ആലിൻ എന്ന കുഞ്ഞുമാലാഖ; മരണത്തിനപ്പുറം പലരിലൂടെ ജീവിക്കുന്ന കൺമണിയെ കുറിച്ച് അച്ഛൻ അരുൺ പറയുന്നു Kerala's Youngest Organ Donor: The Selfless Act of Aline Sherin Abraham
Mail This Article
ആലിൻ ഷെറിൻ എബ്രഹാം ഭൂമിയിൽ ജീവിച്ചതു കഷ്ടിച്ചു പത്തു മാസമാണ്. പക്ഷേ, ആ കുരുന്നുപ്രാണൻ ഉയിർത്തെഴുന്നേറ്റു ജീവൻ പകുത്തുനൽകിയത് അഞ്ചു ജീവിതങ്ങൾക്കാണ്. ഈസ്റ്റർ നക്ഷത്രം പോലെ അവൾ ആകാശത്തു തിളങ്ങുന്നു.
പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞതു കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായാണ്. അപകടത്തെ തുടർന്നു മരണത്തോടു മല്ലിട്ട ആലിന്റെ ഇരുവൃക്കകളും കരളും കണ്ണുകളും ഹൃദയവാൽവുമാണു ദാനം ചെയ്തത്.
മല്ലപ്പള്ളിയിലെ വീട്ടിൽ ആലിന്റെ ഓർമകൾ ഹൃദയത്തോടു ചേർത്തുവച്ചു കഴിയുകയാണ് അച്ഛൻ അരുണും അമ്മ ഷെറിനും. അഭിമുഖത്തിനായി വിളിക്കുമ്പോൾ അരുൺ പറഞ്ഞു, ‘‘ഇതുവരെ ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ല. ലോകത്തോടു പറയേണ്ടതെല്ലാം കുഞ്ഞ് പറഞ്ഞുകഴിഞ്ഞു. അതിനപ്പുറം എന്തു പറഞ്ഞാലും വാക്കുകളെ വളച്ചൊടിച്ചു ചിലർ കമന്റുകളിടും. മോളുടെ പുണ്യത്തിനു ദോഷം വരുന്നതൊന്നും പറയാൻ ഇടവരല്ലേ എന്ന പ്രാർഥനയായിരുന്നു ഈ നിമിഷം വരെ.
മരിച്ചു എന്നു വിശ്വസിക്കാനല്ല, മരണത്തിനപ്പുറം പലരിലൂടെ ജീവിക്കുന്നു എന്നു വിശ്വസിക്കാനാണിഷ്ടം. അതുകൊണ്ടുതന്നെ ആലിനെ കിടത്തിയ പന്തലിൽ കരിങ്കോടികളല്ല, വെളുത്ത തുണികളാണ് ഉപയോഗിച്ചത്. പ്രത്യാശയുടെ ഗീതങ്ങളാണു പാടിയതും...’’ ഷെറിനെ ചേർത്തുപിടിച്ചു സംസാരിക്കവേ അരുണിന്റെ വാക്കുകളിടറി.
വളരെ പ്രതീക്ഷയോടെയാണു മോൾക്ക് ആലിൻ എന്നു പേരിട്ടതെന്ന് അരുൺ പറയുന്നു. ‘‘സുന്ദരം, ശാന്തം, ശ്രേഷ്ഠം, പ്രകാശം നിറയ്ക്കുന്നത് എന്നൊക്കെയാണ് ആ വാക്കിന്റെ അർഥം. മോളുടെ പേരിനൊപ്പം അമ്മയുടെ പേരു മതി എന്നു തീരുമാനിച്ചതു ഞാനാണ്. അങ്ങനെ ആലിൻ ഷെറിൻ എബ്രഹാം എന്നിട്ടു.
അധികം ഉറങ്ങുന്ന ശീലം മോൾക്കില്ലായിരുന്നു. അവൾക്കൊപ്പം ഞങ്ങളും ഉറക്കമിളച്ചു. ഇപ്പോൾ തോന്നുന്നു, ജീവിച്ചിരുന്ന ദിവസങ്ങളിൽ കൂടുതൽ സമയം ഞങ്ങൾക്കൊപ്പം ചെലവിടാനാകും അവൾ ഉറങ്ങാതിരുന്നത് എന്ന്...’’ അരുൺ ഇടർച്ചയോടെ ഒന്നുനിർത്തി.
‘‘മോളുടെ വളർച്ചാഘട്ടങ്ങൾ പെട്ടെന്നായിരുന്നു. കമഴ്ന്നു വീണതും മുട്ടിലിഴഞ്ഞതും പിടിച്ചു നിൽക്കാനും നടക്കാനും തുടങ്ങിയതുമൊക്കെ വേഗത്തിലാണ്. എട്ടു മാസം തികഞ്ഞ പിറകേ ‘അമ്മ’ എന്നു വിളിച്ചു, പിന്നാലെ ‘അപ്പ’ എന്നും ‘അച്ചാച്ച’ എന്നും. യാത്ര വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടം കൊണ്ടുതന്നെ പത്തു മാസത്തിനുള്ളിൽ കേരളത്തിലെ മിക്ക ജില്ലകളിലും ഊട്ടിയിലും ഞങ്ങൾ പോയി.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ച്. ബന്ധുവിന്റെ പിഎച്ച്ഡി കോൺവക്കേഷനു വേണ്ടിയാണു ഷെറിനും മോളും ഷെറിന്റെ അപ്പ ജോണും അമ്മ ജെസിയുമായി പുറപ്പെട്ടത്. തിരുവല്ലയിലെ ബന്ധുവിന്റെ കുഞ്ഞിനെ കാണാനാണു മടങ്ങും വഴി എംസി റോഡു വഴി വന്നത്.
ഉച്ച കഴിഞ്ഞു ഷെറിന്റെ ഫോൺ. അപകടമുണ്ടായെന്നും കുഞ്ഞിന് അനക്കമില്ലെന്നും പറഞ്ഞ് അവൾ കരഞ്ഞു. ഏതെങ്കിലും വണ്ടിയിൽ ആശുപത്രിയിലേക്കു പോകാൻ പറഞ്ഞശേഷം ഞാൻ അവിടേക്കു പാഞ്ഞു. പിക്കപ് വാനിലാണ് ഷെറിനേയും കുഞ്ഞിനെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക്. പീഡിയാട്രിക് ഐസിയു ഇല്ലാത്തതിനാൽ തിരുവല്ല ബിലീവേഴ്സിലേക്ക്.
ആ യാത്രയിലൊക്കെ ഷെറിന്റെ കയ്യിൽ ഉറക്കത്തിൽ തന്നെയായിരുന്നു മോൾ. ഇടയ്ക്ക് ഒന്നു ഞരങ്ങി എന്നല്ലാതെ ആ ഉറക്കത്തിൽ തന്നെയായിരുന്നു പിന്നീട് ഏഴുദിവസവും. അവളുടെ ദേഹത്ത് ഒരു പോറൽ പോലുമില്ലായിരുന്നു...’’
ആലിന്റെ പത്തുമാസത്തെ ജീവിതവും അപകടത്തിനു ശേഷം ഏഴു ദിവസം സംഭവിച്ച കാര്യങ്ങളും അച്ഛൻ അരുൺ ആദ്യമായി തുറന്നുപറയുന്ന അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം, പുതിയ ലക്കം (മാർച്ച് 28– ഏപ്രിൽ 10) വനിതയിൽ.
