‘കുട്ടിയുടെ ലഹരി ഉപയോഗം നാണക്കേടെന്നു കരുതി മൂടിവയ്ക്കരുത്’; ഐസ്ക്രീം, ചോക്‌ലെറ്റ് തുടങ്ങി പാക്ക്ഡ് ഫൂഡിലും വരെ ലഹരി! അറിയാം ഇക്കാര്യങ്ങള് The Normalization of Violence: A Dangerous Trend
Mail This Article
വയലൻസ് വയലൻസ് വയലൻസ്... സിനിമയിലെ നായകൻ ഇതു പറയുമ്പോൾ തിയറ്ററിനുള്ളിലെ ആവേശത്തിന്റെ കടലിരമ്പം നമ്മൾ കേട്ടതാണ്. ‘ഐ ഡോൺട് ലൈക് വയലൻസ്, വയലൻസ് ലൈക്സ് മീ’ എന്ന നായകന്റെ ഡയലോഗ് കൊച്ചുകുട്ടികൾ പോലും പറഞ്ഞു നടക്കുന്നുമുണ്ട്. രണ്ടടി കിട്ടിയാൽ തീരാത്ത പ്രശ്നമില്ല എന്നു പറയുന്നതൊക്കെ തീർത്തും സാധാരണമായിരുന്ന കാലം കടന്നാണു നമ്മൾ വന്നതെന്നു പലരും മറന്നു പോകുന്നുണ്ടോ ?
വാക്കുകൾ കൊണ്ടു കുത്തിനോവിക്കുന്ന വെർബൽ വയലൻസും ശരീരം നോവിക്കുന്ന ഫിസിക്കൽ വയലൻസും ലൈംഗിക അതിക്രമവുമൊക്കെയായി അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്തിരുന്നതോ സഹിച്ചു വന്നിരുന്നതോ ആയ അക്രമങ്ങൾ ചെറുതൊന്നുമല്ല. പക്ഷേ, അക്രമം ഏതു സാഹചര്യത്തിലും അക്രമം തന്നെയാണ് എന്നു തിരിച്ചറിയണം. അതിനെതിരേ പ്രതികരിക്കാനും നടപടിയെടുക്കാനും മടിക്കരുത്.
അതിക്രമങ്ങൾ പലതും വീട്ടിനുള്ളിലെ രഹസ്യങ്ങളായി ഒതുങ്ങിയിരുന്ന കാലം കടന്നുപോയി. തലയിടിച്ചു വീണു, ബാത്റൂമിൽ തെന്നി വീണു എന്നൊക്കെ പറഞ്ഞു ചികിത്സ തേടിയിരുന്ന പല കേസുകളും അങ്ങനെയൊന്നുമല്ല എന്നു മലയാളിക്ക് ഇപ്പോഴറിയാം. വെഞ്ഞാറമൂടിലെ കൂട്ടക്കൊലയുടെ വാർത്ത ഓർമയില്ലേ. മകൻ തലയടിച്ചു പൊട്ടിച്ച അമ്മ, പിന്നെ നടന്ന കാര്യങ്ങളൊന്നുമറിയാതെ പൊലീസിനോടു പറഞ്ഞതു കട്ടിലിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റു എന്നാണ്. പക്ഷേ, യഥാർഥത്തിൽ സംഭവിച്ചതെന്താണ് ?
അക്രമവാർത്തകളുടെ സ്വാധീനം നമ്മുടെ മക്കളിലേക്ക് എത്താതെ തടയേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ട്. ഇത്തരം വാർത്തകൾ വീട്ടിൽ ചർച്ച ചെയ്യാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
അഥവാ സംസാരിക്കേണ്ടി വന്നാൽ പോലും ഇരകളോടു വെറുപ്പും വേട്ടക്കാരോട് ഐക്യദാർഢ്യവും പുലർത്തുന്ന തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതു കുട്ടികൾക്കു തെറ്റായ സന്ദേശം നൽകും. അവന്റെ കയ്യിലിരുപ്പു കൊണ്ടല്ലേ പണി കിട്ടിയത്, അവൾക്ക് അത് അത്യാവശ്യമായിരുന്നു എന്ന തരത്തിലുള്ള സ്വാഭാവിക കമന്റുകൾ പോലും കുട്ടികളുടെ മനസ്സിൽ സ്ഥാനമുറപ്പിക്കും.
ന്യായീകരിക്കാൻ കഴിയുമെങ്കിൽ, ഏത് അക്രമവും നടത്താമെന്ന തരത്തിൽ കുട്ടികൾ കാര്യങ്ങളെ സമീപിക്കുന്നതു ഭാവിയിൽ അത്ര നല്ല ഫലമുണ്ടാക്കില്ല. അക്രമിയോടു ബഹുമാനവും മതിപ്പും തോന്നിപ്പിക്കുന്ന തരത്തിലും ഇരയോടു വെറുപ്പുണ്ടാകുന്ന രീതിയിലും യാതൊരു പ്രതികരണവും നടത്തരുത്.
അസ്വസ്ഥമാകുന്ന വീട്
വീടിനുള്ളിലെ ചെറിയ മുഖം വീർപ്പിക്കലും പ്ലേറ്റു പൊട്ടലുമൊക്കെ കൂടിക്കൂടി ഒരു ഘട്ടമെത്തുമ്പോൾ പൊട്ടിത്തെറിയിലാകും അവസാനിക്കുക. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വീടിനുള്ളിലാണ് ഇന്നു മനുഷ്യർ തമ്മിലടിക്കുന്നത്. അസ്വസ്ഥമാകുന്ന ഗൃഹാന്തരീക്ഷം തിരിച്ചറിയാനും അതു പരിഹരിക്കാൻ മുൻകൈ എടുക്കാനും ഈഗോ നോക്കേണ്ട കാര്യമില്ല. നമ്മളെ കണ്ടാണു നമ്മുടെ മക്കൾ പഠിക്കുന്നതെന്ന ചിന്ത മതി, ഉള്ളിലെ സ്നേഹം പൊടിതട്ടി പുറത്തു വരാൻ.
അച്ഛനും അമ്മയും പരസ്പര ബഹുമാനത്തോടെ പെരുമാറുന്നതു കണ്ടു കുട്ടികൾ വളരണം. കുറ്റവും കുറവുമില്ലാത്ത മനുഷ്യരില്ല. അതിന്റെ പേരിൽ കുറ്റപ്പെടുത്തിയും കളിയാക്കിയും മനസ്സു വിഷമിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. ചെറിയ കാര്യത്തിനു പോലും പൊട്ടിത്തെറിക്കുന്നതും മാനസികമായി തളർത്തുന്ന തരത്തിൽ സംസാരിക്കുന്നതും പരസ്പരം ‘കൈവയ്ക്കു’ന്നതും ഗൃഹാന്തരീക്ഷം മോശമാക്കുമെന്നു മാത്രമല്ല കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കും.
ചെറിയ തെറ്റുകൾക്കു പോലും കുട്ടികളെ ക്രൂരമായി ശിക്ഷിക്കുന്ന രീതിയും നല്ലതല്ല. സ്നേഹത്തോടെ ഉപദേശിച്ചു മാറിയെടുക്കാവുന്ന കാര്യങ്ങളിൽ പോലും ‘അടി’യാണു മാർഗമെന്ന് അവർ ‘പഠിച്ചുവയ്ക്കും.’
വീട്ടിലെ പൊതുവായ തീരുമാനങ്ങളിൽ കുട്ടികളെ പ ങ്കാളിയാക്കിയും പരസ്പരം പരിഗണിച്ചും സ്നേഹമാണ് ബന്ധത്തിന്റെ അടിസ്ഥാനമെന്നു പഠിപ്പിക്കണം. വിട്ടുകൊടുക്കുന്നതിലെ സന്തോഷവും അവരെ പഠിപ്പിക്കാൻ ഇത്തരം സന്ദർഭങ്ങൾ മതിയാകും.
കുട്ടികളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയാനും തിരുത്താനും രക്ഷിതാക്കൾ മുൻകൈ എടുക്കണം. കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ എല്ലാ ദിവസവും ചോദിച്ചറിയണം. അവരുടെ ചെറിയ വിജയങ്ങളിൽ സന്തോഷിക്കാൻ മടി കാണിക്കരുത്. തെറ്റുകളെ മറച്ചുവയ്ക്കാൻ കൂട്ടുനിൽക്കുന്നതും അവ തിരുത്താതെ വിടുന്നതും അത്ര നല്ലതല്ല.
മധുരക്കെണിയാകുന്ന അപകടം
സ്കൂൾ കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കാൻ ലഹരിസംഘം പല വഴികളും പയറ്റുന്നുണ്ട്. ഐസ്ക്രീം, ചോക്‌ലെറ്റ്, ജ്യൂസ് തുടങ്ങി കുട്ടികൾക്കുള്ള മധുര പലഹാരങ്ങളിലും പാക്ക്ഡ് ഫൂഡിലും വരെ ലഹരി കലർത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ കുട്ടികളിലേക്കു ലഹരിയുടെ നീരാളിക്കൈ എത്താതിരിക്കാൻ കരുതലെടുക്കണം.
പ്രത്യേകതരം ജ്യൂസോ ചോക്‌ലെറ്റോ കുട്ടി നിരന്തരം കഴിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അതു തടയണം. അത്തരം പദാർഥങ്ങളിൽ ലഹരി കലർത്തിയിട്ടുണ്ടാകാം എന്നു സംശയിക്കുക തന്നെ വേണം. അവ കഴിക്കുന്നതു വിലക്കുമ്പോൾ കുട്ടി പ്രതിഷേധിക്കുകയോ അക്രമം കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടാൻ മടിക്കരുത്.
കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നതു സ്വഭാവ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണു പഠനങ്ങൾ പറയുന്നത്. കുട്ടി വീട്ടിൽ നിന്നിറങ്ങിയാൽ സ്കൂളിലെത്തുന്ന സമയവും തിരികെ വീട്ടിലെത്തുന്ന സമയവും കൃത്യമാണെന്ന് ഉറപ്പാക്കണം. അസാധാരണമായി വൈകുന്നതും മറ്റും ഗൗരവത്തോടെ തന്നെ കാണണം. അ സമയത്തു കുട്ടി വീടിനു പുറത്തു പോകുന്നതും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുന്നതുമൊക്കെ ശ്രദ്ധയോടെ നിരീക്ഷിക്കാം.
കുട്ടിക്കു നൽകുന്ന പോക്കറ്റ് മണിക്കു പുറമേ വലിയ സാമ്പത്തിക ചെലവ് വരുത്തുന്നുണ്ടെങ്കിലും കരുതലെടുക്കണം. മെസേജിങ് ആപ്പുകൾ പോലെയുള്ളവ ലഹരി കച്ചവടത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കു ഫോൺ ഉപയോഗിക്കാൻ കൊടുക്കുമ്പോഴും കരുതൽ വേണം. അത്ര സുപരിചിതമല്ലാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലോ അവ പാസ്‌വേഡ് പ്രൊട്ടക്ടഡ് ആയിരിക്കുമ്പോഴോ പരിശോധിക്കാതെ വിടരുത്.
തങ്ങളുടെ കുട്ടി ലഹരി ഉപയോഗിക്കുന്നു എന്നു മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാകും എന്നു കരുതി പ്രശ്നം മൂടിവയ്ക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും കൂടുതൽ കുഴപ്പങ്ങളുണ്ടാക്കും. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ കുട്ടിക്കും വേണമെങ്കിൽ രക്ഷിതാക്കൾക്കും കൗൺസലിങ് സേവനം തേടാം. ചികിത്സിച്ചു ഭേദമാക്കേണ്ട പ്രശ്നങ്ങളുണ്ടെങ്കിൽ അതിനു പൂർണമനസ്സോടെ തയാറാകുകയും വേണം.
അധ്യാപകരെ അനുസരിക്കാം
ഒരു വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി. കാരണം എന്തു തന്നെയായാലും അധ്യാപകനെ അനുസരണയോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന കാലത്തിന് ഇടിവു വന്നെന്നു സമ്മതിക്കാതെ വയ്യ.
ലഹരിയിൽ നിന്നും അക്രമവാസനയിൽ നിന്നും സംര ക്ഷിച്ചു കുട്ടികളെ സർഗാത്മകതയിലേക്കും നന്മയിലേക്കും നയിക്കാൻ ശക്തിയുള്ള കേരളത്തിലെ ഏറ്റവും വലിയ സേനയാണ് അധ്യാപകർ. എന്നാൽ, വിദ്യാർഥികളെ തിരുത്താനും ശാസിക്കാനുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ പേരിൽ ചിലർക്കെങ്കിലും നിയമനടപടികൾ നേരിടേണ്ടി വരുന്നു.
സദുദ്ദേശത്തോടു കൂടിയുള്ള ശാസനയും ശിക്ഷണ നടപടികളും നടത്താൻ അധ്യാപകരെ അനുവദിക്കേണ്ടത് അ ത്യാവശ്യമാണ്. അച്ഛനും അമ്മയും പറയുന്നതിനെക്കാളും കുട്ടികളുടെ മനസ്സിൽ പതിയുന്നത് അധ്യാപകരുടെ വാക്കുകളാകും. അതിനാൽ തന്നെ വീട്ടിൽ വച്ച് അധ്യാപകരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഇകഴ്ത്തുന്നതും ഒഴിവാക്കണം.
ലഹരി ജീവിതം നശിപ്പിക്കുമെന്നു കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ അധ്യാപകർക്കാകും. ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ ഉദാഹരണസഹിതം പറഞ്ഞുകൊടുക്കാൻ അവർക്ക് അവസരം നൽകാം.
ലഹരിയുടെ ലഹരി
സ്കൂൾ വിദ്യാർഥികൾ മുതൽ യുവതലമുറയെ ഒന്നടങ്കം കെണിയിലാക്കുകയാണു ലഹരി. പഠനം, ലക്ഷ്യങ്ങൾ, ജീവിതം എല്ലാം ലഹരി നശിപ്പിക്കുന്നു.
ലഹരി ഉപയോഗം അക്രമവാസന കൂട്ടുന്നു എന്നതു ഭയപ്പാടോടെ നോക്കിക്കാണേണ്ട സംഗതിയാണ്. ഇതിന്റെ ഭാഗമായി സ്കൂളുകളിലും വീടുകളിലുമടക്കം സംഘർഷാവസ്ഥയും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ അരക്ഷിതാവസ്ഥ പരിഹരിക്കണമെങ്കിൽ വീടും സ്കൂളും സമൂഹവും ഇടപെടണം. തടയാമായിരുന്ന അക്രമം ഉണ്ടോ എന്നു ചിന്തിച്ചു തുടങ്ങുന്നതാണു പ്രധാനകാര്യം. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് അതു വരാതെ നോക്കുന്നതാണെന്നു പറയാറില്ലേ. അതുപോലെ തന്നെയാണ് അക്രമത്തിന്റെ കാര്യവും. കുട്ടികളെ അക്രമകാരികളാക്കാൻ സാധ്യതയുണ്ട് എന്നു തോന്നുന്ന എല്ലാ പ്രവൃത്തിയും തടയണം.
മുതിർന്നവരുടെ ലഹരി ഉപയോഗം കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കുകയും അവർ ലഹരിയെ കൂട്ടുപിടിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ മുന്നിൽ വച്ചു ലഹരി ഉപയോഗിക്കില്ല എന്നല്ല, ലഹരി ജീവിതത്തിൽ ഉണ്ടാകില്ല എന്നാണു രക്ഷിതാക്കൾ തീരുമാനിക്കേണ്ടത്.
മാറുന്ന ജീവിതരീതി
അലസമായ ജീവിതരീതി അക്രമത്തിലേക്കു വഴി തിരിച്ചു വിടുന്നു എന്നാണു പഠനങ്ങൾ പറയുന്നത്. വലിയ കായികാധ്വാനമൊന്നുമില്ലാതെ ജീവിക്കുമ്പോൾ ശരീരത്തിൽ ബാക്കിയാകുന്ന ഊർജം ഏതെങ്കിലുമൊക്കെ തരത്തിൽ പ്രയോജനപ്പെടുത്താൻ മനസ്സു വെമ്പും.
അക്രമം പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും വെബ് സീരിസുകളും സിനിമകളും കൂടിയാകുമ്പോൾ ദുഃസ്വാധീനങ്ങൾക്കു വഴിപ്പെട്ടു പോകുന്ന തരത്തിൽ അനാരോഗ്യകരമായ ചിന്തകൾ മനസ്സിൽ നിറയാം. അക്കാദമികമോ സർഗാത്മകമോ ആയ സ്വപ്നങ്ങളില്ലാതെ അലസരായി മാറിയ കുട്ടികൾ അവരുടെ ഊർജം വിനിയോഗിക്കുന്നത് ഹിംസയിലേക്കാകാം.
കുട്ടികളുടെ ഊർജം കാര്യക്ഷമമായി വിനിയോഗിക്കാ ൻ കായികവിനോദങ്ങളും മറ്റും വളരെ നല്ലതാണ്. സ്കൂൾ വിട്ടു വന്നാൽ കുറച്ചു സമയം ഓടിക്കളിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാക്കണം.
അടുത്തു കൂട്ടുകാരൊന്നുമില്ലെങ്കിൽ വീട്ടിലെ നായ്ക്കുട്ടിക്കൊപ്പമോ പാർക്കിലോ നിങ്ങളുടെ നിരീക്ഷണത്തിൽ കളിക്കാൻ അനുവദിക്കാം. ഫുട്ബോൾ പോലുള്ള ഗെയിമുകൾക്കോ നീന്തൽ പോലുള്ള ലൈഫ് സ്കിൽ പരിശീലനങ്ങൾക്കോ ചേർക്കുന്നതും നല്ലതാണ്.
നർകോട്ടിക്സ് ഈസ് എ ഡേർടി ബിസിനസ്
1985ൽ പാർലമെന്റ് പാസാക്കിയ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ് ആക്ട്) പ്രകാരം ലഹരി ഉൽപന്നങ്ങ ൾ നിയമം മൂലം നിരോധിച്ചതാണ്. അതിനാൽത്തന്നെ നാട്ടിൽ ആർക്കും അതു ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. വിതരണ-ഉപയോഗ ശൃംഖലകളെ നേരിടാൻ ഗൗരവപൂർണമായ ഇടപെടൽ സർക്കാർ നടത്തുന്നുമുണ്ട്.
കേരളത്തിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ സമീപ വർഷങ്ങളിലുണ്ടായത് വൻവർധനയാണ്. 2016ൽ 5924 കേസുണ്ടായിരുന്നത് 2024ൽ 27,530 കേസായി വർധിച്ചു. ഇതു രാജ്യത്തെ ആകെ കേസിന്റെ നാലിലൊന്നു വരും. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ വഴിയാണു കേരളത്തിലേക്കു ലഹരിയെത്തുന്നത്. അതിൽ കഞ്ചാവു മുതൽ സിന്തറ്റിക് ലഹരിയായ എംഡിഎംഎയും മെത്താംഫെറ്റമിനും വരെയുണ്ട്. ലഹരി ശൃംഖലയെ തടയാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. ദേശീയതലത്തിലും പ്രാദേശികതലത്തിലും നമ്മൾ ലഹരിക്കെതിരേ പ്രതിരോധം തീർക്കണം.
