‘100 കഷ്ണം കല്ലുകളാണ് ശരീരത്തില്‍നിന്ന് എടുത്തത്; 10 വര്‍ഷമായിട്ടും ചെരിപ്പിടാന്‍ പറ്റില്ല’: പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് രക്ഷപ്പെട്ട കണ്ണന്‍ പറയുന്നു Kannan's Harrowing Ordeal: Declared Dead, Revived from Puttingal Disaster
Mail This Article
‘‘അന്ന് 45 ശതമാനം പൊള്ളലേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോള്‍ മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്‌മോര്‍ട്ടം ഹാളിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നതും കൈയില്‍നിന്നു ചോര വരുന്നതും കണ്ടു. പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു..’’– 110 പേര്‍ മരിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണന്‍ നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ചു.
2016 ഏപ്രില്‍ 10 നാണ് കൊല്ലത്തെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വന്‍ വെടിക്കെട്ട് അപകടം നടന്നത്. അന്ന് 111 പേര്‍ മരിക്കുകയും മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൃശൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം മത്സരക്കമ്പങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കണ്ണന്‍ പറഞ്ഞു. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് കണ്ണന്‍.
‘‘അന്ന് വെടിക്കെട്ട് തൊഴിലാളി ആയിരുന്നു ഞാന്‍. വെളുപ്പിനു മൂന്നരയ്ക്ക് അമിട്ടും കൊണ്ടുപോകുമ്പോഴാണ് കമ്പപ്പുരയിലേക്ക് തീപ്പൊരി വീണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. ഇപ്പോഴും കേസില്‍ പ്രതിയാണ്. പൊട്ടിത്തെറിച്ചതിനു ശേഷം എന്താണ് ഉണ്ടായതെന്ന് ഓര്‍മയില്ല. അഞ്ചു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോള്‍ മരിച്ചുവെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ഹാളില്‍ എത്തിച്ചപ്പോഴാണ് കൈ അനങ്ങുന്നത് ആരോ കണ്ടത്. കൈയില്‍നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഉടന്‍ എന്നെ ഐസിയുവിലേക്കു മാറ്റി. 45 ശതമാനം പൊള്ളലേറ്റിരുന്നു. 100 കഷ്ണം കല്ലുകളാണ് ശരീരത്തില്‍നിന്ന് എടുത്തത്. പത്തു വര്‍ഷമായിട്ടും ചെരിപ്പ് ഇടാന്‍ പറ്റില്ല.
പൊള്ളുന്ന വേദന ഓര്‍ക്കാന്‍ പോലും കഴിയാത്തത്ര അസഹനീയമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളിയില്‍നിന്നു പൊള്ളിയാല്‍ പോലും നമുക്ക് അറിയാം. അന്ന് ബോധം തെളിയുമ്പോള്‍ പലയിടത്തും വല്ലാതെ പൊള്ളലേറ്റ നിലയില്‍ കിടക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ എത്തി മുറിവ് ഡ്രസ് ചെയ്യുമ്പോഴാണ് ശരിക്കും നരകം കാണുന്നത്. 15 ദിവസത്തോളം മുറിവുകള്‍ വൃത്തിയാക്കി മരുന്നു വയ്ക്കുമ്പോഴത്തെ വേദന ഓര്‍ക്കാന്‍ പോലും പറ്റില്ല. വെടിക്കെട്ട് ഇനി വേണ്ട എന്നു പറഞ്ഞത് അത്രത്തോളം അനുഭവിച്ചതു കൊണ്ടാണ്. പക്ഷേ, ഞാന്‍ മാത്രം പറഞ്ഞിട്ടു കാര്യമില്ലല്ലോ. ഇപ്പോഴും ഏതെങ്കിലും ക്ഷേത്രത്തില്‍ വെടിക്കെട്ടു നടക്കുമ്പോള്‍ ഞാന്‍ അവിടെനിന്നു ദൂരേക്ക് ഓടിമാറും’’ - കണ്ണന്‍ പറയുന്നു.