സുഗന്ധങ്ങളോടു പ്രിയമാണോ? മിസ്സാകരുത് ഈ മ്യൂസിയം A paradise of Essential Oils
Mail This Article
അബ്ദുൾ റഷീദ് ആ തോൽക്കുപ്പി മെല്ലെ തുറന്നതേയുള്ളൂ. പുതുമഴ പെയ്തു നനഞ്ഞു വരുന്ന മണ്ണിന്റെ ഗന്ധം മൂക്കിൽ നിറഞ്ഞു. പുറത്തു ചുട്ടുപൊള്ളുന്ന വെയിലാണെന്നു മറന്നു പോകുന്നത്ര മനസു നിറച്ച് മ്യൂസിയത്തിലാകെ ആ മണം പരന്നൊഴുകി.
നൂറു കണക്കിനു സുഗന്ധങ്ങളുടെ കഥയാണ് കുപ്പികളിലായി ഇവിടെ നിറഞ്ഞിരിക്കുന്നത്. മട്ടാഞ്ചേരിയിലെ പെർഫ്യൂം മ്യൂസിയത്തിലെത്തിയാൽ സുഗന്ധങ്ങളുടെ ചരിത്രം കൺമുന്നിൽ സിനിമ പോലെ തെളിയും. എസൻഷ്യൽ ഓയിലുകളുടെ ഗാലറിയിൽ മിർ, ഊദ്, വെട്ടിവെർ തുടങ്ങി വിലയേറിയ വിരുതന്മാർ മുതൽ സ്ട്രോബെറിയും ചെറിയും ട്യൂലിപും നാരങ്ങയും കറുവാപ്പട്ടയും വരെയുണ്ട്.
മിനുത്ത ചില്ലുകുപ്പിക്കുള്ളിൽ നിറഞ്ഞിരുന്ന് കിരീടം പോലെ പ്രൗഢിയുള്ള അടപ്പിനെ തൊട്ടഭിമാനിച്ച് എണ്ണമില്ലാത്തത്ര എണ്ണകളുടെ ശേഖരം. ഓരോന്നും സന്ദർശകർക്കു മണത്തു നോക്കാം. സന്ദർശകർക്ക് ഇഷ്ടമുള്ള ഗന്ധങ്ങൾ പറഞ്ഞാൽ അതു മിക്സ് ചെയ്ത് ഉണ്ടാക്കിയെടുക്കാനാകും. അതിനായി പെർഫ്യൂം ലാബ് എന്ന പ്രത്യേക ഏരിയയും മ്യൂസിയത്തിലുണ്ട്.
‘‘എനിക്കു പണ്ടേ പെർഫ്യൂമുകൾ ജീവനാണ്. ജനിച്ചതും വളർന്നതും മട്ടാഞ്ചേരിയിൽ. വാപ്പ എൻ.എ. ഫരീദ് ബിസിനസുകാരനാണ്. ഭാര്യ ഉനൈസയും ഉമ്മ എം.ബി. ഫാത്തിമയും എന്റെ സ്വപ്നങ്ങൾക്കു പിന്തുണയുമായി ഒപ്പമുണ്ട്.’’ പെർഫ്യൂം ലാബിനോടു ചാരി നിന്ന് അബ്ദുൾ റഷീദ് പറഞ്ഞു.
‘‘സുഗന്ധത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാൽ തീരില്ല. അത്രയേറെയുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന എണ്ണകൾ ഭക്ഷണ വിഭവങ്ങളിൽ ചേർക്കാനായും ഉപയോഗിക്കാം. അതിനും നല്ല ഡിമാൻഡ് ഉണ്ട്.’’
സുഗന്ധവാതിൽ തുറന്ന കാലം
‘‘കെമിസ്ട്രിയിൽ ബിരുദമെടുത്ത് നേരേ കൊൽകൊത്തയ്ക്കു വണ്ടി കയറിയതാണ്. പെർഫ്യൂമറിയിൽ ഡിപ്ലോമയെടുത്തു. രണ്ടു പെർഫ്യൂം ഫാക്ടറികളിൽ ജോലിയും ചെയ്തു. പിന്നീടുള്ള പാഠങ്ങൾ യാത്രകളിലൂടെയായിരുന്നു. ഫ്രാൻസിലെ ‘ല മ്യൂസേയ് ഡ്യു പഫ്യൂം’ മ്യൂസിയവും അവിടത്തെ വാസനകളും യാത്ര കഴിഞ്ഞിട്ടും തിരികപ്പോകാൻ കൂട്ടാക്കിയതേയില്ല. ആ ഓർമകളാണ് ഈ മ്യൂസിയത്തിന്റെ ജീവൻ.
ഇന്ത്യയിൽ പെർഫ്യൂമുകളുടെ പ്രധാന കേന്ദ്രം കനൂജാണ്. അവിടെ നിന്നും സുഗന്ധങ്ങളും നിർമാണ സാമഗ്രികളും വരുത്താറുണ്ട്. കോലഞ്ചേരിയിൽ മാനുഫാക്ചറിങ് യൂണിറ്റുണ്ട്. അവിടെ സ്വയം ചെയ്തെടുക്കാനുള്ള സൗകര്യവുമുണ്ട്. തനതായ രീതിയിൽ എക്സ്ട്രാക്ട് ചെയ്തെടുക്കുന്ന ഓയിലിന് നല്ല വില വരും. ചെറിയ വിലയിൽ കിട്ടുന്ന പലതും കോപ്പികളാണ്. ഇരുപതിലേറെ കെമിക്കലുകൾ ചേർത്താണ് സ്പ്രേ തയാറാക്കുന്നത്.
പെർഫ്യൂം അ ങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതല്ല. ചെയ്തു ശീലിച്ച കൈകളിൽ കല പോലെയതു വഴങ്ങുമെന്നു മാത്രം.
ഏതു പൂവായാലും ഉണക്കിയെടുത്ത ശേഷമാണ് എ സൻഷ്യൽ ഓയിൽ ഉണ്ടാക്കുന്നത്. പല ഉപകരണങ്ങൾ ഇതിനായി മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇവയും മ്യൂസിയത്തിൽ പരിചയപ്പെടാം.
ഉണങ്ങിയ പൂക്കൾ വെള്ളത്തിൽ മുക്കിയിടും. വെള്ളവും പൂക്കളുമുള്ള പാത്രം വെള്ളം നിറച്ച മറ്റൊരു പാത്രത്തിനു മുകളിൽ വച്ച് അരികുകൾ ആവി ചോരാതെ ക്രമീകരിക്കും. അടിയിലെ പാത്രത്തിൽ വെള്ളം തിളയ്ക്കുമ്പോൾ ആവി തട്ടി പൂക്കളുടെ മണവും എണ്ണമയവും നീരാവിയായി ട്യൂബിലൂടെ ശേഖരിച്ച് മറ്റൊരു പാത്രത്തിലാക്കും. ഇതു ചൂടാക്കി, വറ്റിച്ചാണ് ഓരോ എണ്ണയും തയാറാക്കുന്നത്.
എന്നെ സംബന്ധിച്ചു മായാത്ത ഓർമ പോലെയാണ് മനസ്സിൽ തങ്ങുന്ന ഓരോ ഗന്ധവും. ഇതുവരെയുള്ള യാത്രകളുടെ അനുഭവപരിചയത്തിന്റെയും ഓർമയാണ് ഈ പെർഫ്യൂം മ്യൂസിയം’’ കഥകളുടെ കുപ്പി അടച്ചുവച്ച് അബ്ദുൾ റഷീദ് ചിരിച്ചു.
