ADVERTISEMENT

"KL7 G7, ഓർമ്മകളിലേക്ക് ഒരു റിവേഴ്സ് ഗിയർ ഇട്ട് 29 വർഷം പിറകോട്ട് ഓടിച്ചാൽ ഒരു സൂപ്പർസ്റ്റാർ ഈ കാർ ഓടിച്ചു പോകുന്നത് കാണാം. ഗായത്രി മുതൽ ലേലം വരെ മലയാള സിനിമയുടെ രാജവീഥിയിലൂടെ അഭിനയത്തിന്റെ തേരോടിച്ച് സിനിമയ്ക്ക് നവവസന്തം സമ്മാനിച്ച സോമൻ സാർ."- മലയാളത്തിന്റെ പ്രിയനടന്‍ എം ജി സോമനെ അനുസ്മരിച്ച് പ്രൊഡക്ഷൻ കണ്‍ട്രോളറായ സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. നടന്‍ സോമന്റെ വീട് സന്ദര്‍ശിച്ച സിദ്ധു പനയ്ക്കല്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.

സിദ്ധു പനയ്ക്കലിന്റെ വാക്കുകളിലേക്ക്;

ADVERTISEMENT

KL7 G7, ഓർമ്മകളിലേക്ക് ഒരു റിവേഴ്സ് ഗിയർ ഇട്ട് 29 വർഷം പിറകോട്ട് ഓടിച്ചാൽ ഒരു സൂപ്പർസ്റ്റാർ ഈ കാർ ഓടിച്ചു പോകുന്നത് കാണാം. ഗായത്രി മുതൽ ലേലം വരെ മലയാള സിനിമയുടെ രാജവീഥിയിലൂടെ അഭിനയത്തിന്റെ തേരോടിച്ച് സിനിമക്ക് നവവസന്തം സമ്മാനിച്ച സോമൻ സാർ.

ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഡബ്ബിങ്ങിനുവേണ്ടി ഞാനും അസോസിയേറ്റ് ഡയറക്ടർ ദീപക്കും ചങ്ങനാശ്ശേരിയിൽ നിന്ന് ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യുസ് തോമസിനെയും കൂട്ടി തിരുവല്ല വഴി തിരുവനന്തപുരത്തേക്ക് പോകുമ്പോൾ മാത്യൂസ് ആണ് പറഞ്ഞത് നമ്മൾ പോകുന്ന വഴിയാണ് സോമൻ സാറിന്റെ വീട് എന്ന് സജി സോമന്റെ പായസ കടയും.

ADVERTISEMENT

ഏതെങ്കിലും വഴി പോകുമ്പോൾ ആ വഴിക്ക് സിനിമാക്കാരുടെ ആരുടെയെങ്കിലും വീടുണ്ടെങ്കിൽ അവിടെ കയറാറുള്ള എന്റെ സ്വഭാവം മനസ്സിലാക്കിയിട്ടായിരിക്കാം മാത്യൂസ് അത് പറഞ്ഞത്. ഞങ്ങൾ ചെല്ലുമ്പോൾ സജി അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ പായസം കുടിച്ചിരിക്കുമ്പോഴേക്കും സജി വന്നു. ഞങ്ങൾ പരിചയപ്പെട്ടു. സോമൻ സാറിന്റെ അവസാന സിനിമയായ ലേലത്തിലും ഞാൻ കുറച്ചു ദിവസം വർക്ക് ചെയ്തിരുന്നു.

അപ്പോഴാണ് സോമൻ സാറിന്റെ പഴയ കാർ കാണാൻ പറ്റുമോ എന്ന് മാത്യൂസ് ചോദിച്ചത്. കടയിൽ നിന്ന് സജി ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സോമൻ സാറിന്റെ മാരുതി കാറിലേക്ക് നോക്കി നിന്നപ്പോൾ ജയൻ സാറിന്റെ പഴയ ഫിയറ്റ് കാർ എനിക്ക് ഓർമ്മ വന്നു. സുകുമാരൻ സാറിന്റെ ബെൻസ് കാർ ഓർമ്മ വന്നു. മദ്രാസ് palmgrove ഹോട്ടലിൽ ജയൻ സാറിന്റെ കാർ ഞാൻ കണ്ടിട്ടുണ്ട്.

ADVERTISEMENT

രാമരാജ്യം എന്ന നാടകത്തിലെ സോമൻ സാറിന്റെ അഭിനയം കണ്ടിട്ടാണ് മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ ഭാര്യ വേണി മാഡം "ഗായത്രി" എന്ന സിനിമയിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്തത് എന്ന് കേട്ടിട്ടുണ്ട്.1973 ൽ ഗായത്രി എന്ന സിനിമയിലെ രാജാമണി എന്ന വേഷത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്.

73 ൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം നാലുവർഷത്തിനുള്ളിൽ 1977 ൽ  മാത്രം 47 സിനിമയിൽ അഭിനയിച്ചു. എഴുപതുകളിലും 80 കളിലും പ്രേംനസീർ എന്ന ധ്രുവ നക്ഷത്രം കത്തിജ്വലിച്ചു നിൽക്കുമ്പോൾ തന്നെ സോമൻ, സുകുമാരൻ, ജയൻ ത്രയങ്ങളുടെ  അഴിഞ്ഞാട്ടമായിരുന്നു സിനിമ ലോകത്ത്.

ഇതിൽ ഏറ്റവും ഹൃസ്വമായ സമയം അനുവദിച്ചു കിട്ടിയ താരമായിരുന്നു ജയൻ, 6 വർഷം. റോക്കറ്റ് പോലെ കുതിച്ചുയർന്ന ജയൻ സാറിന്റെ സിനിമ ജീവിതം ആകാശത്തുതന്നെ കത്തിയമർന്നു. ആ അന്ത്യത്തിന് നേർസാക്ഷികളാവാൻ സോമൻ സാറും സുകുമാരൻ സാറും ഉണ്ടായിരുന്നു എന്നത് വിധിയുടെ വിളയാട്ടമാകാം.

എന്റെ രണ്ടാമത്തെ സിനിമ മുതൽ നിരവധി സിനിമകൾ സോമൻ സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. സോമൻ സാറിന്റെ വീട്ടുമുറ്റത്ത് നിന്നപ്പോൾ എന്തൊക്കെ ഓർമ്മകളാണ് മനസ്സിൽ കൂടി കയറി ഇറങ്ങിപ്പോയത്. ദുഃഖവും മധുരവും കലർന്ന ഓർമ്മകൾ. സജീ സോമന്റെ പായസത്തിനു പക്ഷേ നല്ല മധുരമാണ്.

Remembering M.G. Soman:

Remembering the iconic Malayalam actor M.G. Soman, a poignant social media post by production controller Sidhu Panakkal revisits memories, including a visit to the late actor's home and a glimpse of his vintage car. The post highlights Soman's significant contributions to Malayalam cinema, from his debut in 'Gayathri' to his impactful roles in films like 'Lelam', and fondly recalls his acting prowess during the golden era of Malayalam films.

ADVERTISEMENT