ADVERTISEMENT

നന്നായി പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നതും ബുദ്ധിശക്തി (IQ) കൂടുന്നതും മാത്രമാണോ ജീവിതത്തിലെ വിജയത്തിന്റെ അളവുകോൽ? ഒരിക്കലുമല്ല എന്ന് ആധുനിക മനഃശാസ്ത്രം പറയുന്നു. ജീവിതത്തിൽ ശരിക്കും വിജയിക്കണമെങ്കിൽ വെറും 'ബുദ്ധി' മാത്രം പോരാ, മറിച്ചു സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനുമുള്ള കഴിവു കൂടി വേണം.

ഇതിനെയാണ് വൈകാരിക ബുദ്ധി അഥവാ ഇമോഷനൽ ഇന്റലിജൻസ് (EQ) എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ, ഐക്യൂവിനേക്കാൾ പ്രാധാന്യം ഈ ഇക്യൂവിനാണെന്നു നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ADVERTISEMENT

രണ്ടും രണ്ടു വഴികൾ

നമുക്ക് അശ്വിനെയും മീരയെയും പരിചയപ്പെടാം. ഇവർ രണ്ടുപേരും ഒരേ ഓഫീസിലാണു ജോലി ചെയ്യുന്നത്.

ADVERTISEMENT

അശ്വിൻ ഒരു ഒന്നൊന്നര ബുദ്ധിമാനാണ്! എത്ര വലിയ കണക്കും സാങ്കേതിക പ്രശ്നങ്ങളും മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാൻ പുള്ളിക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. ബുദ്ധിയുടെ കാര്യത്തിൽ (IQ) അശ്വിൻ പണ്ടേ പുലിയാണ്. പക്ഷേ, ഓഫീസിലെ കാര്യങ്ങൾ വരുമ്പോൾ അശ്വിൻ അത്രക്കങ്ങു പോരാ. സഹപ്രവർത്തകരെ ഒന്ന് ചേർത്തു നിർത്താനോ, ഒരു ടീമിനെ നയിക്കാനോ പുള്ളി അത്ര മിടുക്കനല്ല. ജോലിഭാരം കൂടുന്നത്, ടീം അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് എല്ലാം പുള്ളിയെ ടെൻഷൻ ആക്കും. ചിലപ്പോൾ എല്ലാവരോടും ചൂടായെന്നും വരാം.

ഇനി മീരയുടെ കാര്യം നോക്കൂ. അശ്വിനെപ്പോലെ അത്ര വലിയ 'ജീനിയസ്' ഒന്നുമല്ല മീര. പക്ഷേ, ഓഫീസിലെ എല്ലാവർക്കും മീരയെ വലിയ ഇഷ്ടമാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ മീര കൂളായി അതു കൈകാര്യം ചെയ്യും. കൂടെയുള്ളവരെ ചേർത്തുനിർത്താനും അവരുടെ സങ്കടങ്ങൾ കേൾക്കാനും മീരയ്ക്കു പ്രത്യേക കഴിവുണ്ട്.

ADVERTISEMENT

ഇവിടെ അശ്വിനു ബുദ്ധിയുണ്ടെങ്കിലും മീരയ്ക്കാണ് ഉയർന്ന ഇമോഷനൽ ഇന്റലിജൻസ് (Emotional Intelligence). അതാണ് അവരുടെ വിജയരഹസ്യവും!  ഉയർന്ന EQ ഉള്ള പ്രഫഷനലുകൾ നേതൃസ്ഥാനങ്ങളിലേക്ക് വേഗത്തിൽ ഉയരുന്നതായി കാണാം.

lifecraftdrsindhuvijayakumarcolumninvanitha

എന്താണ് ഈ വൈകാരിക ബുദ്ധി ?

സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും അവയെ കൃത്യമായി നിയന്ത്രിക്കാനുമുള്ള കഴിവാണു വൈകാരിക ബുദ്ധി. ഡാനിയൽ ഗോൾമാൻ എന്ന മനഃശാസ്ത്രജ്ഞൻ ഇതിനെ അഞ്ച് ഘടകങ്ങളായി തിരിച്ചിരിക്കുന്നു:

1.    സ്വയം തിരിച്ചറിയൽ (Self-awareness): സ്വന്തം ദേഷ്യവും സന്തോഷവും തിരിച്ചറിയുക.

2.    സ്വയം നിയന്ത്രണം (Self-regulation): വികാരങ്ങൾക്കടിമപ്പെട്ട് തീരുമാനങ്ങൾ എടുക്കാതിരിക്കുക.

3.    പ്രേരണ (Motivation): പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ഉൾക്കരുത്ത്.

4.    സഹാനുഭൂതി (Empathy): മറ്റൊരാളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനുള്ള കഴിവ്.

5.    സാമൂഹിക നൈപുണ്യം (Social Skills): ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുക.

IQ vs EQ: ജീവിതം മാറ്റിമറിക്കാം

ബുദ്ധിശക്തി (IQ) ഒരുപക്ഷേ നല്ലൊരു ജോലി വാങ്ങിത്തന്നേക്കാം. പക്ഷേ ആ ജോലിയിൽ തിളങ്ങാനും എല്ലാവർക്കും പ്രിയപ്പെട്ട ഒരാളാകാനും വൈകാരിക ബുദ്ധി (EQ) തന്നെ വേണം. ലോകം മുഴുവൻ കീഴടക്കിയാലും ആ സന്തോഷം പങ്കിടാൻ കൂടെ ആരുമില്ലെങ്കിൽ ആ വിജയത്തിന് എന്ത് അർഥമാണുള്ളത്?

കുടുംബത്തിലും ഈ ‘മനസ്സറിയാനുള്ള കഴിവ്’ പ്രധാനമാണ്. പങ്കാളി മിണ്ടാതിരിക്കുമ്പോൾ ഉള്ളിലെ സങ്കടം മനസ്സിലാക്കുന്നതും, മക്കളുടെ പേടി തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കുന്നതും ഈ ഇമോഷനൽ ഇന്റലിജൻസിന്റെ ഭാഗമാണ്. അവിടെ യുക്തിയേക്കാൾ കൂടുതൽ ഹൃദയത്തിനാണു സ്ഥാനം.

മാറ്റം നമ്മിൽ തുടങ്ങാം

ബുദ്ധിശക്തി (IQ) എന്നത് ജന്മനാ കിട്ടുന്നതാണ്, അതിൽ വലിയ മാറ്റം വരുത്താൻ പ്രയാസമാണ്. എന്നാൽ, വൈകാരിക ബുദ്ധി അങ്ങനെയല്ല; പരിശീലിച്ചാൽ ആർക്കും ഇതു വളർത്തിയെടുക്കാം. ലോകം കൂടുതൽ യന്ത്രവൽക്കരിക്കപ്പെടുമ്പോൾ നമ്മെ യന്ത്രങ്ങളിൽ നിന്ന് വേർതിരിക്കുന്നത് ഈ കഴിവാണ്.

emotionalintelligencelifecraftcolumnvanitha

EQ വളർത്താൻ ആറ് എളുപ്പവഴികൾ:

1. ഒന്നു നിർത്തുക, എന്നിട്ടു ചിന്തിക്കുക: ദേഷ്യമോ വിഷമമോ വരുമ്പോൾ ഉടൻ പ്രതികരിക്കാതെ ഒരു 10 സെക്കൻഡ് മൗനം പാലിക്കുക. മൂന്നു തവണ ദീർഘമായി ശ്വാസം എടുക്കുന്നതു തലച്ചോറിനെ ശാന്തമാക്കാൻ സഹായിക്കും.

2. വികാരങ്ങൾക്ക് പേരിടാം: ‘എനിക്കു സുഖമില്ല’ എന്ന് പൊതുവായി പറയുന്നതിനു പകരം‘എനിക്ക് ഇപ്പോൾ നിരാശ തോന്നുന്നു’ എന്നു കൃത്യമായി പറഞ്ഞു ശീലിക്കുക.

3. മനസ്സറിഞ്ഞു കേൾക്കാം: മറ്റൊരാൾ സംസാരിക്കുമ്പോൾ മറുപടി കൊടുക്കാൻ വേണ്ടി മാത്രം കേൾക്കാതെ, അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ‘ഉദ്ദേശിച്ചത് ഇതാണോ?’ എന്നു തിരിച്ചു ചോദിക്കുന്നത് അവർക്കു നമ്മോടുള്ള  വിശ്വാസം വർദ്ധിപ്പിക്കും.

4. എന്തുകൊണ്ട് എന്നു ചിന്തിക്കാം: ഒരാൾ മോശമായി പെരുമാറിയാൽ അയാൾ / അവർ മോശം വ്യക്തിയാണെന്നു വിചാരിക്കാതെ, അയാൾ  / അവർ എന്തെങ്കിലും മാനസിക വിഷമത്തിലാണോ എന്നു ചിന്തിച്ചു നോക്കൂ. ഈ 'സഹാനുഭൂതി' ദേഷ്യം കുറയ്ക്കും.

5. വിമർശനങ്ങളെ പോസിറ്റീവായി കാണാം: ആരെങ്കിലും കുറ്റം പറഞ്ഞാൽ തളർന്നു പോകാതെ, ‘ഇതിൽ നിന്ന് എനിക്ക് എന്ത് പഠിക്കാം?’ എന്ന് ചിന്തിക്കുന്നത് ഉയർന്ന EQ-വിന്റെ ലക്ഷണമാണ്.

6. ശരീരഭാഷ ശ്രദ്ധിക്കാം: സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കാനും (Eye Contact) വിശ്വാസം തോന്നുന്ന രീതിയിൽ പെരുമാറാനും ശ്രദ്ധിക്കുക.

മക്കളുടെ വൈകാരിക ബുദ്ധി വളർത്താൻ

കുട്ടികൾക്കു നമ്മൾ നൽകുന്ന ഏറ്റവും വലിയ സമ്പാദ്യം ഉയർന്ന വൈകാരിക ബുദ്ധിയാണ്. അതിനായി ഇവ പരീക്ഷിക്കൂ:

വികാരങ്ങൾ തിരിച്ചറിയട്ടെ: കുട്ടി കരയുമ്പോൾ "മിണ്ടാതിരിക്കൂ" എന്ന് പറയുന്നതിന് പകരം, "കളിപ്പാട്ടം പൊട്ടിയതുകൊണ്ട് നിനക്ക് സങ്കടമായല്ലേ?" എന്ന് ചോദിക്കുക. അത് തന്റെ വികാരം എന്താണെന്ന് തിരിച്ചറിയാൻ കുട്ടിയെ സഹായിക്കും.

സങ്കടങ്ങളെ മാനിക്കാം: കുട്ടികളുടെ സങ്കടങ്ങൾ നമുക്കു നിസ്സാരമായിരിക്കാം, ‘ഇതിനോക്കെയാണോ കരയുന്നത്?’ എന്ന് ചോദിക്കാതെ, അവരുടെ സങ്കടം മനസ്സിലാക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.

പരിഹാരം അവർ കണ്ടെത്തട്ടെ: കുട്ടികൾ വഴക്കിടുമ്പോൾ ഉടൻ ചെന്നു പരിഹരിക്കാതെ, ‘രണ്ടുപേർക്കും സന്തോഷമാകുന്ന രീതിയിൽ ഇത് എങ്ങനെ മാറ്റാം?’ എന്ന് അവരോട് തന്നെ ചോദിക്കുക.

നമ്മളാകണം മാതൃക: നമ്മൾ ഓരോ അവസരങ്ങളിലും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ് മക്കൾ പഠിക്കുന്നത് എന്ന ബോധ്യമുണ്ടാവുക.

കരുതൽ പഠിപ്പിക്കാം: മറ്റൊരാൾക്കു സംഭവിക്കുന്ന കാര്യം തനിക്കാണെങ്കിൽ എങ്ങനെ പെരുമാറും എന്ന ചിന്തയോടെ ജീവിതസാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ ശീലിപ്പിക്കുക. 

How to Develop Your Emotional Intelligence:

Emotional Intelligence (EQ) is crucial for life success, going beyond just IQ. It involves understanding and managing one's own emotions and empathizing with others, enabling better relationships and career advancement. Nurturing EQ, especially in children, is essential for holistic development and navigating life's challenges effectively.

ADVERTISEMENT