ADVERTISEMENT

‘ഒരു ദിവസം ഞാൻ ഇന്നസെന്‍റിനോടു ചോദിച്ചു. ആ ടെർളിൻ ൈവറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും....’-  ആലീസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ.

ദാവനഗരെയിൽ വന്നിട്ടു മാസം ഒന്നായെങ്കിലും ഇന്നസെന്റ്് കമ്പനിയിലേക്കു പോകുന്നതൊന്നും ഞാൻ കണ്ടില്ല. അഞ്ചു കമ്പനിയുണ്ടെന്നാണ് എന്നോടു പറഞ്ഞത്. ഇതിനിടയിൽ ഒരു കമ്പനിയിൽ എങ്കിലും പോകേണ്ടതല്ലേ? പോയിട്ടില്ല. ഒരുപക്ഷേ, എന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുേത്തണ്ട എന്നു കരുതിയാകും പോകാത്തതെന്നാണു കരുതിയത്. പിന്നെ അഞ്ചു കമ്പനിയുള്ള സ്ഥിതിക്കു കാര്യങ്ങൾ നോക്കി നടത്താൻ ഒരു മാനേജർ എങ്കിലും ഉണ്ടാകുമല്ലോ? അപ്പോൾ പിന്നെ ഇന്നസെന്റിന് ഇങ്ങനെ വീട്ടിലിരിക്കാം.

ADVERTISEMENT

ഒരു ദിവസം ഞാൻ പറഞ്ഞു, ‘നമ്മൾ ഇവിടെ വന്നിട്ട് ഇത്രയും നാളായല്ലോ? എനിക്കു നമ്മുടെ കമ്പനിയൊക്കെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഉപ്പുമാവും കഴിച്ച് എന്തിനാ ഇവിടെയിരിക്കുന്നത്?’

‘നമുക്ക് നാളെ രാവിലെ തന്നെ പോകാം’ ഇന്നസെന്റ് പറഞ്ഞു.

ADVERTISEMENT

പിറ്റേന്നു രാവിലെ നേരത്തെ എഴുന്നേറ്റു ഞാൻ വീട്ടുജോലികളൊക്കെ തീർത്തു. ഉപ്പുമാവ് ഉണ്ടാക്കി. ചോറും വഴുതനങ്ങ ഉപ്പേരിയും ഉണ്ടാക്കി. വലിയ ഉത്സാഹത്തോടെയാണു പുറപ്പെട്ടത്. ബിസിനസുകാരനായ ഭർത്താവിന്റെ ബിസിനസ് സാമ്രാജ്യം കാണാനുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു എന്നു പറയുന്നതാണു സത്യം.

ഒഴിഞ്ഞ ഒരിടത്ത് ഒരു പഴയ കെട്ടിടത്തിലാണു ഞങ്ങ ൾ എത്തിയത്. അവിെട ഇന്നസെന്റ് മാച്ച്ബോക്സ് കമ്പനി എന്ന് എഴുതിയ ഒരു ബോർഡ് കണ്ടു. പലകപ്പട്ടിക കൊണ്ട് അഴിയടിച്ച വാതിൽ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരുമ്പുവല കൊണ്ടു മറച്ച ജനാലകൾ. അതിനുള്ളിലൂെട വെടിമരുന്നിന്റെ ഗന്ധം നേർത്തുവരുന്നുണ്ട്. മരുന്ന് അരയ്ക്കാനുള്ള ഉപകരണം. തടി തീപ്പെട്ടിക്കൊള്ളിയാക്കുന്ന യന്ത്രം, പകുതി പണി പൂർത്തിയാക്കിയ തീപ്പെട്ടിക്കൊള്ളികൾ അവിടെയവിടെയായി ചിതറിക്കിടക്കുന്നു. ആളനക്കം ഉള്ളതായി തോന്നിയില്ല. മാത്രമല്ല ഇത്തിരി മുറ്റത്തു നിറയെ കരിയിലകൾ വീണു കിടന്നിരുന്നു. അതിനർഥം കുറേനാളായി ആരും അങ്ങോട്ടു ചെന്നിട്ടില്ല എന്നാണ്. കുറച്ചു മരക്കഷ്ണങ്ങൾ മാത്രം പുറത്തുണ്ട്. ചുറ്റുമുള്ള മരങ്ങളിൽ നിന്നുള്ള വള്ളികൾ മാറാല പോലെ ആ കെട്ടിടത്തിൽ പറ്റിപ്പിടിച്ചു വളർന്നിരിക്കുന്നു. തൊട്ടടുത്ത് ആൾതാമസമുള്ളതായി തോന്നിയില്ല. ചെറിയ കെട്ടിടങ്ങളുണ്ട്. പലതും ഇതുപോലെയുള്ള തീപ്പെട്ടി കമ്പനികളാണ്.

ADVERTISEMENT

ഞാൻ നോക്കുമ്പോൾ ഇന്നസെന്റിന് ഭാവവ്യത്യാസം ഒന്നുമില്ല. ‘മിഥുന’ത്തിലെ കുറുപ്പ് എന്ന കഥാപാത്രത്തെപ്പോലെ ഒറ്റനിൽപ്പാണ്. പിന്നെ ചിരിച്ചുകൊണ്ടു നിഷ്കളങ്കനായി പറഞ്ഞു; ‘കമ്പനിയുടെ പൂട്ട് തുറക്കാൻ താക്കോൽ കാണുന്നില്ല. അതുകൊണ്ട് അടച്ചിട്ടതാണ്.’ അതുകേട്ടപ്പോൾ ഞാൻ ചിരിച്ചു. കുറച്ചുസമയം അവിടെ നിന്നതിനുശേഷം ഞങ്ങൾ വീട്ടിലേക്കു മടങ്ങി. മടക്കയാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

വീട്ടിൽ വന്നു പതിവുപോലെ വഴുതനങ്ങ തോരനും തൈരും കൂട്ടി ചോറ് കഴിച്ചു. അന്നത്തെ വഴുതനങ്ങ തോരന് നല്ല രുചിയായിരുന്നു എന്നു ഞാൻ ഇന്നസെന്റിനോടു പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല.  കമ്പനി പൂട്ടിയ വിവരം ഞാൻ അറിഞ്ഞതിൽ പുള്ളിക്കു വിഷമമുണ്ടായിരുന്നോ എന്നറിയില്ല. എങ്കിലും അന്നു രാത്രി ഞാൻ ഇന്നസെന്റിനെ മുറുകെ പുണർന്നു.

എനിക്കു കാര്യങ്ങൾ ഏറക്കുറെ മനസ്സിലായി തുടങ്ങി. ഇന്നസെന്റിന്റെ വഴുതനങ്ങ പ്രേമത്തിന്റെ രഹസ്യവും മനസ്സിലായി. ദാവനഗരെയിൽ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ പച്ചക്കറിയായിരുന്നു വഴുതനങ്ങ. അല്ലാതെ ഇന്നസെന്റിന് അത് ഇഷ്ടമായതു കൊണ്ടൊന്നുമല്ല!

‘പല ഇഷ്ടങ്ങളും ഇഷ്ടമല്ല എന്നു പറയുക, ഇഷ്ടമില്ലാത്തതിനെ ഇഷ്ടമാണെന്നു പറഞ്ഞു കൂടെക്കൂട്ടുക. അങ്ങനെയൊക്കെ ചെയ്യേണ്ടി വരും ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ.’ ഇന്നസെന്‍റ് അന്ന് ഉപദേശിച്ചു. ‘ഒരു നിസ്സാര പച്ചക്കറിയായ വഴുതനങ്ങയ്ക്കു നമ്മുെട ജീവിതത്തിൽ എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ആലീസിനു മനസ്സിലായി കാണുമല്ലോ ഇതൊക്കെ എന്റെ അപ്പൻ തെക്കേത്തല വറീതിൽ നിന്നു ഞാൻ പഠിച്ച പാഠങ്ങളാണ്.’

പിന്നീടും ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഇത്തരം സാഹചര്യങ്ങളിലൂടെ ഞങ്ങൾ കടന്നുപോയിട്ടുണ്ട്. ഇന്നോർക്കുമ്പോഴാണ് ഇന്നസെന്റ് അന്നു പറഞ്ഞതിന്റെ അർഥവും വ്യാപ്തിയും എത്ര വലുതായിരുന്നു എന്നു തോന്നുന്നത്.

കമ്പനികൾ പൂട്ടാനുണ്ടായ കാരണങ്ങൾ  എന്നോടു പറഞ്ഞു. പക്ഷേ, ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഇന്നസെന്റ് എന്നെയും എന്റെ കുടുംബത്തെയും പറ്റിക്കുകയായിരുന്നെന്ന് ഒരിക്കൽ പോലും തോന്നിയില്ല. അദ്ദേഹത്തിന് സ്നേഹവും കരുതലും ധാരാളം ഉണ്ടായിരുന്നു. എനിക്കതുമതിയായിരുന്നു. മറ്റൊന്നും ഞാൻ ചിന്തിച്ചില്ല. അതിന്റെ കാര്യമുണ്ടെന്നും  തോന്നിയില്ല.

ഉഡുപ്പി ഹോട്ടലിലെ മസാലദോശകൾ

innocent-alice6

ഈ ഇല്ലായ്മകൾക്കിടയിലും ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ സുഖവും സന്തോഷവും കണ്ടെത്തി. എല്ലാ ദിവസവും വൈകുന്നേരം ടൗണിലൂടെ നടക്കാനിറങ്ങും. പോകുന്ന വഴിയിൽ ഉഡുപ്പി പോലെയുള്ള നല്ല ഹോട്ടലുകൾ ഉണ്ട്. അവിടെ നിന്നു മസാലദോശയുടെ മണം പൊന്തിവരും. അന്നു ചെറുപ്പമാണല്ലോ? അസുഖങ്ങളൊന്നുമില്ല. ഒരു മസാലദോശ കഴിക്കാൻ ആഗ്രഹം തോന്നും. എന്റെ മനസ് അറിഞ്ഞിട്ടെന്ന വണ്ണം ഇന്നസെന്റ് എന്നോടു ചോദിക്കും. ‘നിനക്ക് ഒരു മസാല ദോശ കഴിക്കാൻ തോന്നുന്നുണ്ടോ ആലീസേ ?’

ഞാൻ പറയും, ‘വേണ്ട എനിക്ക് ഒട്ടും വിശപ്പില്ല. മാത്രമല്ല എനിക്ക് നെയ്യ് മണം അത്ര ഇഷ്ടമല്ല’

സത്യത്തിൽ മൂന്നാലു മസാലദോശ കഴിക്കാനുള്ള വിശപ്പും ആഗ്രഹവും ഉണ്ടായിരുന്നു. ഇന്നസെന്റ്് ഒരിക്കലും നിർബന്ധിച്ചില്ല മസാലദോശ കഴിക്കാൻ. അതിനർഥം അദ്ദേഹത്തിന്റെ കയ്യിൽ പൈസയുണ്ടായിരുന്നില്ല എന്നു തന്നെയായിരുന്നു.

കയ്യിൽ പൈസയില്ലെങ്കിൽ എന്റെ മുന്നിൽ ഇന്നസെന്റ് വീണ്ടും ചെറുതാകും. ഇന്നസെന്റ് അങ്ങനെ നിൽക്കുന്നതു കാണാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. സത്യത്തിൽ ഒരു ദിവസമല്ല. ഒരുപാടു ദിവസം ഞങ്ങളെ ആ ദോശമണം കൊതിപ്പിച്ചു.

മസാലദോശ കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ സന്തോഷവതിയായിരുന്നു. കാരണം ഇന്നസെന്റിന് എന്നോടു സ്നേഹമുണ്ട്. കരുതലുണ്ട്. എന്നെ ഉപേക്ഷിക്കില്ല. കഴിയുന്നതുപോലെ നന്നായി നോക്കും എന്നൊരു വിശ്വാസം. മസാലദോശ കഴിക്കുന്നതിനെക്കാൾ എനിക്കു സന്തോഷം അതായിരുന്നു.

അതുകൊണ്ട് ദാവനഗരെയിൽ എത്തി അധികം കഴിയും മുൻപേ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. പയ്യെ കാര്യങ്ങളൊക്കെ മനസ്സിലായി. ഇന്നസെന്റിന്റെ കയ്യിൽ ഞാൻ കരുതിയതു പോലെ പൈസയൊന്നും ഇല്ല. തീപ്പെട്ടി കമ്പനിയുണ്ടായിരുന്നു. നഷ്ടത്തിലായപ്പോൾ അതു പൂട്ടി. വീട്ടിൽ ഇക്കാര്യമൊന്നും അറിയിച്ചിട്ടില്ല. ചുരുക്കത്തിൽ തീപ്പെട്ടിക്കമ്പനിക്കുള്ളിൽ കിടക്കുന്ന ചില ഉപകരണങ്ങളും ഉടുത്തിരിക്കുന്ന വസ്ത്രവും മാത്രമേ ഞങ്ങൾക്കു സ്വന്തമായുളളൂ.

എങ്കിലും മധുവിധുകാലത്തിന്റെ മധുരം ഒട്ടും ചോരാതെ ഒരുമിച്ചു നടന്നും തമാശ പറഞ്ഞും രാവിലെ ഉപ്പുമാവു കഴിച്ചും ഉച്ചയ്ക്ക് വഴുതനങ്ങ കൂട്ടി ചോറ് ഉണ്ടും ചില ദിവസങ്ങളിൽ അതുപോലും കഴിക്കാതെയും ഞങ്ങൾ ദാവനഗരെയിൽ കഴിച്ചുകൂട്ടി.

ഒരു ദിവസം വെറുതെയിരുന്നപ്പോൾ എനിക്കൊരു ആ ലോചന. ഞങ്ങളുടെ മനസമ്മതത്തിന് ഇന്നസെന്റ് നല്ലൊരു ടെർളിൻ വൈറ്റ്ഷർട്ട് ധരിച്ച് വാച്ചുമൊക്കെ കെട്ടിയാണല്ലോ വന്നത്. ആ ഷർട്ട് പിന്നെ ഞാൻ കണ്ടിട്ടേയില്ല, വാച്ചും. ഞാൻ ചോദിച്ചു. ‘ആ ഷർട്ടിന് നല്ല ഭംഗിയുണ്ടായിരുന്നു. അതു ഞാൻ പിന്നെ കണ്ടിട്ടേയില്ലല്ലോ?’

ഉത്തരം കേട്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. അ ങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. ഇന്നസെന്‍റ് പറഞ്ഞു, ‘അത് എന്റെ സുഹൃത്ത് അക്കരക്കാരൻ ജോസഫിന്റെ ഷർട്ടും വാച്ചുമായിരുന്നു.’

ഒരു നിമിഷം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഞാൻ അദ്ദേഹത്തെ നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞുതുളുമ്പുകയായിരുന്നു.

എനിക്കും ഭയങ്കര വിഷമമായി. എന്തിനാണ് ആ ചോദ്യം ചോദിച്ചതെന്നു പല തവണ എന്നോടു തന്നെ ചോദിച്ചു. പിന്നെ ഞാൻ ഇന്നസെന്റിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. കണ്ണീരു തുടച്ചു.

പിന്നീട് ഞങ്ങളുടെ ജീവിതം പച്ച പിടിച്ചപ്പോൾ ഇടയ്ക്കിടയ്ക്ക് ഇന്നസെന്റ് പറയും ‘അന്ന് ഒരു മസാലദോശ വാങ്ങിത്തരാൻ പോലും  കയ്യിൽ പൈസയുണ്ടായിരുന്നില്ല. ഇന്ന് നിനക്കൊരു ഉഡുപ്പി േഹാട്ടലു വാങ്ങിത്തരണമെന്നു പറഞ്ഞാല്‍ ഞാനതു ചെയ്തിരിക്കും.’

പക്ഷേ, ഞാനങ്ങനെ അനാവശ്യമായി ഒന്നും ആവശ്യപ്പെടുന്ന ആളല്ലെന്ന് ഇന്നസെന്റിന് നന്നായി അറിയാമായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ കയ്യിൽ പൈസയുണ്ട് എന്നു കരുതി ഞാനൊരിക്കലും ഒരു കാര്യവും എനിക്കായി ആവശ്യപ്പെട്ടിട്ടുമില്ല.

ദാവനഗരെയിൽ താമസിച്ച സമയത്ത് ചില കൂട്ടുകാരുടെ വീടുകളിൽ  എന്നെ കൊണ്ടുപോയിട്ടുണ്ട്. ഇന്നസെന്റ് അവിടുത്തെ മലയാളി സമാജത്തിൽ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞല്ലോ? സമാജത്തിൽ നാടകം കളിച്ച ഫോട്ടോ എന്നെ കാണിച്ചു. അന്നും നാടകം, സിനിമ ഇവയിലൊക്കെയായിരുന്നു താത്പര്യം. തീപ്പെട്ടിക്കമ്പനികളൊക്കെ പൂട്ടിപ്പോയതിൽ ഈ നാടകപ്രേമവും സിനിമാമോഹവും കാരണമായിട്ടുണ്ടെന്നു പിന്നീടു തോന്നിയിട്ടുണ്ട്. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ ദാവനഗരെയിലെ ഏതാനും തീപ്പെട്ടി കമ്പനികളുടെ ഉടമസ്ഥരായി ജീവിതം അവസാനിപ്പിക്കേണ്ടി വരുമായിരുന്നു എന്നതു യാഥാർഥ്യം.

സിനിമ ഞങ്ങൾക്ക് രണ്ടാളിനും ഇഷ്ടമായിരുന്നെങ്കിലും ദാവനഗരെയിൽ ഞങ്ങളാകെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. അതിനുള്ള സാമ്പത്തികശേഷിയേ അന്ന് ഉണ്ടായിരുന്നുള്ളു എന്നു പറയുന്നതാണു ശരി. ഓംപുരി അഭിനയിച്ച ഒരു ഹിന്ദി സിനിമ. പിന്നീട് ഇന്നസെന്റും ഓംപുരിയും കൂടി ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചു. ആ കഥ പറഞ്ഞപ്പോൾ ഞാൻ ദാവനഗരെയിലെ ജീവിതം ഓർത്തുപോയി.

കാര്‍ത്തുമ്പി എന്ന പേര്

ദാവനഗരെ അത്ര പച്ചപ്പുള്ള സ്ഥലമായിരുന്നില്ല. മരുഭൂമി പോലെ നിരന്നു കിടക്കുന്ന പ്രദേശങ്ങളായിരുന്നു കൂടുതലും. നിറയെ കുറ്റിക്കാടുകൾ. ചെറിയ അങ്ങാടികൾ. മലയാളികളുണ്ടായിരുന്നു. അവിടെയുള്ള മെഡിക്കൽ കോളജിൽ പഠിക്കാൻ വരുന്ന മലയാളികളാണു കൂടുതലും.

തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ നായികയ്ക്ക് ഇട്ട ‘കാർത്തുമ്പി’ എന്ന േപര് ഇന്നസെന്റിന്റെ കമ്പനിയിൽ ജോലിക്കു വന്ന പെൺകുട്ടിയുടേതായിരുന്നു.

ഇന്നസെന്റ് പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ദാവനഗരെയിലെ എംപിയെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ സഹായത്തോടെ അവിടുത്തെ പഴയ പല സുഹൃത്തുക്കളുടെയും ഫോൺ നമ്പർ തേടിപ്പിടിക്കുകയും അവരോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരിക്കൽ കോഴിക്കോട്ടു വച്ച് എനിക്കു സുഖമില്ലാതായപ്പോൾ അവിടുത്തെ ആശുപത്രിയിൽ പോയി. എന്നെ പരിശോധിച്ച ഡോക്ടർ ദാവനഗരെയിൽ‍ ഇന്നസെന്റിന്റെ സുഹൃത്തായിരുന്നു.

Alice Innocent's Early Memories with Innocent in Davanagere:

Alice Innocent's memoirs recount the early days of her married life with actor Innocent in Davanagere, highlighting their financial struggles and Innocent's resilient spirit. The narratives reveal the emotional depth of their relationship, as they navigated hardships with love and understanding, exemplified by their simple meals and shared dreams.

ADVERTISEMENT