‘തല്ലിയാലും, കൊന്നാലും ആര്‍ക്കും ഒന്നുമില്ല, എന്തിനാണ് ഇവിടെ നിയമങ്ങൾ?’: വിഴിഞ്ഞം സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് അനുശ്രീ Anusree Condemns Vizhinjam Brutal Murder
Mail This Article
വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് നടി അനുശ്രീ. ആർക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നു അനുശ്രീ പറയുന്നു.
അനുശ്രീ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്;
‘‘വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ... ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം... ആരെ എന്ത് ചെയ്താലും... അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം.
അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? എന്തു നിയമങ്ങളാണ് ഇവിടെ ഉള്ളത്? ആർക്കു വേണ്ടിയാണ് നിയമങ്ങൾ? കഷ്ടം തന്നെ... കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ... ദൈവത്തിന്റെ സ്വന്തം നാട്.’’
കഴിഞ്ഞ ദിവസം മുക്കോലയിൽ മദ്യലഹരിയിൽ സഹോദരങ്ങൾ ചേർന്നാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആൾക്കൂട്ടം നോക്കിനിൽക്കെയാണ് സംഭവം. ചിലര്‍ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തില്‍ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ എസ്. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറില്‍ മദ്യപിക്കുന്നതിനിടെ അച്ചുവും മറ്റൊരാളുമായി ഉണ്ടായ തര്‍ക്കത്തില്‍ സുമന്‍ ഇടപെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.