കോഴിക്കോട്ടെ ഷോപ്പ് കംപാഷൻ: ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന എന്തിലും കാരുണ്യത്തിന്റെ ഭംഗി വിരിയുന്നത് ഇവിടെ കാണാം The Power of Thrifting: How Shop Compassion Fuels Charity
Mail This Article
നന്മ വിലയ്ക്കു വാങ്ങാവുന്ന കടയുണ്ട് കോഴിക്കോട്. തളി കണ്ടംകുളം ക്രോസ് റോഡിലെ ‘ഷോപ് കംപാഷൻ’ എന്ന ആ കുഞ്ഞു കടയുടെ വാതിൽ തുറക്കുന്നത് കാരുണ്യത്തിലേക്കാണ്. നന്മ വിലയ്ക്കു വാങ്ങുകയോ എന്നു നെറ്റിചുളിക്കുന്നവരോട് നിങ്ങള്‍ ഇവിടെ നിന്നു വാങ്ങുന്നതെന്തും ആരുടെയൊക്കെയോ കണ്ണീരൊപ്പാനുള്ള തൂവലായി മാറുന്നു.
ഷോപ് കംപാഷൻ ഒരു ത്രിഫ്റ്റിങ് ഷോപ്പാണ്. അതായതു നിങ്ങളുടെ വീട്ടിൽ നിലവിൽ ആവശ്യമില്ലെന്നു തോന്നുന്ന സാധനങ്ങൾ ഇവർക്കു നൽകാം. സൈസ് തെറ്റി വാങ്ങിയതും ഡയറ്റ് എടുത്തു മെലിഞ്ഞപ്പോൾ മാറ്റി വച്ചതുമായ വസ്ത്രങ്ങൾ, ഗിഫ്റ്റായി കിട്ടിയിട്ടും ഉപയോഗിക്കാതെ വച്ചിരിക്കുന്ന ക്രോക്കറി സെറ്റ് മുതൽ ബാഗും ഷൂസും ആഭരണങ്ങളും വരെ എന്തും ഈ കടയിൽ സംഭാവനയായി നൽകാം. അങ്ങനെ ശേഖരിക്കുന്ന ഉൽപന്നങ്ങളാണ് ഇവിടെയെത്തുന്നവർ വാങ്ങുന്നത്. അതിൽ നിന്നു കിട്ടുന്ന തുക വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
സ്നേഹക്കൂട്ടായ്മ
എട്ടു വനിതകളുടെ കൂട്ടായ്മയാണ് ഈ സ്നേഹത്തണലിടത്തിനു പിന്നിലുള്ളത്. ആർക്കിടെക്ട് അഭിരാമി മുരളി, അധ്യാപിക രാജേശ്വരി വിശ്വനാഥ്, സംരംഭകരായ ഉത്തര രാമകൃഷ്ണൻ, ശ്രീലക്ഷ്മി മുരളീധരൻ, അഞ്ജലി ആനന്ദ്, സോഷ്യൽ വർക്ക് വോളണ്ടിയർ ഉഷ ചന്ദ്ര, പീഡിയാട്രിഷ്യനും പാലിയേറ്റീവ് കെയർ ഫിസിഷ്യനുമായ ഡോ.ലുലു മാത്യൂസ്, അനസ്തെറ്റിസ്റ്റായ ഡോ. കവിത ഗിരീഷ് എന്നിവരുടെ സൗഹൃദത്തിലാണ് ത്രിഫ്റ്റിങ് ഷോപ്പിലൂടെ ചാരിറ്റി എന്ന ആശയം പിറന്നത്.
ഷോപ് കംപാഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും സംരംഭകയുമായ ഉത്തര രാമകൃഷ്ണൻ ഈ ആശയത്തെക്കുറിച്ചു പറയുന്നു ‘‘നാണയത്തിന്റെ രണ്ടു വശം പോലെ കടയിലേക്കുള്ള സാധനങ്ങൾ സംഭാവന ചെയ്യുന്നവരും ഇവിടെ നിന്നു വാങ്ങുന്നവരും ഒരുപോലെ സേവനത്തിന്റെ കരം പിടിക്കുന്നു. ഈ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം മുഴുവനും ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
ഒരു വർഷം മുൻപാണു ഷോപ് കംപാഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. പ്രീ ലവ്ഡ് ആയതു കൊണ്ടു തന്നെ കുറഞ്ഞ വിലയിൽ പുതുമമാറാത്ത വസ്ത്രങ്ങൾ വാങ്ങാൻ താൽപര്യമുള്ളവരാണ് ഇവിടെയെത്തുന്നത്.
സെക്കൻഡ് ഹാന്റ് കാർ വാങ്ങാനും മൊബൈല്‍ വാങ്ങാനും ലാപ്ടോപ്പ് വാങ്ങാനും ഒന്നും ആർക്കും മടിയില്ല. പക്ഷേ, ഒരാൾ ഉപയോഗിച്ച, പുതുമ മാറാത്തതോ കേടുവരാത്തതോ ആയ വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിൽ മലയാളിക്കുണ്ടായിരുന്ന മടി മാറി വരുന്നുണ്ട്.’’ കംപാഷൻ ഷോപ്പിലെ സേവനത്തിന്റെ കാഴ്ചകളിലേക്ക് ഉത്തര രാമകൃഷ്ണൻ വഴി തുറന്നു.
പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള സാധനങ്ങളാണു ഷോപ് കംപാഷനിലുള്ളത്. ആളുകൾ സൗജന്യമായി നൽകുന്നത്–പ്രീ ലവ്ഡ് വിഭാഗം. അതിൽ 4000 രൂപ വിലയുള്ള ഷൂ മുതൽ 20,000 രൂപയ്ക്കു മുകളിലുള്ള ലാച്ചക ൾ വരെ ചെറിയ തുകയ്ക്കു വാങ്ങാം. വസ്ത്രങ്ങൾക്കു പുറമേ ബാഗുകളും ചെരുപ്പുകളും ക്രോക്കറി ഉൽപ്പന്നങ്ങളും പെയ്ന്റിങുകളും ബുക്കുകളുമെല്ലാം പ്രീ ലവ്ഡ് വിഭാഗത്തിലുണ്ട്. 50 രൂപ മുതലാണു വില.
അടുത്തതു ഭിന്നശേഷിയുള്ളവർ നിർമിച്ച ഉൽപ്പന്നങ്ങളാണ്. അതിൽ കുടകളും പേനകളും കരകൗശല വസ്തുക്കളും ഉൾപ്പെടുന്നു. പലപ്പോഴും ഭിന്നശേഷിയുള്ളവർ നിർമിക്കുന്ന ഉൽപന്നങ്ങൾ എങ്ങനെയാണ് ആൾക്കാരിലേക്ക് എത്തിക്കേണ്ടത് എന്ന് അവർക്ക് അറിയില്ല. അത് ഷോപ് കംപാഷനേറ്റ് പ്രവർത്തകർ വാങ്ങിയ ശേഷം ഇവിടെ വിൽക്കുകയാണ് ചെയ്യുന്നത്. ബെഡ് സ്പ്രെഡ് ഉൾപ്പടെയുള്ള ഹോംെഡക്കോർ ഉൽപ്പന്നങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. പ്രീലവ്ഡ് വസ്ത്രങ്ങളോട് താൽപര്യമില്ലാത്തവർക്കു വേണ്ടിയാണ് ഇതൊരുക്കിയിരിക്കുന്നത്.
ചെറിയ തുടക്കം ചിട്ടയായ പ്രവർത്തനം
‘‘മൂന്നു ലെയർ ആയാണ് കംപാഷൻ ഷോപ്പിലേക്കുള്ള ഉൽപ്പന്നങ്ങൾ തരംതിരിച്ചെടുക്കുന്നത്.’’ ഉത്തര രാമകൃഷ്ണൻ പറയുന്നു. ‘‘ടാഗ് പോലും മുറിച്ചു കളയാതെയുള്ള വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നവരുണ്ട്. ഡ്രൈക്ലീൻ ചെയ്തതും പുതിയ വസ്ത്രങ്ങൾ വാങ്ങി സമ്മാനിക്കുന്നവരും ഉണ്ട്. പറയാതെ വയ്യ, കീറിയ വസ്ത്രങ്ങളുൾപ്പടെ ഉപേക്ഷിക്കാനായി അയച്ചു തരുന്നവരും ഉണ്ട്. ഇതെല്ലാം തരം തിരിക്കുകയാണ് ആദ്യ ജോലി. വിൽപനയ്ക്കായുള്ളതു തിരഞ്ഞെടുത്തു ഷോപ്പിൽ പ്രദർശിപ്പിക്കും. സൗജന്യമായി നൽകാനുള്ളതു മാറ്റിവയ്ക്കും. കീറിയും നരച്ചതും ഉ പയോഗ ശൂന്യമായതും മാറ്റിവയ്ക്കും. അതു റീസൈക്ലിങ് ചെയ്യാനായി നൽകും.
രണ്ടാം ഘട്ടം ഇതു വിറ്റു കിട്ടുന്ന പണം അർഹരായവരിലേക്ക് എത്തിക്കുക എന്നതാണ്. അതിന് കമ്മറ്റിയുണ്ട്. ലിസ്റ്റ് ശേഖരിച്ച് അവരെക്കുറിച്ചു പഠിച്ചു സഹായം എത്തിക്കുന്നു. ചികിത്സയ്ക്കും മറ്റും ബുദ്ധിമുട്ടുന്നവർ, അഗതിമന്ദിരങ്ങൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ ഹായം നൽകുന്നു. പാവപ്പെട്ടവർക്കുള്ള മരുന്നുകൾക്കാണു നല്ലൊരു ശതമാനം തുകയും ചെലവാക്കുന്നത്.
കോഴിക്കോടിനു പുറമേ വയനാട് മീനങ്ങാടിയിലും ഷോ പ് കംപാഷന്റെ ഒരു യൂണിറ്റ് ഉണ്ട്. ഒരുപാടു പേർ ഷോപ്പിലേക്ക് സഹായവുമായെത്തുന്നുണ്ട്. ഉദാഹരണത്തിന് സായി പേൾസ് എന്ന ആർട്ടിഫിഷ്യൽ ജ്വല്ലറി ഒരു വർഷത്തിലെറെ അവരുടെ ഷോപ്പിൽ വച്ചിട്ടും വിറ്റുപോവാത്ത ആഭരണങ്ങൾ ഞങ്ങൾക്കു സൗജന്യമായി തന്നു. വില കുറവായതുകൊണ്ടു തന്നെ ഇവിടെ നിന്നു വളരെ പെട്ടെന്ന് അതു വിറ്റു പോയി. സൈക്കിളുകളും ഫർണിച്ചറുകളുമൊക്കെ ഇതു പോലെ സൗജന്യമായി നൽകാൻ തയാറായവരുണ്ട്. പക്ഷേ, അതു പ്രദർശിപ്പിക്കാനുള്ള സ്ഥലപരിമിതിയുള്ളതുകൊണ്ട് തൽക്കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.’’ പ്രവർത്തനങ്ങളെക്കുറിച്ച് ഉത്തര രാമകൃഷ്ണൻ.
പഴ്സനൽ ഫിനാൻസ് മേഖലയിലാണ് ഉത്തര രാമകൃഷ്ണൻ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 28 വർഷമായിട്ട് ഉ ത്തര മാനേജിങ് ഡയറക്ടറായ അർഥ എന്ന സ്ഥാപനം പതിനായിരത്തിലധികം ഉപയോക്താക്കളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ഉത്തര രാമകൃഷ്ണന്റെ മരുമകൾ അഞ്ജലി ആനന്ദ് ഈ സേവനപ്രവർത്തനത്തിൽ ഒപ്പം നില്ക്കുന്നു.
‘‘എൻജിനീയറിങ് ആണ് പഠിച്ചത്. ബാങ്ക് ഒാഫിസറായി ജോലി ചെയ്യുമ്പോഴായിരുന്നു വിവാഹം. അമ്മയ്ക്കൊപ്പം ഈ മേഖലയിൽ തുടരാൻ തീരുമാനിച്ചു.’’ അഞ്ജലി പറഞ്ഞു തുടങ്ങി.
‘‘കോളജ് കുട്ടികളാണ് ത്രിഫ്റ്റിങിന്റെ ആരാധകർ. അ വർ ബുദ്ധിപരമായാണ് ഷോപ്പിങ് നടത്തുന്നത്. ഉദാഹരണത്തിന് ഇവിടെ നിന്നു നൂറു രൂപയ്ക്ക് ഒരു സാരി വാങ്ങി രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിച്ച് ഇവിടെ സംഭാവന നൽകും. എന്നിട്ടു നൂറു രൂപയ്ക്കു മറ്റൊരു ടോപ്പ് വാങ്ങും. അതും നാലോ അഞ്ചോ പ്രാവശ്യം ഉപയോഗിച്ച് ഇവിടെ തന്ന് നൂറു രൂപയ്ക്ക് ഒരു ജീൻസ് വാങ്ങും. ചുരുക്കത്തിൽ മുന്നൂറു രൂപയ്ക്ക് ഒരു മാസം ഒരു സാരിയും ജീൻസും ടോപ്പും സ്വന്തമാക്കാനാവുമല്ലോ.’’ അഞ്ജലി പറയുന്നു.
വൈഫൈ സൗകര്യത്തോടെയുള്ള കോ വർക്കിങ് സ്പേസും ഷോപ് കംപാഷനിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂർ നേരത്തേക്ക് 200 രൂപ നൽകി ഇവിടെ ഇരുന്ന് ജോലി ചെയ്യാം. ആ തുകയും സേവനപ്രവർത്തനത്തിലേക്കാണു പോവുന്നത്.
സേവനത്തിന് ഒരുങ്ങുന്നവരോട്
ഇതുപോലെ സേവനത്തിന് ഒരുങ്ങുന്നവരോട് അനുഭവപാഠമായി ഇവർക്കു ചിലതു പറയാനുണ്ട്.
കടമുറിയുടെ വാടക, വൈദ്യുതി ചെലവ്,ഷോപ്പിൽ ജീവനക്കാരുണ്ടെങ്കിൽ അവരുടെ ശമ്പളം ഇതൊക്കെ നൽകാനുള്ള തുകയാണു പലപ്പോഴും പ്രതിസന്ധിയായെത്തുക. ഈ കടമുറി ഉത്തരാ രാമകൃഷ്ണന്റെതാണ്. അതുകൊണ്ടു തന്നെ വാടക നൽകേണ്ടി വരുന്നില്ല.
അടുത്ത പ്രതിസ ന്ധി ആളുകൾ ഉപേക്ഷിക്കാനായി ന ൽകുന്ന സാധനങ്ങളാണ്. കീറിയതും നരച്ചതുമൊക്കെയായ ഒരുപാട് വസ്ത്രങ്ങൾ എത്തും. ഇത്തരം സാധനങ്ങൾ തരംതിരിച്ച് റീസൈക്ലിങ്ങിനായി നൽകുക എന്നതാണു മറ്റൊരു പ്രതിസന്ധി.
ഇതിനൊക്കെ വേണ്ടത് ഇഷ്ടപ്പെട്ടതു നൽകാനുള്ള മനസ്സാണ്. അലമാര തുറക്കൂ, പിന്നീട് ഉപയോഗിക്കാമെന്നോർത്തു മാറ്റി വച്ച എന്തൊക്കെയുണ്ട് അതിൽ? മറക്കരുത്, ഒരു കമ്മലായാൽ പോലും അതു മറ്റൊരാളുടെ ജീവിതത്തിൽ കുഞ്ഞു പുഞ്ചിരി തെളിയിക്കാനാവും എന്നാണ് ഷോപ് കംപാഷനും ഈ വനിതാ കൂട്ടായ്മയും പറയുന്നത്.
