‘സ്വന്തം വീട് വേണം, അച്ഛനും അമ്മയ്ക്കും സഹോദരിക്കും താങ്ങാകണം’; സ്വപ്നം ബാക്കിവച്ച് സ്വാതി കണ്ണീരോര്‍മ്മയായി Tragic Accident Claims Young Life in Punnapra
Mail This Article
സ്വന്തമായി വീടു നിർമിച്ച് കുടുംബത്തിനൊപ്പം ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹം ബാക്കിയാക്കി പുന്നപ്ര പറവൂർ നയ്പ്പള്ളി വീട്ടിൽ പി.എസ്. സ്വാതിമോള്‍ (22) മടങ്ങി. ബന്ധുവിനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ചാണ് സ്വാതിയുടെ മരണം.
രക്തസമ്മർദം ഉണ്ടായ ബന്ധു ദീപികയെ ഓട്ടോ ടാക്സിയില്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വാതി. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ നിലം പൊത്തി. വാഹനത്തിലുണ്ടായിരുന്ന മറ്റാർക്കു പരുക്കില്ല. അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ് രക്തം വാർന്നുകിടന്ന സ്വാതിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സോണിമോന്റെയും മിനിമോളുടെയും മൂത്ത മകളാണ് സ്വാതി. അമ്പലപ്പുഴ ഗവ. കോളജിലാണ് സ്വാതി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. പഠനശേഷം ആലപ്പുഴ വലിയ ചുടുകാടിനു സമീപത്തെ ടെക്സ്റ്റയിൽസിൽ ബില്ലിങ് സെക്‌ഷനിലാണ് ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം സ്വാതിയുടെ ജോലി ആയിരുന്നു.
ജോലിക്കൊപ്പം പറവൂർ പബ്ലിക് ലൈബ്രറിയിൽ കുട്ടികളെ ഗിത്താറും പഠിപ്പിച്ചിരുന്നു. ഗിത്താറില്‍ പിതാവാണ് സ്വാതിയുടെ ഗുരു. നാടൻപാട്ടു കലാകാരനും കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറിന്റെ സഹോദരനാണ് സോണിമോൻ. നാഷനൽ സർവീസ് സ്കീമിന്റെ കോളജിലെ സജീവ പ്രവർത്തകയായ സ്വാതി സംസ്ഥാന ക്യാപുകളിൽ ഒന്നിലധികം തവണ പങ്കെടുത്തിട്ടുണ്ട്.
ആശുപത്രിയിലേക്ക് പോയ മകളെ യാത്രയാക്കിയ മാതാപിതാക്കളുടെ മുന്നിലേക്ക് പ്രിയപ്പെട്ട മകളുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ ഹൃദയഭേദകമായ കുടുംബത്തിന്റെ കരച്ചിലിനു ഒപ്പം നാടും തേങ്ങി. സഹോദരി അനുജ ( നഴ്സിങ് വിദ്യാർഥിനി). സംസ്കാരം നടത്തി. അപകടത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്തു.