ADVERTISEMENT

ആൾ ദ് സൺസ് ആർ മാത്തമറ്റിക്സ്’   (എല്ലാ മക്കളും കണക്കാണ്) വടക്കൻ പറവൂരിലെ ലാഫിങ് വില്ലയിലിരുന്നു സലിം കുമാർ ആദ്യനിറയൊഴിച്ചു. പിന്നെ,  റീൽസിലും ട്രോളിലും നിറയുന്ന ചിരിയുടെ സലിംമുഴക്കം.

‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ താരമായി മാറിയ മകൻ ചന്തുവിനൊപ്പം വനിതയോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതിങ്ങനെ.  ‘‘മുജന്മശത്രുക്കളാണ് ഈ ജന്മത്തിലെ മക്കളെന്നു പറയാൻ ഞാൻ തയാറല്ല. അതുകൊണ്ട് ഒപ്പമിരുത്തിയൊക്കെ സംസാരിക്കാം.’’   സലിംകുമാർ സംഭാഷണത്തിനു തുടക്കമിട്ടു.

ADVERTISEMENT

‘‘ചന്തുവിന് അന്നു മൂന്നു വയസ്സ്. ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയം. നാദിർഷയുടെ ‘ഉണക്കചെമ്മീൻ’ എന്ന ടെലിഫിലിമിൽ എനിക്കാണ് മുഖ്യവേഷം. അതിലൊരു കൊച്ചുപയ്യനെ വേണം.   ചന്തുവിനെ വിളിച്ചാലോ എന്നാണ്  ആലോചന.

ഞാൻ സംശയിച്ചു നിന്നു. ‘ഒന്നുമില്ലേലും നിന്റെ മോനല്ലേ, എന്തേലും  ചെയ്യാനൊക്കെ അ റിയാമായിരിക്കും.’ നാദിർഷ  പ്രോത്സാഹിപ്പിച്ചു. മടിച്ചു മടിച്ച് ഞാൻ പറഞ്ഞു. ‘ അവൻ ജയനെയൊക്കെ അനുകരിക്കും.’. നാദിർഷ ആവേശത്തോടെ പറഞ്ഞു. ‘വിളിക്ക്, ചന്തുവിനെ വിളിക്ക്’. അതനുസരിച്ച് ഞാൻ വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ഒരു ടെംപോ ട്രാവലറിൽ ബാലനടനാകാൻ ചന്തു എത്തി. മേക്കപ് വേണമെന്നു നാദിർഷ പറഞ്ഞു. മോനെ മേക്കപ് ചെയ്യുന്നിടത്തേക്കു വിട്ടു. അ‍ഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ അവിടെ നിന്നു പൊട്ടലും ചീറ്റലുമൊക്കെ കേൾക്കുന്നു. മേക്കപ്മാൻ ചാടി പുറത്തു നിൽക്കുന്നു.  

ADVERTISEMENT

ഞങ്ങൾ സ്ഥലത്തെത്തി. പ്രശ്നം ഒരു വള്ളി നിക്കറാണ്.  ഇവനോടു വള്ളിനിക്കറിടാൻ പറഞ്ഞു; ഇവൻ അന്നേ വരെ ആ സാധനം കണ്ടിട്ടില്ല. അതിന്റെ വള്ളി കയറാണെന്നും അതിൽ ഇവനെ കെട്ടിത്തൂക്കും എന്നൊക്കെ പേടിച്ചു.അല്ലേ....’’

ചന്തു: അതുമാത്രമല്ല ഡയലോഗും പ്രശ്നമായിരുന്നു. അച്ഛനെ ‘എടാ’ എന്നു വിളിക്കാനാണ് ആദ്യം പറഞ്ഞുതന്നത്. അതുകേട്ടപ്പോൾ എന്റെ കൺട്രോൾ പോയി. അങ്ങനെയാണ് അക്രമാസക്തനായത്.

ADVERTISEMENT

സലിംകുമാർ:  പിന്നെ, ആറേഴു വർഷം കഴിഞ്ഞാണു റാഫിക്ക (റാഫി–മെക്കാർട്ടിൻ സഖ്യത്തിലെ റാഫി) ലവ് – ഇൻ സിങ്കപ്പൂർ എന്ന സിനിമയിൽ  എന്റെ കുട്ടിക്കാലം അഭിനയിക്കാൻ ഇവനെ വിളിക്കുന്നത്. ചാവക്കാട് അനുഭവം ഉള്ളതു കൊണ്ട് റാഫിക്കയോടു പറഞ്ഞു. ‘നിങ്ങൾക്കു റിസ്ക് എടുക്കാൻ പറ്റുമെങ്കിൽ വിളിക്കു. ഞാനെന്തായാലും സെറ്റിൽ വരില്ല.’ എന്തു പ്രശ്നം  ഉണ്ടായാലും ഞാനേറ്റു എന്നു റാഫിക്ക. ഷൂട്ട് ര ണ്ടു ദിവസം പിന്നിട്ടു. ഞാന്‍ റാഫിക്കയോടു ചോദിച്ചു. ‘എങ്ങനെയുണ്ട് എന്റെ മോൻ.’ ഒട്ടും ആലോചനയില്ലാതെയായിരുന്നു റാഫിക്കയുടെ മറുപടി   

‌‘നിന്നെക്കാളും നന്നായി അവൻ അഭിനയിച്ചു’

ചന്തു: ആ സെറ്റിലും എന്നെക്കാത്ത് ഒരു വള്ളിനിക്കർ ഉണ്ടായിരുന്നു. അത് ഇ‌ട്ടാണ് അഭിനയിച്ചത്.

സലിംകുമാർ:  ഇത്തവണ ചന്തു തോറ്റില്ല.

ചന്തു:  ഒരു വള്ളിനിക്കറിനും ചന്തുവിനെ രണ്ടു വട്ടം തോൽപ്പിക്കാനാവില്ല അച്ഛാ..

ചന്തു, ആരോമൽ... എന്തുകൊണ്ടാണ് വടക്കൻ പാട്ടിലെ പേരുകൾ മക്കൾക്കിട്ടത്?

സലിംകുമാർ: വടക്കൻ പാട്ടുമായി ബന്ധപ്പെട്ടൊന്നുമല്ല. സഹോദരൻ അയ്യപ്പന്റെ നാട്ടിൽ നിന്നാണല്ലോ ഞങ്ങൾ വരുന്നത്. അങ്ങനെ ആദർശം തലയ്ക്കു പിടിച്ച് ചന്തു ജോസഫ് ഹംസ എന്നായിരുന്നു മകനിട്ട ആദ്യപേര്.  പിന്നെ, കുടുംബക്കാരുടെ മുഖത്തു നോക്കാൻ കഴിയാതായി. മനുഷ്യൻ ഒരു കുടുംബജീവി കൂടിയാണല്ലോ. അങ്ങനെയാണു ചന്തു എന്നു മാത്രമായത്.

ചന്തു ഉള്ള കുടുംബത്ത് ആരോമലും വേണമല്ലോ. അ ങ്ങനെ ഇളയവൻ ആരോമലായി. ഒരു പെൺകുട്ടിയുണ്ടായാൽ ഇടാൻ വച്ച പേരാണ് ആർച്ച. ആദ്യത്തെ രണ്ടും ആൺകുട്ടികളായി. പിന്നെ, ഭാര്യയുടെ നിസ്സഹകരണം കാരണം കുട്ടികളുണ്ടായില്ല. അങ്ങനെ ആർച്ച എന്ന പേര് വേസ്റ്റായി. (അതിനൊരു തുടർച്ചയെന്ന പോലെ ഭാര്യ സുനിതയുടെ ചിരി)

സലിംകുമാർ: ഇവൻ ‘മഞ്ഞുമ്മൽ ബോയ്സി’ൽ അഭിനയിക്കുന്ന കാര്യമൊന്നും ഞാൻ അറിഞ്ഞില്ല.  

ചന്തു:  സിനിമയല്ലേ അച്ഛാ....  പ്രോജക്റ്റ് ആവാതെ ഒ ന്നും പറയാൻ പറ്റില്ലല്ലോ?  എന്നെ സിനിമയിലേക്കു നിർദേശിച്ച ശ്രീരാഗ് ചേട്ടന് ആദ്യത്തെ നന്ദി. സംവിധായകൻ ചിദംബരം എന്റെ സുഹൃത്താണ്. നടൻ ഗണപതി അടുത്ത സുഹൃത്തും.  

ഇനി എന്റെ റോളുറപ്പിച്ച മറ്റൊരു കഥ കൂടി പറയാം. ‘ഒരു യമണ്ടൻ പ്രണയകഥയിൽ’ അച്ഛൻ അഭിനയിച്ചിരുന്നു. അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു സൗബിനിക്ക (സൗബിൻ സാഹിർ). ആ സെറ്റിൽ ഞാൻ അച്ഛനോടൊപ്പം  ഉണ്ടായിരുന്നു. അച്ഛനു കാലിനു സുഖമില്ലാത്തതുകൊണ്ടു ഞാൻ ഇടയ്ക്കു അച്ഛന്റെ കാലു തിരുമ്മിക്കൊടുക്കുമായിരുന്നു.

അത് സൗബിനിക്ക കണ്ടിരുന്നു. അന്നേ അദ്ദേഹം തീരുമാനിച്ചത്രേ; ‘ഒരു സിനിമ ചെയ്യുകയാണെങ്കിൽ അച്ഛന്റെ കാലു തിരുമ്മിക്കൊടുക്കുന്ന ഈ മകനു നല്ലൊരു റോ ൾ കൊടുക്കുമെന്ന്.’ സൗബിനിക്ക അതു പാലിച്ചു.

സലിംകുമാർ:   അതുകൊണ്ട് എല്ലാ മക്കളും അച്ഛന്മാരുടെ കാലു തിരുമ്മിക്കൊടുക്കണം. ഇനിയെങ്ങാനും സിനിമയിലെടുത്താലോ?

chandhu-salimkumar

മക്കളെ സിനിമയിലേക്കു കൊണ്ടുവരാൻ എന്തുകൊണ്ട് ഇതുവരെ ശ്രമിച്ചില്ല?

സലിംകുമാർ:  പാർട്ടി സെക്രട്ടറി ശുപാർശ ചെയ്താലോ ഇന്റർവ്യൂവിന് മാർക്ക് കൂട്ടിക്കൊടുത്താലോ സിനിമയിൽ നിൽക്കാൻ ആർക്കും കഴിയില്ല. അടിസ്ഥാനപരമായി സിനിമാവാസനയും പ്രതിഭയും വേണം.

കടലിലെ ആമ കടൽക്കരയിൽ വന്നാണു മുട്ടയിടുന്നത്. ഏകദേശം 100 മീറ്ററോളം കരയിലേക്കു വരും. മണലിൽ കുഴിയെടുത്തു മുട്ടയിട്ട് കുഴി മൂടി അതു കടലിലേക്കു പോവും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങൾ നേരെ പടിഞ്ഞാറേക്കു പോയി കടലിലിറങ്ങും. അതു കിഴക്കോട്ടോ തെക്കോട്ടോ വടക്കോട്ടോ പോവില്ല. ഇതാണു ജന്മവാസന. ഒന്നോ രണ്ടോ സിനിമയിൽ ശുപാർശ കൊണ്ടു നിൽക്കാം. പക്ഷേ, മൂന്നാമത്തെ സിനിമയിൽ അതു പറ്റില്ല.

അതറിയാവുന്നതുകൊണ്ടാണു ഞാൻ രണ്ടുമക്കളേയും നന്നായി പഠിപ്പിച്ചത്. ചന്തു ഇംഗ്ലിഷ് സാഹിത്യത്തിൽ പിജിയും എൽഎൽബിയും കഴിഞ്ഞ ശേഷമാണ് ഇപ്പോൾ സിനിമയിൽ സജീവമായത്.  

‘മഞ്ഞുമ്മൽ ബോയ്സ് ’ കണ്ടിട്ട് എന്തു തോന്നി?

സലിംകുമാർ: സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എൻ. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനി മയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകൻ ചന്തു അതിൽ  അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷം.  മകൻ അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടില്ലെന്നു പറഞ്ഞപ്പോൾ കൃഷ്ണ പറഞ്ഞു; ‘സ്വന്തം മകൻ അഭിനയിച്ച ഹിറ്റ് സിനിമ ഒരുമാസം കഴിഞ്ഞും കാണാത്ത താൻ എന്തൊരു അച്ഛനാണ്.’ പിറ്റേന്നു തന്നെ ഞാൻ പോയി സിനിമ കണ്ടു.

ചന്തു: മഞ്ഞുമ്മൽ ബോയ്സ് റിലീസ് ആയ േശഷം കൊടൈക്കനാലിലേക്കു ടൂറിസ്റ്റുകളുടെ ഒഴുക്കാണ്.

സലിംകുമാർ: മലയാളികൾ  വിനോദയാത്ര പോകുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ അഞ്ചു സ്ഥലങ്ങളാണ്  നൂറ്റാണ്ടായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മൈസൂർ, ഊട്ടി, കൊടൈക്കനാൽ, മൂന്നാർ പിന്നെ തേക്കടിയും.

ഇങ്ങനെ പോകുന്നവരിൽ ചിലർക്കു വണ്ടിയിൽ നിന്നു തന്നെ പുറത്തിറങ്ങാൻ മടിയാണ്. യാത്രയിൽ നമ്മൾ സ ന്തോഷ് ജോർജ് കുളങ്ങരയെ മാതൃകയാക്കണം‌. പുതിയ സ്ഥലങ്ങൾ കണ്ടാണ് എന്നും അദ്ദേഹത്തിന്റെ സഞ്ചാരം.     

ചന്തുവിന്റെ വാട്സാപ് ഡിപി രജനികാന്തിനൊപ്പമുള്ളതാണല്ലോ?

ചന്തു: രജനി സാറിന്റെ സിനിമ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്നതാണ് എന്റെ രീതി. ശിവാജി സിനിമ മുതൽ തുടങ്ങിയ ശീലമാണ്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് അദ്ദേഹത്തെ േനരിൽ കാണുക എന്നതായിരുന്നു. അതു സാധിച്ചു. അതിനു മഞ്ഞുമ്മൽ ബോയ്സ് കാരണമായി.

സലിംകുമാർ: ഇവൻ രജനികാന്തിനെ വച്ചു സിനിമ വരെ എഴുതിയിട്ടുണ്ട്. അതും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ.

ചന്തു:  ഒരു ജയിൽ ചാട്ടത്തിന്റെ കഥയാണ് അത്. രജനി സാറിനെയോ കമൽ സാറിനെയോ നായകനാക്കണം എന്നായിരുന്നു  പ്ലാൻ. അന്നു പത്താം ക്ലാസ്സിലാണല്ലോ പഠിക്കുന്നത്. പിന്നീടാണു കാര്യങ്ങളൊക്കെ ബോധ്യപ്പെടുന്നത്. രജനിസാറിനെ കാണാൻ പോകുന്നതു സ്വപ്നം കാണുന്നതുപോലെയായിരുന്നു.

‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട് ഒരുമാസം കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം ഞങ്ങളെ കാണുന്നത്. എന്നിട്ടും സിനിമയിലെ ഓരോ സീനും അദ്ദേഹം എടുത്തു പറഞ്ഞു.  ഞങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരു പോലും അദ്ദേഹം പറഞ്ഞു. ഒരു അദ്ഭുതമനുഷ്യൻ തന്നെ.

സലിംകുമാർ: എന്റെ മകനാണ് എന്ന കാര്യം  ഇവൻ  ആ രോടും പറഞ്ഞില്ല. എന്നിട്ടും  ഇവനെ തിരിച്ചറിഞ്ഞു.

ചന്തു: സ്കൂളിലോ കോളജിലോ ഞങ്ങൾ പറഞ്ഞിട്ടില്ല സലിം കുമാറിന്റെ മക്കളാണെന്ന്. രജനിസാറിനോടും കമൽ സാറിനോടും   ആദ്യം പറഞ്ഞില്ല. കമൽ സാറിനോട് എനിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു. നേരിൽ കണ്ടപ്പോൾ വാക്കുകൾ പുറത്തു വന്നില്ല.  

chandhu-salimkumar5

സോഷ്യൽ മീഡിയയുടെ കൊലപാതകങ്ങളിൽ വേദന തോന്നിയിട്ടുണ്ടോ?

സലിംകുമാർ:  സോഷ്യൽ മീഡിയ എന്നെ എത്ര പ്രാവശ്യം കൊന്നിരിക്കുന്നു. എനിക്കതിൽ പരിഭവമൊന്നുമില്ല. എന്നായാലും നമ്മൾ മരിക്കേണ്ടവരാണ്. നമ്മുടെ അനുവാദം ചോദിച്ചിട്ടല്ല നമ്മളെ ഈ ഭൂമിയിൽ കൊണ്ടുവന്നത്.

നമ്മളെ കൊണ്ടുപോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷേ, ഇത്തരം വാർത്തകൾ വരുമ്പോൾ കുടുംബം അനുഭവിക്കുന്ന വേദന വളരെ വലുതാണ്.

ചന്തു: ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ പൊതുവേ  കാര്യമാക്കാറില്ല. പക്ഷേ, ഒരിക്കൽ ശരിക്കും പേടിച്ചുപോയി. പൂത്തോട്ട എസ്.എൻ കോളജിൽ പഠിക്കുന്ന സമയം.  ഹോസ്റ്റലിലാണ്.

പാതിരാത്രി കഴിഞ്ഞപ്പോൾ സുഹൃത്തുക്കളൊക്കെ മെസേജും ലിങ്കും അയയ്ക്കുന്നു. അച്ഛന്റെ ചരമവാർത്തകളാണ്. എന്തു ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ചില മെസേജുകൾ വന്നു. വീട്ടിൽ നിന്ന് ആരും വിളിച്ചിട്ടുമില്ല. പിന്നെ, രണ്ടും കൽപിച്ച് ആരോമലിനെ വിളിച്ചുണർത്തി. നേരെ കാര്യം ചോദിക്കണ്ട എന്നു തോന്നി.

‘ഡാ.. എന്തുണ്ട് വിശേഷം’. എന്നു ചോദിച്ചു. അവൻ ന ല്ല ഉറക്കത്തിലായിരുന്നു.  ‘പോയി കിടന്നുറങ്ങെടോ, വെളുപ്പിന് രണ്ടു മണിക്കാണോ, സുഖവിവരം തിരക്കുന്നത്?’. പിന്നെയുള്ള സംഭാഷണത്തിലൂടെ നൈസായി അച്ഛനു കുഴപ്പമൊന്നുമില്ല എന്നു മനസ്സിലാക്കി. അങ്ങനെ എത്ര അനുഭവങ്ങൾ.

‘ഞാൻ വല്ല ഹിമാലയത്തിലും ധ്യാനത്തിനു പോകും’

മക്കൾ തമ്മിലുള്ള അങ്കം മുറുകുമ്പോൾ സലിം കുമാർ അവസാനത്തെ നമ്പറിടും. ‘ഇനിയും ഇത് നിർത്തിയില്ലെങ്കിൽ ഞാൻ വല്ല ഹിമാലയത്തിലും പോയി ധ്യാനമിരിക്കും’ ഇതു പലകുറി പ്രയോഗിച്ചപ്പോൾ ഒരിക്കൽ ആ രോമൽ ചെറുതായി ഒന്നു പ്രതികരിച്ചു.

 ‘അച്ഛാ, പോകുന്നതിനു രണ്ടു ദിവസം മുൻപ് ഒ ന്നു പറയണേ’.

‘ എന്തിന്?’ സലിം കുമാർ കഷ്ടപ്പെട്ടു സമാഹരിച്ച ദേഷ്യം നഷ്ടപ്പെടാതെ ചോദിച്ചു.

‘ഒരു കോളർ ഐഡി ഇട്ടു വിടാനാ. അരിക്കൊമ്പനൊക്കെ ഫിറ്റ് ചെയ്തതു പോലെ. അപ്പോ എവിടെയാന്ന് കൃത്യമായി അറിയാല്ലോ.’ ആരോമലിന്റെ മറുപടി.

ലാഫിങ് വില്ലയിൽ ഏറ്റവും കൂടുതൽ ചിരിക്കുന്നയാൾ സലിം കുമാറിന്റെ ഭാര്യ സുനിതയാണെങ്കിലും ‘തഗ് കിങ്’ സ്ഥാനം ആരോമലിനുള്ളതാണ്. മക്കളുടെ കുട്ടിക്കാലത്തെ യുദ്ധവിവരണം സലിം കുമാറിന്റെ വാക്കുകളിൽ.  ‘ അടി പൊട്ടും എന്നു തോന്നുന്ന ഘട്ടം വരെ ഞാൻ ചേരിചേരാ നയം സ്വീകരിക്കും. യുദ്ധമാകും  എന്നാകുമ്പോൾ ചന്തുവിനെ വിളിച്ചു ചോദിക്കും. ‘ എടാ, നിങ്ങള് തമ്മിലെന്താ പ്രശ്നം?’

‘ ഒരു പ്രശ്നവുമില്ല.’ ചന്തുവിന്റെ മറുപടി.

പിന്നെ, ആരോമലിനെ വിളിക്കും. അവനും പറയാനുള്ളത് ഇതു തന്നെ. ഒരു വരി കൂടി മറുപടിയിൽ കൂടുതലുണ്ടാകും എന്നു മാത്രം.

‘അച്ഛനെന്തെങ്കിലും പ്രശ്നം ?’

 ഒന്നും ചെയ്യാൻ പറ്റാത്ത ഒരു മാതിരി യുണൈറ്റഡ് നേഷൻസിന്റെ അവസ്ഥയിലായി പോകും  ഞാൻ. ഒ ടുവിൽ സഹികെട്ട് രണ്ടുപേരെയും ഒരുമിച്ചു വിളിച്ചു നിർത്തി പറഞ്ഞു. ‘ എടാ, രണ്ടു പേരോടുമായി ഞാന വസാനമായി പറയുവാ.  ഒരു പ്രശ്നവും  ഇല്ലാതെ ഇ വിടെ വഴക്കു കൂടാൻ പറ്റില്ല. എന്തെങ്കിലും പ്രശ്നം ഉ ണ്ടാക്കിയിട്ടു മതി ഇനി ഇവിടെ വഴക്ക്.’

കവിതയെ മുക്കിയ കോടമഞ്ഞ്

കുട്ടിക്കാലത്ത്  അമ്മ എപ്പോഴും പറയുമായിരുന്നു ഒരു കഥയില്ലാത്തവനാണ് ഞാനെന്ന്. അങ്ങനെയല്ലെന്നു തെളിയിക്കാൻ യുവജനോത്സവത്തിൽ കഥാമത്സരത്തിനു ഞാൻ പേരു കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞു ഗംഗാധരൻ മാഷ് എന്നെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു.  എന്നിട്ടു പറഞ്ഞു. ‘സലിമേ... ഞാൻ ഒരുപാട് ചെറുകഥകൾ വായിച്ചിട്ടുണ്ട്. പക്ഷേ, മൂന്നു ബലാത്സംഗവും അഞ്ചു സംഘട്ടനവും ഉള്ള കഥ ആദ്യമായി വായിക്കുകയാണ്. ഞാൻ സത്യം വെളിപ്പെടുത്തി. ‘ഒരു സിനിമ കഥയാക്കിയതാണു മാഷേ’.  എന്റെ സത്യസന്ധതയിൽ മാഷിനു ‘കടുത്ത തൃപ്തി’ തോന്നി.

‘സലിമേ, സാഹിത്യം എഴുതണമെങ്കിൽ ധാരാളം പുസ്തകങ്ങൾ വായിക്കണം.’  അന്നു സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകമാണ് എംടിയുടെ ‘മഞ്ഞ്’. പിറ്റേന്ന് ‘കോടമഞ്ഞ്’ എന്നൊരു കവിതയുമായി മാഷിന് അരികിലെത്തി. കവിത വായിച്ച മാഷിന്റെ മുഖത്തെ ഭാവം വാക്കുകളിൽ വിവരിക്കാൻ ഞാനശക്തനാണ്. അതോടെ ഞാൻ എഴുത്തുജീവിതം താത്കാലികമായി നിർത്തിവച്ചു.

പക്ഷേ, എഴുത്ത് ഇപ്പോഴും ഇഷ്ടമാണ്. ആത്മാംശമുള്ള ഒരു പുസ്തകം മനോരമ ബുക്സ് പുറത്തിറക്കി. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്നാണു പേര്. ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നാം പതിപ്പായി.

കാലുവേദനയുണ്ടായിരുന്നതിനാൽ പല പ്രോജക്റ്റുകളും ഒഴിവാക്കേണ്ടി വന്നു. ‘ഇനി സജീവമാകണം. എഴുത്തിലും അഭിനയത്തിലും’

സിനിമയുടെ തിരക്കുകളിലായ അച്ഛനെ മിസ് ചെയ്തിട്ടുണ്ടോ?

ചന്തു: അച്ഛനെ ഞങ്ങൾക്ക് ഒരിക്കലും മിസ് ചെയ്തിട്ടില്ല. കാരണം 100 കിലോമീറ്റർ ചുറ്റളവിലാണു ഷൂട്ടിങ് എങ്കിൽ അച്ഛൻ രാത്രി വീട്ടിൽ വരും.

സലിംകുമാർ: രാത്രി എത്ര താമസിച്ചു വന്നാലും ഇവന്മാര് ഉറങ്ങാതിരിക്കും. സമ്മാനപ്പൊതിക്കൊന്നുമല്ല. അച്ഛനെ കാണാൻ വേണ്ടി മാത്രം. അത് അറിയാവുന്നതുകൊണ്ടുകൂടിയായിരുന്നു എത്ര വൈകിയാണെങ്കിലും ഞാൻ വീട്ടിൽ എത്തിയിരുന്നത്.

മക്കൾക്കു ഭാവി ജീവിതം മെച്ചപ്പെടുത്താനുള്ള ഉപ ദേശം വല്ലതും കൊടുക്കാറുണ്ടോ?

സലിംകുമാർ: എന്റെ രണ്ടുമക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ഇന്നേവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം,   സിനിമാ നടനാകണം എന്ന ആഗ്രഹം  ചെറുപ്പത്തിൽ ഞാൻ  മൂന്നാലു േപരോടു പറഞ്ഞുപോയി. അതിന്റെ ഭവിഷ്യത്ത് മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിക്കുന്നതുപോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കൾക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു.

ചന്തു: സിനിമ  പിന്നെ നിമിത്തം കൂടിയാണല്ലോ? മഞ്ഞുമ്മ ൽ ബോയ്സിന്റെ കഥ  ഒരിക്കൽ ഒരു പെൺകുട്ടി ചാനലിൽ കഥാപ്രസംഗമായി അവതരിപ്പിച്ചു. അതുകേട്ടു നടൻ വിജയരാഘവൻ സാർ പറഞ്ഞു. ഇതൊരു സിനിമാക്കഥയാണല്ലോ എന്ന്. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് അതു ചെയ്യാനുള്ള യോഗമുണ്ടായതു ചിദംബരത്തിനാണ്.

ജീവിതത്തിലെ ഭാഗ്യങ്ങൾ?

സലിംകുമാർ: എന്റെ ഭാഗ്യമാണ് ഭാര്യ സുനിത. പിന്നെ   അമ്മ, മക്കൾ. മക്കളുടെ ഈ പ്രായത്തിൽ ഞാൻ നന്നായി മദ്യപിക്കുമായിരുന്നു. പുകവലിക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം നിർത്തി. എന്റെ അറിവിൽ ഇവർ രണ്ടുപേരും അങ്ങനെയൊന്നും ചെയ്യുന്നില്ല. അങ്ങനെ രണ്ടുമക്കളെ കിട്ടുക ഭാഗ്യമല്ലേ?  

സിനിമാ നടനെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയതു ശ്രീലങ്കയിൽ പോയപ്പോഴാണ്.  ഉൾദ്വീപിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കർഷകൻ ഉറക്കെ വിളിച്ചു. ‘ഹലോ നടികർ സലിംകുമാർ’ അതൊരു അഭിമാന നിമിഷമായിരുന്നു എനിക്കും  കുടുംബത്തിനും.

അതു പറയുമ്പോൾ സലിംകുമാറിന്റെ കണ്ണു നിറഞ്ഞിരുന്നു. പിന്നെ,  മലയാളികൾക്കു പരിചിതമായ ആ ചിരിയാൽ അദ്ദേഹമതു മായ്ച്ചു.

ലാഫിങ് വില്ലയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഇടവപ്പാതിയും നിന്നു ചിരിക്കുകയായിരുന്നു...

(2024 ജൂണ്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)

The Salim Kumar Family: A Look Inside Their Lives:

Salim Kumar, the celebrated Malayalam actor, shares insights into his family life and his son Chandu's burgeoning film career, especially following the success of 'Manjummel Boys.' He reflects on parenting, the challenges of fame, and the unique bond he shares with his children, emphasizing the importance of genuine talent over external recommendations in the film industry.

ADVERTISEMENT