ഫ്രാഞ്ചൈസി നല്ലൊരു ഓപ്ഷനാണോ? മൂന്നു സ്ത്രീ സംരംഭകരുടെ അനുഭവങ്ങളിലൂടെ Three women-One business model
Mail This Article
‘‘ഞങ്ങൾ പ്രൗഡാണ്. മുമ്പ് കളിയാക്കുകയും നമ്മൾ എവിടെയും എത്തിയില്ലല്ലോ എന്നു ചോദിക്കുകയും ചെയ്തവർ ഇന്ന് സോഷ്യൽ മീഡിയ സ്റ്റോറിയിലും വാട്സ് ആപ് സ്റ്റാറ്റസിലും നമ്മുടെ വളർച്ച കാണുന്നുണ്ട്. അതിനെല്ലാം തുടക്കം ഫ്രാഞ്ചൈസിയാണ്’’
ഒറ്റപ്പെടലിൽ താങ്ങായ സന്തോഷത്തിന്റെ തുരുത്ത്– ഗാന്ധിമതി, തൃശൂർ
തൃശൂർ സ്വദേശിനിയായ ഗാന്ധിമതി കഴിഞ്ഞ പത്തു വർഷമായി രണ്ടു ബ്രാഞ്ചുകൾ നടത്തുന്നുണ്ട്. രണ്ടു വർഷമായി അക്കാദമിയും നടത്തുന്നു. കണ്ണൂരിൽ നാച്ചുറൽസ് ഫ്രാഞ്ചൈസി നടത്തുന്ന സഹോദരന്റെ കൈത്താങ്ങാണ് ഗാന്ധിമതിയെ സലൂൺ നടത്തിപ്പിലേക്ക് കൈപിടിച്ചു നടത്തിയത്.
‘‘തുടക്കത്തിൽ ബിസിനസൊക്കെ വല്ലാതെ കുറവായിരുന്നു. വിട്ടു പോയാലോ എന്നു ചിന്തിച്ചു പോകുന്ന അവസ്ഥ. സഹോദരന്റെ പിന്തുണയിലാണ് മൂന്നു വർഷം വരെ പിടിച്ചു നിന്നത്. പിന്നീടു മാറ്റങ്ങൾ വന്നു. വളർച്ചയുണ്ടായി. അതോടെയാണ് ചാവക്കാട് രണ്ടാമത്തെ ബ്രാഞ്ചിനു തുടക്കമിട്ടത്. ഭർത്താവിന്റെ മരണശേഷം ഗാന്ധിമതിയുടെ ജീവിതത്തിന്റെ താളം തന്നെ മക്കളും നാച്ചുറൽ ഫ്രാഞ്ചൈസിയും ചേർന്നതാണ്.
‘‘ഖത്തറിലായിരുന്ന എന്റെ മകനും ജോലി വിട്ട് ബിസിനസിൽ ചേർന്നു. ബ്രാൻഡ് ട്രെയ്നിങ്, ഓൺലൈൻ ക്ലാസുകൾ, ട്രെൻഡ് അപ്ഡേറ്റുകൾ അങ്ങനെയങ്ങനെ എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനുണ്ടാകും. നാച്ചുറൽസിന്റെ സപ്പോർട്ട് സിസ്റ്റം ഒന്നാന്തരമാണ്. ഉപയോഗിക്കുന്ന ഉൽപന്നങ്ങളും തനതാണ്. പുറത്തൊരു സലൂണിലും കിട്ടില്ല. പുതുതായി ടീമിൽ വരുന്നവർക്ക് ഈ ഉൽപന്നങ്ങള്‍ പരിചയപ്പെടുത്താനും പ്രത്യേക ട്രെയ്നിങ്ങുണ്ട്.’’ സ്വന്തം അനുഭവങ്ങളുടെ തിളക്കത്തിൽ ഗാന്ധിമതി പറയുന്നു. ‘‘യൂറോപ്പ് യാത്ര പോകാനും സ്വന്തം ആവശ്യങ്ങൾക്കും മക്കളോടു ചോദിക്കേണ്ട അവസ്ഥ എനിക്കില്ല. എല്ലാത്തിനും കാരണം അധ്വാനിക്കാനുള്ള മനസും സഹോദന്റെ പിന്തുണയുമാണ്.’’
സമൂഹത്തിലെ പ്രമുഖർ പോലും പരിചയക്കാരായി– റീബ, ആലപ്പുഴ
ആലപ്പുഴക്കാരിയായ റീബയ്ക്ക് കോവിഡ്കാലവും മകളുടെ വിവാഹവും വരെ കാത്തിരിക്കേണ്ടി വന്നു വീടിനു പുറത്തേക്കു ചുവടു വയ്ക്കാൻ. ബി എഡ് പഠിച്ചെങ്കിലും വീട്ടുകാര്യങ്ങളും കുട്ടികളെ വളർത്തലുമായി തിരക്കിട്ടു നടന്ന റീബയോട് ടീച്ചർ ജോലി കൂട്ടു കൂടിയില്ല. സ്വന്തമായുണ്ടാക്കുന്ന വരുമാനവും ഇഷ്ടമുള്ള ജോലിയുടെ കൂട്ടും ഏറ്റവും മിസ്സായത് കോവിഡ് കാലത്താണ്.
ഇരുപത്തിരണ്ടു വർഷം വിദേശത്തു താമസിച്ചതു മതിയാക്കി നാട്ടിലെത്തിയതും മകളുടെ വിവാഹവും കോവിഡുമെല്ലാം ഒരേ സമയത്തായിരുന്നു. ഒറ്റപ്പെടലിൽ നിന്ന് റീബയെ പുറത്തിറക്കാൻ മുൻകയ്യെടുത്തത് ഭർത്താവാണ്. പല ഫ്രാഞ്ചൈസികൾ നോക്കിയെങ്കിലും ഫ്ലെക്സിബിലിറ്റി കൊണ്ട് മനസിന്റെ റേറ്റിങ്ങിൽ നാച്ചുറൽസ് ഒന്നാമതെത്തി.
പാർട്ണർഷിപ്പിലാണ് റീബ സംരംഭകയുടെ കുപ്പായമിട്ടത്. ആക്ടീവ് പാർട്ണറായി സുഹൃത്ത് ആശയും മറ്റു രണ്ടു പാർട്ണർമാരും ഒപ്പം കൂടി.
‘‘സലൂൺ തുടങ്ങിയ ശേഷം ഭർത്താവുമൊത്ത് കാറിൽ പോകുമ്പോൾ പരിചയക്കാർ ഹായ് പറയും. സംസാരിക്കും. അഭിമാനത്തോടെ ഞാൻ ഭർത്താവിനെ നോക്കും, എന്നെ നാലാളറിയാൻ തുടങ്ങി എന്ന് കണ്ണുകൾ ബാനറും പിടിക്കും.
ആലപ്പുഴയിലെ ഫ്രാഞ്ചൈസി തുടങ്ങിയ ശേഷം നാലാം മാസം സ്റ്റാഫിൽ നിന്ന് നാലു പേർ ഒന്നും പറയാതെ ഇറങ്ങിപ്പോയിട്ടുണ്ട്. സന്തോഷങ്ങൾ മാത്രമല്ല, വെല്ലുവിളികളും ബിസിനസിൽ സ്വാഭാവികമാണ്. രണ്ടുപേരാണ് സ്റ്റാഫിൽ ഉണ്ടായിരുന്നത്. അവർ ഇരട്ടി ആത്മാർഥതയോടെ ഒപ്പം നിന്നു. കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഞാനും ഒപ്പം നിന്നതോടെ രണ്ടു പേർ മാത്രം വച്ച് ഒരാഴ്ച സലൂൺ ഭംഗിയായി മുന്നോട്ടു പോയി. അടുത്ത ആഴ്ച തന്നെ പുതിയ സ്റ്റാഫ് എത്തുകയും ചെയ്തു. ആറുമാസം കൊണ്ട് നാച്ചുറൽസിന്റെ ടോപ് ടേണോവർ അവാർഡും ഞങ്ങൾക്കു കിട്ടി.
എന്റെ സ്വന്തം വരുമാനം കൊണ്ട് മാതാപിതാക്കളുടെ ആദ്യത്തെ ആണ്ട് നടത്താനായതും എന്റെ നേട്ടമാണ്. ധൈര്യത്തോടെ മുന്നിട്ടിറങ്ങിയതുകൊണ്ടു മാത്രമാണ് ഈ വളർച്ചയുണ്ടായത്.’’ റീബയുടെ വാക്കുകളിലും ആത്മവിശ്വാസവും അഭിമാനവും.
‘‘നേട്ടങ്ങൾ മാത്രമല്ല, വെല്ലുവിളികളും പ്രശ്നങ്ങളും ഒരുപാടു വരും. അതെല്ലാം അതിജീവിക്കുമ്പോൾ ആത്മവിശ്വാസം വീണ്ടും കൂടും.’’
കളർഫുളാണ് ഞങ്ങളുടെ ലൈഫ്– ദീപ ശ്രീജിത്ത്, തിരുവനന്തപുരം
തിരുവനന്തപുരത്തു നിന്നെത്തിയ ദീപ ശ്രീജിത്തിനും അനുഭവങ്ങൾ ഒരുപാടുണ്ട്. ഭർത്താവിന്റെ പിന്തുണയാണ് ദീപയുടെ കരുത്ത്. വൈകിക്കിട്ടിയ ഇരട്ടക്കുട്ടികളെ വളർത്തുന്നതിനിടയിലും ബിസിനസ് ബാലൻസ് ചെയ്യാനാകുന്നത് ഭർത്താവും ഒപ്പം കൂടിയതിനു ശേഷമാണ്. തിരുവനന്തപുരത്തെ നാച്ചുറൽസിന്റെ രണ്ടു ബ്രാഞ്ചുകൾ മൂന്നിലേക്കു വളരാനൊരുങ്ങുന്നതിന്റെ സന്തോഷവും എനർജിയും ദീപയുടെ സംസാരത്തിലും നിറഞ്ഞു.
‘‘ആളുകളുമായി ഇടപഴകാനും പ്രശ്നങ്ങൾ പരിഹരിക്കാനും സന്തോഷമായിരിക്കാനും യാത്ര പോകാനും എല്ലാം പഠിച്ചത് സ്വന്തം സംരംഭം തുടങ്ങിയതിനു ശേഷമാണ്. ചില കസ്റ്റമേഴ്സുണ്ട് സ്വന്തം കുടുംബം പോലെ അടുപ്പത്തിലാകുന്നവർ, മറ്റു ചിലർ പ്രശ്നമുണ്ടാക്കാനും പൈസ തിരികെ വാങ്ങാനും വേണ്ടി മാത്രം സലൂണിലെത്തുന്നവർ. ഇവരെയൊക്കെ സ്നേഹത്തോടെയും സംതൃപ്തിയോടെയും മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങൾ പഠിച്ചു.
പൈസ തരാതെ പറ്റിക്കുന്ന അനുഭവം വന്നതോടെ പകുതി അഡ്വാൻസ് പേയ്മെന്റ് വാങ്ങുന്നുമുണ്ട്.
കല്യാണം കഴിയുന്നതിന് മുമ്പ് ഇന്‍ഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്കു പോയി. കുഞ്ഞുങ്ങൾ പ്രിമച്വറായാണ് ജനിച്ചത്. അവരെ വളർത്തുക എന്നല്ലാതെ മറ്റൊരു ലോകം എനിക്കില്ലായിരുന്നു. പുറത്തു പോകാനോ സ്വന്തമായി സമ്പാദിക്കാനോ കൂട്ടുകാരെ കാണാനോ ഒന്നുമറിയില്ല. ഹസ്ബൻഡ്സ് ഗേൾ തന്നെയായിരുന്നു. പല ദിവസങ്ങളിലും രാത്രിയേതാ പകലേതാ എന്നു പോലും അറിഞ്ഞിട്ടില്ല.
കുട്ടികൾക്കു നാലു വയസായതോടെയാണ് നാട്ടിലേക്കെത്തിയത്. അവർ സ്കൂളിൽ ചേർന്നു. എന്നിട്ടും എനിക്കു ജോലിക്കു പോകാനാകില്ല. അവർ രണ്ടരക്കു വീട്ടിലെത്തുമ്പോൾ വീട്ടിൽ ആളു വേണമല്ലോ. പിന്നീടാണ് നാച്ചുറൽസിന്റെ ക്ലസ്റ്റർ മാനേജർ വഴി ഫ്രാഞ്ചൈസി എടുക്കാൻ തീരുമാനിച്ചത്.
കോൺഫിഡന്റാണെങ്കിൽ നോക്കാമെന്നായി ശ്രീജിത്തും. അതായിരുന്നു തുടക്കം. പോകെപ്പോകെ കുട്ടികളെയും സലൂണും ഒന്നിച്ചു മാനേജിങ് പ്രയാസം തന്നെയായി. വിദേശത്ത് പ്രൈവറ്റ് സ്ഥാപനത്തിൽജനറൽ മാനേജറായിരുന്ന ഭർത്താവും ജോലിവിട്ട് നാട്ടിലേക്കു പറന്നെത്തി. അതോടെ രണ്ടാമത്തെ സലൂണും ഏറ്റെടുത്തു. അഞ്ചു സലൂൺ അഞ്ചു വർഷങ്ങൾക്കുള്ളിൽ– അതാണ് ഇപ്പോഴത്തെ സ്വപ്നം.
ഒരു ജോലിക്കു പോയി മുഴുവന്‍ സമയം ഡെഡിക്കേറ്റു ചെയ്ത് പണിയെടുത്താൽ കിട്ടുന്നതിലും എത്രയോ ഇരട്ടിയാണ് സലൂൺ ഫ്രാഞ്ചൈസിയിലൂടെ കിട്ടുന്ന വരുമാനം. ആവശ്യങ്ങളും അതുപോലെ കൂടുതലുണ്ട്. കൂറേ കുടുംബങ്ങളും നമ്മളെ ആശ്രയിച്ച് കഴിയുന്നുണ്ട്. ഉത്തരവാദിത്തം കൂടിയെങ്കിലും സന്തോഷവും അഭിമാനവും എല്ലാം അതിനൊത്തു കൂടുന്നുണ്ട്. ആ ധൈര്യത്തിൽ കാഷ്ഫ്ലോ എല്ലാം കണ്ട ശേഷമാണ് ഭർത്താവും ജോലിവിട്ട് ബിസിനസിൽ ചേർന്നത്. നല്ല സർവീസ് കിട്ടിയാൽ ആളുകൾ തേടിവരും. ഉറപ്പാണത്.’’ ദീപ പറയുന്നു.
