതായിരുന്നു മോഹന്റെ അവസ്ഥ. ആ സിനിമയിൽ ഇന്നസെൻറ് അഭിനയിക്കുന്നുണ്ട്. അതിനുപരി എപ്പോഴും മോഹനോടൊപ്പം ഇന്നസെന്റും ഉണ്ടാകും.
‘സൂര്യദാഹം’, ‘വാടക വീട്’ തുടങ്ങിയ മോഹൻ സിനിമകളിൽ അഭിനയിക്കുമ്പോൾ ഞാൻ ഇന്നസെന്റിനൊപ്പമുണ്ട്. തൃശൂരും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്.
വിടപറയും മുമ്പേ
വാടക വീടിന്റെ ഷൂട്ടിങ് കഴിഞ്ഞ് മോഹനും അനുപമയും മദ്രാസിലേക്കു തിരിച്ചു പോയി. ഞങ്ങൾ ഇരിങ്ങാലക്കുടയ്ക്കും. അങ്ങനെയിരിക്കെ ഒരു ദിവസം മോഹൻ ഇന്നസെന്റിനെ മദ്രാസിലേക്കു വിളിപ്പിച്ചു.
പുതിയ സിനിമയ്ക്കുള്ള വിളിയാകും എന്നാണ് ഇന്നസെന്റ് ആദ്യം കരുതിയത്. പക്ഷേ, സുഹൃത്തായി കിട്ടിയ തൃശൂർകാരൻ ഡേവിഡ് കാച്ചപ്പള്ളിയെ പരിചയപ്പെടുത്താനായിരുന്നു വിളി. ആ മൂന്നു തൃശൂർക്കാരുടെ സൗഹൃദം പുതിയൊരു ബാനറായി. അതായിരുന്നു ശത്രു ഫിലിംസ്. അന്ന് മിത്ര ഫിലിംസ് എന്ന പേരിൽ ഒരു നിർമാണ കമ്പനി നിലവിലുണ്ട്.
‘കുറച്ചു കഴിയുമ്പോൾ നമ്മൾ എന്തായാലും ശത്രുക്കളാകും. എന്നാൽ ഇപ്പോഴേ ശത്രുക്കളാണ് എന്നു പറയുന്നതല്ലേ ശരി’. ഇങ്ങനെയൊരു ആശയം പറഞ്ഞത് ഇന്നസെന്റ് ആയിരുന്നു. അങ്ങനെയാണു ശത്രു ഫിലിംസിന്റെ തുടക്കം.
ചെരിപ്പു കച്ചവടം നടത്തുന്ന ഇന്നസെന്റിന്റെ കയ്യിൽ സിനിമ നിർമിക്കാനും മാത്രം പണമൊന്നും ഇല്ലെന്നെനിക്കറിയാം. മോഹൻ എന്ന സംവിധായകൻ തന്നെയാണു പ്രധാന മൂലധനം. പക്ഷേ, സിനിമയ്ക്കു വേണ്ടി പണം പലിശയ്ക്കു കൊടുക്കാൻ തയാറുള്ള മാർവാടികൾ ഉണ്ടായിരുന്നു. 100 ശതമാനം പലിശയാണെന്നാണ് ഓർമ. അങ്ങനെ ദൈവകൃപയിൽ ശത്രു ഫിലിംസിന്റെ ആദ്യ സിനിമയ്ക്ക് ക്ലാപ്പടിച്ചു; ‘വിടപറയും മുമ്പേ’
ആ സമയത്തൊരു ഏപ്രിലിലാണ് എന്നെയും മകനെയും മദ്രാസിലേക്കു കൊണ്ടുപോകുന്നത്. കത്തിരിമാസം എന്നാണ് ഏപ്രിലിനെ തമിഴ്നാട്ടുകാർ വിശേഷിപ്പിക്കുന്നത്. വിരുതംപക്കത്തെ ഒറ്റനില വീട്ടിലേക്കു കത്തിരിവെയിലിൽ ഞങ്ങൾ ചെന്നിറങ്ങി. ദാവൻഗരെയുടെ രണ്ടാംഭാഗമാണോ ഈ വീടെന്ന് എനിക്കു തോന്നി. കട്ടിലോ കസേരയോ പോലുമില്ല. ധാരാളമായുള്ളതു ചൂടു മാത്രം. മാർവാടികളുടെ കയ്യിൽ നിന്നു പലിശയ്ക്കു പണമെടുത്തു സിനിമ നിർമിക്കാനിറങ്ങിയ ഇന്നസെന്റിനോട് അസൗകര്യങ്ങളെക്കുറിച്ചു യാതൊരു പരാതിയും ഞാൻ പറഞ്ഞില്ല. പക്ഷേ, കൊടുംചൂടിന്റെ കാഠിന്യം രാത്രി ആയാലും മാറില്ല. ചൂടു ഞങ്ങൾക്കു താങ്ങാൻ പറ്റുന്നില്ലെന്നു മനസ്സിലാക്കിയ ഇന്നസെന്റ് ഒരുപായം പറഞ്ഞു.
രാത്രി കിടക്കുന്നതിന് അൽപം മുൻപു പുൽപായയിൽ വെള്ളമൊഴിക്കുക. അങ്ങനെ നനഞ്ഞ പായയുടെ തണുപ്പിനെ കൂട്ടുപിടിച്ചു ഞങ്ങളുറങ്ങി. ഈ അവസ്ഥ നേരിട്ടുകണ്ടിട്ടുള്ളൊരാൾ ഇടവേള ബാബുവാണ്. ‘ചേച്ചി എങ്ങനെയാണ് ഈ വീട്ടിൽ ഇങ്ങനെ താമസിക്കുന്നതെന്ന്’ ഒരിക്കൽ ബാബു ചോദിച്ചു. ‘ഇത്തിരി ചൂടു കൂടുതൽ ഉണ്ടെന്നെയുള്ളൂ. വേറെ അസൗകര്യമൊന്നുമില്ലല്ലോ’ എന്നു ഞാൻ മറുപടിയും പറഞ്ഞു.
ഉള്ള സൗകര്യങ്ങളിൽ തൃപ്തിപ്പെട്ടിരുന്നെങ്കിലും ഞാൻ ഉള്ളുകൊണ്ട് ഒരാഗ്രഹം സൂക്ഷിച്ചിരുന്നു. ഒരു ഫ്രിജ് കിട്ടിയിരുന്നെങ്കിൽ എന്ന്. കുറച്ചു തണുത്ത വെള്ളം എങ്കിലും കുടിക്കാമല്ലോ എന്ന മോഹം. പക്ഷേ, അതും പറഞ്ഞില്ല.
വീട്ടിൽ ഫോണുമില്ല. അയലത്തെ വീട്ടിൽ പോയി പൈസകൊടുത്താണ് ഇന്നസെന്റിന്റെ ഫോൺവിളിക ൾ. ഫോൺ ബൂത്തുകൾ സാധാരണമാകുന്നതിനു മുൻപ് ഇതുപോലെ വീടുകളിൽ പോയി പൈസ കൊടുത്തു ഫോൺ വിളിക്കുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നു.
ഇന്നസെന്റ് ഫോൺ വിളിക്കാൻ പോകുന്ന തൊട്ടടുത്തുള്ള വീട് ഒരു മലയാളിയുടേതായിരുന്നു. ഗണപതി എന്നാണ് അദ്ദേഹത്തിന്റെ പേര്. പാലക്കാടാണു വീട്. നല്ല സ്നേഹമുള്ള മനുഷ്യൻ. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു പെൺമക്കളും ഉള്ള നല്ല സ്നേഹസമ്പന്നമായ കുടുംബം. ഞങ്ങളുടെ പ്രയാസം കണ്ടപ്പോൾ അവരുടെ വീടിന്റെ താഴത്തെ നില ഞങ്ങൾക്കു താമസിക്കാൻ തന്നു.
‘വിട പറയും മുമ്പേ’ ഹിറ്റായി മാറി. ഞങ്ങൾ രക്ഷപ്പെട്ടെന്നു തോന്നി. നേരെ പോയി ശരവണ ഭവനിൽ നിന്നു മസാല ദോശ കഴിച്ചു. പിന്നെ, അടുത്ത സിനിമ ‘ഇളക്കങ്ങൾ’ സാമ്പത്തിക പരാജയമായി. മൂന്നാമത്തെ സിനിമ‘ഓർമ്മയ്ക്കായ്’. അതും അത്യാവശ്യം ഓടി. നാലാമത്തെ സിനിമ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ എന്ന അക്കാലത്തെ ബിഗ് ബജറ്റ് സിനിമ. അത് അഭിപ്രായം നേടിയെങ്കിലും തിയറ്ററിൽ വൻപരാജയമായി. ഞങ്ങളുടെ വഞ്ചി വീണ്ടും ദാവൻഗരെയിൽ എത്തിയതു പോലെ തോന്നി.
മുന്നിൽ ചോദ്യങ്ങൾ മാത്രം
‘ലേഖയുടെ മരണം’ സിനിമയ്ക്കു ശേഷം പിന്നെ, ജീവിതത്തിനു മുന്നിൽ ചോദ്യങ്ങളേയുള്ളു. ഉത്തരങ്ങൾ ഇല്ല. എന്റെ സ്വർണം പണയത്തിലായി. വേറേ ഒരു മാർഗവുമില്ല. ആ സമയത്തു ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മനുഷ്യൻ വന്നു. ശ്രീനിവാസൻ.
വല്ലപ്പോഴും ഞങ്ങളുടെ വീട്ടിൽ വരും. ഒരു ദിവസം വന്നപ്പോൾ ഇന്നസെൻറ് ഒരു തിരക്കഥ ശ്രീനിവാസനെ ഏൽപ്പിച്ചു. ഒരു കോളജ് പ്രഫസർ എഴുതിയതാണ് ഈ തിരക്കഥ. നമുക്കൊന്നു നന്നാക്കിയെടുക്കാൻ സാധിക്കുമോ ഇന്നസെൻറ് ചോദിച്ചു. ഗൗരവത്തോടെ ശ്രീനിവാസൻ തിരക്കഥ വായിച്ചു. എന്നിട്ടു പറഞ്ഞു.‘നമുക്കെന്നല്ല, ആർക്കുവേണമെങ്കിലും ഈ തിരക്കഥ നന്നാക്കി എടുക്കാം.’
ആ മറുപടി ഇന്നസെൻറ് ഇഷ്ടമായി അങ്ങനെ രണ്ടുപേരും ചേർന്ന് ആ തിരക്കഥയിൽ പണിയെടുത്തു. അതാണു ഞങ്ങൾ അവസാനമായി നിർമിച്ച ചിത്രം ‘ഒരു കഥ ഒരു നുണക്കഥ’. അതു തിയറ്ററുകളിൽ വിജയം നേടി. നടുക്കടലിൽ നിന്നു കര തൊട്ടതു പോലെ തോന്നി. ശ്രീനിവാസൻ എന്ന മനുഷ്യൻ ഞങ്ങളുടെ കുടുംബാംഗമായി എന്നതാണ് അതിനേക്കാളൊക്കെ വലിയ നേട്ടം. ആ സിനിമ തന്ന സൗഭാഗ്യം.
പക്ഷേ, ശ്രീനിവാസൻ ഇതേക്കുറിച്ചു പിന്നീടു പറഞ്ഞതു വേറൊരു തരത്തിലാണ്. അതിൽ കഥയും തിരക്കഥയുമൊന്നുമില്ല. ‘ഇന്നസെന്റിന്റെ വീട്ടിൽ ചെന്നാൽ മൂന്നുനേരം ഭക്ഷണം കിട്ടും. അതായിരുന്നു അട്രാക്‌ഷൻ’. ഞങ്ങളുടെ ജീവിതത്തിലെ നല്ല നേരങ്ങളിലും മോശം സമയങ്ങളിലും ഒപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹം.
ശ്രീനിവാസന്റെ മത്തിക്കറി
ഒരു സംഭവം ഓർമയുള്ളതു പറയാം. ശ്രീനിവാസൻ നന്നായി പാചകം ചെയ്യും. ഒരിക്കൽ ഞങ്ങൾക്കു വിലകുറവിൽ കൂടുതൽ മത്തി കിട്ടി. ‘ഇതു മുഴുവൻ വൃത്തിയാക്കാൻ എത്ര നേരം വേണം. എന്നെക്കൊണ്ടെങ്ങും വയ്യ.’ ഞാൻ പറഞ്ഞു. അതുകേട്ടു നിന്ന ശ്രീനിവാസൻ പറഞ്ഞു. ‘തൊടരുത്, ഈ മത്തി എന്റേതാണ്. എന്റേതു മാത്രമാണ്. ഇതിൽ മറ്റാരും തൊടരുത്’. അതു മുഴുവൻ ശ്രീനിവാസൻ വൃത്തിയാക്കി കുറെ കറി വച്ചു. കുറേ വറുത്തു. ആ മത്തിക്കറിയുടെ രുചി ഞാൻ ഇന്നും മറന്നിട്ടില്ല. ഇതുപോലെ എത്രയോ സംഭവങ്ങൾ. മരണം വരെ ഇന്നസെന്റ് ശ്രീനിവാസനോട് എല്ലാ ദിവസവും സംസാരിക്കുമായിരുന്നു.
കോടമ്പാക്കത്തെ ഒരിക്കലും മറക്കാനാവാത്ത ഒരു ഓർമ ഒരു ദീപാവലി ദിവസമാണ്. മദ്രാസിൽ ദീപാവലി വലിയ ആഘോഷമാണല്ലോ. ഞങ്ങളുടെ കയ്യിൽ ആണെങ്കിൽ ഒരു പൈസ പോലും ഇല്ല. വൈകുന്നേരം അയൽപക്കത്തെ വീട്ടിലെ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ സോണറ്റ് അതിനുവേണ്ടി കരയുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഇന്നസെന്റിനും ഇമ്മാതിരി ആഘോഷങ്ങളിൽ വലിയ താൽപര്യമാണ്. പക്ഷേ, പണയം വയ്ക്കാൻ പോലും കയ്യിൽ ഒന്നുമില്ല. ഈ ദിവസമൊന്നു പെട്ടെന്നു കടന്നുപോയിരുന്നെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിച്ചു.
‘നിറങ്ങളില്ലാത്ത ഒരു ജീവിതമായി പോയല്ലോ ആലീസേ നമ്മളുടേത്.’ അതു പറയുമ്പോൾ ഇന്നസെന്റിന്റെ ക ണ്ണുകൾ നിറയുന്നതു ഞാൻ കണ്ടു.
ആ വിഷാദ സന്ധ്യയിൽ ദൈവം ഞങ്ങളുടെ വിഷമം കണ്ടു കാണണം. വൈകുന്നേരം ഞങ്ങളുടെ വീട്ടിൽ ഒരു അതിഥി എത്തി. സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോൻ. ഇന്നസെന്റിനെ കാണാനാണ് അദ്ദേഹം വന്നത്. സിനിമയ്ക്കുള്ള അഡ്വാൻസ് ആണോ സമ്മാനമാണോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ അദ്ദേഹം 4000 രൂപ ഇന്നസെന്റിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ കരയാതിരിക്കാൻ ഇന്നസെന്റ് പാടുപെട്ടു.
ജീവിതത്തിൽ പിന്നീട് എന്തൊക്കെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒന്നിനും ആ 4000 രൂപയുടെ വില വരില്ലെന്ന് ഇന്നസെന്റ് കൂടെ കൂടെ എന്നോടു പറയുമായിരുന്നു. ജീവിതത്തിൽ അത്രയും നല്ലൊരു ദീപാവലി ഞങ്ങൾ പിന്നീട് ആഘോഷിച്ചിട്ടുമില്ല. ‘ഒരു കഥ ഒരു നുണക്കഥ’ അത്യാവശ്യം ഓടിയ സിനിമയാണ്. വലിയ ലാഭമൊന്നും ഉ ണ്ടായില്ല. എങ്കിലും ഒന്നു പിടിച്ചുനിൽക്കാൻ പറ്റി. ജീവിതത്തിൽ പുറപ്പെട്ട ഇടത്തു തന്നെ നിൽക്കുകയാണ് അപ്പോഴും ഞങ്ങൾ.
പിന്നെ, വഴിത്തിരിവായി മാറിയത് സേതുമാധവൻ സാറിന്റെ സിനിമയാണ്. മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന അവിടുത്തെ പോലെ ഇവിടെയും എന്ന സിനിമയി ൽ ഒരു തൃശ്ശൂരുകാരന്റെ റോൾ ഉണ്ട്. അഭിനയിക്കാൻ താൽപര്യമുണ്ടോ? എന്നാണ് ഇന്നസെന്റിനോടുള്ള ചോദ്യം.
ഞങ്ങൾക്കു സ്വർഗം കിട്ടിയതുപോലെയായിരുന്നു. ഇ ന്നസെന്റ് സിനിമാനടനായി വീണ്ടും പിറന്നിരിക്കുന്നു. അ ന്ന് ഇന്നസെന്റ് കരഞ്ഞു, ഞാനും. ആ അവസരം കൈവന്നത് ഒരൊറ്റ മനുഷ്യന്റെ വാക്കിലാണ്, മമ്മൂട്ടിയുടെ.
‘തൃശൂർകാരനായി അഭിനയിക്കാൻ തൃശൂർ ഭാഷ ന ന്നായി സംസാരിക്കുന്ന ഒരാൾ വേണം.’ സേതുമാധവൻ സാർ മമ്മൂട്ടിയോടു പറഞ്ഞു.
‘ഒരു സിനിമാനിർമാതാവ് ഉണ്ട്. ഇന്നസെന്റ് എന്നാണ് പേര്. സ്വന്തം സിനിമകളിലാണ് അഭിനയിച്ചു കണ്ടിട്ടുള്ളത്. മറ്റുള്ളവരുടെ സിനിമയിൽ അഭിനയിക്കുമോ എന്ന് അറിഞ്ഞുകൂടാ. വിളിച്ചു നോക്കൂ.’
അങ്ങനെ ഇന്നസെന്റ് എന്ന നടൻ കോടമ്പാക്കത്തെ ആ വാടകവീട്ടിൽ വീണ്ടും ജനിച്ചു.
2025 ഫെബ്രുവരി വനിതയില്‍ പ്രസിദ്ധീകരിച്ചു വന്ന ‘എന്റെ ഇന്നസെന്റ്’- ഭാര്യ ആലീസിന്റെ ഓർമക്കുറിപ്പുകൾ.
