പോരാടിയതു കാൻസറിനോടും അന്ധതയോടും: കാർത്തിക ഇനി പ്ലസ്ടു അധ്യാപിക From UP Teacher to Higher Secondary: Karthika's New Role
Mail This Article
കോട്ടയം കുമാരനല്ലൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അധ്യാപികയായി ചുമതല ഏറ്റെടുത്ത കാർത്തികയുടെ കഥ വനിതയിൽ പ്രസിദ്ധീകരിച്ചതു ദിവസങ്ങൾക്കു മുൻപാണ്. മൂന്നാം ക്ലാസ്സിൽ വച്ചു കാഴ്ച നഷ്ടപ്പെട്ട കാർത്തിക കാൻസറിനോടും അന്ധതയോടും പൊരുതി നേടിയ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇതാ ഒന്നുകൂടി, കുമാരനല്ലൂർ ദേവിവിലാസം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയായി കാർത്തിക ചുമതല ഏറ്റെടുത്തു.
ഹയർ സെക്കൻഡറി വകുപ്പിലെ സർക്കാർ നടപടികളുടെ കുരുക്കിൽപെട്ടു നിയമനം വൈകിയതോടെ യുപി അധ്യാപികയായി ജോലി തുടങ്ങിയ കാർത്തികയുടെ കഥ ദിവസങ്ങൾക്കു മുൻപാണു വനിതയിൽ പ്രസിദ്ധീകരിച്ചത്.
അറിവിന്റെ വെളിച്ചം കരുത്താക്കി കാർത്തിക നേടിയ നേട്ടങ്ങൾ ചെറുതല്ല. കോട്ടയം മള്ളൂശേരി പുല്ലരിക്കുന്നിലെ റിട്ടയേഡ് ജോയിന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രന്റെയും അധ്യാപികയായിരുന്ന ശ്യാമയുടെയും മകളായ കാർത്തിക, 2006ൽ പട്ടിത്താനം എബനേസർ സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രോഗബാധിതയായത്.
കണ്ണിലെ തടിപ്പും വേദനയും കാഴ്ച മങ്ങലും കാരണം ഡോക്ടറെ കണ്ട കാർത്തികയോടു ഡോക്ടർ പറഞ്ഞു, സൈനസിൽ ട്യൂമറാണ്, സർജറി വേണ്ടിവരും. വിദഗ്ധ പരിശോധനകൾ ആരംഭിച്ചപ്പോഴേക്കും ഇടതു കണ്ണിന്റെ കാഴ്ച നിഴൽ മാത്രമായി ചുരുങ്ങിയിരുന്നു. സിസ്റ്റ് വളർന്നതിനാൽ ശ്വാസമെടുക്കാനും പ്രയാസം വന്നു തുടങ്ങി.
സർജറി ചെയ്യാൻ പ്രയാസമാണെന്നാണു ഡോക്ടർമാർ പറഞ്ഞത്. നെറ്റിയിൽ പുരികത്തിനു പിന്നിലായാണു ട്യൂമർ വളരുന്നത്. കാഴ്ചയ്ക്കു സഹായിക്കുന്ന ഒപ്റ്റിക് നെർവിനു മുകളിൽ ട്യൂമർ ഞെരുങ്ങിയാണു കാഴ്ച നഷ്ടപ്പെട്ടത്.
ട്യൂമർ നീക്കിയാൽ നെർവ് പഴയ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിൽ കീമോതെറപി തുടങ്ങി. മൂന്നെണ്ണം കഴിഞ്ഞിട്ടും ട്യൂമറിന്റെ വലുപ്പം കുറഞ്ഞില്ല. റേഡിയേഷൻ ചെയ്യാതെ തരമില്ലെന്നായി. കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ജീവനേക്കാൾ വലുതല്ല കാഴ്ച എന്നായിരുന്നു അച്ഛന്റെ മറുപടി.
അങ്ങനെ റേഡിയേഷൻ ചികിൽസയുമായി മുന്നോട്ടു പോയി. ട്യൂമറിനൊപ്പം ഒപ്റ്റിക്കൽ നെർവും നശിച്ചു. ഉമിനീർ ഗ്രന്ഥിയും കണ്ണുനീർഗ്രന്ഥിയും തകരാറിലായി.
അറിവിന്റെ വെളിച്ചം
കാഴ്ച നഷ്ടപ്പെട്ടെങ്കിലും കാർത്തികയുടെ ഉള്ളിലെ അറിവിന്റെ ദീപം കൂടുതൽ തെളിമയോടെ പ്രകാശിച്ചു. നാലാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഒളശ്ശ സ്പെഷൽ സ്കൂളിലാണ്. അവിടെ വച്ചു ബ്രെയിൽ പഠിച്ചു. ഒപ്പം ശാസ്ത്രീയസംഗീതവും ഹാർമോണിയവും.
എട്ടാം ക്ലാസ്സിൽ കാരാപ്പുഴ എൻഎസ്എസിൽ ചേർന്നപ്പോൾ അടുത്ത പ്രശ്നം വന്നു. ഇംഗ്ലിഷ് മീഡിയത്തിൽ ബ്രെയിൽ ടെക്സ്റ്റ് ബുക്ക് ലഭ്യമല്ല. സിലബസ് പ്രകാരമുള്ള ബുക്കുകൾ കാട്പാടിയിലെ പ്രസ്സിലേക്ക് അയച്ച് ബ്രെയിലിലേക്കു മാറ്റി വാങ്ങിയാണു പ്രശ്നം പരിഹരിച്ചത്. പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ്സിൽ പാസ്സായി.
പ്ലസ്ടു ഹ്യുമാനിറ്റീസിനു ചേർന്നത് കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലാണ്. അന്നു ഭാഷാ വിഷയങ്ങളൊഴികെയുള്ള പാഠപുസ്തകങ്ങളുടെ ബ്രെയിൽ കോപ്പി ഡെറാഡൂണിൽ നിന്നു വരുത്തി. ഹിന്ദിയും ഇംഗ്ലിഷും അമ്മ വായിച്ചുതരുന്നതു റിക്കോർഡ് ചെയ്തു കേട്ടു പഠിച്ചു. പ്ലസ്ടുവിന് 1200ൽ ഫുൾ മാർക്കു വാങ്ങി പാസ്സായി.
ഇംഗ്ലിഷ് സാഹിത്യത്തിലാണ് ബിരുദം. കോട്ടയം ബിസിഎം കോളജിലായിരുന്നു പഠനം. നാട്ടകം കോളജിലെ സോമരാജൻ എന്ന കാഴ്ചപരിമിതിയുള്ള അധ്യാപകൻ നൽകിയ പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി ലാപ്ടോപ്പിന്റെ സഹായത്തോടെ കേട്ടുപഠിച്ചാണു പരീക്ഷയെഴുതിയത്. ജോസ് (JAWS- JOB ACCESS WITH SPEECH) എന്ന സ്ക്രീൻ റീഡിങ് ആപ് ഇതിനായി ഉപയോഗിച്ചു. ഉബുണ്ടുവിന്റെ ഓർക വഴിയാണു മലയാളം വായിക്കുന്നത്.
കവിതയും കഥയും എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. പ്ലസ്ടു വരെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഇംഗ്ലിഷ് കഥാരചനയിലും കവിതാരചനയിലും സമ്മാനം കിട്ടി. കവിതാസമാഹാരം പ്രസിദ്ധീകരിക്കാനും ആഗ്രഹമുണ്ട്.
പഠനം അതിമധുരം
87 ശതമാനം മാർക്കോടെ ബിഎ പൂർത്തിയാക്കി ഹൈദരാബാദ് ഇഫ്ലുവിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. അതുവരെ വരാന്തയിലൂടെ ജനാലകൾ എണ്ണിയെണ്ണിയാണു ക്ലാസ്സിലേക്കു പോയിരുന്നത്.
ഇഫ്ലുവിലെ ഹോസ്റ്റലിൽ മൂന്നു ദിവസം അമ്മ കൂടി വന്നു നിന്നു. കുളിമുറിയിലേക്കു പോകാനും തുണി കഴുകി വിരിക്കുന്നിടത്തേക്കു പോകാനുമൊക്കെയുള്ള ഇത്തരം കണക്കുകൂട്ടലുകൾ ശരിയായെന്ന് ഉറപ്പിച്ച ശേഷം അമ്മ തിരികെ പോയി. 82 ശതമാനം മാർക്കിൽ എംഎ പാസ്സായി ആന്ധ്രയിലെ കമ്പനിയിൽ കോർപറേറ്റ് ട്രെയ്നറായി ആറു മാസം ജോലി ചെയ്തു.
പിന്നെ, ബിഎഡ് പൂർത്തിയാക്കി. ആ വർഷം തന്നെ നെറ്റും സെറ്റും സിടെറ്റും കെടെറ്റും പാസ്സായി.
കുമാരനല്ലൂർ ദേവിവിലാസം സ്കൂളിൽ ഹയർ സെക്കൻഡറി ഗസ്റ്റ് അധ്യാപികയായ സമയത്താണു ഭിന്നശേഷി സംവരണ പോസ്റ്റിൽ സ്ഥിര നിയമനത്തിനായി ശ്രമിച്ചത്. ഹയർ സെക്കൻഡറി വകുപ്പിലെ സർക്കാർ നടപടികളുടെ കുരുക്കിൽപെട്ടു കാര്യങ്ങൾ മുന്നോട്ടുപോയില്ല.
അതോടെ ഹൈസ്കൂളിലേക്കും യുപി വിഭാഗത്തിലേക്കും അപേക്ഷ നൽകി. ഹൈസ്കൂൾ ലിസ്റ്റിലും ഒന്നാമതായെങ്കിലും വീടിനടുത്തായതിനാൽ കുമാരനല്ലൂർ ദേവിവിലാസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ യുപി സ്കൂൾ ടീച്ചറായി സ്ഥിരനിയമനം കിട്ടി.
മുൻപു നിയമനടപടികളുടെ കുരുക്കിൽ പെട്ടു വൈകിയ നിയമനം വേഗത്തിലായതോടെ വനിതയോടു കാർത്തികയും കുടുംബവും നന്ദി അറിയിച്ചു. കാർത്തികയുടെ കഥ ഒരുപാടു പേർക്കു പ്രതീക്ഷയേകട്ടെ. കാർത്തികയ്ക്ക് എല്ലാ ആശംസകളും.
