ADVERTISEMENT

എഴുതാന്‍ ഏറ്റവും ഭയന്നിരുന്ന സിനിമാക്കാരനായ സിദ്ദിക്ക് തന്‍റെ ജീവിതാനുഭവങ്ങള്‍ ഒരിക്കല്‍ വനിത വായനക്കാര്‍ക്കായി എഴുതി. ആ സ്േനഹാക്ഷരങ്ങള്‍, സ്മരണാഞ്ജലികളോടെ...

ങ്ങളുടെ സിനിമയിൽ തമാശയുളളതിനാൽ ലാലും ഞാനും സംസാരിക്കുമ്പോൾ അതിലും തമാശ കാണുമെന്ന മട്ടിലാണു  പലരും ഞങ്ങളെ പരിഗണിക്കുന്നത്.

ADVERTISEMENT

‘തമാശക്കാരല്ലേ, ഇപ്പോൾ തമാശ പറയും...’ എന്ന മ ട്ടിൽ നോക്കും. പക്ഷേ, ഞാൻ തമാശ പറയാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നാവിൻതുമ്പിൽ തമാശ എത്തിയാലും മിണ്ടാതെ നിന്നു കളയും. കാരണം, തമാശ എല്ലായ്പ്പോഴും നല്ലതല്ല എന്നു ഞാൻ പഠിച്ചിട്ടുണ്ട്.

നിർദോഷമെന്നു കരുതുന്ന തമാശ പോലും ചിലരെ വിഷമിപ്പിക്കും. ചിലതു വൻപാരയായി തിരിച്ചു വരും. അതിനാൽ തമാശകളെ സിനിമയ്ക്കുവേണ്ടി റിസർവ് ചെയ്തു വയ്ക്കുന്നു. അങ്ങനെ തമാശയ്ക്കു വില ഉണ്ടാക്കുകയാണെന്നു വേണമെങ്കിൽ പറയാം.

ADVERTISEMENT

പക്ഷേ, ഞാൻ കേട്ടതിൽ ഏറ്റവും വിലപിടിച്ച തമാശ വ ർഷങ്ങൾക്കു മുൻപാണ് ഉണ്ടായത്. അന്നതിനു വില ഒരു ലക്ഷം രൂപയായിരുന്നു.  

ഞങ്ങളുടെ സിനിമാ ഷൂട്ടിങ് തകൃതിയായി  പുരോഗമിക്കുന്നതിനിടയിലാണ് ആ തമാശ ഉണ്ടായത്.  അഭിനയത്തിന്റെ ഇടവേള. പ്രശസ്ത നടനു ചുറ്റുമായി മറ്റു കലാപ്രവർത്തകർ നിരന്നിരിക്കുന്നു. അപ്പോൾ നടൻ അഭിമാനത്തോെട പറഞ്ഞു: ‘‘എനിക്കൊരു  ബ്രിട്ടീഷ് പടത്തിന്റെ  പ്രോജക്ട് ശരിയായിട്ടുണ്ട്. നിർമാതാവും സംവിധായകനും എല്ലാം ബ്രിട്ടീഷുകാരാണ്. അതിൽ അഭിനയിക്കണോ എന്ന സംശയത്തിലാണു ഞാൻ...’’

ADVERTISEMENT

ഇതു പറഞ്ഞു നിർത്തിയ ഉടൻ ലാൽ പറഞ്ഞു, ‘തീർച്ചയായും പോകണം. ബ്രിട്ടീഷുകാർ നമ്മളെ കുറേക്കാലം  അടിമകളാക്കി വച്ചവരല്ലേ, നമുക്കിങ്ങനെയൊക്കെയേ  അ വരോടു പ്രതികാരം ചെയ്യാൻ കഴിയൂ.’

പറഞ്ഞു തീരും മുന്‍പേ ചിരി പൊട്ടി. നടൻ  ചിരിച്ചെങ്കിലും പെട്ടെന്നു മുഖം ചുവക്കുന്നതു ഞങ്ങൾ കണ്ടു. ഞാനും ലാലും ക്ഷമ പറഞ്ഞെങ്കിലും അദ്ദേഹം മൂഡ് ഓഫായി. പിന്നീട് എടുത്ത ടേക്കുകൾ ഒന്നും നന്നായില്ല. അദ്ദേഹത്തിനും അതു തോന്നി. അതെല്ലാം പിറ്റേന്ന് വീണ്ടും എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ദിവസം കൂടി ഷൂട്ട് നീണ്ടപ്പോള്‍ നിർമാതാവിനു വന്ന നഷ്ടം ഒരു ലക്ഷം രൂപ. അങ്ങനെ ഈ തമാശയുടെ വില ഒരു ലക്ഷം രൂപയായി.

‘ഈ തമാശ അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ കഴിയാത്തതാകും.’ എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട നിർമാതാവ് കൂടിയായ ലാൽ അതിലും തമാശ കണ്ടെത്തി.

ദുഃഖിപ്പിച്ച തമാശകൾ ഞാനും പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ പാട്ട് റിക്കോർഡ് ചെയ്യാൻ  ഞങ്ങൾ നിൽക്കുകയാണ്. പ്രശസ്ത ഗായകൻ അപ്പോൾ കാറിൽ വന്നിറങ്ങി. സ്വർണമാല, ബ്രേസ്‌ലെറ്റ്, കുറേ മോതിരങ്ങൾ, സ്വർണ വര്‍ണ ജുബ്ബ, ചെരുപ്പിൽ സ്വർണം കെട്ടിയ മുകുളങ്ങൾ... വെയിലത്തു നിന്ന് അദ്ദേഹം കയറിയപ്പോൾ സംഗീത സംവിധായകൻ രവീന്ദ്രൻമാഷ് പറഞ്ഞു:

‘ആകെ സ്വർണമയമാണല്ലോ...?’ എല്ലാവരും ചിരിച്ചു.

ചിരി നിന്ന നിമിഷം  ഒന്നും ആലോചിക്കാതെ  ഞാൻ പറഞ്ഞു, ‘പക്ഷേ, പാടാൻ തുടങ്ങിയാൽ വെള്ളി.’

എല്ലാവരും പൊട്ടിച്ചിരിച്ചപ്പോഴാണു ഞാൻ അപകടം മ നസ്സിലാക്കിയത്. അദ്ദേഹമൊരു വെള്ളി പാട്ടുകാരനാണെന്ന ആരോപണം നില നിൽക്കവേയായിരുന്നു എന്റെ കമന്റ്. ഞാൻ ക്ഷമ പറഞ്ഞു. അതു സാരമില്ലെന്നു പറഞ്ഞ് എ ന്നെ അദ്ദേഹം ആശ്വസിപ്പിച്ചു. പക്ഷേ, ആ മനസ്സു വേദനിച്ചുവെന്ന് എനിക്കറിയാമായിരുന്നു.

ഹെല്‍മറ്റ് ചതിച്ച ചതി

സിനിമയിലെ ഒരു വലിയ തമാശക്കാരന്റെ ‘തമാശ’ കൂടി പറയാം. ഇന്നസെന്റാണ് കഥാനായകൻ.  ഗൾഫാണ് സ്ഥലം. ഞങ്ങൾ ‘സിദ്ദിക്ക്‌ലാൽ സിലി ഗാലക്സി’ ഷോയ്ക്ക് എത്തിയതാണ്. ഇന്നസെന്റിന് ഷോയിൽ വയ്ക്കാൻ ഒരു ഹെൽമറ്റ് ഉണ്ട്. ഇതു വച്ചു കഴിഞ്ഞാൽ കണ്ണു കാണാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഹെൽമറ്റ് വച്ച് ഓഡിറ്റോറിയത്തിലൂടെ സ്റ്റേജിലേക്കു നടന്നു വരണം. ഓഡിറ്റോറിയത്തിൽ വേണ്ടത്ര വെളിച്ചമില്ല. കാഴ്ചക്കുറവിന് ഇതാകാം കാരണം. അതിനാൽ സീനത്തിന്റെ ഭർത്താവ് അനിൽ കൈപിടിച്ചാണ് അദ്ദേഹത്തെ സ്റ്റേജ് വരെ കൊണ്ടു വരുന്നത്. കൈവിട്ടു സ്റ്റേജിലേക്കു കയറുന്നതിനിടെ അദ്ദേഹം തട്ടി വീഴും. ഉടനെ ഞങ്ങൾ അദ്ദേഹത്തെ പൊക്കിയെടുക്കും. വീഴലും പൊക്കിയെടുക്കലും ഷോയുടെ ഭാഗമാണെന്നു കരുതി ആളുകൾ ചിരിക്കും.

അങ്ങനെ കുറേ വീഴ്ച കഴിഞ്ഞപ്പോൾ മുറിവുണ്ടായി.  അൽപം പ്രമേഹം ഉള്ളതിനാൽ മുറിവ് പഴുക്കുകയും ചെയ്തു. ഈ വേദന അനുഭവിച്ചും അദ്ദേഹം കാണികളെ ചിരിപ്പിച്ചു. അങ്ങനെ ഷോ വിജയകരമായി അവസാനിച്ചു.

director-siddique-chiri-memory

ഞങ്ങൾക്കു നാട്ടിലേക്കു മടങ്ങാൻ സമയമായി. ഇനി എന്തിനാണ് ഹെൽമറ്റ്. അതവിടെ ആർക്കെങ്കിലും കൊടുത്തിട്ടു പോകാമെന്നു കരുതി വോളണ്ടിയറായി  നിന്ന ഒരു ചെറുപ്പക്കാരന് ഹെൽമറ്റ് സമ്മാനിച്ചു.

അദ്ദേഹം അതു സന്തോഷത്തോടെ വാങ്ങി തലയിൽ വച്ചു. ഉടന്‍ തന്നെ ‘ഇതു വച്ചാൽ ഒന്നും കാണാൻ പറ്റുന്നില്ലല്ലോ...’ എന്നു പറഞ്ഞു തിരികെയെടുത്തു. എന്നിട്ട് ഹെൽമറ്റിനുള്ളിൽ നിന്ന് ഒരു കടലാസ് കഷണം ഈസിയായിട്ട് ഇളക്കി മാറ്റിക്കളഞ്ഞു. ചില്ലിൽ പാടു വീഴാതിരിക്കാൻ വച്ചിരുന്ന സ്റ്റിക്കറായിരുന്നു അത്.  ഈ സ്റ്റിക്കര്‍ മാറ്റാതിരുന്നതു കൊണ്ടാണ് ഇന്നസെന്റ് ഈ വീഴ്ചകളെല്ലാം വീണത്.

പിന്നീടു പലപ്പോഴും ഇന്നസെന്റിനെ കാണുമ്പോൾ ഇതോർത്തെനിക്കു ചിരി വരുമായിരുന്നു. പക്ഷേ, ഞാൻ  എന്നെത്തന്നെ ഓർമിപ്പിക്കും, അധികം ചിരിപ്പിക്കുന്നവർ തന്നെയാകും മറ്റുള്ളവരുടെ ചിരിക്ക് ഇരയാകുക. പരിഹസിക്കുന്നവർ തന്നെ പരിഹസിക്കപ്പെടും. സൂക്ഷിക്കുക.

പാടവരമ്പിലെ കൊള്ളിപ്പിശാച്

എനിക്ക് ഏറ്റവും ഭയം എഴുത്തിനോടാണ്.  കാരണം, എഴുത്ത് എന്റെ ജോലിയാണ്; എഴുത്തിൽ പിഴച്ചാൽ പിന്നെ ഞാനില്ല. പക്ഷേ, എനിക്കു പേടിയില്ലാത്ത ചിലതുണ്ട്. അതിലൊന്നു പ്രേതമാണ്. കാരണം ഞാൻ പ്രേതങ്ങളെ കണ്ടിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ്.

എന്റെ വീട് എറണാകുളത്തെ പുല്ലേപ്പടിയിലാണ്; ഉമ്മ തൃപ്പൂണിത്തുറയിലും. അവധിക്കാലത്തു തൃപ്പൂണിത്തുറയിൽ പോയി നിൽക്കും. അവിടെ ഉമ്മയുടെ അനുജൻ മാമയുണ്ട്. എന്റെ കൂട്ടുകാരൻ കൂടിയായിരുന്നു മാമ.  

അങ്ങനെയിരിക്കെ, മേയ്  അവസാനത്തോടെ മണ്‍സൂ ൺ എത്തി. നല്ല രസികൻ മഴ. അവിടെ ധാരാളം പാടങ്ങളുണ്ട്. മഴയത്തു പാടത്ത് പുഴമീൻ കയറും. മീൻ വെട്ടിപ്പിടിക്കാൻ മാമയും കൂട്ടുകാരും രാത്രിയിൽ ഇറങ്ങും. ഒരു രാത്രി എന്നെയും കൂട്ടി.

പാടത്തേക്കു ചെറിയ വിളക്കും കത്തിയുമായി ഞങ്ങളുടെ സംഘം നീങ്ങുന്നതിനിടയിൽ മാമ എന്നോടു ചോദി ച്ചു, ‘നീ കൊള്ളിപ്പിശാചിനെ കണ്ടിട്ടുണ്ടോ?’

‘ഇല്ല...’ ഞാൻ പറഞ്ഞു.

‘എന്നാലിന്നു ഞാൻ കൊള്ളിപ്പിശാചിനെ കാണിച്ചു തരാം.’ മാമൻ ഉറപ്പു നൽകി.

സ്കൂളിൽ ചെന്നിട്ടു കൂട്ടുകാരോടു പിശാചിനെ വർണിച്ച് എനിക്ക് ആളാകണം. ഒാര്‍ത്തപ്പോള്‍ തന്നെ ത്രില്ലായി. ഉടനെ പേടിയും തുടങ്ങി. കൊള്ളിപ്പിശാച് ഇരുട്ടിൽ പലതായി പിരിയും, നൃത്തം ചെയ്യും, പിന്നെ ഒന്നാകും; വീണ്ടും പിരിയും. വീണ്ടും ഒന്നിച്ചു കൂടും, വീണ്ടും പിരിയും. പിശാചിന്റെ മുന്നിൽ എത്തിയാൽ അതു നമ്മുടെ രക്തം കുടിക്കും. ഇതൊക്കെയാണു കേട്ടിരിക്കുന്നത്. ഇങ്ങനെയുള്ള പിശാചിനെയാണു കാണാൻ പോകുന്നത്.  അതോടെ ത്രില്ല് ചോർന്നുപോയി പേടി മാത്രമായി.

എന്തായാലും മാമയും കൂട്ടുകാരും കൂടെയുണ്ടല്ലോ; ഞാൻ ഒറ്റയ്ക്കല്ലല്ലോ. ഞാൻ സ്വയം സമാധാനിച്ചു.

മാമ മീൻ വെട്ടിലേക്കു തിരിഞ്ഞു. എനിക്കൊരു ഉത്സാ ഹവും തോന്നിയില്ല. കൊള്ളിപ്പിശാച് എന്റെ ഉത്സാഹം എടുത്തുകൊണ്ടു പോയില്ലേ. ഞാനിടയ്ക്ക് ചോദിക്കും: ‘കൊള്ളിപ്പിശാച് ഇന്നില്ല, അല്ലേ?’

‘ഇപ്പോൾ കാണിക്കാം’ എന്ന് ഓരോ തവണയും പറഞ്ഞ് മാമ മീൻവെട്ടിൽ രസിക്കും. ഇതെന്തൊരു ക്രൂരതയാണ്. എനിക്ക് ഉത്കണ്ഠ, മാമയ്ക്ക് ഉത്സാഹം.

കുറച്ചു കഴിഞ്ഞു മാമ, മീൻവെട്ടു നിർത്തി ഇരുട്ടിലേക്കു കൈ ചൂണ്ടി പറഞ്ഞു, ‘ദേ, കൊള്ളിപ്പിശാച്.’

ഇരുട്ടിൽ ദൂരെ ഒറ്റ പ്രകാശം.

പെട്ടെന്ന് ആ ഒറ്റ പ്രകാശം പലതായി പിരിഞ്ഞു. അവ നൃത്തം ചെയ്യുന്നു. അതാ വീണ്ടും ഒന്നാകുന്നു. എനിക്കുറക്കെ കരയണമെന്നു തോന്നി. ഞാൻ കണ്ണടച്ചു. പിശാച് പോയി കാണും എന്നു വിശ്വസിച്ചു കണ്ണു തുറന്നു, ഇല്ല, നൃത്തം തുടരുകയാണ്... ഞാൻ വിറയ്ക്കാൻ തുടങ്ങി.

‘മാമ നമുക്കു പോകാം.’ ഞാനുറക്കെ പറഞ്ഞു.

‘നിനക്ക് കൊള്ളിപ്പിശാചിനെ അടുത്തു കാണണ്ടേ? കുറച്ചു കഴിയട്ടെ.’ മീൻ വെട്ടുന്നതിനിടയിൽ മാമ പറഞ്ഞു.

‘എനിക്കാരെയും അടുത്തു കാണേണ്ട. വീട്ടിൽ പോയാല്‍ മതി...’ ഞാൻ കരയുന്നതുപോലെ അപേക്ഷിച്ചു.

‘അയ്യേ... നിനക്കു പേടിയുണ്ടോ?’

ഇതിൽപരം ആക്ഷേപം  എനിക്കു കേൾക്കാനാവില്ല.  മാമയുടെ കൂട്ടുകാർ കേൾക്കെയാണ് എന്റെ ധീരതയെ ചോദ്യം ചെയ്യുന്നത്. ഞാൻ ധീരനായി കണ്ണടച്ചു നിന്നു. അധിക നേരം അങ്ങനെ നിൽക്കാൻ  കഴിഞ്ഞില്ല. കണ്ണടച്ചു നിൽക്കുമ്പോൾ കൊള്ളിപ്പിശാച് മുന്നിൽ വന്നാലോ? മാമയും കൂട്ടുകാരും ഓടി രക്ഷപ്പെട്ടാലോ? എന്റെ നിക്കർ നനഞ്ഞു.

കൊള്ളിപ്പിശാചോ പിശാചുക്കളോ... എന്തായാലും അ ത് അടുത്തടുത്തു വരികയാണ്, നൃത്തം ചെയ്തുകൊണ്ട്. അതോടെ വെളിച്ചത്തിനു മനുഷ്യരൂപവും കിട്ടി. കൊള്ളിപ്പിശാച് ഇടയ്ക്ക് മനുഷ്യരൂപം എടുക്കാറുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്.

പന്തവുമായി കൊള്ളിപ്പിശാചുകൾ കുറേക്കൂടി അടുത്തു. എല്ലാം മുണ്ടുടുത്തിരിക്കുന്നു. ചിലതു തോർത്ത് തോളത്തിട്ടിരിക്കുന്നു. ചിലതിനു തലയിൽ കെട്ടുണ്ട്. മാമയും കൂട്ടുകാരും മീൻവെട്ടു നിര്‍ത്തി. ഞാൻ ശ്വാസം വിടാതെ നില്‍ക്കുകയാണ്. മുൻപിൽ നിന്ന പിശാച് ഞങ്ങളോടു ചോദിച്ചു, ‘സമയമെന്തായിക്കാണും?’

‘പിശാചുകൾ ചുണ്ണാമ്പല്ലേ ചോദിക്കുക?’ എന്‍റെയുള്ളില്‍ സംശയം. സമയം പറഞ്ഞാലുടന്‍ അവർ ഞങ്ങളുടെ മേൽ ചാടി വീഴും, രക്തം കുടിക്കും.

‘നിങ്ങൾ എവിടുന്നു വരികയാണ്’ എന്നു മാമൻ.

‘കല്യാണം കൂടിയിട്ടു വരികയാ...’ എന്നു പറഞ്ഞവർ നടന്നു നീങ്ങി.  എനിക്കപ്പോഴാണു ശ്വാസം നേരേ കിട്ടിയത്. പിന്നെ ആലോചിച്ചപ്പോഴാണ് ഇവർ ഒന്നാവുകയും പിരിയുകയും ചെയ്തതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത്.

പാടത്തിന്റെ വരമ്പ് ഞങ്ങൾ നിൽക്കുന്നതിനു നേരേ വരുമ്പോൾ ഒരൊറ്റ പന്തമേ കാണാനാകൂ. വശങ്ങളിലേക്കു തിരിയുന്ന വരമ്പിലൂടെ  നടക്കുമ്പോൾ പലതാകുന്നു! േനർവരമ്പിലാകുമ്പോൾ ഒന്നാകുന്നു; വശങ്ങളിലേക്കു തിരിയുമ്പോൾ പലതാകുന്നു.

അന്നവരെ അടുത്തു കണ്ട് ഈ സത്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍ ഞാനായിരുന്നേനെ കൊള്ളിപ്പിശാചിന്റെ  ഏറ്റവും നല്ല പ്രചാരകൻ. പിശാചെന്നു കേട്ടാൽ ഇന്നും ഭയന്നേനെ. അല്ലെങ്കിലും വസ്തുതകൾ അടുത്തു കാണാതെ അകന്നു നിന്ന് അവ്യക്തമായി കാണുന്നതും വിലയിരുത്തുന്നതും അതിന്റെ പേരിൽ പ്രതികരിക്കുന്നതുമാണല്ലോ നമ്മുടെ പല കുഴപ്പങ്ങൾക്കും കാരണം.

director-siddique-laugh-memory

വിജയത്തിന്റെ മുന്നൊരുക്കങ്ങൾ

കലാഭവൻ മിമിക്രി ട്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന കാലം. ഞ ങ്ങൾക്ക് മുംബൈ ഷൺമുഖാനന്ദ ഹാളിൽ  മിമിക്സ് പ രേഡ് അവതരിപ്പിക്കാൻ ക്ഷണം കിട്ടി. ഞാനും റഹ്മാനും സൈനുദ്ദീനും ലാലും പ്രസാദും അൻസാറും അവിടെ എത്തി. ശനിയും ഞായറുമാണു കലാപരിപാടി. ഞായറാഴ്ച കഴിഞ്ഞാൽ പിന്നെ പിറ്റേ ശനിയാഴ്ചയേ പ്രോഗ്രാം ഉണ്ടാവൂ. ഷൺമുഖാനന്ദ ഹാൾ, വെറുമൊരു ഓഡിറ്റോറിയമല്ല. അവിടെ എല്ലാ ദിവസവും പകലും രാത്രിയും  കലാപരിപാടികൾ ഉണ്ടാകും.  മണിക്കൂർ വച്ചാണ് വാടക.  ഒരു ട്രൂപ്പ് പോയാൽ മറ്റൊരു ട്രൂപ്പ് ഉടൻ സ്റ്റേജിൽ കയറും. അത്ര തിരക്ക്. അവിടെ തന്നെ താമസസൗകര്യവും ഉണ്ട്. ഞങ്ങൾ താമസിക്കുന്നതും അവിടെ തന്നെ.

പ്രോഗ്രാമില്ലാത്ത ദിവസങ്ങളിലെ മുഖ്യ പരിപാടി അവിടുത്തെ മറ്റു പ്രോഗ്രാമുകൾ കാണുക എന്നതാണ്.  അവിടെ തന്നെ താമസിക്കുന്ന സ്ഥിരം കക്ഷികളായതിനാൽ സെക്യൂരിറ്റിക്കാരുമായി  ചെറിയ പരിചയവുമായി.

ഒരു ദിവസം ഷൺമുഖാനന്ദ ഹാൾ ഒരു സംഗീതട്രൂപ്പ് വാടകയ്ക്ക് എടുത്തതായി അറിഞ്ഞു. ഏതാനും മണിക്കൂറുകളല്ല, ഒരു മുഴുവൻ ദിവസവും അവരാണു വാടകയ്ക്ക്  എ ടുത്തിരിക്കുന്നത്. പകൽ ഗാനമേളയില്ല, പകൽ മുഴുവൻ റിഹേഴ്സലാണ്. രാത്രി ഗാനമേള. ബോളിവുഡിലെ ബപ്പി ലാഹരിയുടെ സംഘത്തിന്റേതാണു ഗാനമേള.

പിന്നീടറിയുന്നു, റിേഹഴ്സല്‍ ട്രൂപ്പിലെ ഗായകര്‍ക്കു വേണ്ടിയല്ല, ഒരു നടനുവേണ്ടിയാണെന്ന്. നടൻ മറ്റാരുമല്ല, സാക്ഷാൽ അമിതാഭ് ബച്ചൻ. അപ്പോൾ ബച്ചനാണോ ഗായകൻ? ഞങ്ങൾക്കു സംശയമായി. സെക്യൂരിറ്റിക്കാരുമായുള്ള പരിചയത്തിന്റെ പിൻബലത്തിൽ, റിഹേഴ്സൽ കാണാൻ ഞങ്ങൾ രാവിലെ തന്നെ ഹാളിൽ കയറിക്കൂടി.

ബച്ചൻ പാടി പഠിക്കുകയാണ്.  രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പാടിയും തിരുത്തി പാടിയും ബച്ചൻ റിഹേഴ്സലിൽ പങ്കെടുത്തു.  

രണ്ടു പാട്ടാണ് അവിടെ പാടി പഠിച്ചത്. വൈകിട്ട് ആറിനാണു പരിപാടി. ഞങ്ങൾ കൃത്യമായി അവിടെ ഹാജരായി.  ആറാകാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ബച്ചൻ വന്നു.  അദ്ദേഹമാണ് ചീഫ് ഗസ്റ്റ്. പ്രോഗ്രാം തുടങ്ങി. ബച്ചന്റെ ഊഴമെത്തി.  അദ്ദേഹം ഹിന്ദിയിൽ ഒരു ചെറിയ പ്രസംഗം നടത്തി വേദി വിട്ടിറങ്ങാൻ തുടങ്ങുന്നു. അപ്പോൾ പിന്നെന്തിനാണു പാട്ടു പഠിച്ചത് എന്നു ഞാൻ സംശയിച്ചിരിക്കെ, ബച്ചന്റെ പുറകിൽ നിന്നു ഗാനമേള സംഘത്തിലെ സംഗീത സംവിധായകൻ, ബച്ചൻ പാടണമെന്ന് ആവശ്യപ്പെടാൻ കാണികളോട് ആംഗ്യം കാണിക്കുന്നു.

കാണികൾ അതേറ്റെടുത്തു. ‘ബച്ചൻ പാടണം.’ അവർ ആർത്തുവിളിച്ചു. ബച്ചൻ മൈക്കിനടുത്തേക്കു വരുന്നു. തനിക്ക് പാടാനറിയില്ലെന്നും സിനിമയിൽ പാടുന്നത് താനല്ല, കഥാപാത്രം മാത്രമാണെന്നും പാട്ടു പാടാൻ  നല്ല റിഹേഴ്സൽ വേണമെന്നും തന്നെ പോകാൻ അനുവദിക്കണമെന്നും കാണികളോട്  അപേക്ഷിക്കുന്നു. പക്ഷേ, അവര്‍ സമ്മതിക്കുന്നില്ല.

ഒടുവിൽ കാണികളുെട നിര്‍ബന്ധത്തിനു വഴങ്ങിയെന്ന മട്ടില്‍ ബച്ചൻ പാടാന്‍ ഒരുങ്ങി മൈക്ക് കയ്യിലെടുക്കുന്നു.  നല്ല റിഹേഴ്സൽ ഇല്ലാതെ പാടിയാൽ ശരിയാകില്ലെന്നും തെറ്റുകുറ്റങ്ങൾ ക്ഷമിക്കണമെന്നും പറയുന്നു.  

കാണികൾ സമ്മതിക്കുന്നു. ഈശ്വരാ, പകല്‍ പല തവണ പാടി പഠിച്ചയാളാണല്ലോ ഇങ്ങനെ പറയുന്നതെന്നോ ര്‍ത്ത് വിസ്മയപ്പെട്ടു ഞങ്ങളിരിക്കുമ്പോള്‍ ഹാളില്‍ ബച്ച ന്റെ ഘനഗംഭീര ശബ്ദം, ‘തേരേ അംഗനേ മേം...’

ഗംഭീരൻ ആലാപനം. ഒരു മികച്ച ഗായകന്റെ അതേ രീതിയില്‍. കാണികൾ പ്രോത്സാഹിപ്പിക്കുന്നു. തകർപ്പൻ കയ്യടിയോടെ  ഗാനം അവസാനിക്കുന്നു.

ഞങ്ങൾ മാത്രം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇനി ര ണ്ടാമത്തെ പാട്ട് എവിടെ പ്രയോഗിക്കും എന്നായി എന്റെ സംശയം. സംശയം ഉടനെ തീർന്നു. പാട്ട് നിർത്തി ബച്ചൻ വേദി വിടാൻ ഒരുങ്ങിയതോെട, ആരും ആംഗ്യം കാണിക്കാതെ തന്നെ കാണികളിലൊരാള്‍ ആവശ്യപ്പെടുന്നു, ‘വണ്‍സ് മോര്‍... ബച്ചൻ ഒന്നുകൂടി പാടണം, പാടണം.’ കാണികള്‍ അതാവര്‍ത്തിക്കുന്നു.

ആദ്യത്തെ ഡയലോഗുകൾ ഭേദഗതിയോടെ ബച്ചൻ വീണ്ടും പറയുന്നു. കാണികൾ അടങ്ങുന്നില്ല. ബച്ചൻ വീണ്ടും വഴങ്ങുന്നു. മനസ്സില്ലാ മനസ്സോടെ എന്ന മട്ടിൽ, റിഹേഴ്സലില്ലാതെ പാടുകയാണ് അതു െകാണ്ടു ക്ഷമിക്കണം എന്നൊക്കെ വീണ്ടും പറഞ്ഞു  ബച്ചൻ പാടുന്നു.  ‘ബംബൈസെ ആയ മേരാ ദോസ്ത്...’’

ഈ പാട്ട് ബച്ചൻ പാടി തകർക്കുമ്പോൾ എന്റെ സംശയം, ഇനി ഒരു പാട്ടുകൂടി കാണികൾ ആവശ്യപ്പെട്ടാൽ ബച്ചൻ എന്തു ചെയ്യും എന്നായിരുന്നു. പക്ഷേ, പാടി തീർന്നതും കാതടപ്പിക്കുന്ന കയ്യടികളുടെ അകമ്പടിയോടെ, കാണികൾക്ക് മറ്റൊരു അഭ്യർഥന നടത്താനുള്ള ഇടവേ  ള നൽകാതെ, വിനയത്തോടെ ബച്ചൻ വേദി വിട്ടു.

അന്നും ഇന്നും എന്നെ അമ്പരപ്പിക്കുന്നതു ബച്ചന്റെ സ്റ്റേജിലെ അഭിനയമല്ല, അതിനുവേണ്ടി അദ്ദേഹം നടത്തി യ റിഹേഴ്സലാണ്.  സിനിമയിൽ പാടുന്ന നായകനെ അവതരിപ്പിക്കുന്ന ബച്ചനിൽ നിന്നു പ്രേക്ഷക ലക്ഷങ്ങൾ പാട്ട് പ്രതീക്ഷിക്കുന്നു.  അപ്രതീക്ഷിതമായ  നിമിഷത്തിൽ ആ വശ്യപ്പെട്ടാൽ പോലും  മികച്ച ആലാപനം  നൽകാൻ കഴിവുള്ളവനാണു നടനെന്ന അറിവ്, താരത്തിന് അസാധാരണ പരിവേഷം നൽകുന്നു.  ഈ പരിവേഷമാണു നടനെ അമാനുഷനാക്കുന്നത്.  

ഇത്തരം അമാനുഷികത ഉണ്ടായില്ലെങ്കിലും മുന്നൊരുക്കം നമുക്ക് ആത്മവിശ്വാസം നൽകും. തയാറെടുപ്പില്ലാതെ ഇറങ്ങിയാൽ  ചിലപ്പോൾ ജയിച്ചേക്കുമെന്നു മാത്രം. അതിനാൽ മുന്നൊരുക്കം ജീവിതത്തിന്റെ നിഷ്ഠയാക്കുന്നതാണു ബുദ്ധി. 

Siddique: A Filmmaker's Reflections on Humor and Life:

Filmmaker Siddique, known for his comedic touch, shares his life experiences, reflecting on the nature of humor and its potential pitfalls. He recounts humorous and costly incidents from his career, emphasizing the importance of preparation and the fine line between jest and offense.

ADVERTISEMENT