മൂന്ന് വയസ്സേ ഉള്ളൂ...പക്ഷേ, നൂറിലധികം കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഓർത്തെടുക്കും: ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്’ നേട്ടവുമായി ജാനകി Three-Year-Old Jaanaki's Astonishing Memory Power Recognized
Mail This Article
മൂന്നു വയസ്സേയുള്ളൂ ജാനകിയ്ക്ക്. പക്ഷേ, അവളുടെ ഓർമയുടെ ലോകം പ്രായത്തെ കടന്ന് ഏറെ മുന്നോട്ടു പോയിരിക്കുന്നു. നൂറിലധികം കാര്യങ്ങൾ തിരിച്ചറിയാനും ഓർത്തെടുക്കാനുമുള്ള ഈ കുരുന്നിന്റെ കഴിവ് ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേട്ടത്തോളം എത്തിനിൽക്കുകയാണ്.
46 മൃഗങ്ങൾ, 20 പക്ഷികൾ, 15 പൂക്കൾ, 14 വാഹനങ്ങൾ, 12 നിറങ്ങൾ, 12 പച്ചക്കറികൾ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് പേര് പറയാൻ ജാനകിക്കു സാധിക്കും. കൂടാതെ പഴങ്ങൾ, തൊഴിലുകൾ, വിവിധ ക്രിയകൾ എന്നിവയിൽ പത്തെണ്ണം വീതവും, 8 ഭക്ഷണസാധനങ്ങൾ, 8 ദേശീയ നേതാക്കൾ എന്നിവയും തിരിച്ചറിയുന്നു. 1 മുതൽ 20 വരെയുള്ള അക്കങ്ങൾ പറയുന്നതിനൊപ്പം ആഴ്ചയിലെ ദിവസങ്ങൾ, മാസങ്ങൾ, നാല് ഋതുക്കൾ എന്നിവയും ജാനകിക്ക് മനഃപാഠം.
ആർക്കും ഒന്നിനും സമയമില്ലെന്നു എല്ലാവരും പരിഭവം പറയുന്ന കാലത്ത്, ടെക്നോളജിയുടെ അതിപ്രസരം നല്ലതിന്റെയും ചീത്തയുടെയും മധ്യേയുള്ള ചെറിയ അതിർവരമ്പിൽ തട്ടി നിൽക്കുമ്പോൾ, മൊബൈൽ ഫോണിന്റെ ഇത്തിരിവലുപ്പത്തിലേക്ക് കുഞ്ഞുങ്ങളുടെ ലോകവും ചുരുങ്ങിപ്പോകുന്ന സാഹചര്യങ്ങളിൽ ജാനകി ഒരു പ്രചോദനമാണ്.
തിരുവനന്തപുരം പോത്തൻകോട്, മീനാറ കഴിവിളാകത്ത് ലൈനിൽ മകം വീട്ടില്‍ രാഗേഷ് എ.ആർ – രേവതി കൃഷ്ണൻ ദമ്പതിമാരുടെ മകളാണ് ജാനകി.
ജനിച്ച് പത്തു മാസമായപ്പോഴേ ജാനകി നിറങ്ങളോടു വലിയ ഇഷ്ടം കാട്ടിത്തുടങ്ങി. ഓരോ നിറം കാണുമ്പോഴും വിവിധ നിറങ്ങളിലുള്ള വെട്ടം കാണുമ്പോഴുമൊക്കെ അവ പിടിക്കാനായുന്നതും സന്തോഷത്താൽ ചിരിക്കുന്നതുമൊക്കെ ശ്രദ്ധിച്ചപ്പോഴാണ് ഇതിനോടൊക്കെയുള്ള കുഞ്ഞിന്റെ താൽപര്യം രാജേഷിനും രേവതിക്കും മനസ്സിലായത്. അതോടെ അവരും കുഞ്ഞിന്റെ ഇഷ്ടത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഓരോ നിറങ്ങളും കാണിച്ച് അവയുടെ പേരു പറഞ്ഞു കൊടുത്തു. പിന്നീട് ആ നിറം കാണുമ്പോൾ കുഞ്ഞ് തിരിച്ചറിയുന്നതിന്റെ ഭാവങ്ങൾ കാട്ടി. ഓരോ നിറത്തിനും ഓരോരോ ഭാവങ്ങൾ. പിന്നാലെ മൃഗങ്ങളുടെ ചിത്രങ്ങൾ കാട്ടി പേരുകൾ പറഞ്ഞു കൊടുത്തു. നിറങ്ങളുടെ കാര്യത്തിലെന്ന പോലെ അവയ്ക്കും വ്യത്യസ്തമായ ഭാവങ്ങളായിരുന്നു മറുപടി. പതിയെപ്പതിയെ ഫ്ലാഷ് കാർഡുകൾ ഉപയോഗിച്ച് കൂടുതൽ കൂടുതൽ കളറുകളും മൃഗങ്ങളും പഴങ്ങളുമൊക്കെ കുഞ്ഞിനു പരിചയപ്പെടുത്തി. സംസാരിക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ചു ഓരോന്നിന്റെയും പേരുകള്‍ കുഞ്ഞും തന്നെക്കൊണ്ടാകും പോലെ ആവർത്തിക്കാൻ തുടങ്ങി. മുതിരുന്നതിനനുസരിച്ച് ഇവയോടുള്ള കുഞ്ഞിന്റെ താൽപര്യവും കൂടി. 250 ഫ്ലാഷ് കാർഡുകളിലെ ചിത്രങ്ങൾ വരെ ഒറ്റയിരുപ്പിൽ കണ്ടു പേരുകൾ മനസ്സിലാക്കുന്നതു ശീലമായി. കാർഡുകളെല്ലാം ഒരു വട്ടം കണ്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കാണമെന്നായി ആവശ്യം. അതോടെ കാർഡുകളുടെ എണ്ണം കൂട്ടി. ഒന്നര വയസ്സൊക്കെ ആയപ്പോഴേക്കും കാർഡുകളിൽ നിന്നു ബുക്കുകളിലേക്കു പഠനം മാറി.
‘‘രേവതി പരമാവധി സമയം മോളുടെ ഈ താൽപര്യത്തിനൊത്തു സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ അവള്‍ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും തിരിച്ചറിയാനും തുടങ്ങി. അതൊക്കെ കുഞ്ഞിന്റെ ഓർശക്തി കൂടുതൽ ഉറപ്പിച്ചു. കളിപ്പാട്ടങ്ങളോടൊന്നും മോൾ വലിയ ഇഷ്ടം കാട്ടിയിട്ടേയില്ല. പകരം ഫ്ലാഷ് കാർഡുകളായി അവളുടെ ലോകം. അതിലെ ചിത്രങ്ങള്‍ കണ്ട് അവയേതെന്നു പഠിച്ചെടുക്കുന്നതിലായി ഹരം. ഹൈപ്പർ ആക്ടീവാണ് ജാനകി. എവിടെയും അടങ്ങിയിരിക്കില്ല. അതിനിടയിലും തന്റെ ചുറ്റുമുള്ള വസ്തുക്കൾ എന്തെന്നു ചോദിച്ചു മനസ്സിലാക്കാന്‍ അവൾ എപ്പോഴും ശ്രമിച്ചു. പിന്നീടാ വസ്തുക്കൾ കാണുമ്പോൾ തിരിച്ചറിഞ്ഞു പറഞ്ഞു. രണ്ടേകാൽ വയസ്സിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് ഒന്നു ശ്രമിച്ചാലോ എന്നു തോന്നിയത്. അങ്ങനെ മോൾ ഓരോന്നോരോന്നായി തിരിച്ചറിയുന്ന ഇരുന്നൂറോളം വിഡിയോ ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് ഒന്നിച്ചു ചേർത്ത്, വിശദവിവരങ്ങളോടെ ഇന്ത്യ ബുക്സ് ഓഫ് റോക്കോഡിനയച്ചു. വൈകാരെ അവര്‍ മോളുടെ കഴിവിനെ അംഗീകരിച്ചതായി അറിയിപ്പു കിട്ടി’’.– രാഗേഷ് എ.ആർ. ‘വനിത ഓൺലൈനോട്’ പറഞ്ഞു.
കുഞ്ഞുങ്ങളെ നിരീക്ഷിച്ച് അവരുടെ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടതെങ്ങനെയെന്നതിന് രാഗേഷും രേവതിയും മികച്ച ഉദാഹരണങ്ങളാണ്. അതുകൊണ്ടു തന്നെ ജാനകിയുടെ നേട്ടം ഇവരുടേതുമാണ്...
