66ാം വയസിൽ ഗിന്നസ് സ്വന്തമാക്കി ലേഖ: മീൻ വറുക്കാനെടുത്തപ്പോൾ തോന്നിയ ഐഡിയ തലവര മാറ്റി! Handmade Hair Clips Earn Kerala Woman a Spot in the Guinness Book
Mail This Article
ചുറുചുറുക്കിന്റെ മറുപേരാണ് ലേഖ രാധാകൃഷ്ണൻ എന്ന് അവരോട് ഒന്നു മിണ്ടുമ്പോഴേക്കും ആർക്കും തോന്നും. നമ്മുടെ നാട്ടിൽ സാധാരണയായി ഇന്ന പ്രായം കഴിഞ്ഞാൽ പിന്നെ ഇത്രയൊരുങ്ങരുത്, ഇത്ര മിണ്ടരുത് എന്നൊക്കയുള്ള അരുതുകൾ ലേഖയ്ക്കില്ല... പ്രായത്തിന്റെ അരുതുകളെയൊക്കെ കാറ്റിൽ പറത്തി നല്ല രസമായി അണിഞ്ഞൊരുങ്ങി ഊർജ്ജസ്വലതയോടെ സംസാരിച്ച് നിൽക്കുന്ന വ്യക്തിത്വം... അറുപത്തിയാറിലും ജീവിതം ആഘോഷമാക്കുന്നൊരു ‘വൈബ്’ ലേഖയ്ക്കു ചുറ്റുമുണ്ട്.
ഡൽഹിയിൽ നിന്നും ആ റെക്കോഡ് കേരളത്തിലേക്ക്
സ്വന്തം കൈകൊണ്ട് നിർമിച്ച ഹെയർ ക്ലിപ് ശേഖരത്തിന്റെ പേരിലാണ് ലേഖ ‘ഗിന്നസ് ലേഖ’യായി മാറിയത്. 2023 ഓഗസ്റ്റിൽ ഡൽഹി സ്വദേശി അലീന ഗുപ്ത സ്ഥാപിച്ച 1124 ഹെയർ ക്ലിപ്പുകൾ എന്ന റെക്കോഡാണ് ഈ തിരുവനന്തപുരം ഇടപ്പഴിഞ്ഞിക്കാരി ലേഖ 1535 ആക്കി മറികടന്ന് അഭിമാന നേട്ടം സ്വന്തമാക്കിയത്.
2000 ക്ലിപ്പുകളോളം ലേഖ നിർമിച്ചിരുന്നെങ്കിലും അതിൽ 1535 ഹെയർ ക്ലിപ്പുകളാണ് ഗിന്നസിന്റെ കർശന നിയമങ്ങൾ പാലിച്ച് മത്സരിക്കാൻ യോഗ്യരായത്. 2024 ഒക്ടോബർ 24ന് തിരുവനന്തപുരത്തു വച്ച് നടത്തിയ പ്രദർശനത്തിൽ ഗിന്നസ് സുനിൽ ജോസഫിന്റെ മുഖ്യ നിരീക്ഷകനായി. മൂന്ന് ഉദ്യോഗസ്ഥരും ക്യാമറാമാൻ എം. അനീഷും ലേഖയുടെ ശേഖരം സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് റെക്കോഡിലേക്ക് നീങ്ങിയത്.
മീൻ വറുത്തക്കാനെടുത്തപ്പോൾ തോന്നിയ ഐഡിയ
‘‘ജോലി സമയം കഴിഞ്ഞ് ഞാൻ തനിയെ ഉണ്ടാക്കിയെടുത്തതാണീ ഓരോ ക്ലിപ്പുകളും.’’ ഇതു പറയുമ്പോൾ ലേഖയുടെ സ്വരത്തിൽ അഭിമാനത്തിരയിളക്കം. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ ട്രോക്കോ കേബിൾ കമ്പനിയിൽ നിന്നും സീനിയർ മാനേജറായി വിരമിച്ച ലേഖ ഇപ്പോൾ കെ.എസ്.ഡി.പിയിൽ (കേരള സ്റ്റേയ്റ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്) ലൈസൺ ഓഫീസറായിട്ടാണ് ജോലി ചെയ്യുന്നു. ഔദ്യോഗിക മികവിന് ഇതിനോടകം തന്നെ മൂന്നിൽ പരം അംഗീകാരങ്ങളും ഈ മിടുമിടുക്കിയെ തേടിയെത്തിയിട്ടുണ്ട്.
‘‘എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാനാണ് എനിക്കേറെ ഇഷ്ടം. എം.എ. സോഷ്യോളജിയാണ് പഠിച്ച വിഷയം അതല്ലാതെ ഇതേവരെ കരകൗശല വസ്തുനിർമാണം ഒന്നും പഠിച്ചിട്ടേയില്ല...
2010ൽ ഒരു ദിവസം മീൻ വറുക്കാനെടുത്തപ്പോൾ അതൊരു റോസാപ്പൂ പോലെ എനിക്ക് തോന്നി. അന്ന് അതിന്റെ ചെതുമ്പൽ ഒക്കെ പേപ്പറിൽ അടുക്കി വച്ചൊരു ഫോട്ടോ എടുത്തു. അതാണ് തുടക്കം...
അന്നു തുടങ്ങി വൈകുന്നേരമാകുമ്പോ എന്തേലും ഒക്കെ ഡിസൈൻ ചെയ്യണം. അങ്ങനെ ആഭരണ നിർമാണത്തിലേക്ക് ഇറങ്ങി. ഇപ്പോ ഞാനുണ്ടാക്കിയതൊക്കെ ചേർത്തു വയ്ക്കാൻ ‘ലേഖാസ് ഗലേറിയ’ എന്നൊരു ഗ്യാലറിയുമുണ്ട്.’’
മീൻ ചെതുമ്പൽ, പാഴ്‌വസ്തുക്കൾ ഹെയർ ക്ലിപ്പുകളാകുന്നു...
പാഴ്‌വസ്തുക്കളാണ് എന്റെ പണിയായുധങ്ങൾ. അതിൽ തന്നെ മീനിന്റെ അവശിഷ്ടങ്ങളാണ് പ്രധാനം. അതുകൊണ്ട് പൂക്കൾ, ഹെയർ ക്ലിപ്പുകൾ, കമ്മലുകൾ തുടങ്ങി പലതും ഉണ്ടാക്കാറുണ്ട്. വെറും മൂന്നു മാസം കൊണ്ടാണ് സത്യം പറഞ്ഞാൽ ഈ ക്ലിപ്പുകൾ ഇത്രയും ഉണ്ടാക്കിയെടുത്തത്. പക്ഷേ, ഗിന്നസിന്റെ അപേക്ഷാ നടപടിയും മറ്റും ചെയ്യാൻ മൂന്നു വർഷമെടുത്തു.
എന്നെയങ്ങനെ ആരു നിർബന്ധിച്ചിട്ടല്ല ഇത്രയും ആഭരണങ്ങൾ ഉണ്ടാക്കിയതു കേട്ടോ... എനിക്കിത്രയും ഉണ്ടാക്കി നോക്കണം എന്ന് സ്വയം വന്ന ഉൾപ്രേരണ കൊണ്ടാണ് മുന്നോട്ട് പോയത്. ജോലി സമയം കഴിഞ്ഞും ഒഴിവു ദിവസങ്ങളിലും മാത്രമാണിതിനായി സമയം കണ്ടെത്തുക. രാത്രി 12 മണിക്കാണ് ഉറക്കം... അതുവരെ എന്തെങ്കിലും ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
ഗിന്നസ് കിട്ടിക്കഴിഞ്ഞ ശേഷം സ്ത്രീ വികസന കോർപൊറേഷൻ കനകക്കുന്നിൽ സൗജന്യമായിട്ടൊരു സ്റ്റോൾ തന്നു. അതിലിപ്പോഴാണ് വിൽപ്പന നടത്തുന്നത്. ബാക്കിയൊക്കെ എന്റെ സ്റ്റാളിൾ വച്ചിട്ടുണ്ട്. ഇനി വിൽപന നടത്തിയേ പറ്റൂ... അത്രയും കളക്‌ഷൻ ആയിക്കഴിഞ്ഞു.
കുടുംബമാണ് എന്റെ ഏറ്റവും വലിയ ശക്തി. ഭർത്താവ് ഇടപ്പഴിഞ്ഞി രാധാകൃഷ്ണൻ വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും മാധ്യമപ്രവർത്തകനുമായിരുന്നു.. മകൻ വിഷ്ണു ജർമനിയിൽ ബിസിനസ് മാനേജറായി ജോലി നോക്കുന്നു. മരുമകൾ ചാന്ദ്നി ഗായികയാണ്. കൊച്ചു മകൾ ജാനകി.
മകൾ ഡോ. രേണുക ഹോമിബാബ കാൻസർ സെന്ററിൽ മെഡിക്കൽ ഓഫീസറാണ്. മരുമകൻ ഹരി കല്ലാട്ട് ഐ.എ.എസ്.
