ADVERTISEMENT

നാൽപ്പത്തിയഞ്ചു വർഷം മുൻപ്. ഡോ.പി എസ്. ജോൺ ആലപ്പുഴ മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കായി എത്തിയ ആദ്യ ദിവസം. കാഷ്വാലിറ്റിയിൽ പതിവു പോലെ കാലുകുത്താനിടമില്ല. അതിനിടയിലേക്കാണു സ്ട്രച്ചറിൽ ആ പയ്യനെ എത്തിച്ചത്. വലതു കൈ അറ്റു തൂങ്ങിയ അവസ്ഥയിലാണ്. ചോര ഒഴുകുന്നു.

ഡോ. ജോൺ പേര് വായിച്ചു -രാജൻ, 22 വയസ്സ്, പ ത്തനംതിട്ടയിലാണ് വീട്. ചേർത്തലയിൽ വച്ചു വാഹനാപകടത്തിൽ പരിക്കേറ്റതാണ്. ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന കയ്യിലെ രണ്ട് അസ്ഥികളും തെറിച്ചു പോയി. കൈമുട്ടു മുതൽ കൈപ്പത്തി വരെ ഒരു ചുവന്ന തോർത്തു പോലെ ഇളകിയാടുന്നു. തെറിച്ചു പോയ അസ്ഥികൾ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

ADVERTISEMENT

ഒപ്പമുള്ള സീനിയർ ഡോക്ടറും അസിസ്റ്റന്റ് പ്രഫസർമാരും പറഞ്ഞു. ആംപ്യൂട്ട് ചെയ്യാം, കൈ മുറിച്ചു കളയാതെ മറ്റു വഴിയില്ല. ആ ദിവസത്തെക്കുറിച്ച് ഡോ.പി. എസ്. ജോൺ ഒാർത്തെടുത്തു-‘‘ഞാൻ ആ പയ്യന്റെ മുഖത്തേക്കു നോക്കി. അവന്റെ ജോലിയിലാണ് ആ കുടുംബം പിടിച്ചു നിൽക്കുന്നത്. വലതു കൈ നഷ്ടപ്പെട്ടാൽ... അച്ഛനും അമ്മയും പൊട്ടിക്കരയുന്നുണ്ട്.

ഇന്നത്തെ പോലെ മൈക്രോ സർജറികളോ മറ്റു നൂതന സാങ്കേതിക വിദ്യകളോ അന്നില്ല. തൽക്കാലത്തേക്കു കമ്പിയിട്ട് ഉറപ്പിക്കാൻ തീരുമാനിച്ചു. ഏറിയാൽ ഒരാഴ്ച. അതിനുള്ളിൽ കമ്പിയെടുത്തു മാറ്റേണ്ടി വ ന്നേക്കാം എന്നു പല സീനിയേഴ്സും പറ‍ഞ്ഞു. ദൈവത്തിൽ അഭയം പ്രാപിച്ചാണ് ആ സർ‌ജറി ചെയ്തത്. പിന്നീട് കാലിലെ അസ്ഥികളിൽ ഒന്നെടുത്തു കയ്യിൽ പിടിപ്പിച്ചു. അതു വിജയിച്ചു. ഇന്നു രാജൻ അക്കൗണ്ടന്റാണ്, അന്നു മുറിച്ചു കളയാൻ തീരുമാനിച്ച കൈ കൊണ്ടാണ് അയാൾ ജോലി ചെയ്തു കുടുംബം നോക്കുന്നത്. ഇപ്പോഴും എന്റെ ഫോട്ടോ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ കാണാൻ വരും.’’

ADVERTISEMENT

തുടക്കം മാത്രമല്ല, പിന്നീട് ഒരുപാടു പേർക്ക് ഒാർ‌ത്തോ സർജറിയിലൂടെ പഴയജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയിട്ടുണ്ട്. ഡോ. പി. എസ്. ജോൺ. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ പ്രവർത്തിച്ചു. ആയിരക്കണക്കിനു കുട്ടികളുടെ അധ്യാപകനുമായി. മികച്ച അധ്യാപകനുള്ള ആരോഗ്യ സർവകലാശാലയുടെ പുരസ്കാരം ലഭിച്ചു.

മഹാത്മാഗാന്ധി സർവകലാശാലയുടെ ഡീൻ. റോമിൽ, മാർപ്പാപ്പ നയിക്കുന്ന പൊന്തിഫിക്കൽ അക്കാദമിയിൽ ആരോഗ്യമേഖലയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നിർദേശിക്കാനുള്ള സംഘത്തിലെ ഏക മലയാളി, കൊച്ചി വെൽ‌കെയർ ആശുപത്രി സിഇഒ, കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആന്റ് ടെക്നോളജിയുടെ മെഡിക്കൽ ഡീൻ, യുകെയിലെ റോയൽ കോളജ് ഒാഫ് ഫിസിഷ്യൻസ് ആന്റ് സർജൻസിലെ ഇന്റർനാഷനൽ അഡ്വൈസർ...പിന്നിട്ട വഴികളിലെ മുദ്രകൾ.

ADVERTISEMENT

അപൂർവ അച്ഛനും മകളും

‍പൊട്ടൽ വീഴാത്ത ഒാർമകൾ ഡോക്ടർ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അരികിൽ മകൾ ഡോ.ആൻ മരിയ ജോണും ഉണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ ഒാർത്തോപീഡിക്സ് സർജൻ ആണ് ഡോ. ആൻ മരിയ. ഒാർത്തോ സർജറി മേഖലയിലേക്കു പെ ൺകുട്ടികളെത്തുന്നതു വളരെ കുറവാണ്. കേരളത്തി ൽ ഒാർ‌ത്തോ സർജറി മേഖലയിൽ പ്രാക്ടീസ് നടത്തുന്ന ഏക അച്ഛനും മകളുമാണ് ഡോ. ജോണും ആൻ മരിയയും. ഈ അപൂർവതയെക്കുറിച്ചാണ് ആൻമരിയ ജോൺ പറഞ്ഞു തുടങ്ങിയത്.

ഡോ.ആൻ മരിയ ജോൺ- ‘‘കുട്ടിക്കാലത്തു ഞാനൊരു ‘അച്ഛൻ കുട്ടി’യായിരുന്നു. അപ്പ വീട്ടിലെത്തിക്കഴിഞ്ഞാല്‍ ചുറ്റിപ്പറ്റി ഞാൻ ഒപ്പമുണ്ടാവും. ക്ലാസ് എടുക്കാനായി നോട്സുകളൊക്കെ തയാറാക്കുമ്പോൾ അടുത്തു പോയി നിൽക്കും. ചാർട്ടുകളും സ്ലൈഡുകളുംഎന്താണെന്നു ചോദിക്കുമ്പോൾ മനസ്സിലാവുന്ന രീതിയി ൽ പറഞ്ഞും തരും. അങ്ങനെയാണ് ഒാർത്തോപീഡിക്സ് സർജനാവണം എന്ന മോഹം ഉറച്ചത്.

ഡോ.പി.എസ്. ജോൺ- കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയതു ഞാനാണ്. അതിന്റെ വിഡിയോ വീട്ടിലിരുന്നു കാണുകയായിരുന്നു. മോളന്ന് ആറാം ക്ലാസിലാണ്. അവളതു കാർട്ടൂൺ കാണുന്ന കൗതുകത്തോടെ ഇരുന്നു കണ്ടു. ആ പ്രായത്തിൽ കുട്ടികൾക്കു തോന്നുന്ന കൗതുകമായേ കണ്ടിട്ടുള്ളൂ. ഡോക്ടറാവുമെങ്കിലും എന്റെ മേഖലയിലേക്കു വരുമെന്നു കരുതിയില്ല. പണ്ട് ആൺകുട്ടികളേ ഒാർത്തോപ്പീഡിക് സർജറി വിഭാഗത്തിലേക്ക് വരാറുള്ളൂ.

ഡോ.ആൻ മരിയ - ഇത് ആൺമേഖലയാണെന്ന ധാരണ പ ലർക്കുമുണ്ടെന്ന് എംബിബിഎസ് കഴിഞ്ഞാണു മനസിലായത്. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സത്യം പറഞ്ഞാൽ പിജിക്ക് ഒാർത്തോപീഡിക് സർജറിക്ക് ഒാപ്ഷൻ നൽകിയത് ആരോടും പറഞ്ഞില്ല. മറ്റുള്ളവർ കളിയാക്കുമോ എന്ന പേടിയുണ്ടായിരുന്നു.

ഒടിഞ്ഞ അസ്ഥികൾ പിടിച്ചു നേരെയാക്കുന്നതും മുറിക്കുന്നതും പിടിച്ചിടുന്നതും ഒക്കെ അധ്വാനം വേണ്ട കാര്യങ്ങളാണ്. പുരുഷന്മാർക്കേ അതാവൂ എന്നതു മിഥ്യാധാരണ മാത്രമാണ്. ഇന്ന് ആധുനിക മെഷീനുകൾ വന്നു. റൊബോട്ടിക് സർജറി വന്നു. പല ഉപവിഭാഗങ്ങളിൽ ഉപരിപഠനങ്ങൾ വന്നു. ഇതോടെ പെൺകുട്ടികൾ വന്നു തുടങ്ങി.

എന്നാലും കണക്കുകൾ കേട്ടാല്‍ അദ്ഭുതപ്പെടും. 2025 ലെ ബയോ ഇൻഫർമാറ്റിക്സ് കണക്കനുസരിച്ച് ഇന്ത്യയി ൽ ഒരു ശതമാനം സ്ത്രീകളേ ഒാർത്തോപീഡിക്സ് മേഖലയിൽ ഉള്ളൂ. കേരളത്തില്‍ ഒാർത്തോപീഡിക്സ് സർജറി മേഖലയിലെ വനിതകളുടെ കൂട്ടായ്മയാണ് വൗ കേരള (വുമൺ ഒാർത്തോപീഡിക് വിങ്). ഇതിൽ പി. ജി. സ്റ്റുഡ ന്റ്സ് ഉൾപ്പടെ 33 പേരെയുള്ളൂ.

ഇന്ത്യയിൽ മാത്രമല്ല,ലോകത്തെങ്ങും ഇതാണവസ്ഥ. പെൺകുട്ടികൾ ഈ മേഖലയിലേക്കു വരാൻ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒാസ്ട്രേലിയയിൽ‌ 30 ശതമാനം സീറ്റുകൾ പെൺകുട്ടികൾ‌ക്കായി മാറ്റി വച്ചിട്ടുണ്ട്.

psjohn2
മാർപ്പാപ്പയോടൊപ്പം ഡോ.പി.എസ്.ജോൺ

ഡോ.പി.എസ്. ജോൺ- ആദ്യ കാലങ്ങളിൽ പെൺകുട്ടികൾ മെഡിസിനു പഠിച്ചിരുന്നതു തന്നെ കുറവായിരുന്നു. ഇപ്പോഴങ്ങനെയല്ല. ആരോഗ്യ രംഗം പെൺകുട്ടികൾ കയ്യടക്കുന്ന കാലമാണു വരാൻ പോവുന്നത്. ആ മാറ്റം ഒാർത്തോപീഡിക്സ് സർജറിയിലും വന്നു. എന്നിട്ടും ഒാർ‌ത്തോ സർജറി ചെയ്യുന്ന അച്ഛനും മകളും ഇന്ത്യയിൽ തന്നെ മൂന്നോ നാലോ പേരേ ഉണ്ടാവൂ എന്നാണ് എന്റെ വിശ്വാസം.

ഡോ.ആൻ മരിയ ജോൺ- ഇന്ന് ഒരുപാടു പെൺകുട്ടികൾ ഈ മേഖലയിലേക്കു വരുന്നതിനെക്കുറിച്ചു ചോദിക്കാറുണ്ട്. പുതിയ ഒരുപാടു മെഷീനുകൾ വന്നു. പവർ ടൂൾസ് വന്നു.സർജറി എളുപ്പമായി. പിന്നെ, ഏതു രംഗത്തായാലും പെൺകുട്ടികളാണെന്നു വച്ചു മാറി നിൽക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.ആത്മവിശ്വാസം ഉണ്ടായാൽ മതി.

psjohn3
ഡോ.പി.എസ് ജോണും കുടുംബവും

ഡോ.പി.എസ്. ജോൺ-സമൂഹവും സർക്കാരും ഈ മേഖലയിലേക്ക് എത്തുന്ന പെൺകുട്ടികളെ പിന്തുണയ്ക്കണം. ഒാർത്തോ സർജൻമാരെക്കുറിച്ചു പൊതുവേ പറയാറുണ്ട്- അവർ ഒരേ സമയം ഗാർഡനറും കാർപ്പെന്ററുമാണ്. പൂന്തോട്ടം മനോഹരമാക്കുന്ന കലാവിരുതോടെ പൊട്ടിപ്പോയ അസ്ഥികൾ അവർ ചേർത്തു വച്ച് അഭംഗിയുണ്ടാക്കാനിടയുള്ള പല കാര്യങ്ങളെയും മായ്ച്ചു കളയും. അതു പോലെ തന്നെ ചുറ്റികയും ഉളിയുമൊക്കെ ഉപയോഗിച്ചു കൂട്ടിപ്പിടിപ്പിച്ചും ചേർത്തുവച്ചും എല്ലുകളെ ഒരുക്കുന്നു.

എല്ലാ ഒാർത്തോ സർജന്മാരും നല്ല കലാകാരന്മാർ കൂടിയാണ്. അതിൽ തന്നെ പെൺകുട്ടികൾക്ക് ഈ ജോലി കുറച്ചു കൂടി ക്ഷമയോടെ അർപ്പണബോധത്തോടെ ചെയ്യാനാവും. സർജറിയിൽ കുറച്ചു കൂടി സൂക്ഷ്മത സ്ത്രീകൾക്കുണ്ടെന്നു തോന്നിയിട്ടുണ്ട്. രോഗികളോടുള്ള കാരുണ്യവും അവർക്കു കൂടുതലാണ്.

ഡോ.ആൻ മരിയ ജോൺ- ഒരു ഒാർത്തോ സർജന്റെ ഏറ്റവും വലിയ ഊര്‍ജം കുടുംബമാണ്. അപ്പയുടെ എല്ലാ തിരക്കിലും വീട്ടിലെ കരുത്ത് അമ്മയാണ്. ഇന്ന് എന്റെ മക്കളെ അ മ്മയെ ഏൽപ്പിച്ചാണ് ഞാൻ ആശുപത്രിയിലേക്ക് പോവാറുള്ളത്. ഭർത്താവ് ജിത്തു കുര്യൻ പുഷ്പഗിരി ആശുപത്രിയിലെ നെഫ്രോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ്. മക്കൾ ഇസാക്കും ഇവാനും.

ഡോ.പി. എസ് ജോൺ- നാലു മണിക്കൂർ മാത്രം ഉറങ്ങി ബാക്കി സമയം മുഴുവനും രോഗികൾക്കും വിദ്യാർഥികൾക്കും റിസർച്ചിനുമായി വീതിച്ചു നൽകിയിരുന്ന കാലം എനിക്കുണ്ടായിരുന്നു. അന്ന് ഭാര്യ റിറ്റി തന്ന പിന്തുണയാണ് എന്റെ വിജയം. കാലം മാറി. ഗൂഗിളിൽ തിരഞ്ഞ് ‘ഡോക്ടറെ എനിക്ക് ഈ അസുഖമാണോ’ എന്നു ചോദിക്കുന്നവരുണ്ട്. അതു പാടില്ല എന്നൊന്നും പറയാനാവില്ല. രോഗത്തിന്റെ വിവരങ്ങൾ വായിച്ചറിയുന്നത് അഭിനന്ദിക്കാം. പക്ഷേ, അശാസ്ത്രീയ ചികിത്സാരീതികൾ പിന്തുടരാൻ നോക്കുന്നത് ആപത്താണ്.

A Surgeon's Legacy: Dr. P.S. John's Impact:

Dr. P.S. John's remarkable journey in orthopaedic surgery, marked by life-saving interventions and a unique father-daughter surgical duo, highlights his profound impact on patient lives and the medical field in Kerala. His daughter, Dr. Ann Maria John, following in his footsteps, sheds light on the evolving landscape of orthopaedics and the increasing role of women in this demanding specialty.

ADVERTISEMENT