ബിനാലെയിലെ പെൺമ –4 തുണിക്കഷണത്തിലെ കാലം Kochi Muziris Biennale: A Canvas of Global Artistry - Malayali Women Participants
Mail This Article
ഫോർട്ട്‌കൊച്ചി തെരുവുകളും തൊട്ടുരുമ്മുന്ന കായലും ഇപ്പോഴൊരു ജലച്ചായ ചിത്രമാണ്. ഇ വിടെ മാത്രമല്ല മട്ടാഞ്ചേരി, വില്ലിങ്ടൺ ഐ ലൻഡ്, എറണാകുളം ദർബാർഹാൾ എന്നിവിടങ്ങളിലായി 30 വേദികൾ. മാർച്ച് 31 വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ എന്ന കലയുടെ മാമാങ്കത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 66 കലാപ്രോജക്റ്റുകൾ. അതിൽ നാലു മലയാളി പെണ്‍പ്രതിഭകളുമുണ്ട്. അവരിലൊരാളായ സബിത കടന്നപ്പള്ളിയുടെ കലയും കഥയും.
ചുറ്റുവട്ടത്തെ തയ്യൽക്കടകൾ ഉപേക്ഷിച്ച തുണിക്കഷണങ്ങളായിരുന്നു ആദ്യകാലത്തു സബിതയുടെ കലാസൃഷ്ടികളുടെ പ്രധാന ചേരുവ. തുണിത്തരങ്ങൾ മരത്തിന്റെയും ലോഹത്തിന്റെയും പിന്തുണയോടെ ശില്പങ്ങൾ അല്ലെങ്കിൽ പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ ) ആക്കി മാറ്റി കണ്ണൂർകാരിയായ സബിത കടന്നപ്പള്ളി.
‘‘ബിനാലെയിൽ ഞാൻ അവതരിപ്പിച്ചിരിക്കുന്ന ‘സ്ക്വയർ ദ് സർക്കിൾ’ എന്ന ശില്പ പ്രതിഷ്ഠാപനത്തിനു ചലനാത്മകത കൂടി നൽകിയിട്ടുണ്ട്. ഇരുമ്പിൽ തീർത്തതാണ് അർധഗോള ഘടന. അതിനു മുകളിൽ ചതുരാകൃതിയിൽ വിരിച്ചിരിക്കുന്ന പരുത്തി നെയ്ത്തു തുണി. തുണിയുടെ പ്രതലത്തിൽപാടുകൾ വീഴ്ത്തിക്കൊണ്ട് ഒരു ക്രാങ്ക് മെഷീൻ ചലിക്കുന്നു.
പല പഴയകാല നിയമങ്ങളും യന്ത്രപ്രവർത്തനം പോലെ നമ്മൾ പാലിക്കുന്നുണ്ട്. അപ്ഡേറ്റഡ് ആകുന്നു എന്ന വ്യാജേന പലതും പോളിഷ് ചെയ്ത് ഉപയോഗിക്കപ്പെടുകയാണ്.
അതൊരു വൃത്തം പോലെ കറങ്ങിക്കറങ്ങി എല്ലാവരെയും എല്ലാ കാലത്തെയും ബാധിച്ചു കൊണ്ടിരിക്കുന്നു, അതിനെ ചതുരത്തിലാക്കിയാൽ നാലു കോണുകളിലെങ്കിലും മാറ്റം വരുമല്ലോ എ ന്ന ചിന്തയുടെ ആവിഷ്ക്കാരമാണ് ‘സ്ക്വയർ ദ് സർക്കിൾ’ എന്ന ഇൻസ്റ്റലേഷൻ.’’ സബിത കടന്നപ്പള്ളി പറയുന്നു.
വേർ/ഹൗ ദ് ബഡ്സ് സ്റ്റാർട്സ്, ജേണി ഓഫ് ലൈഫ് എന്നീ ഇൻസ്റ്റലേഷനുകളുമുണ്ട്. നൂതന ചിന്തകളിലൂടെ ആവിഷ്ക്കാരങ്ങളിലൂടെ സംവദിക്കുകയാണു ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള കലാപ്രതിഭകൾ. അവരോട് മനം ചേർത്തു കലയുടെ ഓളത്തിനൊപ്പം ചേർന്നു മാടി വിളിക്കുകയാണ് കൊച്ചിക്കായൽ. പോരൂ, നമുക്കൊന്നിച്ചു ബിനാലെ കാണാം.
ചിത്രങ്ങൾക്ക് കടപ്പാട്:
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ