‘മുച്ചിലോട്ട് ഭഗവതിയായി മാറിയ അച്ഛനെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്; കോലമഴിച്ചാൽ വാത്സല്യനിധിയായ അച്ഛനാണ് അദ്ദേഹം’ The Divine Transformation of Narayanan Peruvannan
Mail This Article
കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഡ്രൈവറെ ഒരു നാൾ കാണാതായി. രണ്ടു ദിവസത്തെ ലീവ് എഴുതിവച്ചു പോയ ആളെ അഞ്ചു ദിവസം കഴിഞ്ഞും കാണാതായപ്പോൾ തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല. മൊബൈൽ ഫോണും വീടുകളിലെല്ലാം ലാൻഡ് ഫോണും വ്യാപകമല്ലാതിരുന്ന അക്കാലത്ത് ആളെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒരു മാസത്തോളം കാണാതായപ്പോൾ ഹാജരാകാത്ത ജോലിക്കാരന്റെ വീട്ടിലേക്ക് മെമ്മോകളും നോട്ടീസുകളും വന്നു. അദ്ദേഹം അപ്പോഴേക്കും ദൈവമായി മാറിയിരുന്നു. ദൈവത്തിന് എന്ത് മെമ്മോ.. എന്തു നോട്ടീസ്...
അന്നു സർക്കാർ ഓഫിസിൽ നിന്നു പറയാതെ ഇറങ്ങിപ്പോയ ദൈവത്തിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ലക്ഷണമൊത്ത മുച്ചിലോട്ട് ഭഗവതിയായി നാരായണൻ പെരുവണ്ണാൻ ഇറങ്ങിയാൽ മക്കൾ മനമുരുകി വിളിക്കും. കാക്കണേ.. ദൈവേ...
ചുവപ്പും വെള്ളയും പച്ചയും കറുപ്പും നിറങ്ങളിൽ അണിയിച്ചൊരുക്കിയ തിരുമുടിയിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പതിച്ച്, തെച്ചിപ്പൂ തൊങ്ങലുകൾ ഇളകിയാടി, ‘കുറ്റിശംഖും പ്രാക്കും’ എന്ന മുഖത്തെഴുത്താൽ അതിസുന്ദരിയായി, വെള്ളിയിൽ തീർത്ത കണ്ണും പല്ലും അണിഞ്ഞ്, കൈകളിൽ തീപ്പന്തമേന്തി വരുന്ന സർവാലങ്കാര ഭൂഷിതയായ നിത്യകന്യകയാണു മുച്ചിലോട്ടു ഭഗവതി. മുച്ചിലോട്ടു ഭഗവതിയായി മാറാൻ ഏറ്റവും തക്ക മുഖവും പ്രകൃതവുമാണു നാരായണൻ പെരുവണ്ണാന് എന്നു പറയുന്നവരേറെ.
‘‘നമ്മുടെ ഭാവങ്ങളിൽ വരുന്ന മാറ്റം പ്രധാനമാണ്. രൗദ്രരൂപിയായാൽ മുഖവും വടിവും അതിനൊപ്പമാകണം. സൗമ്യയാകുമ്പോൾ കാണുന്നവർക്കും ആ ശാന്തത അനുഭവപ്പെടണം.’’ എന്നു നാരായണൻ പെരുവണ്ണാൻ.
ആടിവേടൻ തൊട്ട് മുച്ചിലോട്ടു ഭഗവതി വരെ
‘‘നാലാം വയസ്സിൽ ആടിവേടൻ തെയ്യമാണ് ആദ്യമായി കെട്ടുന്നത്. കർക്കടകമായാൽ പിന്നാക്ക സമുദായക്കാരായ വണ്ണാന്മാർക്കും മറ്റുള്ളവർക്കും പട്ടിണിയും പരിവട്ടവുമാണ്. കർക്കടകത്തിൽ ഏഴാം നാൾ മുതൽ മലയ സമുദായക്കാർ ജ്യേഷ്ഠാ ഭഗവതിയെ വീടുകളിൽ കൊണ്ടു കയറ്റുകയും അത് ഇറക്കുന്നതിനായി വണ്ണാന്മാർ ആടിവേടൻ തെയ്യം കെട്ടുകയും ചെയ്യും.
തെയ്യത്തിനു തറവാടുകളിൽ നിന്നു കിട്ടുന്ന അരിയും തേങ്ങയും ദക്ഷിണയും കൊണ്ടാണു പഞ്ഞമാസത്തിൽ ജീവിതം കഴിഞ്ഞു പോകുന്നത്. ആടിവേടനും ചിങ്ങമാസത്തിലെ ഓണത്താറും കുട്ടികളാണു കെട്ടുക.
കുട്ടിക്കാലത്തു തെയ്യം കെട്ടുന്നതിലൂടെ അയാൾ ഭാവിയിൽ തെയ്യം കെട്ടാൻ യോഗ്യനാണോ എന്നറിയാൻ കഴിയും. കല്ലിനിടയ്ക്കു നിന്നു എടുക്കുന്ന പ്രകൃതിദത്ത വർണമായ ചായില്യം, അരിപ്പൊടിച്ചാന്ത്, ചുട്ടെടുത്ത നൂറ് (ചുണ്ണാമ്പ്) തുടങ്ങിയ വസ്തുക്കൾ എണ്ണയും വെള്ളവും ചേർത്താണു മുഖത്തെഴുതുക. ആ മിശ്രിതത്തിന്റെ മണം അടിക്കുമ്പോൾ ചില കുട്ടികൾ ഛർദ്ദിക്കും. അത്തരക്കാർക്ക് ഭാവിയിൽ തെയ്യം കെട്ടാനാകില്ല.
പതിമൂന്നു പതിന്നാലു വയസ്സോടെയാണു പുതിയ ഭഗവതി, വീരൻ തെയ്യം തുടങ്ങിയവ കെട്ടിത്തുടങ്ങുക. തോറ്റം പാട്ട്, ചുവടുകൾ, മുഖത്തെഴുത്ത്, മെയ്യെഴുത്ത്, തിരുമുടി നിർമാണം, അണിയാഭരണ നിർമാണം എന്നിവ ഈ കാലയളവിൽ സ്വായത്തമാക്കണം. ഇരുപത്തൊന്നു വയസ്സാകുമ്പോഴേക്കു പൂർണമായും തെയ്യമാകുന്നതിനുള്ള ശാരീരിക മാനസികമായ തന്മയത്വം കൈവരും.
അച്ഛൻ പനക്കാട് ഒതേന പെരുവണ്ണാനാണ് ആദ്യ ഗുരു. അമ്മ മാമ്പയിൽ പാഞ്ചാലിയുടെ ജന്മാവകാശത്തിലുള്ള തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ തലപ്പാളി (തിരുമുടിക്ക് അടിയിലായി തലയിൽ ധരിക്കുന്ന തുണി കൊണ്ടുള്ള കെട്ട്) വച്ചു തൊഴുതാണ് അനുഷ്ഠാന കലയിലേക്കു പ്രവേശിച്ചത്. ചുഴലി ചുണ്ട പെരുവണ്ണാൻ, അഴീക്കോട് കൃഷ്ണൻ പെരുവണ്ണാൻ എന്നിവരാണു മറ്റു ഗുരുനാഥന്മാർ. തെയ്യാട്ടം കൂടാതെ കളരിയഭ്യാസവും വാദ്യകല യും പഠിച്ചു. തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും പട്ടും വളയും പെരുവണ്ണാൻ സ്ഥാനവും ലഭിക്കുമ്പോൾ എനിക്കു വയസ്സ് ഇരുപത്തിയൊന്നേയുള്ളു.’’
മുഖ്യമന്ത്രിയുടെ ഡ്രൈവർ
‘‘തെയ്യം കെട്ടൽ കുലത്തൊഴിലാണെങ്കിലും ജീവിക്കാൻ ജോലി വേണമെന്നതിനാൽ ഡ്രൈവറായി. സർവീസിൽ നിന്നു പിരിഞ്ഞിട്ടു പത്തു വർഷമായി.
ആദ്യ കാലത്തു ലീവെടുത്തു വീട്ടിൽ വന്ന സമയത്താണ് തെയ്യം കെട്ടാൻ അവസരം വന്നത്. അതു തുടർന്നതോടെ അഞ്ചു വർഷം മാറി നിൽക്കാനിടയായി. തെയ്യത്തെക്കുറിച്ചറിയാവുന്ന ശ്യാമ സുന്ദരൻ എന്ന വൈസ് ചാൻസലർ ആണ് എന്നെ തിരികെ ജോലിയിലെത്തിച്ചത്.
ആ കാലത്തു വെളുപ്പിനു തെയ്യക്കോലം അഴിച്ചയുടൻ വണ്ടിയുമെടുത്ത് എയർപോർട്ടിലേക്കും മറ്റും ഓടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഡൽഹിയിൽ നിന്നു വന്ന പ്രതിനിധിയെ മീറ്റിങ്ങിനെത്തിക്കാൻ നിയോഗിക്കപ്പെട്ടു. അവരുടെ ഫ്ലൈറ്റ് വൈകി. മീറ്റിങ്ങിനു സമയത്ത് എത്തുകയും വേണം. ‘നന്നായി പിടിച്ചിരുന്നോളൂ, നമ്മൾ പറക്കാൻ പോകുകയാണെ’ന്നു പറഞ്ഞു വണ്ടി വിട്ടു. മീറ്റിങ് സംഘാടകരോട് ‘ഇയാൾ മുഖ്യമന്ത്രിയുടെ ഡ്രൈവറാകേണ്ടയാളാണ് കേട്ടോ..’ എന്നവർ ചിരിയോടെ പറഞ്ഞു.
വർഷങ്ങൾക്കു ശേഷം കാസർകോട് കൃഷിവിജ്ഞാന കേന്ദ്ര ഉദ്ഘാടന പരിപാടിക്കു യൂണിവേഴ്സിറ്റി പ്രതിനിധിയുമായി പോകേണ്ടി വന്നു. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം. ഉദ്ഘാടന സ്ഥലത്തേക്ക് കാർ പോകില്ല. തീരെ നിരപ്പില്ലാത്തയിടമാണ്. മുഖ്യമന്ത്രിയെ അവിടെയെത്തിക്കാൻ മാർഗമില്ലാതെ സംഘാടകർ വിഷമിച്ചു. ഒടുവിൽ പറഞ്ഞു, ‘നാരായണാ... താൻ ജീപ്പെടുക്കൂ.’
മുഖ്യമന്ത്രി കരുണാകരനെ ഉദ്ഘാടന സ്ഥലത്തേക്കും തിരിച്ചും കൊണ്ടുവരാൻ അങ്ങനെ ഭാഗ്യം കിട്ടി. നിനച്ചിരിക്കാതെ അര മണിക്കൂർ മുഖ്യമന്ത്രിയുടെ ഡ്രൈവറായി.
ദൈവമാണച്ഛൻ പക്ഷേ...
‘‘മുച്ചിലോട്ട് ഭഗവതിയായി മാറിയ അച്ഛനെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. എങ്കിലും കോലമഴിച്ചാൽ സ്നേഹമുള്ള ഭർത്താവും വാത്സല്യ നിധിയായ അച്ഛനുമാണ് അദ്ദേഹം’’ എന്നു മകൾ നിഖില. നിഖിലയുടെ ഭർത്താവു സുഭാഷിനും മക്കളായ ഋത്വിക്കിനും ദൈവിക്കിനും ഇതേ അഭിപ്രായം തന്നെ. മകൻ നിധിൻ അൽപം ദൂരെ ജോലിസ്ഥലത്താണ് ഉള്ളത്.
നാരായണേട്ടൻ ചിട്ടകൾ പാലിക്കുന്നതിൽ കണിശക്കാരനാണ്. തെയ്യം കെട്ടുന്നതിന് മുൻപ് ‘അടയാളം മേടിക്കൽ’ എന്ന ചടങ്ങുണ്ട്. നാരായണേട്ടൻ അടയാളം വാങ്ങി വീട്ടിലെത്തിയാൽ ഞാനും വ്രതത്തിലായിരിക്കും.’’ എന്നു ഭാര്യ പ്രീത.
‘‘അറുപത്തിനാലു വർഷമായി തുടരുന്ന സമർപ്പണത്തിനും ചിട്ടയ്ക്കുമാണ് പത്മശ്രീ ലഭിച്ചതെങ്കിലും ഇതെനിക്കു മാത്രമുള്ളതല്ല’’ എന്നു നാരായണൻ പെരുവണ്ണാൻ വിനയാന്വിതനാകുന്നു. നേട്ടത്തിന്റെ തിളക്കത്തിൽ മയങ്ങാതെ അദ്ദേഹം പറയുന്നു. ‘‘സൗകര്യങ്ങളൊന്നുമില്ലാതെ വിളക്കിന്റെ വെളിച്ചത്തിൽ മുഖത്തെഴുതി തെയ്യം കെട്ടിയാടിയ പൂർവികർക്കും ഭാവിയിൽ പാരമ്പര്യം കാക്കാനിരിക്കുന്ന തലമുറയ്ക്കും ഞാനിതു സമർപ്പിക്കുന്നു.’’
മുച്ചിലോട്ട് ഭഗവതി
‘‘സ്ത്രീ രൂപ തെയ്യങ്ങളിൽ ഏറ്റവും ലാവണ്യമുള്ളതാണു മുച്ചിലോട്ടു ഭഗവതി. പുരുഷ രൂപത്തിൽ ഏറ്റവും സുന്ദരൻ കതിവനൂർ വീരനും. കണ്ണൂർ ജില്ലയിൽ ഈ ര ണ്ടു കോലങ്ങളും ഏറ്റവും അധികം കെട്ടിയ തെയ്യക്കാരൻ ഞാനേ കാണൂ.
ജില്ലയിൽ ഏകദേശം 108 ഓളം മുച്ചിലോട്ടു കാവുകളുണ്ട്. സാത്വിക ഭാവമായതിനാൽ മുച്ചിലോട്ടു ഭഗവതിക്കു ചടുലമായ ചലനങ്ങളും വാക്കുകളും ഇല്ല. കതിവനൂർ വീരനാകട്ടേ മെയ്യഭ്യാസം വളരെയധികമുണ്ട്.
കളിയാട്ടം സിനിമയിൽ കതിവനൂർ വീരന്റെ തെയ്യാട്ടങ്ങളെല്ലാം ചെയ്തത് ഞാനായിരുന്നു. കതിവനൂർ വീരന്റെയും തീച്ചാമുണ്ഡിയുടെയും തെയ്യക്കോലങ്ങളാണ് സുരേഷ് ഗോപി അതിൽ ചെയ്യുന്നതായി കാണിക്കുന്നത്. തീച്ചാമുണ്ഡി തെയ്യം കെട്ടുന്ന തെയ്യക്കാരനെയും ഞങ്ങളാണു തയാറാക്കിയത്. മലയ സമുദായക്കാരാണു തീച്ചാമുണ്ഡി, കുട്ടിച്ചാത്തൻ തുടങ്ങിയ അസുരഭാവ തെയ്യങ്ങൾ കെട്ടുന്നത്.
വണ്ണാൻ സമുദായക്കാർ സാത്വിക തെയ്യങ്ങളായ മുച്ചിലോട്ട് ഭഗവതി, കതിവനൂർ വീരൻ, വേട്ടയ്ക്കൊരു മകൻ, കണ്ടനാർ കേളൻ, വയനാട്ടു കുലവൻ (തൊണ്ടച്ഛൻ) ബാലി തെയ്യം എന്നിവയാണു കെട്ടുക.’’
( 2024 ഏപ്രില്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം )
