ആലിൻ...ഓമൽ കുരുന്നേ...നിന്റെ കരൾ ധ്രിയയ്ക്ക് പുതുജീവൻ നൽകി...മഹത്തരം ഈ ചുവടുവയ്പ്പ് Youngest Organ Donor in Kerala Gives New Life to Four
Mail This Article
നാലുപേർക്ക് പുതുജീവിതമേകി സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവെന്ന പുതുചരിത്രം കുറിച്ചാണ് ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസം പ്രായമുള്ള കുരുന്ന് ഈ ലോകം വിട്ടുപോയത്. ആ സ്നേഹകാരുണ്യം ഏറ്റുവാങ്ങിയതിലൊരാൾ ഇപ്പോഴിതാ നവജീവിതത്തിന്റെ സന്തോഷത്തിലേക്കു പിച്ചവച്ചുതുടങ്ങുന്നു.
കരളിൽ നിന്നു പിത്താശയത്തിലേക്കു പിത്തരസം എത്തിക്കുന്ന നാളികളിലെ തടസ്സം മൂലം ഉണ്ടാകുന്ന ‘ബിലിയറി അത്രേസിയ’ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോയ ധ്രിയയെന്ന ആറുമാസം പ്രായമുള്ള പിഞ്ചോമനയാണ് ആലിനിൽ നിന്നു കരൾ സ്വീകരിച്ചു പുതിയൊരു ജീവിതത്തിലേക്കു കടന്നിരിക്കുന്നത്.
ജന്മനാ ബാധിച്ച കരൾരോഗത്തെ ധ്രിയ ഇതിലൂടെ അതിജീവിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. തിരുവനന്തപുരം കിംസ് ഹെൽത്തിലാണ് ധ്രിയയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
കിംസ് ഹെൽത്തിലെ മൾട്ടിവിസറൽ ട്രാൻസ്പ്ലാന്‍റ്, ഹെപ്പറ്റോബിലിയറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്‍റ് സർജറി വിഭാഗം കൺസൾട്ടന്റും മേധാവിയുമായ ഡോ. ഷിറാസ് അഹമ്മദ് റാഥർ, ഇതേ വിഭാഗത്തിലെ ചീഫ് കോർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ. ഷബീറലി ടി.യു. എന്നിവരുടെ നേതൃത്വത്തിൽ ധ്രിയ 12 മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി.
‘‘ഇത്രയും പ്രായം കുറഞ്ഞ ഒരു ദാതാവ് അപൂർവങ്ങളിൽ അപൂർവമാണല്ലോ. അതിന്റെതായ വെല്ലുവിളികൾ കൂടുതലാണ്. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളല്ലേ. അത്രയും ശ്രദ്ധയോടെ വേണം സർജറി. ദാതാവിന്റെയും കുഞ്ഞിന്റെയും പ്രായം പരിഗണിക്കുമ്പോൾ അങ്ങേയറ്റം സൂക്ഷ്മതയോടെ വേണം ഓരോ നീക്കവും. അതിൽ വിജയിക്കാനായതിലും ധ്രിയയുടെ മാതാപിതാക്കൾക്ക് പ്രതീക്ഷയും സന്തോഷവും തിരികെ നൽകാനായതിലും ഞങ്ങളും ടീം വളരെയധികം സംതൃപ്തരാണ്’’.– ഡോ. ഷബീറലി ടി.യു. ‘വനിത ഓൺലൈനോട്’ പറഞ്ഞു.
12 സർജൻമാരുടെ സംഘമാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്. ശസ്ത്രക്രിയയെത്തുടർന്ന് കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയും കരളിന്റെ പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തു.
‘‘ആലിന്റെ മാതാപിതാക്കളോട് ഈ നിമിഷത്തിൽ എങ്ങനെയാണ് നന്ദി പറയുകയെന്ന് അറിയില്ല. അത്രയും മഹത്തരമായ ഒരു തീരുമാനമാണ് അവർ കൈക്കൊണ്ടത്. കടുത്ത വേദനയിലും ഇങ്ങനെയൊരു നല്ലപ്രവർത്തിക്കു തയ്യാറാകുകയെന്നത് വളരെ വലിയ കാര്യമാണ്’’.– ഡോ. ഷബീറലി ടി.യു. പറയുന്നു.
കരളിന് അകത്തോ പുറത്തോ ഉള്ള പിത്തനാളികൾ സാധാരണ നിലയിൽ വികസിക്കാതെ വരുമ്പോഴാണ് ‘ബിലിയറി അത്രേസിയ’ എന്ന രോഗമുണ്ടാകുന്നത്. ലോകമെമ്പാടുമുള്ള 70,000 നവജാതശിശുക്കളിൽ ഒരാളെ ഈ രോഗം ബാധിക്കാറുണ്ട്. തടസ്സപ്പെട്ട പിത്തനാളികൾ നീക്കം ചെയ്യാനും ചെറുകുടലിന്റെ ഒരു ഭാഗം ഉപയോഗിച്ച് പിത്തരസം പുറത്തേക്ക് ഒഴുകാനായി പുതിയ പാത സൃഷ്ടിക്കാനുമായി മറ്റൊരു ആശുപത്രിയിൽ കസായ് ശസ്ത്രക്രിയയ്ക്ക് ധ്രിയ വിധേയയായിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷവും, കുഞ്ഞിന് പോർട്ടൽ ഹൈപ്പർടെൻഷൻ, റിഫ്രാക്ടറി അസൈറ്റുകൾ, സിന്തറ്റിക് ഡിസ്ഫംഗ്ഷൻ ഉൾപ്പടെയുള്ള സങ്കീർണതകളുണ്ടാവുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലാണ് കുഞ്ഞിനെ കിംസ്ഹെൽത്തിലേക്ക് റഫർ ചെയ്യുന്നത്. ഇവിടുത്തെ വിദഗ്ധ ഡോക്ർമാരുടെ സംഘം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക പ്രായോഗിക മാർഗമായി നിർദേശിച്ചത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും പ്രയാസമേറിയതായിരുന്നു; തീവ്രപരിചരണ വിദഗ്ധർ, അനസ്തേഷ്യ വിദഗ്ധർ, നഴ്സുമാർ, മറ്റ് വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘത്തിന്റെ 24 മണിക്കൂർ നീണ്ട ജാഗ്രതയും ഏകോപനപരമായ പരിശ്രമങ്ങളും ഇതിന് ആവശ്യമായിരുന്നുവെന്നും ഡോ. ഷിറാസ് അഹമ്മദ് റാഥർ പറഞ്ഞു.
വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആലിന് മസ്തിഷ്കമരണം സംഭവിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനം ചെയ്യാൻ തീരുമാനിച്ചത്. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ്, മാതാപിതാക്കളായ മല്ലപ്പിള്ളി അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്. സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.
