‘എനിക്കു പ്രിയപ്പെട്ടത് കരിമീൻ തിളപ്പിച്ചത്; അമ്മ ഉണ്ടാക്കുന്നത്രയും രുചി മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ല’: ഇഷ്ടവിഭവവുമായി അന്ന ബെൻ Exploring the Taste of Vypin Through Anna Ben's Recipes
Mail This Article
കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായ അന്നയ്ക്ക് സിനിമാരംഗത്ത് ഇപ്പോൾ പാൻ ഇന്ത്യൻ ഇമേജുണ്ട്. എങ്കിലും അന്ന ഒട്ടും മാറിയിട്ടില്ല. അച്ഛൻ മുപ്പതിലേറെ ഹിറ്റുകൾ മലയാളികൾക്കു നൽകിയ ബെന്നി പി. നായരമ്പലം, അമ്മ ഫലൂജ, സഹോദരി സൂസന്ന ബെൻ എല്ലാവരുമുണ്ട് ഇവിടെ. എപ്പോഴും ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന ബേബിമോളെപ്പോലെ എറണാകുളം നായരമ്പലത്ത് പുളിമൂട്ടിൽ വീട്ടിലിരുന്ന് അന്ന ബെൻ പറഞ്ഞുതുടങ്ങി.
ഏറ്റവും പ്രിയപ്പെട്ട കരിമീൻ തിളപ്പിച്ചത്
അപ്പയുടെ അപ്പൻ പത്രോസ് ബിസിനസുകാരനായിരുന്നു. തേങ്ങയും കൊപ്രയും ശേഖരിക്കും. കൊപ്ര ആട്ടുന്ന മില്ലും ഉണ്ടായിരുന്നു. മാത്രമല്ല, നല്ല പാചകക്കാരനും. അമ്മച്ചി ട്രീസയുടെ നാടാണ് നായരമ്പലം. അമ്മച്ചിയിൽ നിന്ന് അമ്മയ്ക്കതു പകർന്നു കിട്ടി.
അമ്മ ഉണ്ടാക്കുന്ന രുചി മറ്റൊരിടത്തു നിന്നും കിട്ടാറില്ല. ഞങ്ങൾ വൈപ്പിൻകാർക്ക് മീനില്ലാെത ഒരു ആഘോഷവും ഇല്ല. ചെമ്മീനും തിരുതയും അങ്ങനെ ഇഷ്ടം പോലെ മീനുകൾ. അതുപോലെ പ്രധാനമാണ് ഞണ്ട് കറി. അതൊരു സ്പെഷൽ വൈപ്പിൻ വിഭവമാണ്. അ തുപക്ഷേ അമ്മ എപ്പോഴും ഉണ്ടാക്കാറില്ല.
മാത്രമല്ല, പാചകക്കുറിപ്പു കേട്ട് അതു പാകം ചെയ്യാനും പറ്റില്ല. അതുപോലെ തന്നെയാണ് വൈപ്പിനിലെ മീൻകറികളുടെ കാര്യവും. വൈപ്പിനിൽ വന്നു മീൻ കഴിക്കുമ്പോൾ ഉണ്ടാകുന്ന രുചി അതേ പാചകക്കുറിപ്പു വച്ചു ചെയ്താൽ കിട്ടണമെന്നില്ല. അത് വൈപ്പിന്റെ മാത്രം സ്പെഷൽ രുചിയാണ്.
ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഞങ്ങൾ കുടുംബക്കാർ ഒത്തുേചരും. പാചകമാണു പ്രധാനം. അങ്ങനെ ഉണ്ടാക്കുന്ന സ്പെഷൽ വിഭവങ്ങളിൽ ഒന്നാണ് കരിമീൻ തിളപ്പിച്ചത്. ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. രുചിയാണെങ്കിൽ അപാരവും.
കേരളത്തിൽ അത്ര പ്രചാരത്തിലുള്ള കറിയല്ല മീൻ തിളപ്പിച്ചത്. കൊച്ചിയിൽ തന്നെ ഞങ്ങളുടെ നാട്ടിലും കുമ്പളങ്ങിയിലുമൊക്കെയാണ് ഈ കറി വിളമ്പുന്നതു കണ്ടിട്ടുള്ളത്. അവിടെ നിന്നൊക്കെ കഴിച്ചിട്ടുണ്ടെങ്കിലും അമ്മ ഉണ്ടാക്കുന്നത്രയും രുചി മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ല. കരിമീൻ മാത്രമല്ല, ഏതു മീൻ വേണമെങ്കിലും ഇങ്ങനെ തിളപ്പിക്കാം. എനിക്കു പ്രിയപ്പെട്ട കരിമീൻ തിളപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. കരിമീൻ – ഒരു കിലോ, വൃത്തിയാക്കിയത്
2. വെളിച്ചെണ്ണ – അഞ്ചു വലിയ സ്പൂൺ
3. ചുവന്നുള്ളി – 250 ഗ്രാം
4. ഇഞ്ചി – 50 ഗ്രാം
5. പച്ചമുളക് – രണ്ട്
6. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
7. മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
8. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക.
∙ ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി എന്നിവ നന്നായി ചതച്ചു ചേർത്ത് വഴറ്റുക. അതിനുശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും േചർത്തു മൂപ്പിക്കുക.
∙ ഈ കൂട്ട് നന്നായി മൂപ്പിച്ചശേഷം അൽപാൽപം വെള്ളം ചേർക്കുക. ആവശ്യത്തിന് ചാറായിക്കഴിഞ്ഞാൽ ഉപ്പു ചേർക്കുക. ഉപ്പു ചേർത്തതിനു ശേഷം വെള്ളം ഒഴിക്കരുത്.
∙ ചാറ് നന്നായി തിളപ്പിച്ചശേഷം മീൻ ചേർത്തു ചെറുതീയിൽ വേവിക്കുക. മീൻ വെന്തുവരുമ്പോൾ പ്രത്യേക മണം വരും. അതാണു പാകം.
(2024 ഓഗസ്റ്റ് ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തില്‍ പങ്കുവച്ചത്)
