ADVERTISEMENT

ഫെബ്രുവരിക്കു പ്രണയത്തിന്റെ സുഗന്ധമാണ്. ചുവന്ന റോസാപ്പൂക്കള്‍, ഹൃദയാകൃതിയിലുള്ള ചോക്‌ലെറ്റ്സ്, കാണുമ്പോൾ തന്നെ ചേർത്തുപിടിക്കാൻ തോന്നുന്ന പാവക്കുട്ടികൾ. വെറുതേ ഷോപ്പിങ്ങിനിറങ്ങുമ്പോൾ പോലും ഓരോ കാഴ്ചയിലും വിപണി നമ്മെ ഓർമിപ്പിക്കും.

പ്രണയദിനം വന്നുപോയി. കാമുകനോടോ കാമുകിയോടോ തോന്നുന്നതു മാത്രമാണോ പ്രണയം?  ബ്രസീലിയൻ സൂപ്പർ മോഡൽ  ജീസെൽ ബണ്ട്ഷൈൻ പറയുന്നതു കേൾക്കൂ. ‘സ്വയം സ്നേഹിക്കാത്ത ഒരാൾക്കു മറ്റൊരാളെ സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേയൊരു വ്യക്തി നിങ്ങൾ തന്നെയാണ്.’

ADVERTISEMENT

എന്നിട്ടും, പലപ്പോഴും നമ്മൾ കൂടുതൽ അവഗണിക്കുന്നത് ആ നമ്മളെ തന്നെ അല്ലേ? എന്തുകൊണ്ട്? ഈ വലന്റൈൻ മാസത്തിനു ശേഷം, പതിവിൽ നിന്ന് അൽപം  മാറി നമുക്കു സ്വയം സ്നേഹിക്കാൻ പരിശീലിച്ചാലോ?

സ്വയം സ്നേഹിക്കുക  എന്നു പറയുമ്പോൾ പലരുടെയും ഉള്ളിൽ ഉയരുന്ന ആദ്യത്തെ ചോദ്യം. അതു സ്വാർഥത അല്ലേ  എന്നാണ്. ‘എന്റെ കുട്ടികളെക്കാളും ഭർത്താവിനേക്കാളും മുകളിലാണോ ഞാൻ?’ എന്ന ചോദ്യം ചില സ്ത്രീകളുടെ ഉള്ളിൽ പണ്ടേ ആരോ കോറിയിട്ടിട്ടുണ്ട്. യഥാർഥത്തിൽ, സ്വയം തിരഞ്ഞെടുക്കുക അല്ലെങ്കിൽ സ്നേഹിക്കുക എന്നാൽ മറ്റുള്ളവരെ സ്നേഹിക്കാതിരിക്കുക എന്നല്ല അർഥം.

ADVERTISEMENT

വിമാനയാത്രയിൽ  അപകടമുന്നറിയിപ്പ് വന്നാൽ  ഓക്സിജൻ മാസ്ക് ആദ്യം സ്വയം ധരിക്കണമെന്നും അതിനുശേഷം മാത്രമേ മറ്റുള്ളവരെ സഹായിക്കാവൂ എന്നും പറയാറില്ലേ? അതുപോലെയാണു ജീവിതവും.

നിങ്ങളുടെ ഉള്ളിൽ  ഊർജവും സന്തോഷവും നിറഞ്ഞാൽ മാത്രമേ അതു നിങ്ങളുടെ കുടുംബത്തിനു പകർന്നുനൽകാൻ നിങ്ങൾക്കു കഴിയൂ. വറ്റിവരണ്ട കിണറ്റിൽ നിന്ന് ആർക്കും വെള്ളം കോരാൻ കഴിയില്ല.

ADVERTISEMENT

കുറ്റബോധം നിഴൽ  പോലെ

ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങുമ്പോഴോ, മക്കളെ വീട്ടിലാക്കി കൂട്ടുകാരികൾക്കൊപ്പം ഒരു സിനിമയ്ക്കു പോകുമ്പോഴോ പതുക്കെ പിന്നിൽ നിന്നു വിളിക്കുന്ന ഒന്നാണു കുറ്റബോധം അഥവാ ‘ഗിൽറ്റ്’. ‘ഞാൻ നല്ല അമ്മയാണോ?  ഉത്തരവാദിത്തം ഇല്ലാത്തവളാണോ ഞാൻ?’ തുടങ്ങിയ ചോദ്യങ്ങൾ ചിലരെ വേട്ടയാടും.

ഈ കുറ്റബോധം യഥാർഥത്തിൽ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ നമ്മളിൽ അടിച്ചേൽപ്പിച്ചതാണ്. ഒരു ദിവസം വീട്ടിലെ പണികൾ മാറ്റിവച്ചു വിശ്രമിക്കുന്നതു തെറ്റല്ല. തളരുമ്പോൾ വിശ്രമിക്കാൻ അനുവാദമുള്ള ഒരിടമായി നിങ്ങളുടെ വീടു മാറണം. നിങ്ങളുടെ സന്തോഷത്തിനു നിങ്ങൾ തന്നെ മുൻഗണന നൽകി തുടങ്ങുമ്പോൾ, ചുറ്റുമുള്ളവരും അത് അംഗീകരിച്ചു തുടങ്ങും.

സ്വയം സ്‌നേഹിക്കുക എന്നത് ആദ്യം സ്വയം ഇഷ്ടപ്പെടുന്നതിൽ നിന്നാണു തുടങ്ങുന്നത്. അതു സ്വയം ബഹുമാനിക്കുന്നതിലേക്കും, പോസിറ്റീവായി ചിന്തിക്കുന്നതിലേക്കും നയിക്കുന്നു.

lifecraftdrsindhuvijayakumarcolumninvanitha

സ്വയം സ്നേഹിക്കാൻ ശീലിക്കാം

അതിരുകൾ നിശ്ചയിക്കുക: എല്ലാവരോടും എപ്പോഴും ‘ശരി’ എന്നു പറയുന്നതു നിങ്ങളെ മാനസികമായി തളർത്തും. കഴിയില്ലെന്നു തോന്നുന്ന കാര്യങ്ങളോടു മാന്യമായി ‘നോ’ പറയാൻ ശീലിക്കുക. ഇതു നിങ്ങളുടെ സമയത്തെയും സമാധാനത്തെയും സംരക്ഷിക്കും.

നിശബ്ദത ആസ്വദിക്കുക: ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും നിങ്ങൾക്കായി മാറ്റിവയ്ക്കുക. ആ സമയത്ത് ഫോണും ജോലിയും വേണ്ട.
ഒരു ചായ കുടിച്ചുകൊണ്ടോ, മുറ്റത്തെ ചെടികളെ നോക്കിയോ ആ നിശബ്ദത ആസ്വദിക്കൂ. നിങ്ങളുടെ ചിന്തകളെ കേൾക്കാൻ അതു സഹായിക്കും.

പാഷൻ  തിരിച്ചു പിടിക്കുക: വിവാഹത്തിനു മുൻപോ കുട്ടികൾ ഉണ്ടാകുന്നതിനു മുൻപോ നിങ്ങൾക്കുണ്ടായിരുന്ന ഇഷ്ടങ്ങൾ എന്തായിരുന്നു? പാട്ടു പാടാനോ, നൃത്തം ചെയ്യാനോ, വായിക്കാനോ ഉള്ള താൽപര്യം ഇപ്പോഴും നിങ്ങളുടെ ഉള്ളിലുണ്ട്. പൊടിപിടിച്ചു കിടക്കുന്ന ആ ആഗ്രഹങ്ങളെ പുറത്തെടുക്കുക.

ശരീരത്തെ ബഹുമാനിക്കുക: കണ്ണിനടിയിലെ കറുത്ത പാടുകളെക്കുറിച്ചോ വയറിലെ സ്ട്രെച്ച് മാർക്കുകളെക്കുറിച്ചോ ഓർത്ത് വിഷമിക്കാതെ, നിങ്ങളെ ഇത്രയും കാലം താങ്ങിനിർത്തിയ ആ ശരീരത്തെ സ്നേഹത്തോടെ പരിചരിക്കുക. നല്ല ഭക്ഷണവും വ്യായാമവും ശരീരത്തിന് നൽകുന്ന സമ്മാനങ്ങളാണ്.

സ്വയം സ്നേഹിക്കാൻ കഴിഞ്ഞാൽ മാത്രമേ  മാനസിക സമാധാനം നേടാൻ കഴിയൂ. ആരോഗ്യകരമായ ബന്ധങ്ങൾക്കും ഇതു പ്രധാനമാണ്. സ്വയം സ്‌നേഹിക്കാൻ തുടങ്ങുമ്പോൾ, കഴിവുകളിലും ശക്തികളിലും നിങ്ങൾക്കു വിശ്വാസം ഉണ്ടാകുന്നു.
വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ ഇതു നമ്മളെ സഹായിക്കും.  

മനസ്സിന്റെ കവചം

സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും സ്വയം കുറച്ചു കാണുന്നത് നെഗറ്റീവ് ചിന്തകളിലേക്കു നയിക്കും. ഇതിനെതിരേയുള്ള കവചം കൂടിയാണു സ്വയം സ്നേഹിക്കൽ.  സ്വയം കരുണ അഭ്യസിക്കുന്നത് ഉത്കണ്ഠ, സമ്മർദം, വിഷാദം എന്നിവ കുറയ്ക്കും. ജീവിതത്തോടു  പോസിറ്റീവ് കാഴ്ചപ്പാടു രൂപപ്പെടുത്തും.

ഞാൻ എത്ര നന്നായിട്ടാണ് എല്ലാവരോടും പെരുമാറുന്നത്. എന്നിട്ടും എല്ലാവരും എന്നോടെന്താണ് ഇങ്ങനെ സ്നേഹവും കരുതലും ഇല്ലാതെ പെരുമാറുന്നത്? ഇത്തരം ചിന്തകൾ മനസ്സിൽ വരാറുണ്ടോ?

എങ്കിൽ ഇനി പറയുന്ന കാര്യം മനസ്സിലുറപ്പിക്കുക.  നിങ്ങൾ സ്വയം എങ്ങനെ പരിഗണിക്കുന്നു എന്നതാണ് മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നതിനു മാനദണ്ഡമാകുന്നത്.

വ്യക്തിപരമായ വികാസം

അപര്യാപ്തതകളെ അംഗീകരിക്കുന്നതു വ്യക്തിത്വ വികാസത്തിൽ പ്രധാനമാണ്. എന്തൊക്കെയാണ് കുറവുകൾ എന്നു സ്വയം മനസ്സിലാക്കിയാൽ അവ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കാം. അതിനു ആദ്യം വേണ്ടതു സെൽഫ് ലൗ ആണ്. സ്വയം സ്നേഹിക്കാൻ കഴിഞ്ഞാൽ മാത്രമേ സ്വയം മെച്ചപ്പെടാൻ കഴിയൂ.

റിസ്ക് എടുക്കാനും, പരാജയങ്ങളിൽ നിന്നു പഠിക്കാനും, ജീവിതത്തിലെ മികച്ച പതിപ്പായി സ്വയം മാറാനും ഇതു സഹായിക്കും. ചെറിയ ചുവടുകളോടെ തുടങ്ങുക.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കാണിക്കുന്ന കരുതൽ സ്വന്തം കാര്യത്തിലും നടപ്പാക്കൂ. സ്വയം വിലമതിക്കുകയും പരിചരിക്കുകയും ചെയ്തു തുടങ്ങൂ, സാവാധാനം അതൊരു ശീലമാക്കൂ. ചുറ്റുമുണ്ടാകുന്ന മാറ്റം നിങ്ങളെ തന്നെ അദ്ഭുതപ്പെടുത്തും. ഇത്ര കാലം എന്തേ ഈ തിരിച്ചറിവ് ഉണ്ടായില്ല എന്നു പോലും തോന്നാം.  

ജീവിതം മനോഹരമായി കൊത്തിയെടുക്കേണ്ട ഒരു ശിൽപം  പോലെയാണ്. അതിൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിങ്ങളുടെ സന്തോഷത്തിന്റെ നിറങ്ങളും ചേർക്കുക. ഈ വലന്റൈൻ മാസത്തിൽ നിങ്ങൾ സ്വയം നൽകുന്ന ഏറ്റവും വലിയ സമ്മാനം ‘സ്വാതന്ത്ര്യം’ ആയിരിക്കട്ടെ, കുറ്റബോധമില്ലാതെ സ്വയം സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം.

English Summary:

Self-love is crucial for a fulfilling life, enabling individuals to give and receive love authentically. This Valentine's month, it's time to prioritize self-care and embrace the freedom to love yourself without guilt, fostering confidence and positive relationships.

ADVERTISEMENT