ഡേ ഇൻ മൈ ലൈഫും ഹോം ടൂറും കള്ളന്മാർക്കുള്ള ക്ഷണക്കത്താകുമോ ? സൈബർ ലോകത്തെ ചൂണ്ടക്കൊളുത്തുകളെ കുറിച്ചു ധന്യ മേനോൻ Sharenting: A Growing Threat to Child Privacy and Family Security
Mail This Article
നാലു വർഷം മുൻപു കോഴിക്കോടാണ് ഈ സംഭവം നടന്നത്. സ്ഥലത്തെ ഒരു വ്യവസായ പ്രമുഖന്റെ വീട്ടിലെ ചെറിയ കുട്ടിക്കു സോഷ്യൽ മീഡിയയിൽ അക്കൗണ്ടുണ്ട്. ലോകത്തിനു കാണേണ്ടതും കാണേണ്ടാത്തതുമായ എല്ലാ കാര്യവും അതിലൂടെ കുട്ടി ഷെയർ ചെയ്യും.
വീട്ടിലെ എസി പ്രവർത്തിക്കുന്നില്ലെന്നും അതുകൊണ്ടു പകൽ വീട്ടിലെ ഒരു മുറിയിലിരിക്കാൻ വലിയ പാടാണെന്നും കുട്ടി വിഡിയോ ഇട്ടതിന്റെ പിറ്റേന്നു രണ്ടുപേർ എത്തി. വ്യവസായ പ്രമുഖന്റെ പ്രായമായ മാതാപിതാക്കൾ മാത്രം വീട്ടിലുള്ള തക്കം നോക്കി എത്തിയ അവർ എസി നന്നാക്കാനായി വരുന്നുവെന്ന വ്യാജേനയാണു വീട്ടിനുള്ളിൽ കടന്നത്.
വന്ന പാടേ റിപ്പയറിങ് എന്ന മട്ടിൽ എസി ഇരിക്കുന്ന മുറിയിൽ കടന്നു ചില പരിശോധനകളൊക്കെ നടത്തി. ചിലതൊക്കെ ഇളക്കി മറിച്ചിട്ടു. ഒരു മണിക്കൂറിനു ശേഷം കമ്പനിയിൽ നിന്നു വേറേ ആൾ വന്നു പുതിയ എസി പിടിപ്പിക്കും എന്നു പറഞ്ഞ് അവർ പോയി.
വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണു വന്നവരുടെ ‘തനിനിറം’ മനസ്സിലായത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മൊബൈൽ ഫോണുമൊക്കെ മോഷ്ടിച്ചാണു കള്ളന്മാർ കടന്നത്.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു കാര്യം കൂടി കണ്ടെത്തി. മുറിക്കുള്ളിൽ സ്പൈ ഉപകരണങ്ങൾ കൂടി അവർ പലയിടത്തായി ഘടിപ്പിച്ചിരുന്നു. അതിലൂടെ വീട്ടുകാരുടെ ചലനങ്ങൾ നിരീക്ഷിച്ചു വ്യവസായ സ്ഥാപനത്തിലും തട്ടിപ്പു നടത്താൻ അവർ പദ്ധതിയിട്ടിരുന്നു.
വീട്ടിലെ എസി കേടായ വിവരം കള്ളന്മാർ എങ്ങനെ മനസ്സിലാക്കിയെന്ന് അപ്പോഴും അവർക്കു മനസ്സിലായില്ലത്രേ.
‘ഷേരനന്റിങ്’ വിപത്ത്
സോഷ്യൽ മീഡിയയിൽ തീരെ ചെറിയ കുട്ടികളുടെ വിവരങ്ങൾ വരെ ഷെയർ ചെയ്യാൻ രക്ഷിതാക്കൾക്കു മടിയില്ല. അതിലൂടെ നമ്മുടെ കുട്ടികൾ ‘റിസ്കി’ലാകുകയാണെന്നു മിക്കവരും മനസ്സിലാക്കുന്നില്ല.
ഫോട്ടോയും വിഡിയോയുമൊക്കെ ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ കുട്ടികളുടെ പ്രൈവസി പോകുന്നു എന്നു മാത്രമല്ല, അതിലൂടെ വീട്ടിലുള്ളവരുടെ സുരക്ഷയും അപകടത്തിലാകാം. കുട്ടികളുടെ തട്ടിക്കൊണ്ടുപോകൽ പോലുള്ള കേസുകളിൽ ഇത്തരം വിവരങ്ങൾ വിനിയോഗിക്കപ്പെട്ടു എന്നതിന്റെ തെളിവുകൾ പൊലീസിനു മിക്കപ്പോഴും ലഭിക്കാറുണ്ട്.
രക്ഷിതാക്കളെ ഉന്നം വച്ചും ശത്രുക്കൾ കുട്ടികളെ സ്വാധീനിക്കാം. പണ്ടൊക്കെ, നമ്മുടെ വീട്ടിൽ എന്തു നടന്നു എന്നറിയാൻ വീട്ടിലെ കുട്ടികളോടു വിവരങ്ങൾ ചിക്കിച്ചികയുന്ന അയൽക്കാര്‍ പയറ്റിയ അതേ തന്ത്രമാണ് സോഷ്യൽ മീഡിയയിലൂടെ കെണിയൊരുക്കുന്നവരും നടത്തുന്നത്.
വീട്ടിനകത്ത് എന്തു നടക്കുന്നു എന്നറിയാൻ കുട്ടിയെ സ്വാധീനിക്കും. കുട്ടിയെ എങ്ങനെ കയ്യിലെടുക്കാം എന്നൊക്കെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകളിലുണ്ടാകും. ഇതൊക്കെ പേരന്റിങ്ങിനു കിട്ടുന്ന അംഗീകാരം പോലെയാണു പലരും കരുതുന്നത്.
ഹോം ടൂർ കെണി
കുട്ടികളുടെ താത്പര്യമോ തീരുമാനമോ ഉണ്ടാകുന്നതിനു മുൻപേ അവരുടെ വിവരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്താകുന്നതു നീതിയല്ല എന്നു മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നുമില്ല.
കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകൾക്കും മറ്റുമായി കുട്ടികൾക്കു ഫോൺ നൽകിയ രക്ഷിതാക്കൾ അതിനു ശേഷം അവ തിരികെ വാങ്ങാൻ മറന്നു പോയതും അപകടം കൂട്ടി. കയ്യിൽ ഫോണുള്ള മിക്ക കുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങി. ‘ഡേ ഇൻ മൈ ലൈഫ്’ മുതൽ ‘ഹോം ടൂർ’ വരെയായി അവരുടെ അക്കൗണ്ടുകളിൽ വിഡിയോകൾ നിറഞ്ഞു.
സിനിമ കാണാൻ പുറത്തു പോകുന്നതും ടൂറിനു ബാഗ് പാക്കു ചെയ്യുന്നതുമൊക്കെയായി ‘കണ്ടന്റ്’ ക്രിയേറ്റ് ചെയ്യുന്ന കുട്ടികളറിയുന്നില്ല, വീട്ടിലേക്കുള്ള കള്ളന്മാർക്കുള്ള ക്ഷണക്കത്താണ് അവയെന്ന്. കുട്ടികളുടെ പ്രൈവസി മാത്രമല്ല, കുട്ടികൾ വഴി വീട്ടിലുള്ളവരുടെ സ്വകാര്യതയ്ക്കും ഇവ ഭീഷണിയാകും.
വിഡിയോ അപകടമാകല്ലേ
അപരിചിതരോടു സംസാരിക്കരുത്, അവർ തരുന്ന ഭക്ഷണം കഴിക്കരുത് എന്നൊക്കെ നമ്മൾ കുട്ടികളോടു പറയാറില്ലേ. അതുപോലുള്ള അപരിചിത ലോകമാണു സോഷ്യൽ മീഡിയയും. അവിടെയുള്ള ആരൊക്കെ എന്തൊക്കെ െനസ്സിലാക്കി എടുക്കുന്നു എന്നൊന്നും നമ്മുടെ ‘കൊച്ചു ബുദ്ധി’യിൽ തിരിച്ചറിയാനാകില്ല.
തുകൊണ്ടുതന്നെ പൊതുവായി ഷെയർ ചെയ്യാവുന്ന വിവരങ്ങൾ മാത്രം മതി സോഷ്യൽ മീഡിയയിൽ.
വിഡിയോ പോസ്റ്റ് ചെയ്യുന്നതും ഹോം ടൂർ ചെയ്യുന്നതുമൊക്കെ നിങ്ങളുടെ ജോലിയാണെങ്കിൽ അത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിൽ തെറ്റില്ല. അവയിൽ വീട്ടിലുള്ളവരുടെ സ്വകാര്യ വിവരങ്ങളും കുട്ടികളുടെ ഫോട്ടോയുമൊന്നും ഉൾപ്പെടാതെ നോക്കുന്നതാണു നല്ലത്.
സ്വന്തം സന്തോഷത്തിനു വേണ്ടിയാണ് വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്നതെങ്കിൽ കരുതലും ആത്മനിയന്ത്രണവും പ്രധാനമാണ്. മറ്റൊരാൾ ചെയ്യുന്നു എന്നു കരുതി വീടിന്റെ വിഡിയോ നിങ്ങളും ചെയ്യണമെന്നില്ലല്ലോ. സോഷ്യൽ മീഡിയ പോസ്റ്റ് വഴി നിങ്ങൾക്കോ കുടുംബത്തിനോ മറ്റാർക്കങ്കിലുമോ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട്.
കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വിഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതു നല്ലതാണ്. പക്ഷേ, അതിനപ്പുറത്തേക്കു പോകുന്നതു വലിയ ഭീഷണിയായി തന്നെയാണു വിദഗ്ധർ നോക്കിക്കാണുന്നത്. ഓസ്ട്രേലിയ, ഡെൻമാർക് പോലുള്ള രാജ്യങ്ങളിൽ 16വയസ്സിൽ താഴെയുള്ള കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വയ്ക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
സൈബർ സേഫ്റ്റി ടിപ്സ്
- കുട്ടികളുടെ ഫോട്ടോയും വിഡിയോയും ഉപയോഗിച്ച് ആരെങ്കിലും ഫേക് അക്കൗണ്ട് ഉണ്ടാക്കിയതായി ശ്രദ്ധയിൽ പെട്ടാൽ തെളിവു സഹിതം പരാതിപ്പെടാൻ വൈകരുത്.
- കുട്ടികളുടെ ഫോട്ടോയോ വിഡിയോയോ അപകീർത്തികരമായി ഉപയോഗിക്കുന്നു എന്നു കണ്ടാൽ അതിന്റെ തെളിവു സൂക്ഷിച്ചു വയ്ക്കണം. ഫോട്ടോകൾ സ്ക്രീൻഷോട്ടായും വിഡിയോ സ്ക്രീൻ റെക്കോർഡുമാക്കി എടുക്കണം. അവ അപ്‌ലോഡ് ചെയ്യപ്പെട്ട വെബ്സൈറ്റ് വിലാസവും (url) വേണം.
- കുട്ടികളുടെ ചിത്രമോ വിഡിയോയോ മറ്റാരെങ്കിലും ഉപയോഗിച്ചാൽ പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരം കേസെടുക്കാൻ വകുപ്പുണ്ട്. സൈബർ സെല്ലിലും പരാതി നൽകണം.