ADVERTISEMENT

ശ്രീനന്ദ ഇന്ന് ഓരോ മലയാളിയുടെയും മനസ്സിന്റെ വിങ്ങലാണ്. കണ്ണു തെറ്റിയ നേരത്ത് വിനോദയാത്രക്കിടെ നഷ്ടപ്പെട്ട മകളെയോർത്തുള്ള ശ്രീനന്ദയുടെ അമ്മയുടെ കരച്ചിൽ ഓരോ മാതാപിതാക്കളുടെയും കാതിൽ  വീണ്ടും വീണ്ടും മുഴങ്ങുകയും അവരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.

അവധിയായാൽ മിക്കവാറും  എല്ലാവരും അവധിക്കാലയാത്രയ്ക്കുള്ള ഒരുക്കത്തിലായിരിക്കും. യാത്രയുടെ ത്രില്ലിൽ സുരക്ഷയെക്കുറിച്ചു പലപ്പോഴും കുട്ടികളും മാതാപിതാക്കളും മറക്കും. ഓരോ ചെറിയ അശ്രദ്ധയ്ക്കും വലിയ വില കൊടുക്കേണ്ടി വന്നേക്കാം എന്ന് ഓരോരുത്തരെയും വീണ്ടും ഓർമ്മിപ്പിക്കുന്നു ശ്രീനന്ദയുടെ മരണം.

ADVERTISEMENT

ഇത്തരം അവസരങ്ങളിൽ മുതിർന്നവരുടെ ശ്രദ്ധ തെറ്റിപ്പോകാം എന്നതിനാൽ തന്നെ വിമർശിക്കുന്നതിൽ അർത്ഥമില്ല.  നമുക്കും ഇത്തരം അശ്രദ്ധകൾ പറ്റിയേക്കാം.  ആ തിരിച്ചറിവായിരിക്കും നിങ്ങൾക്ക് പ്രയോജനപ്പെടുക.

ഏതു യാത്രയിലും സുരക്ഷാനിർദേശങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിലെ നിർദേശങ്ങൾ അനുസരിക്കുക. സ്വയം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

ADVERTISEMENT

കുട്ടികളാണ്, വരും വരായ്കകളെക്കുറിച്ച് അവർക്ക് ധാരണയുണ്ടാകില്ല. അതിനാൽ പ്രത്യേകം ശ്രദ്ധിക്കുക. അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, മുൻകരുതലുകൾ പരമാവധി സുരക്ഷയേകും,  ജീവൻ രക്ഷിക്കാൻ ഉറപ്പായും സഹായിക്കും. 

ചുവട് പിഴയ്ക്കാതെ മുന്നോട്ട്
വിനോദ യാത്രകൾക്കിടക്ക് പാറക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, നിരപ്പല്ലാത്ത നിലങ്ങൾ, ഹോട്ടൽ ബാത്ത്‌റൂമുകൾ, പൂൾ ഏരിയ,  എന്നിവിടങ്ങളിൽ വഴുതി വീണ് അപകടമുണ്ടാകാനുളള സാധ്യത കൂടുതലാണ്.

ADVERTISEMENT

മുൻകരുതൽ നടപടികൾ
വീഴ്ചകളെ കരുതിയിരിക്കുകയാണ് അപകടമൊഴിവാക്കാനുള്ള ആദ്യപടി. ധൈര്യമുണ്ട് എന്നത് കൊണ്ട് ആഴമുള്ള ഇടങ്ങളിലേക്ക് എത്തി നോക്കാതിരിക്കുക. ആഴമുള്ളയിടങ്ങളിലേക്ക് നോക്കുമ്പോൾ ശരീരത്തിന്റെ ബാലൻസ് സിസ്റ്റം തെറ്റാനിടയുണ്ട്. കണ്ണുകൾ നമ്മൾ താഴേക്ക് വീഴാൻ പോകുന്നു എന്ന സിഗ്നൽ തലച്ചോറിന് നൽകിയേക്കാം. ചെവി നിങ്ങൾ സ്ഥിരതയോടെ നിൽക്കുന്നു എന്ന സിഗ്നലായിരിക്കും നൽകുക. ഇതിന് രണ്ടിനുമിടയിലുണ്ടാകുന്ന  പൊരുത്തക്കേട് തലകറങ്ങാനിടയാക്കും.

വീഴ്ചകൾ ഒഴിവാക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം അപരിചിതമായ ഇടങ്ങളിൽ സൂക്ഷ്മതയോടെ നടക്കുക എന്നതാണ്. ശരിയായ ചെരിപ്പ് ധരിക്കാത്തത് അപകടസാധ്യത കൂട്ടും. യാത്രയ്ക്ക് മുൻപ് ഗ്രിപ്പുള്ള, ഹീലില്ലാത്ത പുതിയ ചെരുപ്പുകൾ വാങ്ങുക. മുറികളിലും കുളിമുറിയിലും ഉപയോഗിക്കാവുന്ന ചെരുപ്പുകളും കയ്യിൽ കരുതുക.  താമസത്തിനു ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ  റിവ്യൂവും റേറ്റിങ്ങും  ആ സ്ഥലത്തു മുൻപു പോയവരിൽ നിന്നുള്ള അറിവുകളും പ്രയോജനപ്പെടുത്തുക.

യാത്രയും റോഡ് അപകടങ്ങളും
റോഡ് അപകടങ്ങൾക്കു കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. പരിചയമില്ലാത്ത റോഡുകളിലൂടെയുള്ള യാത്ര, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാടക വാഹനങ്ങളുടെ ഉപയോഗം.   ദീർഘദൂര ഡ്രൈവിങ്, അമിതവേഗം,   ശ്രദ്ധക്കുറവ്, പ്രാദേശിക ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ അപകടകാരണങ്ങളായി മാറാം.

vaccationacc2

മുൻകരുതൽ നടപടികൾ
യാത്രയ്ക്കു മുൻപു ലക്ഷ്യസ്ഥാനത്തെക്കുറിച്ചു പഠിക്കുക. കാലാവസ്ഥ, റോഡുകളുടെ അവസ്ഥ  എന്നിവ അറിഞ്ഞിരിക്കണം. മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും അപകടങ്ങൾക്കും സാമ്പത്തിക സംരക്ഷണം നൽകാൻ യാത്രാ ഇൻഷുറൻസ് സഹായിക്കും.

വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കുകയും ടയറിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും  നിലവാരമുള്ള സ്റ്റെപ്പിനി ടയർ  കരുതുകയും വേണം. ഡ്രൈവ് ചെയ്യുന്നയാൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്ന വിധത്തിലാകണം യാത്ര പ്ലാൻ ചെയ്യേണ്ടത്. കഴിവതും പകൽ നേരത്തു യാത്ര ചെയ്യുക. ‌സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ നിർബന്ധമായും ഉ പയോഗിക്കുക. ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുക. ഗൂഗിൾ മാപ്പിനെ ആശ്രയിക്കുകയാണെങ്കിലും റൂട്ടിനെ സംബന്ധിച്ചു ശ്രദ്ധ വേണം. 

ജലവിനോദങ്ങൾക്ക് ഒരുങ്ങും മുൻപേ
കടൽതീരം, സ്വിമ്മിങ് പൂൾ, തടാകം, വാട്ടർ പാർക്ക് എന്നിവിടങ്ങളാണു പലപ്പോഴും അവധിക്കാലയാത്രകളിൽ കുട്ടികളുടെ പ്രധാന ആകർഷണം.  ഓരോ അവധിക്കാലത്തും ഇരുന്നൂറോളം പേർക്കു മുങ്ങിമരണത്തിലൂടെ ജീവഹാനി സംഭവിക്കുവെന്നാണു കണക്കുകൾ. അതിൽ അധികവും കുട്ടികളാണെന്നാണു വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

വെള്ളച്ചാട്ട സൈറ്റുകളിലും വനയാത്രകളിലും വെള്ളത്തിൽ വഴുതിവീഴൽ, വാട്ടർ സ്പോർട്സിനിടയിലുള്ള അപകടങ്ങൾ, സുരക്ഷിതമല്ലാത്ത വിധം പുഴയിലും കുളത്തിലും കളിക്കാനിറങ്ങി ഒഴുക്കിൽ പെട്ടും നില തെറ്റിയും മുങ്ങിപ്പോകൽ, അതിരു കടന്ന ആത്മവിശ്വാസത്തോടെ ജ ലാശയങ്ങളിലിറങ്ങി അപകടപ്പെടൽ, ശക്തമായ തിരമാലകളിൽ പെട്ടുള്ള അപകടങ്ങൾ, ബോട്ടപകടങ്ങൾ, എന്നിവ പ്രധാന ജല അപകടങ്ങളാണ്.

മുൻകരുതൽ നടപടികൾ
കുട്ടികളെ ഒരിക്കലും നിരീക്ഷണമില്ലാതെ ജലാശയങ്ങളിലേക്കു വിടരുത്. നിരീക്ഷണം എന്നാൽ, കൂടെ പോകൽ മാത്രമല്ല. അപകടം സംഭവിച്ചാൽ രക്ഷാമാർഗങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കൽ കൂടിയാണ്.
ജലാശയങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ ലൈഫ് ഗാർഡ് ഉള്ള സ്ഥലങ്ങളിൽ മാത്രമേ നീന്താൻ അനുവദിക്കാവൂ. ഓരോ സ്ഥലത്തെയും അപകട സൂചനകളും നിയന്ത്രണങ്ങളും പാലിക്കുക. അകാരണമായി ഒരിടത്തും നിയന്ത്രണങ്ങൾ വയ്ക്കില്ല.  

vaccationacc3

വിനോദ സഞ്ചാരബോട്ടുകളിൽ സഞ്ചരിക്കുമ്പോൾ ര ക്ഷാസംവിധാനങ്ങൾ ലഭ്യമാണോ എന്ന് ഉറപ്പാക്കണം.  ബോട്ടുകളിലും മറ്റും അമിതമായി ആളുകളെ കയറ്റുന്നുണ്ടെങ്കിൽ ആ വിനോദം വേണ്ടെന്ന് വയ്ക്കുക. അനാസ്ഥ ബോധപ്പെട്ടാൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

അതിരു കടക്കരുത്, ആവേശം
ട്രക്കിങ്,  സൈക്ലിങ്, സ്കൂബാ ഡൈവിങ്ങ്, പാരാസെയ്‌ലിങ്ങ്, സ്കീയിങ്, സ്കേറ്റിങ്, ഐസ് സ്കേറ്റിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ആവേശകരമാണ്. ശരിയായ പരിശീലനമില്ലായ്മ, സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, മികച്ച ട്രെയിനർമാരുടെ മേൽനോട്ടമില്ലായ്മ  എന്നിവ ഗുരുതര പരുക്കുകൾക്കു കാരണമാകാം.

മുൻകരുതൽ നടപടികൾ
 വാട്ടർ സ്പോർട്സിനും സാഹസിക പ്രവർത്തനങ്ങൾക്കും കുട്ടികളെ വിടുമ്പോൾ ലൈഫ് ജാക്കറ്റ് ലഭ്യത,  ഗുണനിലവാരം, അതണിയിക്കുന്നതിൽ സ്ഥാപനത്തിനുള്ള നിഷ്ക്കർഷ, സ്ഥാപനത്തിന്റെ അംഗീകാരം എന്നിവ ഉറപ്പാക്കണം. സൈക്ലിങ് ചെയ്യുമ്പോൾ ഹെൽമെറ്റ്,  നീ ഗാർഡ്, ഹാൻഡ് ഗ്ലൗവ്സ് എന്നിവ  ഉപയോഗിക്കുക. കായിക വിനോദമല്ലാതെ സൈക്കിളിങ് ചെയ്യുമ്പോഴും ഹെൽമെറ്റും നീ ഗാർഡും ഉപയോഗിക്കാൻ മറക്കരുതേ.

പുതുരുചികൾ തേടുമ്പോൾ
പുതിയ രുചികൾ അവധിക്കാലയാത്രകളിലെ പ്രധാന താരമാണ്. പക്ഷേ,  ശുചിത്വമില്ലാത്ത ഭക്ഷണം, മലിനജലം  ഉ പയോഗിച്ചുള്ള പാചകം തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകും. നോൺവെജ് മാത്രമല്ല, വെജിറ്റേറിയൻ ഭക്ഷണവും ഗുരുതര  ഭക്ഷ്യവിഷബാധ ഉണ്ടാക്കാം.

മുൻകരുതൽ നടപടികൾ
യാത്രകളിൽ വിശ്വാസ്യതയുള്ള റസ്റ്ററന്റുകളിൽ  നിന്നു മാത്രം ഭക്ഷണം കഴിക്കുക. യാത്രയ്ക്ക് മുൻപു തന്നെ അതു നിശ്ചയിക്കാം. അല്ലെങ്കിൽ റേറ്റിങ്, റിവ്യൂ ഇവ സേർച്ച് ചെയ്തു കണ്ടെത്തി മികച്ച റസ്റ്ററന്റ് തന്നെ തിരഞ്ഞെടുക്കാം. കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളം വീട്ടിൽ നിന്നു തന്നെ കരുതാം. അല്ലെങ്കിൽ സർട്ടിഫൈഡ് കമ്പനികളുടെ കുടിവെള്ളം വാങ്ങാൻ ശ്രദ്ധിക്കാം. 

സൂര്യാഘാതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അവധിക്കാലം പൊതുവേ ചൂടുകാലം കൂടിയാണ്. കനത്ത സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് സൂര്യാഘാതമുണ്ടാക്കാം. അടച്ച ചൂട് കൂടിയ ഇടങ്ങളിൽ ഏ റെ നേരം കഴിച്ചു കൂട്ടുക, ശരീരത്തിൽ ജലാംശം വല്ലാതെ കുറയുക, ചൂടുള്ള അന്തരീക്ഷത്തിൽ കഠിന വ്യായാമങ്ങളും ജോലികളും ചെയ്യുക എന്നിവയും സൂര്യാഘാതത്തിന് വഴിവയ്ക്കും. അതിനാൽ കരുതൽ വേണം.

മുൻകരുതൽ നടപടികൾ
കടുത്ത വേനലിൽ ഉച്ചയ്ക്ക് 11 മണി മുതൽ മൂന്നു മണിവരെയുള്ള സമയം സൂര്യപ്രകാശത്തിനു കീഴിൽ നിൽക്കുന്നത് ഒഴിവാക്കുക. സൺ പ്രൊട്ടക്‌ഷൻ വസ്ത്രമില്ലാതെയുള്ള ബൈക്ക് യാത്രയും  കഠിന ജോലികളും  ഈ സമയം ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീനിങ് ഉള്ള കുട ഉപയോഗിക്കുക.
ലളിതമായ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ധാരാളം വെള്ളം കുടിക്കുക. ശരീര താപനില വല്ലാതെ കൂടുതലാകുന്നുവെങ്കിൽ  ശ്രദ്ധിക്കുക. ഉടൻ ശരീരം തണുപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക.

തയാറാക്കിയത്: രാഖി റാസ്

വിവരങ്ങൾക്ക് കടപ്പാട്

ഡോ. നീരജ് അക്കരച്ചിറ്റൂർ   

കൺസൾട്ടന്റ് & ഹെഡ്          

എമർജൻസി മെഡിസിൻ                              

രാജഗിരി ഹോസ്പിറ്റൽ                                            

ആലുവ






ADVERTISEMENT