വൈഫൈ പോയാൽ ‘ലൈഫ് ’വരും! സ്ക്രീനിലെ ചിരിയിൽ മയങ്ങി അടുത്തയാളിന്റെ സങ്കടം കാണാതെ പോയോ? The Wi-Fi Off Switch: A Simple Trick to Strengthen Family Bonds
Mail This Article
നമ്മുടെയെല്ലാം വീടുകളിൽ ഇന്ന് ആളുകളുണ്ട്, പക്ഷേ ആളനക്കമില്ല. ഒരേ സോഫയിൽ ഇരുന്നുകൊണ്ട് പരസ്പരം മിണ്ടാതെ സ്മാർട്ഫോണിൽ മുഴുകിയിരിക്കുന്നത് പതിവ് കാഴ്ചയായി.
സ്ക്രീനുകളിലേക്ക് നോക്കി നമ്മൾ ചിരിക്കുമ്പോൾ, തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിലെ സങ്കടം കാണാൻ നമ്മൾ മറന്നുപോകുന്നുണ്ടോ?
മോളിയാന്റി ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് അയൽക്കാരി രാധാമണിയുടെ വരവ്.
പണ്ടൊക്കെയാണെങ്കിൽ ദിവസം രണ്ടോ മൂന്നോ വട്ടം ആരെങ്കിലും വീട്ടിൽ വരുമായിരുന്നു. അങ്ങോട്ടും പോകുമായിരുന്നു. ഇപ്പോൾ വലപ്പോഴുമൊരിക്കലായി അതൊക്കെ. ചക്കപ്പഴവും മാമ്പഴവും പച്ചക്കറികളും അച്ചാറുമൊക്കെ പരസ്പരം കൈമാറി ജീവിച്ച കാലം. മോളിയാന്റി പെട്ടെന്ന് പെട്ടെന്ന് ബാല്യകാല ഓർമകളിലേക്ക് ഓടി.
രാധാമണി പറഞ്ഞ കഥ
‘‘മോളിയാന്റീ’’. രാധാമണിയുടെ ശബ്ദം മോളിയാന്റിയെ ചിന്തകളിൽ നിന്നുണർത്തി.
“വരൂ രാധാമണി. ഇന്ന് ഇവിടെ ഇന്റർനെറ്റ് പണിമുടക്കിലാണ്, അതുകൊണ്ട് ഞാനും ഇത്തിരി ഫ്രീ യാണ്. എന്താ വിശേഷം?”
രാധാമണി ഒന്ന് നെടുവീർപ്പിട്ടു. “ആന്റീ, ഞങ്ങളുടെ വീട്ടിൽ ആളുകളുടെ കുറവൊന്നുമില്ല. പക്ഷേ, ‘മനുഷ്യരുടെ’ കടുത്ത ക്ഷാമമാണ്.” മോളിയാന്റിയുടെ കണ്ണിൽ സംശയത്തിന്റെ ചോദ്യചിഹ്നം മിന്നിമറഞ്ഞു.
‘‘അതെന്താ, അങ്ങനെ? ’’ മോളിയാന്റി ചോദിച്ചു.
“എല്ലാവരും വീട്ടിലുണ്ട്,” രാധാമണി തുടർന്നു. “പ ക്ഷേ, ആരെയും കിട്ടുന്നില്ല. അങ്ങേര് സോഫയിൽ ഇരിപ്പുണ്ട്, പക്ഷേ, മനസ്സ് ബ്രേക്കിങ് ന്യൂസിലാണ്. അമ്മായിഅമ്മയുണ്ട്, പക്ഷേ തല വാട്സാപ് യൂണിവേഴ്സിറ്റിയിലാണ്. മകൻ വീട്ടിൽ തന്നെയുണ്ട്, പക്ഷേ അവൻ വേറെ ഏതോ രാജ്യത്തിനു വേണ്ടി എപ്പോഴും യുദ്ധം നടത്തുകയാണ് (ഗെയിമിലാണ്).
മകളുടെ ജീവിതമാകട്ടെ മറ്റുള്ളവരുടെ Reels-ലും.”
“അപ്പോൾ സംസാരമൊക്കെ?” മോളിയാന്റി ചോദിച്ചു.
രാധാമണി കയ്പേറിയ ഒരു ചിരി ചിരിച്ചു. “സംസാരമോ? ചാർജർ ചോദിക്കുമ്പോൾ എന്തെങ്കിലും മിണ്ടിയാലായി.”
ഭക്ഷണസമയത്തെ കാര്യം പറഞ്ഞപ്പോൾ മോളിയാന്റിക്ക് ശരിക്കും സങ്കടം തോന്നി. “ഞാൻ ഒരുപാട് നേരമെടുത്ത് നല്ല കറിയുണ്ടാക്കി ‘ഇന്ന് കറി എങ്ങനെയുണ്ട്?’ എന്ന് ചോദിക്കും. ഉടനെ വരും മറുപടി: ‘മ്’. ആന്റീ, ആ ‘മ്’ എന്ന ശബ്ദത്തിൽ എന്റെ മുഴുവൻ ജീവിതത്തിന്റെ സമ്മറി ഉണ്ട്.”
എല്ലാം അലക്സ പറയും പോലെ
രാധാമണിയുടെ ശബ്ദം ഒന്ന് താഴ്ന്നു. “മോൾക്ക് കഥകളൊക്കെ പറയാൻ വലിയ ഇഷ്ടമായിരുന്നു. മുൻപ് സ്കൂളിലെ കാര്യങ്ങളൊക്കെ വന്ന് പറയുമായിരുന്നു. ഇപ്പോൾ ആരും ഒന്ന് ശ്രദ്ധിച്ചു കേൾക്കാതായപ്പോൾ അവൾ ‘അലക്സ’യോട് കൂട്ടുകൂടി.
ഇന്നലെ അവൾ എന്നോട് പറഞ്ഞു, ‘Amma, wait, I’m almost done.’ ഞാൻ കരുതി ഹോംവർക്ക് ആണെന്ന്. പക്ഷേ, അവൾ ഒരു ഗെയിം തീർക്കുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞങ്ങളുടെ വീട്ടിലെ വലിയ പ്രശ്നം വൈദ്യുതി പോകുന്നതോ വെള്ളം കിട്ടാത്തതോ അല്ല.
എല്ലാവരും ഉണ്ടായിട്ടും ആരെയും മിണ്ടാൻ കിട്ടുന്നില്ല എന്നതാണ്. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?”
മോളിയാന്റിയുടെ തലയിൽ ഒരു ഐഡിയ മിന്നി. “ഇന്ന് എന്റെ വൈഫെ പണിമുടക്കിയപ്പോൾ എനിക്കിത്തിരി സമയം കിട്ടിയല്ലോ. അപ്പോൾ അതൊരു വഴിയാണ്. ‘വാട്ട് ആൻ ഐഡിയ മോളി’ , ആന്റി സ്വയം പറഞ്ഞു”
“രാധാമണി, ഒരു കാര്യം ചെയ്യൂ. ഇന്ന് രാത്രി വീട്ടിലെ വൈഫൈ (Wi-Fi) കുറച്ചു സമയം ഓഫ് ചെയ്യൂ.” രാധാമണി ഞെട്ടി. “അത് പറയാൻ എളുപ്പമാണ് ആന്റീ, പക്ഷേ നടപ്പിലാക്കാൻ പൊലീസ് പ്രൊട്ടക്‌ഷൻ വേണ്ടിവരും!”
“ഒന്ന് ശ്രമിച്ചു നോക്കെന്നേ,” മോളിയാന്റി പ്രോത്സാഹിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞ് രാധാമണി വീണ്ടും വന്നു. മുഖത്ത് ഒരു പ്രത്യേക തിളക്കം. “മോളിയാന്റീ, ഞാൻ അത് ചെയ്തു. വൈഫൈ ഓഫ് ചെയ്തു!”
“എന്നിട്ട്?” മോളിയാന്റി ആകാംക്ഷയോടെ ചോദിച്ചു.
രാധാമണി പറഞ്ഞു: “ആദ്യത്തെ അഞ്ച് മിനിറ്റ് വീട്ടിൽ ഭൂകമ്പമായിരുന്നു. ‘നെറ്റ് പോയോ?’, ‘റൂട്ടർ എവിടെ?’, ‘റീചാർജ് തീർന്നോ?’ എന്നിങ്ങനെ ചോദ്യങ്ങളും നെട്ടോട്ടവും. അടുത്ത അഞ്ച് മിനിറ്റ് പൂർണ നിശബ്ദത. അതു കഴിഞ്ഞ് ഒരു അദ്ഭുതം നടന്നു. അങ്ങേര് തല ഉയർത്തി എന്നെ നോക്കി.
അമ്മായിഅമ്മ ചില പരിഭവങ്ങൾ പറയാൻ അടുത്തു വന്നു. കുട്ടികൾ തമ്മിൽ സംസാരിച്ചു. വെറും പത്ത് മിനിറ്റ് മാത്രമേ ഉണ്ടായുള്ളൂ എങ്കിലും, ഞങ്ങൾ ഒരു കുടുംബമാണെന്ന് എനിക്ക് തോന്നി.
ഇപ്പോൾ ഞാൻ അത് പതിവാക്കി. സമയം കൂട്ടി ഒരു അരമണിക്കൂറാക്കി. ഡൈനിങ്ങ് ടേബിളിൽ ഫോൺ പാടില്ലെന്ന് നിയമം വെച്ചു. കുറച്ച് ഗോസിപ്പും തമാശയുമൊക്കെയായി ഞങ്ങൾ ഓണായി!”
രാധാമണി പറഞ്ഞു നിർത്തി: “വീട്ടിൽ ആളുകൾ കൂടിയാൽ മാത്രം വീടാവില്ല ആന്റീ. മനുഷ്യർ തമ്മിൽ ഒന്ന് നോക്കിയാൽ, രണ്ട് വാക്ക് മിണ്ടിയാൽ മാത്രമേ അത് വീടാവുകയുള്ളൂ. വൈഫൈ ഓഫ് ആയപ്പോൾ ഞങ്ങൾ ശരിക്കും ‘കണക്റ്റഡ്’ ആയി.”
മോളിയാന്റി ചിരിച്ചുകൊണ്ടു പറഞ്ഞു: “അതെ രാധാമണി, വീട്ടിൽ നെറ്റ് പോയാൽ മാത്രമേ ചിലപ്പോൾ മനുഷ്യർ തമ്മിൽ കണക്റ്റ് ആവൂ!”
കുടുംബത്തോടൊപ്പം കൂട്ടായിരിക്കാൻ
കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനായി സോഷ്യൽമീഡിയയിൽ നിന്ന് അൽപം മാറിനിൽക്കുന്നതു നല്ലതാണ്. അതിനു സഹായിക്കുന്ന മോളി ആന്റിയുടെ പ്രമാണങ്ങൾ:
- ദിവസത്തിൽ നിശ്ചിത സമയം “No Phone Time” ആയി നിശ്ചയിക്കുക– പ്രത്യേകിച്ചു ഭക്ഷണസമയം– എന്തെങ്കിലുമൊക്കെ പരസ്പരം മിണ്ടൂന്നെ...
- ഈ സമയം സോഷ്യൽമീഡിയ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
- വീട്ടിൽ ചില ഭാഗങ്ങളെ (ഡൈനിങ് ടേബിൾ, ബെഡ്റൂം), “Phone-Free Zone” ആയി മാറ്റുക.
- കുടുംബസമയം തുടങ്ങുമ്പോൾ ഫോൺ ഒരു പ്രത്യേക സ്ഥലത്ത് വയ്ക്കാനുള്ള നിയമം ഉണ്ടാക്കുക.
- ആഴ്ചയിൽ ഒരിക്കൽ കുടുംബ പ്രവർത്തനങ്ങൾക്കായി (ഗെയിം നൈറ്റ്, സിനിമാ നൈറ്റ്, ഒരുമിച്ച് പാചകം) മാറ്റിവയ്ക്കുക.
- ദിവസവും Digital Detox Hour പാലിക്കുക.
- Screen Time/App Limit ഉപയോഗിച്ച് സോഷ്യൽമീഡിയ ഉപയോഗം നിയന്ത്രിക്കുക.
- രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ പരിശോധിക്കാതെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.