‘ഒരു അബദ്ധം പറ്റി, അതിൽ നിന്നു ഞാൻ പഠിക്കുകയും ചെയ്തു’: ഡ്രഗ് ഉപയോഗിച്ചിട്ടുണ്ടാകുമെന്നും പ്രീ പ്ലാൻഡ് ആണെന്നും പറയുന്നവരോട് ശരണ്യയുടെ മറുപടി ഇതാണ്... Four Days in the Wild: Sharanya's Survival Secrets
Mail This Article
ശരണ്യ ഇപ്പോൾ മലയാളികൾക്ക് ‘സൂപ്പർ ശരണ്യ’യാണ്. ട്രക്കിങ്ങിനിടെ നാല് ദിവസം കാട്ടിൽ കുടുങ്ങിയിട്ടും ഭയത്തിനു പിടികൊടുക്കാതെ ആ പച്ചപ്പിന്റെയും ജൈവികതയുടെയും ആനന്ദങ്ങളിൽ മുഴുകിയതിനാലാകാം ഒരു പോറൽ പോലുമേൽപ്പിക്കാതെ പ്രകൃകി അവളെ ചേർത്തുപിടിച്ച് സംരക്ഷിച്ചത്.
ഒരിക്കൽ ഒരു അബദ്ധം പിണഞ്ഞെന്നു കരുതി യാത്രകളെയോ, കാടിനെയോ, ആകാശം മുട്ടുന്ന പർവതങ്ങളിലേക്കുള്ള ഹരം പകരുന്ന കയറ്റങ്ങളെയോ, ‘നോ’ പറഞ്ഞ് ജീവിതത്തിന്റെ പടിക്ക് പുറത്തു നിർത്താൻ ശരണ്യ തയാറല്ല.
‘‘ഒരു അബദ്ധം പറ്റി. അതിൽ നിന്നു ഞാൻ പഠിക്കുകയും ചെയ്തു. ഭാവിയാത്രകളിൽ ഈ അനുഭവം ഉപയോഗപ്പെടും. ഇങ്ങനെയുള്ള കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചാകും ഇനിയുള്ള ട്രക്കിങ്ങുകൾ. ഒരു പാളിച്ച ഉണ്ടായി എന്നു വച്ച് ആ ഒരു കാര്യം തന്നെ പൂർണമായി അവസാനിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. യാത്രകളും ട്രക്കിങ്ങും ഇനിയും തുടരും. ഏപ്രിൽ – മെയ് സമയത്ത് അരുണാചൽ പ്രദേശ് ഭാഗത്തേക്കു പോയി വരാമെന്നായിരുന്നു പദ്ധതി. ഇനി നടക്കുമോ എന്നറിയില്ല. ഇപ്പോഴത്തെ ഒരു ആഗ്രഹം അതാണ്’’.– ശരണ്യ ‘വനിത ഓണ്‍ലൈനോട്’ പറഞ്ഞു.
ആ യാത്രയിൽ സംഭവിച്ചത്!
കൊച്ചിയില്‍ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജി.എസ്. ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്. എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്തു. പിന്നീട് വനംവകുപ്പിന്റെ അനുമതി ലഭിച്ചപ്പോൾ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2നു രാവിലെ ട്രക്കിങ് തുടങ്ങി. പക്ഷേ, വനത്തിനുള്ളില്‍ വച്ച് ശരണ്യയ്ക്ക് വഴി തെറ്റി. വഴി തെറ്റിയെന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്‌റ്റേ അധികൃതരെ അറിയിച്ചു. പിന്നാലെ ഫോണിലെ ചാർജ് തീർന്നു, സ്വിച്ച്ഡ് ഓഫ് ആയി.
ശരണ്യയ്ക്കൊപ്പം പോയവര്‍ വ്യാഴം വൈകിട്ട് മടങ്ങിയെത്തി. ഏറെ നേരെ കാത്തു നിന്നിട്ടും ശരണ്യ തിരിച്ചു വന്നില്ല. കൂടെപ്പോയവരോട് ചോദിച്ചപ്പോള്‍ മലമുകളില്‍ നായയോടൊപ്പം കളിച്ചു നില്‍ക്കുന്നുവെന്നായിരുന്നു മറുപടി. വനം വകുപ്പും പൊലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രയോജനവുമുണ്ടായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ ലൊക്കേഷനും കണ്ടെത്താനായില്ല. ബാഗിൽ നിന്നു ശരണ്യയുടെ ഡ്രസ് എടുത്ത് ഡോഗ് സ്ക്വാഡിനെ മണപ്പിച്ചാണു തിരച്ചിൽ തുടങ്ങിയത്. ഓരോ ദിവസം പിന്നിടുമ്പോഴും തിരച്ചിൽ സംഘത്തിൽ ആളുകൾ കൂടിവന്നു. അവസാനം ആന്റി നക്സൽ സേനയും വന്നു. തെർമൽ ക്യാമറയും ഡ്രോണും ഉപയോഗിച്ചു. കാടിനുള്ളിൽ വഴി തെറ്റിപ്പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം വിശദമായി തിരഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ, നീണ്ട 4 ദിവസത്തെ തിരച്ചിലിനൊടുവില്‍ ആ ആശ്വാസ വാര്‍ത്തയെത്തി –
‘ശരണ്യ സുരക്ഷിതയാണ്’!
ഞായർ വൈകുന്നേരത്തോടെ, തിരച്ചിലിനിടയിൽ മനുഷ്യ ശബ്ദം കേട്ട സ്ഥലത്തേക്കെത്തിയ പ്രദേശവാസികളാണ് മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിൽ ശരണ്യയെ കണ്ടെത്തിയത്.
ഭയത്തെ അടുപ്പിക്കാതെ!
ആനയും മറ്റു വന്യമൃഗങ്ങളുമുള്ള കൊടുംകാട്ടിൽ 4ദിവസം ഒറ്റപ്പെട്ടിട്ടും ശരണ്യയുടെ മനസ്സ് പതറിയില്ല. ധൈര്യം കൈവെടിഞ്ഞില്ല. 4 ദിവസവും കാട്ടരുവിയിലെ വെള്ളം കുടിച്ചാണ് തളരാതെ പിടിച്ചു നിന്നത്. ഫോൺ സ്വിച്ച്ഡ് ഓഫ് ആയതോടെ പെട്ടു എന്നു മനസ്സിലായെങ്കിലും ആരെങ്കിലും രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷയുണ്ടായിരുന്നു. വഴിതെറ്റി എന്നു മനസ്സിലായതും, ഏതു സാഹചര്യം വന്നാലും നേരിടും എന്നുറപ്പിച്ചു. ഒരു ദിവസം നല്ല മഴയായിരുന്നു. രാത്രി കഴിഞ്ഞുകൂടാൻ സുരക്ഷിതമായ ഇടം എന്ന നിലയിലും ഡ്രോണുകളടക്കം തിരച്ചിലിനെത്തിയാല്‍ ശ്രദ്ധയില്‍ പെടാനുമാണ് പാറയുടെ പുറത്ത് കയറിയത്. ഇടവേളകളില്‍ ഉച്ചത്തില്‍ കൂവി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ കൂവി നോക്കിയപ്പോള്‍ തിരിച്ച് കൂവിയതാണ് രക്ഷാസംഘത്തെ കണ്ടുമുട്ടാന്‍ സഹായകമായത്.
‘‘പേടി തോന്നിയില്ല എന്നത് സത്യമാണ്. പേടിച്ചാൽ അതു രക്ഷപ്പെടലിനു തടസ്സമാകുമെന്നറിയാം. ഇപ്പോഴും അതൊരു മോശം അനുഭവമായി ആലോചിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇതിനെ ഏതു രീതിയിലും കാണാം. അതായത്, ഒരു അപകടം സംഭവിച്ചു എന്നോ, അതല്ലെങ്കിൽ, കാടിനുള്ളിൽ പെട്ടിട്ടും സുരക്ഷിതയായിരുന്നു എന്നോ പരിഗണിക്കാം. എത്ര മോശം സാഹചര്യത്തെയും വേണമെങ്കിൽ ഒരു നല്ല കാഴ്ചപ്പാടോടെ സമീപിക്കാമല്ലോ. ഞാൻ ഇതിനെക്കുറിച്ച് ആലോചിച്ച് ജീവിതകാലം മൊത്തം സങ്കടപ്പെടാനൊന്നും തയാറല്ല. അതിലും മികച്ചത് അതിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ്. അതായത്, ശാരീരികമായി കുറച്ചു ദുർബലയായപ്പോഴും എന്റെ മനസ്സ് പതറിയില്ല, പെട്ടുപോയ ഇടത്ത് കുടിക്കാൻ വെള്ളം ഉണ്ടായിരുന്നു, എന്നെ കണ്ടെത്തുന്നതിനായി രണ്ട് സർക്കാർ സംവിധാനങ്ങളും പൊലീസും ബാക്കി സ്ക്വാഡുകളും അവിടെയുള്ള ആളുകളും എന്റെ ഓഫീസിലെ സുഹൃത്തുക്കളുമൊക്കെ വന്നു. അതൊക്കെ നല്ല കാര്യങ്ങളല്ലേ. അവയേക്കുറിച്ച് ചിന്തിക്കുന്നതല്ലേ നല്ലതും...’’.– ശരണ്യ പറയുന്നു.
ശരണ്യയെ കണ്ടെത്താന്‍ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.യും ഇടപെട്ടു. ശരണ്യയെ മാതാപിതാക്കളെ ഏൽപ്പിക്കാനായി കർണാടക വനം വകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ മടിക്കേരിൽ നിന്ന് നാദാപുരത്തെ വീട്ടിലെത്തിയിരുന്നു.
കാടിനുള്ളിലെ രാത്രികൾ!
ട്രക്കിങ് പതിവാണെങ്കിലും ആദ്യമായാണ് ശരണ്യ ഒറ്റപ്പെട്ടു പോയത്. പ്രതിസന്ധികൾക്കിടയിലും ഈ 4 ദിവസത്തെ കാടനുഭവങ്ങൾ മനോഹമായ ചില നിമിഷങ്ങൾ കൂടി ശരണ്യയ്ക്ക് സമ്മാനിച്ചു. രാത്രി ഏഴ് മണിയാകുന്നതോടെ കാട് മുഴുവൻ മിന്നാമിനുങ്ങുകളെക്കൊണ്ട് നിറയുമെന്ന് ശരണ്യ പറയുന്നു. വൈകിട്ട് ചീവീടിന്റെ ശബ്ദമാണ് ആദ്യം കേൾക്കുന്നത്. 7 മണിയൊക്കെ ആകുമ്പോൾ നിറയെ മിന്നാമിനുങ്ങുകൾ വരും. കാട്ടിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങളെ വ്യക്തമായി കാണാം. രാത്രി 11 മണിയായാലും കാട് മുഴുവൻ പകൽ പോലെ വെളിച്ചമാണ്. ആ വെളിച്ചം കാരണം പലപ്പോഴും ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും ശരണ്യ.
‘‘രാത്രിയിലെ കാടിനെക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുള്ളത് ഭയാനകമാണ്, പേടിപ്പെടുത്തുമെന്നൊക്കെയാണ്. പേടി എന്ന വികാരം പോലും വ്യക്തിപരമാണ്. ചിലർക്ക് പേടി തോന്നുന്ന കാര്യങ്ങൾ മറ്റു പലർക്കും താൽപര്യവും ഭംഗിയുമൊക്കെ തോന്നിപ്പിച്ചേക്കാം. ‘ഫുൾ മൂൺ ഡെയ്സ്’ സമയത്താണ് ഞാൻ അവിടെ ഉണ്ടായിരുന്നത്. ഇരുട്ട് കുറവാണ്. 11 മണിയോടെ മൂൺ വരും. ശേഷം കാട് മുഴുവൻ വെട്ടത്തിൽ കുളിച്ചു കിടക്കും. അത്രയും മിന്നാമിനുങ്ങുകളെ ഒന്നിച്ചു കണ്ടാൽ വേണമെങ്കിൽ പേടിക്കാവുന്നതാണ്. മറിച്ച് അതിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ അതുമാകാം. പൊക്കമുള്ള സ്ഥലങ്ങളിലൊക്കെ നിന്നാൽ ‘ക്ലിയര്‍ സ്കൈ’ കാണാം. പൊല്യൂഷന്‍ കുറഞ്ഞ ഇടമാണെങ്കിൽ നക്ഷത്രങ്ങളെ നന്നായി വ്യക്തമാകും’’.– ശരണ്യ പറയുന്നു.
വീട്ടിൽ പറയാതെയാണ് കൂർഗിലേക്ക് യാത്ര തിരിച്ചത്. വാർത്തകൾ വന്നതോടെയാണ് അവർ വിവരം അറിഞ്ഞത്. മകളെ കാണാനില്ലെന്നറിഞ്ഞതു മുതൽ ആശങ്കയുടെ രാപ്പകലുകളായിരുന്നു അച്ഛന്‍ ഗോപിക്ക്. പക്ഷേ, ഏതു കൊടുങ്കാറ്റിനെയും നേരിടാനുള്ള കരുത്തോടെയാണ് മകളെ വളർത്തിയതെന്ന ആത്മവിശ്വാസത്തിലായിരുന്നു അമ്മ ഷൈലജ. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പിടിച്ചു നിൽക്കാൻ മകൾക്കു കഴിയുമെന്ന ഉറച്ച വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. പല പ്രദേശങ്ങളിലും സാഹസിക യാത്രയ്ക്കു പോയി സുരക്ഷിതയായി തിരിച്ചെത്താറുള്ളതു കൊണ്ടു തന്നെ ഇത്തവണയും അപകടമൊന്നും സംഭവിക്കില്ലെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷേ, ദൗത്യസംഘം രക്ഷിച്ചതിനു ശേഷം ‘അമ്മേ പ്രശ്നമൊന്നുമില്ല, ഇവിടെ എല്ലാം സെറ്റാണ്’ എന്നു ശരണ്യ ഫോണിലൂടെ പറഞ്ഞപ്പോൾ ഷൈലജയ്ക്ക് ആശ്വാസത്താൽ കരച്ചിലടക്കാനായില്ല.
തന്നെ കാണാതായ വാർത്ത ഇത്ര വലിയ ചർച്ചയായത് കാടിറങ്ങുമ്പോഴാണ് ശരണ്യ അറിഞ്ഞത്. ശരണ്യയെ കാണാതായതു കൊച്ചിയിലെ ടെക്കികളുടെ വാട്സാപ് ഗ്രൂപ്പുകളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഐ ടി സ്ഥാപനത്തിലെ സഹപ്രവർത്തകരിൽ ചിലർ ശരണ്യയെ കാണാതായ വനമേഖലയിലേക്കു പോയിരുന്നു.
വിമർശകരോടാണ്!
എന്നാൽ ശരണ്യയെ വിമർശിച്ചും ഇതിനിടെ ഒരു വിഭാഗം രംഗത്തെത്തി. ഭക്ഷണമില്ലാതെ 4 ദിവസം എങ്ങനെ കാടിനുള്ളിൽ സുരക്ഷിതയായിക്കഴിഞ്ഞു എന്ന ചോദ്യമാണ് ചിലർ ഉന്നയിച്ചത്. കാടിറങ്ങി വന്ന ശരണ്യയുടെ മുഖത്ത് ക്ഷീണം തോന്നിയില്ല എന്നാണ് മറ്റൊരു പക്ഷത്തിന്റെ കണ്ടെത്തൽ.
‘‘എന്തു സംഭവിച്ചാലും അതിന്റെ പിന്നാലെ ചില വിവാദങ്ങളുണ്ടാകുമല്ലോ. ഞാൻ അതിനൊടൊക്കെ പ്രതികരിക്കാൻ പോയാൽ അനാവശ്യമായ ചർച്ചകളുണ്ടാകും എന്നേയുള്ളൂ. അതിലൊന്നും കാര്യമില്ല. എന്തിലൂടെയാണ് കടന്നു പോയതെന്ന് എനിക്കറിയാം. എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും തിരച്ചിലിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കും സത്യം അറിയാം. പ്രീ പ്ലാൻഡ് എന്നു പറയുന്നവരുണ്ട്. രണ്ട് സർക്കാരുകൾ ഉൾപ്പെടുന്ന ഒരു കാര്യം എന്നെപ്പോലെ ഒരാൾ എങ്ങനെ പ്രീ പ്ലാൻഡ് ചെയ്യാനാണ് ? അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണ് എല്ലാം. ഞാൻ ആരോഗ്യത്തോടെ, തെളിച്ചമുള്ള മുഖത്തോടെയാണ് തിരിച്ചു വന്നതെന്നൊക്കെയാണ് മറ്റു ചില ആരോപണങ്ങൾ. കാട്ടിൽ അകപ്പെട്ടു പോയ ഒരാൾ അവശനിലയിൽ വരണമെന്നോ സ്ട്രക്ചറിൽ വരണമെന്നോ ഒക്കെ ഒരു ചിന്താഗതി കൊണ്ടു നടക്കുന്നവർക്ക് തോന്നുന്നതാകാം അതൊക്കെ. പ്രോപ്പർ ഹൈഡ്രേഷൻ ഉണ്ടെങ്കിൽ നാലോ അഞ്ചോ ദിവസത്തിലധികം ആരോഗ്യമുള്ള ഒരാൾക്ക് എനർജി ലെവൽ താഴാതെ പിടിച്ചു നിൽക്കാനാകുമെന്ന് ആർക്കാണ് അറിയാത്തത്. പിന്നെ ഡയറ്റിനു വേണ്ടിയുള്ള ഫാസ്റ്റിങ്ങും ചെറിയ വർക്കൗട്ടുമൊക്കെ ഉള്ള ആളാണ് ഞാൻ. അതിന്റെതായ മെച്ചം കിട്ടിയിട്ടുണ്ടാകും. ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ല. ഡ്രഗ് എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും അതുകൊണ്ടാണ് ഇങ്ങനെ ഹെപ്പർ ആയിരിക്കുന്നതെന്നും കേട്ടു. ഹൈപ്പർ അല്ല, അപ്പോഴത്തെ എന്റെ സന്തോഷമായിരുന്നു അത്. ക്ഷീണിച്ചതായി അഭിനയിക്കേണ്ടതില്ലല്ലോ. കാടിറങ്ങിയ ശേഷം മെഡിക്കൽ ചെക്കപ്പ് നടത്തി, പൂർണ ആരോഗ്യവതിയാണെന്ന റിപ്പോർട്ടും വാങ്ങിയാണ് ഞാൻ തിരികെ വന്നത്. അവർക്കാർക്കും തോന്നാത്ത സംശയങ്ങളാണ് വിമർശകർക്ക്’’ എന്നാണ് ശരണ്യ വിമർശകർക്ക് നൽകുന്ന മറുപടി.
