‘ദൈവത്തിനങ്ങനെ ജാതിയോ മതമോ ഇല്ല, അല്ലെങ്കിൽ ആ സമയത്തു വാസുവായി എന്റെ മുന്നിൽ വരുമോ?’: ഇന്നസന്റ് കഥകള്‍ Actor Innocent Childhood Memories
Mail This Article
കുട്ടിക്കാലത്തെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും ഇരുപതുവര്‍ഷം മുന്‍പ് ഇന്നസന്റ് (Actor Innocent) വനിതയോടു കുറേ കഥകള്‍ പറഞ്ഞു
ഇരിങ്ങാലക്കുടയിൽ നാലഞ്ചു സ്കൂളുകളേയുള്ളു. നാലു സ്കൂളിലും ഞാൻ മാറി മാറി പഠിച്ചിട്ടുണ്ട്. കാരണം പരീക്ഷ കഴിഞ്ഞു വരുമ്പോൾ എന്റെ ചേട്ടൻ സ്റ്റാൻസിലാവോസ് ക്വസ്റ്റ്യൻ പേപ്പർ വാങ്ങി ഉത്തരങ്ങൾ ചോദിക്കും. ഞാൻ തത്ത പോലെ എല്ലാം പറയും. പക്ഷേ, ഉത്തരക്കടലാസിൽ എനിക്ക് ഒന്നോ ര ണ്ടോ മാർക്കേ കാണൂ. അതിൽ നിന്നു വീട്ടുകാർക്ക് ഒരു കാര്യം മനസിലായി, ഓർമയില്ലെന്നതാണ് എന്റെ പ്രശ്നം. ചില സമയത്ത് ഓർമ കിട്ടും. അല്ലാത്തപ്പോൾ ഇല്ല. പിന്നെ അധ്യാപകരുടെ കുഴപ്പവും പഠിപ്പിക്കലിന്റെ രീതിയും ഒക്കെ പ്രശ്നമാണ്. അങ്ങനെ ഉത്തരപേപ്പര്‍ കിട്ടുന്ന ദിവസങ്ങളില്‍ പഠിപ്പിച്ച അധ്യാപകരെ കുറ്റപ്പെടുത്തിയും പഠിച്ച സ്കൂളിനെ ശിക്ഷിച്ചും ഞാൻ കൂളായി നടന്നു, ഓരോ തവണയും ഞാൻ തോൽക്കുമ്പോൾ അവർ സ്കൂൾ മാറ്റും. അങ്ങനെ സ്കൂളുകൾ മാറി മാറി ഞാൻ മടുത്തു.
മിക്ക ദിവസവും ഞങ്ങളുടെ യാത്ര അമ്മന്നൂർ മാധവചാക്യാരുടെ പറമ്പിലൂടെയായിരുന്നു. സ്കൂളിൽ പോകാൻ ആ വഴി പോകേണ്ട ഒരു കാര്യവുമില്ല. പക്ഷേ, വേലി കെട്ടിത്തിരിക്കാത്ത പറമ്പല്ലേ? ഞങ്ങൾ ചാക്യാരു പറമ്പിൽ കയറി അവിടെയുള്ള ഇലവർഗത്തിന്റെ ഇല പൊട്ടിച്ചു കൈയ്യിൽ വച്ചു. അവിടെ കുളമുണ്ട്. രാവിലെ ചാക്യാർ ആ കുളത്തിലാണു കുളിക്കുന്നത്. ഒരു ദിവസം ഞങ്ങൾ പോകുമ്പോൾ കുളത്തിലെ വെള്ളം അനങ്ങുന്നില്ല. അപ്പോൾ ചാക്യാർ സ്ഥലത്തില്ലെന്നു മനസിലാകുകയും രണ്ട് ഇളനീരിട്ടാലോ എന്നു ചിന്തിക്കുകയും ചെയ്തു. അപ്പോൾ ഞാൻ ചാത്തൂട്ടിയെന്ന സുഹൃത്തിനോട് ‘നീ കയറി ഇട്’ എന്നു പറഞ്ഞു.
അവൻ പറഞ്ഞു, ‘ഞാനില്ല. തമ്പുരാനറിഞ്ഞാൽ കുഴപ്പമാണ്.’ എന്നാൽപ്പിന്നെ ഞാൻ തന്നെ കയറാമെന്നായി. ഞാൻ തെങ്ങിൽക്കയറി. രണ്ട് ഇളനീർ അടർത്തി അതുമായി താഴേക്കു വരികയാണ്. അപ്പോൾ ദാ ചാക്യാർ തെങ്ങിനു ചുവട്ടിൽ. തെങ്ങിൽ നിന്നു ഭൂമിയിലേക്കുള്ള വഴിമധ്യേ നടുവിലിരിക്കുകയാണു ഞാൻ. രണ്ടും കയ്യും വിട്ടു താഴെ വീണു ചത്താലോ എന്നു തോന്നിപ്പോയി. കാരണം, മോഷണത്തേക്കാൾ വലയൊരു നാണക്കേടില്ല.
എന്റെ വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ നാളികേരമുണ്ട്. ഈ തെങ്ങിൽക്കയറിയതും ഇളനീരിടുന്നതും വേണ്ടിയിട്ടല്ല. വെറുതെ ഒരു കുസൃതി! ചാക്യാരെക്കണ്ടതും എന്റെ കൂടെയുള്ള ബാലചന്ദ്രനും രവിയും ചാത്തുക്കുട്ടിയും അവിടെ നിന്നു മുങ്ങി. ഞാൻ തെങ്ങിൽ തന്നെ കുറച്ചു നേരം ഇരുന്നു. പക്ഷേ, തെങ്ങുകയറ്റം നമുക്കു ശീലമില്ലല്ലോ. കാലു കഴയ്ക്കുന്നു. ചാക്യാർ എന്നെ നോക്കി അ തേ നിൽപാണ്. ഞാൻ പതിയെ താഴേക്കിറങ്ങി. ചാക്യാർ ഒന്നും മിണ്ടാതെ നിൽക്കുന്നു. കയ്യിൽ ഒരു സോപ്പു പെട്ടിയുണ്ട്. ഒറ്റതോർത്ത് ഉടുത്തിട്ടുണ്ട്. ഇറങ്ങി വരുമ്പോൾ അ ദ്ദേഹം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്റെ ജീവൻ പോയി. കാരണം, ആ സമയത്തു പുഞ്ചിരിയല്ല നമുക്കാവശ്യം. ഞാൻ പതിയെ താഴേക്കിറങ്ങി. ചോറ്റുപാത്രവും പുസ്തകവുമെടുത്തു. ചാക്യാർ ചോദിച്ചു. ‘‘എവിടേക്കാണാവോ യാത്ര?’’ എനിക്കു വാക്കുകൾ കിട്ടുന്നില്ല.
അപ്പോൾ അദ്ദേഹം പിന്നെയും ചോദിച്ചു. ‘എവിടേക്കാണാവോ യാത്ര?’
ഞാൻ വളരെ വിഷമിച്ചു പറഞ്ഞു, ‘‘പള്ളിക്കൂടത്തിലേക്ക്...’’
‘‘ഓ! പള്ളിക്കൂടത്തിലേക്കാണല്ലേ?’’ ചാക്യാർ പറഞ്ഞു. ‘‘പള്ളിക്കൂടത്തിലേക്കാണെങ്കിൽ നേരെ വഴിയിലൂടെയും പോകാം. (തെങ്ങിൻ മുകളിലേക്ക് ചൂണ്ടി) ഇങ്ങനെ മുകളിലേക്ക് കയറി താഴേക്കിറങ്ങിയും പോകാം....’’
ഇതു പറഞ്ഞ് അദ്ദേഹം നടന്നങ്ങുപോയി. ഞാൻ ആകെ തകർന്നുപോയി. വേഗം നടന്നു കൂട്ടുകാരുടെ അടുത്തു ചെന്നു. അപ്പോൾ അവര്‍ ചോദിക്കുകയാണ്, ‘‘എന്തായാലും അങ്ങേരു കണ്ടു. എന്നാപ്പിന്നെ ഇളനീരങ്ങു കൊണ്ടു പോരരുതായിരുന്നോ?’’
ഞാൻ പറഞ്ഞു. ‘‘ചാക്യാരുടെ ചോദ്യം കേട്ടാൽ അതെടുക്കാൻ തോന്നില്ല.’’
ഞാനെന്റെ അപ്പനെയും അയൽക്കാരെയും ഓർത്തു. അവരായിരുന്നു ചാക്യാരുടെ സ്ഥാനത്തെങ്കിൽ എങ്ങനെ പ്രതികരിച്ചേനെയെന്നു ചിന്തിച്ചു. ‘കള്ളാ, നീ തേങ്ങ കട്ടോ...’ എന്നു ചോദിച്ചു വഴക്കു പറയും. പക്ഷേ, അപ്പോൾ നമുക്കൊരു മനഃസമാധാനം കിട്ടിയേനെ. പക്ഷേ, അന്നു ചാക്യാർ പ്രതികരിച്ച രീതി ഇന്നും മനസിൽ മുള്ളു പോലെ തറഞ്ഞു കിടക്കുന്നു.
നൂറു തവണ യൂറോപ്പ് ഇംപോസിഷന്‍
ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിൽ ഞാന്‍ പഠിച്ചിട്ടുണ്ട്. അന്നു വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു ഹെഡ്മാസ്റ്റർ. അവിടെ ഞാൻ ഏഴാംക്ലാസ്സിൽ പഠിക്കുന്ന കാലം. എല്ലാ ക്ലാസ്സിലും തോറ്റുതോറ്റു പഠിക്കുന്നതു െകാണ്ട് എനിക്കു നല്ല പ്രായമുണ്ട്. കൂടെ പഠിച്ചു തുടങ്ങിയ പലരും അപ്പോള്‍ പ്രീഡിഗ്രിക്കാണ്. ആ വർഷം സരസ്വതി എന്നു േപരുള്ള ഒരു പുതിയ ടീച്ചർ പഠിപ്പിക്കാൻ വന്നു. സോഷ്യൽ സ്റ്റഡീസാണു പഠിപ്പിക്കുന്നത്. ഇംപോസിഷന്റെ ആളാണ് ഈ ടീച്ചർ.
ഒരിക്കൽ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ തോമസ് എന്ന കുട്ടിയിരുന്ന് ഉറങ്ങി. ഞാനതു ടീച്ചറെ വിളിച്ചു കാണിച്ചു. ടീച്ചർ അവനെ എഴുന്നേൽപിച്ചു. ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്ന അവൻ എന്നോട് ‘എന്താടാ പറയേണ്ടത്’ എന്നു ചോദിച്ചു. ‘കാത്തു സൂക്ഷിക്കുന്നു’ എന്നു പറയാൻ ഞാൻ പറഞ്ഞു. ഒരു കാര്യവുമില്ലാതെ അവൻ എഴുന്നേറ്റു നിന്നു ‘കാത്തു സൂക്ഷിക്കുന്നു’ എന്നു പറഞ്ഞു.
ക്ലാസ്സിൽ ചിരിയായി. ടീച്ചർ ദേഷ്യപ്പെട്ടു. ടീച്ചർ ചോദ്യം ചെയ്തപ്പോൾ അവൻ ഉള്ള സത്യമെല്ലാം പറഞ്ഞു. ഞാനാണ് പാര വച്ചതെന്നു ടീച്ചർക്കു മനസിലായി. എന്നെ എഴുന്നേൽപിച്ചു യൂറോപ്പിനെപ്പറ്റി പറയാൻ പറഞ്ഞു. എനിക്കെന്തറിയാം? അതുകൊണ്ട് ഈ ടീച്ചർ എനിക്ക് ഒരു ഇംപോസിഷൻ തന്നു. യൂറോപ്പ് എന്ന പാഠം മുഴുവൻ നൂറു തവണ ഇംപോസിഷൻ എഴുതണം.
ഇതു പറയുന്നതു വെള്ളിയാഴ്ചയാണ്. നൂറു തവണ ആ പാഠം മുഴുവൻ എഴുതാനുള്ള കടലാസ് വാങ്ങിക്കണമെങ്കിൽ എന്റെ പറമ്പ് വിൽക്കണം. ടീച്ചർക്ക് എന്നോടുള്ള ദേഷ്യം കൂടി ഈ ഇംപോസിഷന്റെ പിന്നിലുണ്ട്. അല്ലാതെ പഠിക്കാൻ വേണ്ടിയല്ല.
സംഭവം വീട്ടിലറിഞ്ഞാലും കുഴപ്പമാണ്. ഞാനങ്ങനെ വീട്ടിലിരുന്ന് ഒന്നും എഴുതാറില്ല. ഞായറാഴ്ചയായപ്പോൾ എനിക്കു മനസിലായി, ഇതു കൈവിട്ടുപോയി എന്ന്. അ പ്പോൾ ഞാൻ നേരെ ടീച്ചറുടെ വീട് അന്വേഷിച്ചു കണ്ടു പിടിച്ച് അവിടെ ചെന്നു.
ചെത്തിപ്പറമ്പ് എന്ന സ്ഥലത്താണു ടീച്ചറുടെ വീട്. ഞാൻ സൈക്കിൾ വാടകയ്ക്ക് എടുത്താണു ചെന്നത്. അ വിടെ ചെല്ലുമ്പോൾ കുറേ ചെരിപ്പുകളൊക്കെ പുറത്തു നിരന്നു കിടക്കുന്നു. എന്തോ വിശേഷമുണ്ടെന്നു മനസിലായി. ഞാൻ െബല്ലടിച്ചു കാത്തു നിന്നു. ടീച്ചറുടെ അച്ഛൻ പുറത്തു വന്ന പാടെ എന്നെയൊന്നു നോക്കി. കാര്യം ഏഴിലാണു പഠിത്തമെങ്കിലും എനിക്കു മീശയൊക്കെയുണ്ട്. ടീച്ചറാണെങ്കിൽ ചെറുപ്പം. എന്നെക്കണ്ടിട്ട് ഒരു പൂവാലനാണെന്നു തോന്നിക്കാണും. ‘എന്താടോ കാര്യം’ എന്നു ചോദിച്ചു. ‘ടീച്ചറെ കാണണം’ എന്നു പറഞ്ഞു.
ടീച്ചർ വന്നു. കുളിയൊക്കെ കഴിഞ്ഞു ചന്ദനക്കുറിയൊക്കെ ചാർത്തി ഒരുങ്ങിയാണ് വന്നത്. എന്നെ കണ്ടതും ടീച്ചറുടെ മുഖം ഇരുണ്ടു.
‘ടീച്ചറേ ഇംപോസിഷന്റെ കാര്യം പറയാനാണ്.’
‘സ്കൂളിലെ കാര്യം സ്കൂളിൽ. അതു വീട്ടിൽ വന്നു പറയണ്ട.’ ടീച്ചര്‍ പറഞ്ഞു.
‘ടീച്ചറേ എനിക്കു നൂറു തവണ എഴുതിത്തീർക്കാൻ പറ്റിയില്ല.’
‘അതൊന്നും എനിക്കു കേൾക്കണ്ട. താൻ ഇംപോസിഷനും എഴുതി നാളെ ക്ലാസ്സിൽ വന്നാൽ മതി’ എന്നു പറഞ്ഞു ടീച്ചറങ്ങു പോയി.
ഞാൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. അപ്പോൾ കുറ ച്ചു നേരത്തെ വീട്ടിൽ നിന്നു പുറത്തേക്കു പോയ പാലുകാരൻ തിരികെ വരുന്നതു കണ്ടു. ‘ഇവിടെന്താ വിശേഷം’ എന്നു ഞാൻ അന്വേഷിച്ചു. അയാൾ പറഞ്ഞു, ‘അയ്യോ, ഇന്നു സരസ്വതി ടീച്ചറെ പെണ്ണു കാണാൻ വരികയല്ലേ?’
അപ്പോൾ എന്റെ ബുദ്ധി പ്രവർത്തിച്ചു. ഓഹോ, അങ്ങനെയാണെങ്കിൽ ഞാൻ ഈ നേരത്ത് ഇവിടെ നിന്നാൽ ടീച്ചർക്കു കുറച്ചു കൂടി പ്രശ്നമാകും. എങ്കിൽ അതുവച്ചു മുതലെടുത്തു കളയാം. ഇന്നതൊക്കെ ഓർക്കുമ്പോൾ ഭയങ്കര വിഷമമുണ്ട്. എന്നാലും അപ്പോൾ അങ്ങനെ വിഷമം തോന്നിയില്ല. നേരേ പോയി പിന്നെയും െബല്ലടിച്ചു. വീണ്ടും ടീച്ചറുടെ അച്ഛൻ വന്നു. എന്നെക്കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു. ‘ടീച്ചറെ കണ്ടില്ലേ’ എന്നു ചോദിച്ചു. ‘പറയാൻ പറ്റിയില്ല, അപ്പോഴേക്കും ടീച്ചറങ്ങു പോയി’ എന്നു ഞാൻ മറുപടി കൊടുത്തു. അദ്ദേഹം അകത്തുപോയി ടീച്ചറെ പറഞ്ഞു വിട്ടു. ‘ഇയാളിതുവരെ പോയില്ലേ’ എന്നു ചോദിച്ചു ടീച്ചർ ദേഷ്യത്തോടെ വന്നു. ഞാൻ പറഞ്ഞു ‘വേറൊന്നുമില്ല ടീച്ചറേ. എനിക്കു നാളെ ഇംപോസിഷൻ നൂറു തവണ എഴുതാൻ പറ്റില്ല. എന്നെക്കൊണ്ടു പറ്റാഞ്ഞിട്ടാ ടീച്ചറേ...’ ആ സമയത്ത് പടിക്കൽ ഒരു കാറു വന്നു നിന്നു. മൂന്നു നാലാളുകൾ പുറത്തിറങ്ങി. ടീച്ചർ ആകെ നെർവസ് ആയി പെട്ടെന്നു പറഞ്ഞു, ‘പോയ്ക്കോ പോയ്ക്കോ...’
‘അപ്പോൾ ഇംപോസിഷൻ?’
‘വേണ്ട...എഴുതണ്ട...’ എന്നു പറഞ്ഞു ടീച്ചർ വേഗം അകത്തു പോയി. കാരണം, ടീച്ചർക്കു മനസിലായി ഞാൻ പെണ്ണുകാണൽ മുതലെടുക്കാൻ വേണ്ടിത്തന്നെയാണ് അവിടെ നിൽക്കുന്നതെന്ന്.
തിങ്കളാഴ്ച രാവിലെ ഞാൻ ഉല്ല ഉഷാറായിട്ടു ക്ലാസിൽ ചെന്നു. കുട്ടികളൊക്കെ ടീച്ചർ ഇംപോസിഷൻ ചോദിക്കുന്നതും എന്നെ പിടിച്ചു പുറത്താക്കുന്നതും കാണാൻ കാത്തിരിക്കുകയാണ്. പക്ഷേ, ടീച്ചർ എന്നോടൊന്നും ചോദിച്ചില്ല. ടീച്ചറിന്റെ പെണ്ണുകാണൽ സംഭവം ഞാനും പുറത്തു പറഞ്ഞില്ല.
കുറച്ചു നാൾ മുമ്പു ഞാൻ യൂറോപ്പിൽ പോയി. ബെൽജിയം എന്ന സ്ഥലത്തു വച്ചു ഞാൻ സരസ്വതി ടീച്ചറെ ഓർത്തു. ഇതാണു ടീച്ചർ നമ്മളെ പഠിപ്പിക്കാൻ ശ്രമിച്ച യൂറോപ്പ്. അതോർത്തു ഞാനിരുന്നു ചിരിച്ചു. അപ്പോൾ ഭാര്യ ആ ലീസ് എന്നോടു ചോദിച്ചു, ‘എന്താണ് ഭ്രാന്തായിപ്പോയോ’. ഞാൻ പറഞ്ഞു. ‘അതല്ലെടീ, ഞാൻ സരസ്വതി ടീച്ചറെ ഓർത്തുപോയി. ഇതാണ് എന്നെക്കൊണ്ടു നൂറു തവണ എഴുതിപ്പിക്കാൻ ടീച്ചർ ശ്രമിച്ച യൂറോപ്പ്.’
ബുദ്ധിജീവികളെ ആര്‍ക്കാണു പേടി
ഇരിങ്ങാലക്കുട മുനിസിപ്പൽ വാർഡിൽ ഒരു പാലമുണ്ട്. ആ പാലത്തിൽ ഞാനും എന്റെ കൂട്ടുകാരായ ബാലചന്ദ്രനും രവിയും ഒക്കെ അങ്ങനെ ഇരിക്കും. എങ്ങനെയെങ്കിലും ഒന്നു ശ്രദ്ധിക്കപ്പെടണമെന്നു മാത്രമേ മനസ്സിലുള്ളൂ. സിനിമയെക്കുറിച്ചു ഞങ്ങൾ കാര്യമായി ചർച്ച ചെയ്യും. ഞങ്ങളുടെ ചർച്ചകളിൽ സംവിധായകന്‍ അരവിന്ദന്റെ സിനിമകളാണു നിറഞ്ഞു നിൽക്കാറ്. എങ്കിലല്ലേ ബുദ്ധിജീവികളാവുകയുള്ളൂ?
എനിക്കു വിദ്യാഭ്യാസം കുറവാണെങ്കിലും കൂട്ടുകാരൊക്കെ എം.എക്കാരും എൽ.എൽ.ബിക്കാരും ആയിരുന്നു. അവരുമായിട്ടു സൗഹൃദം സൂക്ഷിക്കാൻ വേണ്ടി ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ ഞാൻ ആധികാരികമായി സംസാരിക്കും. ബുദ്ധിജീവികളായതു െകാണ്ട് ഞങ്ങള്‍ ചായയോടൊപ്പം വടയേ കഴിക്കൂ.
ആയിടയ്ക്ക് ഇരിങ്ങാലക്കുടയിലുള്ള ബുദ്ധി ജീവികൾ ഒരുമിച്ച് ഒരു യോഗം ചേരാൻ തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാർട്ടികൾ ഒറ്റപ്പാർട്ടിയായിരുന്ന കാലത്ത് എം.എൽ.എ ആയി ജയിച്ച കെ.വി.കെ.വാരിയര്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം കെ.ആർ.ഗൗരിയമ്മയുടെ പിഎ ആയിരുന്നു.
സംവിധായകന്‍ മോഹന്റെ ‘മോഹനമന്ദിരം’ എന്ന വീട്ടിൽ സമ്മേളിക്കാനാണു ബുദ്ധിജീവികൾ തീരുമാനിച്ചിരുന്നത്. ആകെപ്പാടെ പത്തു ബുദ്ധിജീവികളേ അന്ന് ആ പരിസരത്തുള്ളു. യോഗത്തിൽ കേശവൻ വൈദ്യർ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞു. ഞാൻ കെ.വി.കെ.വാരിയരോടു ചോദിച്ചു. ‘സാർ പോകുന്നുണ്ടോ?’
‘ഉണ്ട്. നീയും പോരൂ. നീയും ഒരു ബുദ്ധിജീവിയാണെന്ന് എനിക്കറിയാം. അങ്ങനെ ഞാനും അദ്ദേഹവും കൂടി യോഗത്തിനു പോയി.
ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടയിലാണു ‘ബുദ്ധിജീവികൾക്കിടയിൽ കേശവൻ വൈദ്യർക്കെന്തു കാര്യം. അദ്ദേഹം ബിസിനസുകാരനല്ലേ...’ എന്ന ചോദ്യം വാരിയര്‍ ഉന്നയിച്ചത്. ബിസിനസുകാരനെ ബുദ്ധിജീവിയായി കൂട്ടാൻ പറ്റില്ല. അതുകൊണ്ടു ഞാൻ ഇറങ്ങിപ്പോകുന്നു എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ കൂടെ ഞാനും ഇറങ്ങി. കാരണം ഞാനുമൊരു ബുദ്ധിജീവിയാണല്ലോ?
പിന്നീട് ഇരിങ്ങാലക്കുടയിൽ ഞാനൊരു വാർത്ത പ്രചരിപ്പിച്ചു. വൈദ്യരെ ബുദ്ധിജീവി യോഗത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചു ഞാൻ ഇറങ്ങിപ്പോയെന്ന്. അതോടെ ഞാന്‍ നാട്ടിലെ അംഗീകൃത ബുദ്ധിജീവിയായി.
െെദവം പ്രത്യക്ഷപ്പെട്ടു വാസുവിന്‍റെ രൂപത്തില്‍
സിനിമാ മോഹവുമായി മദ്രാസില്‍ എത്തിയ കാലം. 30 രൂപ മാസ വാടകയ്ക്ക് ഉമ ലോഡ്ജിലാണു താമസം. സംവിധായകന്‍ മോഹന്‍റെ സഹായം കൊണ്ട് എനിക്ക് ഒന്നു രണ്ടു സിനിമകളിൽ കുഞ്ഞുകുഞ്ഞു േവഷങ്ങൾ കിട്ടി.
ഒരു ദിവസം ഞാൻ ഉമാ ലോഡ്ജിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ റോഡിൽ ഒരു രൂപം. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലായി. വാസു. നാട്ടുകാരനാണ്, വീട്ടിലെ കൂലിപ്പണിക്കാരന്റെ മകന്‍. എന്നെയാണ് അന്വേഷിക്കുന്നതെന്നും അതു പൈസ കടം ചോദിക്കാനാണെന്നും മനസ്സിലായി. ഞാന്‍ പയ്യെ കസേരയില്‍ നിന്നു താഴേക്ക് ഊര്‍ന്നിറങ്ങി നിലത്തു കൂടി നിരങ്ങി നിരങ്ങി മോഹന്റെ മുറിയിൽ ചെന്നു കാര്യം പറഞ്ഞു. മോഹൻ പറഞ്ഞു ‘തൽക്കാലം ഞാൻ രക്ഷിക്കാം. പക്ഷേ, ഇതുപോലെ എന്നെയും ചിലപ്പോൾ രക്ഷിക്കേണ്ടി വരും.’ മോഹന്‍ തന്ന കാശുെകാടുത്ത് അന്നു വാസുവിനെ പറഞ്ഞു വിട്ടു.
ഒന്നര മാസം കഴിഞ്ഞു. ആ സമയത്ത് നെല്ല് എന്ന സിനി മയിൽ റോൾ കിട്ടി. കുറച്ചു രൂപ കിട്ടി. വാടക തീർത്തു. പറ്റു തീർത്തു. പിന്നെയും ദാരിദ്ര്യമായി. ആ സമയത്താണു ഠിം എന്നു പറഞ്ഞു പിന്നെയും വാസു. അന്നും അരമതിലിന്റെ ചുവട്ടിലേക്കു താഴ്ന്നു നിരങ്ങി മുറിയിലേക്കു പോയി. അന്നു പതിമൂന്നു മുറികളുടെ മുന്നിലൂടെ നിരങ്ങിയാണ് എെന്‍റ മുറിയിലെത്തി രക്ഷപ്പെട്ടത്.
മാസങ്ങള്‍ കഴിഞ്ഞു വീണ്ടും പണമൊക്കെ തീര്‍ന്ന ഒരു ദിവസം. കയ്യിലുള്ള രണ്ടു രൂപയും കൊണ്ടു ഞാൻ മദ്രാസിലെ പാരിസ് എന്ന സ്ഥലത്തു ചിട്ടിക്കമ്പനി നടത്തുന്ന സ്റ്റീഫൻ എന്ന ബന്ധുവിനെ കാണാൻ പോയി. ഊണു കഴിക്കാ ൻ പൈസയില്ല. ഉപ്പിട്ട തക്കാളി ജ്യൂസിന് 25 പൈസയാണ് വില. അതു വാങ്ങി കുടിച്ചു. സ്റ്റീഫന്റെ ചിട്ടിക്കമ്പനിയുടെ മുന്നിൽ ചെന്നപ്പോൾ വലിയ ആൾക്കൂട്ടം. ചിട്ടിക്കമ്പനി പൊളിഞ്ഞു. നിക്ഷേപകര്‍ രോഷാകുലരായി നിൽക്കുകയാണ്. അതിനിടെ അയാളുടെ കസിനാണു ഞാന്‍ എന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ എന്നെ കൈവയ്ക്കും. ഞാൻ തിരിച്ചു കോടമ്പാക്കത്തേക്കു നടന്നു.
ഉമാലോഡ്ജിലേക്കുള്ള വഴിയിലൂടെ, ഞാൻ കുനിഞ്ഞാണു നടക്കുന്നത്. വഴിയിലെവിടെയെങ്കിലും ഒരു അമ്പതു രൂപാ നോട്ട് കിടന്നാൽ അതു കാണാതെ പോകരുതല്ലോ. കുട്ടിക്കാലം മുതല്‍ മെഴുകുതിരി കത്തിച്ചതിന്റെ സ്നേഹം പോലും കാശില്ലാത്ത സമയത്തു നമ്മളോടു കാണിക്കാത്തതിലുള്ള അമർഷം എനിക്കിപ്പോള്‍ ദൈവത്തോടുണ്ട്.
ലോഡ്ജിന്റെ ഗേറ്റിലെത്തിയപ്പോൾ ദാ, പിന്നെയും വാസു. തല കറങ്ങി ഞാൻ അവിടെത്തന്നെയിരുന്നു. വാസു ഒാടി അരികില്‍ വന്നു. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയിച്ചു. പിന്നെ പറഞ്ഞു, ‘ഞാനിപ്പോൾ വന്നതെന്തിനാണെന്നറിയാമോ? പെങ്ങളുടെ കല്യാണത്തിനായി കുറച്ചു പൈസയുണ്ടാക്കിയിരുന്നു. കുറേ നാളുകൾക്കു മുമ്പ് അതു മോഷണം പോയി.’
ആ പൈസ ഞാൻ കടം കൊടുക്കണമെന്ന് ഇവനിപ്പോ ൾ പറയുമല്ലോ എന്നോര്‍ത്ത് എന്റെ തല വീണ്ടും കറങ്ങി. ‘എന്റമ്മോ’ എന്ന് ഒച്ച പുറത്തു വരാതെ നിലവിളിച്ചു. അ പ്പോൾ വാസു തുടര്‍ന്നു, ‘ഇപ്പോൾ എെന്‍റ കയ്യിൽ കുറച്ചു രൂപയുണ്ട്. അത് ഇന്നസന്റ് ചേട്ടൻ ഒന്നു സൂക്ഷിക്കണം.’ പിന്നീട് എന്റെ കയ്യിൽ 680 രൂപ വച്ചു തന്നു.
ആരാ പറഞ്ഞത് മെഴുകുതിരികൾ കത്തിച്ചിട്ടും ദൈവം നന്ദി കാട്ടില്ലെന്ന്. ദൈവം നല്ലവനാണ്. ഞാൻ മനസിൽ പ്രാ ർഥിച്ചു. കാശ് കൈയിൽ കിട്ടിയതോെട ഞാന്‍ ഉഷാറായി. ‘എന്താ വാസു ചായ കുടിക്കുന്നോ’ എന്നൊക്കെ ചോദിച്ചു. അവന്‍ പറഞ്ഞു ‘ചേട്ടാ എനിക്ക് ഏഴു മണിക്ക് കടയിൽ ഡ്യൂട്ടിക്കു കേറണം.’
‘എന്നാ പിന്നെ നീ പൊയ്ക്കോ. കാശെപ്പെഴാ വേണ്ടതെന്നു വച്ചാൽ ചോദിച്ചാൽ മതി.’
‘ഉടനെയൊന്നും വേണ്ട ചേട്ടാ. പെങ്ങളുടെ കല്യാണത്തിനു മതി.’ എന്നു പറഞ്ഞ് അവൻ മടങ്ങിപ്പോയി.
അങ്ങനെ ദൈവത്തെ ഞാൻ വാസുവിന്റെ രൂപത്തിൽ നേരിട്ടു കണ്ടു. മതസൗഹാർദം എന്നു പറയുന്നതു സത്യത്തില്‍ ഇതാണ്. ദൈവത്തിന് അങ്ങനെ ജാതിയോ മതമോ ഒന്നു പ്രത്യേകമായിട്ടില്ല. അല്ലെങ്കിൽ ആ സമയത്തു വാസുവായി എന്റെ മുന്നിൽ വരുമോ?
(2023 ഏപ്രില്‍- മേയ് ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം)