എട്ടാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടയിലാണ് അനുശ്രീയുടെ വലതുകാലിൽ ഒരു വേദന വന്നത്. നടക്കുന്നതിനിടെ എവിടെയെങ്കിലും തട്ടിയോ മുട്ടിയോ ചതഞ്ഞതാകുമെന്നാണ് അച്ഛനും അമ്മയും ആദ്യം കരുതിയത്. ദിവസം ചെല്ലുംതോറും വേദന കൂടിയെന്നു മാത്രമല്ല, കണങ്കാലിൽ നീരുവച്ചു വീങ്ങാനും തുടങ്ങി.
നരിക്കുനിയിലെ വീട്ടിൽ നിന്ന് അനുശ്രീയുമായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ അച്ഛനോടു ഡോക്ടർ പറഞ്ഞു, ‘കാൻസറാണ്, കാൽ മുറിച്ചു മാറ്റേണ്ടി വരും.’
ഒൻപതു വർഷങ്ങൾക്കിപ്പുറം ആ ഫ്ലാഷ് ബാക് അനുശ്രീ ഓർത്തെടുത്തത് കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ പടിക്കെട്ടുകളിലിരുന്നാണ്. അതേ മെഡിക്കൽ കോളജിൽ എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയാണ് അനുശ്രീ ഇന്ന്.
നാട്ടിലെയും ആർസിസിയിലെയും അഞ്ചു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റിയ ദിവസമാണ് അനുശ്രീ ആ തീരുമാനമെടുത്തത്, ‘ഡോക്ടർമാർ തിരികെ തന്ന ഈ ജീവിതം കൊണ്ട് ഒരുപാടു പേരുടെ സങ്കടം മാറ്റണം...’
കൃത്രിമക്കാലിൽ നടന്നുതുടങ്ങിയ അനുശ്രീ ഇടറാതെ ചുവടുവയ്ചത് ജീവിതത്തിലേക്കു തന്നെയാണ്. ചെറിയ പ്രശ്നം വരുമ്പോൾ പോലും തളർന്നു പോകുന്നവരോട് അനുശ്രീ ചിരിയോടെ പറയുന്നു, ‘‘ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്നു വിശ്വസിക്കുക. ധൈര്യത്തോടെ ചുവടു വയ്ക്കാൻ ആ വിശ്വാസം മാത്രം മതി...’’
വേദനയുടെ തുടക്കം
അനുശ്രീയുടെ അച്ഛൻ പീതാംബരന് കെഎസ്ഇബിയിലായിരുന്നു ജോലി. അമ്മ ഷീനയും റേഡിയോഗ്രഫറായ ചേട്ടൻ അതുലും അനുശ്രീയുടെ എല്ലാ കാര്യത്തിനും കൂടെ നിന്നു.
നരിക്കുനി ജിഎച്ച്എസ്എസിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആ സംഭവമെന്ന് അനുശ്രീ പറയുന്നു. ‘‘ക്രിസ്മസ് അവധി കഴിഞ്ഞ സമയം. വലതു കാലിന്റെ പാദത്തിനു മുകളിലായി കണങ്കാലിൽ അത്ര ചെറുതല്ലാത്ത വേദന. സ്കൂളിൽ സ്പോർട്സിലൊന്നും പങ്കെടുക്കാറില്ല. അതുകൊണ്ടു തന്നെ ഓടിയും ചാടിയും പരുക്കേറ്റെന്നു പറയാനാകില്ലല്ലോ.
എവിടെയെങ്കിലും തട്ടിയതാകും എന്നു കരുതി എണ്ണയും ബാമും പുരട്ടി ഒരാഴ്ച കാത്തിരുന്നെങ്കിലും വേദന കുറഞ്ഞില്ല. ആ ഭാഗത്തു നീർക്കെട്ടു പോലെ കണ്ടതോടെ വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചു. അദ്ദേഹം കുറിച്ചുതന്ന മരുന്നുകൾ കഴിച്ചെങ്കിലും ഒരു കുറവുമില്ല. വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തതു ആ ഡോക്ടർ തന്നെയാണ്.
അവിടെ നടത്തിയ പരിശോധനയിലാണു കാൻസറാണെന്നു സ്ഥിരീകരിച്ചത്. വലതു കാലിൽ പാദത്തിനു മുകളിലായി അസ്ഥിയോടു ചേർന്നാണു രോഗം പടരുന്നത്. ബയോപ്സിയിൽ ബോൺ കാൻസറിന്റെ തുടക്കമാണെന്നു കണ്ടതോടെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിലേക്കു വിട്ടു. പിന്നെ, എട്ടു മാസം മരുന്നും ചികിത്സയും ഓപ്പറേഷനും കീമോയുമൊക്കെയായി അവിടെ തന്നെയായിരുന്നു.
അഞ്ചു വർഷത്തെ ചികിത്സ
രോഗം ബാധിച്ച ഭാഗം നീക്കാനുള്ള ഓപ്പറേഷനാണു നടത്തിയത്. നീക്കം ചെയ്ത അസ്ഥിയുടെ ഭാഗങ്ങൾ കൂടിച്ചേരാനായി അതിനു മുകളിൽ സ്റ്റീൽ പ്ലേറ്റ് ഘടിപ്പിച്ചു.
എട്ടാം ക്ലാസ് അവസാന പരീക്ഷയും ഒമ്പതാം ക്ലാസ്സിലെ ഓണപരീക്ഷയുമൊക്കെ കഴിഞ്ഞാണു പിന്നെ സ്കൂളിലേക്കു പോയത്. ആദ്യം നടക്കാനൊക്കെ നല്ല പ്രയാസമായിരുന്നു. വേദനിച്ചു വിഷമിക്കുമ്പോഴും ക്ലാസ്സുകൾ മുടങ്ങുമ്പോഴും കൂട്ടുകാരായ ദേവയും, നന്ദയും, നന്ദനയും, നസ്രിനും, കീർത്തികയും, അൻസയുമാണു കട്ട സപ്പോർട്ടായി കൂടെ നിന്നത്. അങ്ങനെ രണ്ടു വർഷം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി.
പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായി പ്ലസ് വണ്ണിനു ചേർന്ന സമയത്താണ് അടുത്ത പ്രശ്നം. വീണ്ടും വീണ്ടും വരുന്ന കാലിലെ വേദനയുടെ കാരണമറിയാൻ നടത്തിയ പരിശോധനയിൽ അസ്ഥിയിൽ പൊട്ടുപോലെ കണ്ടു. സർജറി നടത്തി വീണ്ടും പ്ലേറ്റിട്ടു.
ക്ലാസ് മിസ്സാകുന്നതു പരിഹരിക്കാനായി അധ്യാപകരും കൂട്ടുകാരും നന്നായി സഹായിച്ചു. പക്ഷേ, ഒരു വർഷത്തിനകം അസ്ഥിയിൽ വീണ്ടും പ്രശ്നം വന്നു.
രണ്ടു തവണ സർജറി നടത്തിയിട്ടും പൊട്ടൽ വരുന്നത് അത്ര നല്ല കാര്യമല്ല. അസ്ഥി കൂടിച്ചേരാനുള്ള പ്രയാസവും കാലതാമസവും അവസ്ഥ വഷളാക്കുമെന്നും, ആ ഭാഗം മുറിച്ചുമാറ്റുന്നതാണു നല്ലതെന്നും ഡോക്ടർ തീരുമാനം അറിയിച്ചു.
വീണ്ടും പിച്ച വയ്ക്കുന്നു
അഞ്ചു വർഷത്തെ ചികിത്സകൾക്കും സർജറികൾക്കും ശേഷമായിരുന്നു ഡോക്ടറുടെ ആ നിർദേശമെങ്കിലും അ ച്ഛനും അമ്മയ്ക്കും അതു കേട്ടപ്പോൾ വിഷമമായി. മറ്റു മാർഗങ്ങൾ തേടിയെങ്കിലും രോഗം വീണ്ടും വരാതിരിക്കാനും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്കു തിരിച്ചു വരാനും മറ്റു വഴിയില്ലെന്നു മനസ്സിലായതോടെ കാൽ മുറിച്ചുമാറ്റാൻ അവർ സമ്മതം മൂളി.
2021 ജനുവരിയിലായിരുന്നു സർജറി. മേയ് മാസത്തിൽ കൃത്രിമക്കാൽ പിടിപ്പിച്ച ശേഷം വീണ്ടും പിച്ചവച്ചു തുടങ്ങിയപ്പോൾ കൂട്ടുകാരികൾ സ്നേഹത്തോടെ കൈപിടിച്ചു. വേദനയെ അതിജീവിച്ചു നടക്കാൻ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു, പിന്നെ കാലും വേദനയും ഞാനും ചങ്ങാത്തത്തിലായി.
സർജറിക്കു ശേഷം റിക്കവർ ചെയ്യാനെടുത്ത സമയം ഫലപ്രദമായി വിനിയോഗിക്കാൻ പറഞ്ഞതു കൂട്ടുകാരാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെയും ആർസിസിയിലെയും ആരോഗ്യപ്രവർത്തകരുടെ കരുതലും സ്നേഹവും മനസ്സിൽ തൊട്ടിരുന്നു. ആ ജോലിയോടുള്ള ബഹുമാനം കൂടിയത് ആർസിസിയിലെ ഓർത്തോ വിഭാഗത്തിൽ ഓങ്കോളജിസ്റ്റായ ഡോ. സുബിൻ സുഗത് കാരണമാണ്. അദ്ദേഹം രോഗികളോടു കാണിക്കുന്ന സ്നേഹവും ആത്മാർഥമായ ഇടപെടലും വലിയ പ്രചോദനമായി മനസ്സിലുണ്ടായിരുന്നു.
ആ ഒരു വർഷം കൊണ്ടു നീറ്റ് കോച്ചിങ് നല്ല രീതിയിൽ പൂർത്തിയാക്കി. എൻട്രൻസ് പരീക്ഷയിൽ മികച്ച സ്കോർ നേടാനായതും കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ അഡ്മിഷൻ കിട്ടിയതും സ്വപ്നതുല്യമായ നിമിഷങ്ങളായിരുന്നു.
ആദ്യദിവസം അച്ഛനും അമ്മയ്ക്കുമൊപ്പമാണു കോളജിലെത്തിയത്. മകളുടെ രോഗം തിരിച്ചറിഞ്ഞ നിമിഷം സങ്കടത്തോടെ കരഞ്ഞ അവരുടെ മുഖത്ത് അന്ന് അഭിമാനവും സന്തോഷവും നിറയുന്നതു കണ്ടു.
ധൈര്യമാണു പ്രധാനം
കോളജിൽ ചേർന്നപ്പോൾ തന്നെ ഒരു തീരുമാനമെടുത്തു, ഹോസ്റ്റലിലേക്കു മാറണം. അന്നുവരെ എല്ലാ കാര്യത്തിനും സഹായമായി അച്ഛനും അമ്മയും ചേട്ടനുമുണ്ടായിരുന്നു. കംഫർട് സോണിൽ നിന്നു പുറത്തുവരാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുമായി എടുത്ത ജീവിതത്തിലെ ഏറ്റവും ധൈര്യമുള്ള തീരുമാനമായി അത്.
അതുവരെ പേടിയോടെ വേണ്ടെന്നു വച്ച പലതും സാധിക്കുമെന്ന ആത്മവിശ്വാസം വന്നതു കോളജിൽ വന്ന ശേഷമാണ്. സ്കൂളിൽ വച്ചു പ്രസംഗമത്സരത്തിലും ഉപന്യാസരചനയിലുമൊക്കെ സജീവമായിരുന്നു. ആശുപത്രിയും ചികിത്സയുമായി അതിനു തടസ്സം വന്നെങ്കിലും കോളജിൽ വച്ചു വീണ്ടും പ്രസംഗിക്കാനായി സ്റ്റേജിൽ കയറി. എസ്എഫ്ഐയുടെ യൂണിയൻ ഭാരവാഹി ആയതുകൊണ്ടു കോളജ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാണ്.
കോളജ് ടൂറിനു രാമക്കൽമേട്ടിലേക്കു പോയതു ജീവിതം ആകപ്പാടെ മാറ്റിയ നിർണായക ദിവസമാണ്. കൃത്രിമക്കാൽ വച്ച ശേഷം അധികം നടക്കാനും കയറ്റം കയറാനുമൊക്കെ ഉള്ളിൽ ഭയമായിരുന്നു. ആ പേടി മാറ്റിവച്ചു ട്രക്കിങ് പൂർത്തിയാക്കി. ധൈര്യമായി കൂടെനിന്നതു കൂട്ടുകാരായ സജിത്തും ദൃശ്യയുമാണ്.
മല കയറിച്ചെല്ലുമ്പോൾ അടുത്തടുത്തു വന്ന ആകാശവും മേഘങ്ങളും തണുപ്പും എന്റെ പേടിയെ അലിയിച്ചു കളഞ്ഞു. തടസ്സമെന്നു കരുതുന്ന കാര്യങ്ങളെ അതിജീവിക്കുമ്പോൾ കിട്ടുന്ന ഊർജം വലുതാണെന്ന് അന്നു തിരിച്ചറിഞ്ഞു. പിന്നെ എൻഎസ്എസ് ഗ്രൂപ്പിന്റെ ഭാഗമായി കൂരാച്ചുണ്ടിലെ നമ്പിക്കുളം ഹിൽസിലേക്കും പോയി.
ഓങ്കോളജിയിൽ ഉപരിപഠനത്തിനു പോകുമോ എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. അതു തീരുമാനിച്ചിട്ടില്ല. പക്ഷേ, ഒന്നറിയാം, എല്ലാ രോഗികളുടെ മുഖത്തും എന്നെ തന്നെയാണു കാണുന്നത്. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നൽകിയ പിന്തുണയ്ക്കു പകരമായി ഈ ജീവിതം നൽകാം.
രോഗമുണ്ടായ സമയത്തു ചില ബുദ്ധിമുട്ടുകളുണ്ടായി എന്നതിനപ്പുറം പോസിറ്റീവായി കാര്യങ്ങളെ കാണണമെന്നാണു ജീവിതം പഠിപ്പിച്ചത്. ചേർത്തു പിടിക്കുന്ന ആളുകൾക്കൊപ്പം നിൽക്കുക.’’