ADVERTISEMENT

‘‘....അവൾ സന്തോഷത്തോെട പറഞ്ഞു; എന്നാലും ഞാനദ്ഭുതത്തോടെ വിചാരിക്കുകയാ.... എന്റെ ആട്, പുസ്തകം തിന്നുന്ന കാര്യം ബഷീർ എങ്ങനെ അറിഞ്ഞു? എനിക്കദ്ദേഹത്തോട് നേരിട്ടു ചോദിക്കാൻ തോന്ന്വാ... ബഷീറിന്റെ നമ്പറുണ്ടോ കയ്യിൽ....’’

(യു.െക. കുമാരന്റെ ‘ആടുകളെ വളർത്തുന്ന വായനക്കാരി’ എന്ന കഥയിൽ നിന്ന്)

ADVERTISEMENT

വായനശാലക്കാരനോടു ബഷീറിന്റെ നമ്പർ ചോദിച്ചത് എഴുത്തുകാരൻ യു. കെ. കുമാരന്റെ കഥാപാത്രമായ സതിദേവിയാണെങ്കിലും ജീവിതത്തിൽ ആ ചോദ്യം ചോദിച്ചത് കുന്നുമ്മേൽ സതിദേവിയാണ്.

കാസർകോട് ടൗണിൽ  നിന്നു 25 കിലോമീറ്റർ അകലെ ബേഡകം പഞ്ചായത്തിലെ കൊമ എന്ന ഗ്രാമത്തിലാണു  സതിദേവിയുടെ താമസം. അൻപതാം വയസ്സിൽ അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയ സതിദേവി കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളത്തിലെ ക്ലാസിക് പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു.

ADVERTISEMENT

ആ വായനയാണു സതിദേവിയുടെ വാർധക്യം സുന്ദരമാക്കുന്നത്. വായന നൽകിയ ആ വെളിച്ചമാണ് അവരെ എഴുതാൻ പ്രേരിപ്പിക്കുന്നത്. എഴുത്തും വായനയും പിന്നെ കുറേ ആടുകളുമായി സതിദേവിയുെട സായാഹ്നം മനോഹരമായി കടന്നുപോകുന്നു.

വേനൽച്ചൂടിൽ ഉരുകുകയാണു ചെങ്കല്ലിന്റെ തീ നിറമുള്ള കൊമ. മംഗലാപുരം കാസർകോട് ദേശീയപാതയിൽ നിന്നു തിരിഞ്ഞു ബേഡകം വഴി കൊമയിലേക്കു പോകാൻ ആറേഴു ഹെയർപിൻ വളവുകൾ കയറണം. ചൂടിനു ശമനമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മൊട്ടക്കുന്നുകൾ കാണാം. അതിനിടയിലൂടെ വല്ലപ്പോഴും വീശുന്ന കാറ്റ് ഒരാശ്വാസമാണ്. കുറ്റിച്ചെടികൾ മാത്രം വളരുന്ന ഈ കുന്നുകളിൽ ആടുകൾക്കുള്ള പച്ചപ്പ് മാത്രം ധാരാളമുണ്ട്. അതുകൊണ്ടാണ് ബേഡകം ‘ആടുഗ്രാമ’മായി സർക്കാർ പ്രഖ്യാപിച്ചത്.

ADVERTISEMENT

ഈ മലഞ്ചെരുവുകളിൽ ആടിനെ മേയാൻ വിടും. അൻപതും നൂറും ആടുകളുടെ സംഘങ്ങൾ ഇങ്ങനെ മേഞ്ഞുനടക്കും. ൈവകുന്നേരത്തോടെ ആടുകളെ വീട്ടിലേക്കു െതളിക്കും. ഇതു കൊമയിലും പരിസരങ്ങളിലും കാണുന്ന ഗ്രാമീണ ജീവിതത്തിന്റെ രേഖാചിത്രം.

പതിനെട്ട് ആടുകൾ ഉള്ള കൂട്ടമായിരുന്നു സതിദേവിക്ക് ഉണ്ടായിരുന്നത്, രാവിലെ ആഹാരവും വെള്ളവും പിന്നെ വായിക്കാനുള്ള പുസ്തകവുമായി ആടുകളെയും തെളിച്ചുകൊണ്ട് സതിദേവി മലഞ്ചെരിവുകളിലേക്കു പോവും. കൂട്ടത്തിൽ കൈസർ എന്നും ഡയാന എന്നും പേരുള്ള രണ്ടു നായ്ക്കളുമുണ്ടാവും. അവരാണ് ആടുകളുടെ സംരക്ഷകർ.

അങ്ങനെ ആടുമേയ്ച്ചു ജീവിക്കുന്ന അനേകരിൽ ഒരാളാകുമായിരുന്നു സതിദേവിയും. പക്ഷേ, വളരെപ്പെട്ടെന്നാണ് സതിദേവി വാർത്തകളിൽ ഇടം നേടിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യെക്കുറിച്ചു  പറഞ്ഞതുപോലെ ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത ഒരേടാണ് സതിേദവിയുടെ ജീവിതം. വക്കിൽ അല്പം രക്തം  പൊടിഞ്ഞിട്ടുണ്ടെന്നു മാത്രം.

ചെങ്കടപാടി പി. കൃഷ്ണൻ നായരുടെയും കമലാക്ഷിയമ്മയുടെയും മകൾക്കു നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. വീട്ടിലെ അവസ്ഥ തന്നെയായിരുന്നു കാരണം. അന്ന് വർഗീസ് മാഷും പീറ്റർ മാഷും വീട്ടിൽ വന്നു. അവർ പറഞ്ഞു. സതി പഠിക്കണം. കഴിവുള്ള കുട്ടിയാണ്. അച്ഛനോടും പറഞ്ഞു സതിയെ പഠിപ്പിക്കണം. പക്ഷേ, ഒന്നും നടന്നില്ല.  

പാട്ടത്തിനെടുത്ത വയലിൽ നെൽകൃഷി ചെയ്യുന്ന അച്ഛനെ സഹായിക്കാൻ സതിയും പാടത്തേക്ക് ഇറങ്ങി.  കൃഷിയുടെ സീസൺ കഴിയുമ്പോൾ പിന്നെ ബീഡി തെറുക്കാൻ കോലാൻകുന്നു കയറി ഒരു സഖാവിന്റെ വീട്ടിലെത്തി. അന്നു ചില വീട്ടുകാർ വീട്ടിൽ ബീഡി തെറുക്കാൻ ആളെയിരുത്തും. ആ ബീഡി അവർ സഹകരണ സംഘങ്ങൾക്കു കൈമാറും. ബീഡി തെറുത്ത് സതി കൊണ്ടു വരുന്ന വരുമാനം ചെറുതാണെങ്കിലും അന്ന് അത് വലിയ ആശ്വാസമായിരുന്നു ആ കുടുംബത്തിന്.

sathidevi-family3

അങ്ങനെ കൃഷിയും ബീഡിത്തൊഴിലുമായി സതിയുടെ ജീവിതം മുന്നോട്ടുപോയി. ഇതിനിടയിലായിരുന്നു സതിയുടെ വിവാഹം. നാടൻപാട്ടു കലാകാരനായ കരിച്ചേരി രാമകൃഷ്ണൻ സതിയുടെ കഴുത്തിൽ മിന്നുകെട്ടി. നാടൻപാട്ടും കൂലിപ്പണിയുമായി രാമകൃഷ്ണന്റെയും സതിയുടെയും ജീവിതം പത്തുവർഷം മുന്നോട്ടു പോയി. അതിനുശേഷമാണ് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരുന്നത്. രദു കൃഷ്ണൻ എന്ന് അവനു പേരിട്ടു. ബീഡിപ്പണി മതിയാക്കി കുഞ്ഞിനുവേണ്ടി സതി മുഴുവൻ സമയവും മാറ്റിവച്ചു. രദുവിനെ സ്കൂളിൽ ചേർത്തു. സ്കൂളിൽ നടപ്പിലായി വരുന്ന പദ്ധതികളുടെ ഭാഗമായി രദുവിന് നല്ലൊരു ആടിനെ കിട്ടി. കൊളത്തൂർ ഗവൺമെന്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണു രദു അന്ന്. ബേഡകം പഞ്ചായത്തിൽ ആടുഗ്രാമം  പദ്ധതി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമയം.

അങ്ങനെ മകൻ കൊണ്ടുവന്ന ആടും അയൽവാസി കൊടുത്ത ആടും സതിദേവിയുടെ ജീവിതത്തിന്റെ ഭാഗമായി. ഇതേ സമയത്തു തന്നെയാണ് സതിയുടെ ജീവിതത്തിലേക്ക് അക്ഷരവെളിച്ചം കടന്നു വരുന്നത്. അതും ഒരു കഥ പോലെ.

‘പാത്തുമ്മയുടെ ആട്’

ഒരു ദിവസം രദു വന്ന് അമ്മയോടു പറഞ്ഞു; ‘എനിക്ക് പാത്തുമ്മയുടെ ആടു വേണം...’

‘ഈടെണ്ടല്ലോ രണ്ടു മൂന്ന് ആട് പിന്നെന്തിനാ പാത്തുമ്മയുടെ ആട്...’ സതി ചോദിച്ചു. പിന്നെ രദു അമ്മയെ പറഞ്ഞു മനസ്സിലാക്കി. അതൊരു പുസ്തകമാണ്. കല്ലളി വായനശാലയിലുണ്ട്. അവിടെ നിന്ന് എടുത്തു തന്നാൽ മതി.

അങ്ങനെ ‘പാത്തുമ്മയുടെ ആട്’ വീട്ടിലെത്തി. ആ പുസ്തകം വായിക്കാൻ സതി ഒരു ശ്രമം നടത്തി. പക്ഷേ, പരാജയപ്പെട്ടുപോയി. നാലാം ക്ലാസിൽ പഠനം പകുതിവഴിക്കു നിർത്തിയ താൻ അക്ഷരങ്ങൾ മറന്നുപോയിരിക്കുന്നു. രദു അമ്മയോടു ചോദിച്ചു. അമ്മയ്ക്കു പഠിക്കണമെന്നുണ്ടോ?

കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ രദു അമ്മയ്ക്ക് അധ്യാപകനായി. അക്ഷരങ്ങളുടെ വെളിച്ചം ഒന്നൊന്നായി പകർന്നു കൊടുത്തു. ആ അമ്മ നഴ്സറി കുഞ്ഞുങ്ങളെപ്പോലെ അഞ്ചാംക്ലാസുകാരനായ മകനിൽ നിന്നു പണ്ടെന്നോ മറന്നുവച്ച അക്ഷരങ്ങൾ വീണ്ടും പെറുക്കിയെടുത്തു. അവ കൂട്ടി വായിച്ചു. അങ്ങനെ അക്ഷരങ്ങൾ കൂട്ടിവച്ച് ആദ്യത്തെ പുസ്തകം വായിച്ചു തീർത്തു, ‘പാത്തുമ്മയുടെ ആട്.’ പുസ്തകങ്ങളാകുന്ന കൊടുമുടികൾ ഒന്നൊന്നായി സതി കീഴടക്കി. പതിന്നാലു വർഷം കൊണ്ടു മലയാളത്തിലെ ഒട്ടുമിക്ക നല്ല പുസ്തകങ്ങളും സതിദേവി വായിച്ചു തീർത്തു. മലയാളത്തിൽ നല്ലൊരു പുസ്തകം ഇറങ്ങിയെന്നറിയുമ്പോൾ ഗ്രന്ഥകർത്താവിന് സതി ഒരു കത്തെഴുതും; ‘നിങ്ങളെ പുസ്തകം ഇറങ്ങി എന്നറിഞ്ഞു. വാങ്ങാൻ കൈയിൽ ൈപസയില്ല. വായിക്കണമെന്നുണ്ട്.’ ഒട്ടുമിക്ക എഴുത്തുകാരും മടക്കത്തപാലിൽ പുസ്തകം അയയ്ക്കും. ഇപ്പോഴിപ്പോൾ കത്തൊന്നും എഴുതാതെ തന്നെ ധാരാളം പുസ്തകങ്ങൾ സതിയെ കാത്തുവരുന്നു.

‘വായിച്ച് എത്ത്ണില്ലേയ്. എന്നാലും സമയമുണ്ടാക്കിയിരുന്ന് വായിക്കും. പുസ്തകം എഴുതിയ ആളെ വിളിച്ച് സംസാരിക്കും.’ സതിയുടെ വാക്കുകൾ. കല്ലളി വായനശാലയിലെ ഒട്ടുമിക്ക പുസ്തകങ്ങളും സതിയോടൊപ്പം കുന്നുകയറിയിട്ടുണ്ട്. കിട്ടുന്ന പുസ്തകങ്ങൾ നനയാതെ സൂക്ഷിക്കാൻ വീട്ടിൽ അധികം ഇടമില്ല. എങ്കിലും കിട്ടിയ പുസ്തകങ്ങളൊക്കെ അമൂല്യനിധിയായി സതി സൂക്ഷിക്കുന്നു. അടച്ചുറപ്പുള്ള സ്ഥലങ്ങളിലെല്ലാം പുസ്തകങ്ങൾ.

sathidevi-journey

ആടുകളോടുള്ള സംസാരം

ഉറക്കെയാണു സതിയുെട സംസാരം. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ രദു പറയും; ‘മല മുകളിൽ ആടുകളോടു സംസാരിച്ചാണ് അമ്മ ഇങ്ങനെയായത്. ആടുകളോട് അ മ്മ ഉറക്കെയാണു സംസാരിക്കുന്നത്. ഇപ്പോൾ ഞങ്ങളോടും.’ രദു ചിരിക്കുന്നു.

മികച്ച നടനാണ് രദു. ഇന്റർപോളി കലോത്സവത്തിലും കണ്ണൂർ സർവകലാശാല യുവജനോത്സവത്തിലും പലതവണ മികച്ച നടനായി രദു തിരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തുക്കളുടെ പല െടലിവിഷൻ പരിപാടികളിലും രദുവിന്റെ സാന്നിധ്യമുണ്ട്. എങ്കിലും സിനിമയാണു ലക്ഷ്യം.‘സിനിമയിൽ നിന്ന് ആരെങ്കിലും ഒരാൾ വരും എന്നെ വിളിക്കും.’  രദു പ്രതീക്ഷയോടെ പറയുന്നു. കാഞ്ഞങ്ങാട് ചിലമ്പൊലി നാടൻപാട്ടു സംഘത്തിന്റെ അംഗമാണു സതിദേവിയുടെ ഭർത്താവ് രാമകൃഷ്ണൻ.  

യു. കെ. കുമാരൻ ഉൾപ്പെടെയുള്ള എഴുത്തുകാർ പ്രോത്സാഹിപ്പിച്ചപ്പോൾ സതിദേവി വായിക്കാൻ മാത്രമല്ല എഴുതാനും തുടങ്ങി. പൊള്ളുന്ന ജീവിതാനുഭവങ്ങൾ. അക്ഷരങ്ങൾ അങ്ങനെ വഴങ്ങില്ല. പിന്നെ എഴുതാൻ പേന കൈയിലെടുക്കുമ്പോൾ അറിയാതെ സങ്കടങ്ങൾ ഉരുകിയൊഴുകി കാഴ്ച മറയും. അതുകൊണ്ടാണ് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ഇനിയും പൂർത്തിയാകാത്തത്.

 വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു; യു. കെ. കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപം. ‘ആെടയും ഈടെയും എന്റെ ജീവിതം തന്നെയാണ് ആ പുസ്തകം. വായിക്കുമ്പോൾ കരഞ്ഞുപോവും.’

18 ആടുകൾ നിരന്നുനിന്ന കൂട് ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇടയ്ക്ക് കുറച്ചുദിവസം സുഖമില്ലാതെ ആശുപത്രിയിലായി. അപ്പോൾ ആടിനെ നോക്കാൻ ആളുണ്ടായില്ല. പിന്നെ സാമ്പത്തികപ്രശ്നങ്ങളും. അങ്ങനെ പ്രിയപ്പെട്ട ആടുകളെ വിൽക്കേണ്ടി വന്നു. ‘പക്ഷേങ്കില്.... ഈ ആലേല്... ഇനിയും ആട്കള് വരും. പലരും പറഞ്ഞിന് തരാന്ന്’ ആ വാഗ്ദാനങ്ങളിലാണു സതിയുടെ പ്രതീക്ഷ.

പൗലോ കൊയ്‌ലോ എഴുതിയ ആൽകെമിസ്റ്റ് എന്ന നോവലിലെ കഥാനായകൻ ഒരു ആട്ടിടയനാണ്; സാന്തിയാഗോ; കയ്യിലൊരു പുസ്തകവുമായി ആടുകളെയും തെളിച്ച് മലഞ്ചെരിവുകളിലൂടെ ജീവിതത്തിന്റെ അർഥം തിരഞ്ഞു നടക്കുന്ന സ്വതന്ത്രനായ സാന്തിയാഗോ.

ഓരോ പുസ്തകവും പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണെന്ന് സാന്റിയാഗോ വിശ്വസിക്കുന്നു. അതുപോലെയാണു സതിദേവിയും. കൊമ എന്ന കാസർകോടൻ ഗ്രാമത്തിലിരുന്നുകൊണ്ട് പുതിയ പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങൾ നോക്കിക്കാണുന്നു.  

വായന കൊണ്ട് എന്തു ഗുണമുണ്ടായി എന്നു പലരും ചോദിക്കുന്നു; അതിനു സതിദേവിക്ക് ഒരു ഉത്തരമേയുള്ളൂ; കിട്ടിയ പൈസയ്ക്കു പുസ്തകം വാങ്ങി. അസുഖം വന്നപ്പോൾ പൊന്നുപോലെ വളർത്തിയിരുന്ന ആടുകളെ വിൽക്കേണ്ടി വന്നു. താമസിക്കാൻ മേൽക്കൂരയുള്ള വീടില്ല. ലൈഫ് പദ്ധതിയിൽ പോലും ഇതുവരെ വീടു കിട്ടിയില്ല. എങ്കിലും വായന മനസ്സിൽ നിറയ്ക്കുന്ന ഒരു വെളിച്ചമുണ്ടല്ലോ അതുതന്നെ വലിയ സമ്പാദ്യം. അതേ... ൈവക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ;

‘ചില വെളിച്ചങ്ങൾക്ക് എന്തൊരു വെളിച്ചമാണ്?’

(2025 ഏപ്രില്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍)

മറവിയെ നേരിടാൻ വായന

ഒാർമശക്തി നിലനിർത്താനുള്ള നല്ല ഉപാധിയാണു വായന. ഏതുപ്രായത്തിലും വായനയ്ക്കായി അല്പസമയം നിർബന്ധമായും മാറ്റിവയ്ക്കണം.  

∙ ദിവസവും ഒരു പുസ്തകത്തിന്റെ നാലു താളുകളെങ്കിലും വായിക്കുകയും പത്തു വരിയെങ്കിലും എഴുതുകയും വേണം. ഇതിനായി ജേണലിങ്ങ് തുടങ്ങാം. ഓർമയിലുള്ള കാര്യങ്ങൾ ചെറുകുറിപ്പുകളായി എഴുതി സൂക്ഷിക്കാം.

∙ പ്രായമേറുന്തോറും ഏകാഗ്രതയും ശ്രദ്ധയും കുറയാം. ഏകാഗ്രത വർധിപ്പിക്കാനുള്ള  വ്യായാമം കൂടി യാണു വായന.വിജയഗാഥകളും പോസിറ്റീവ് കഥകളും  വായിക്കുന്നത് സ്ട്രെസ് കുറയ്ക്കും.

 ∙ മുതിർന്നവർ ഒരുമിക്കുന്ന ബുക്ക് ക്ലബ്ബുകൾ നല്ല ആശയമാണ്. ക്ലബ് അംഗങ്ങൾക്കിടയിലെ ചർച്ചകൾ വായിച്ചകാര്യങ്ങൾ ഓർത്തെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

Sathidevi's Journey: A Life Inspired by Books:

Sathidevi, an illiterate woman from Kasaragod, Kerala, discovered the joy of reading late in life and transformed her world. Overcoming her lack of formal education, she learned to read with the help of her son and has since devoured hundreds of Malayalam classics, inspiring those around her with her passion.

ADVERTISEMENT