‘ബെഡിൽ നിറയെ ചോര, കാലിൽ ജനല്ചില്ലുകൾ തുളച്ചുകയറി! കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്കോടി’; ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികള് Families Recount Terrifying Moments During Mundathikode Blast
Mail This Article
അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു, 6 വയസ്സുകാരി ടെസ മരിയ നിഖിൽ. വീട് കുലുങ്ങിയപ്പോൾ അച്ഛൻ നിഖിലും ടെസയും ഞെട്ടിയുണർന്നു. വേദനിച്ചപ്പോൾ കാലിൽ നോക്കി. ബെഡിൽ നിറയെ ചോര. 700 മീറ്റർ അകലെ നടന്ന സ്ഫോടനത്തിന്റെ ശക്തിയിൽ ജനൽചില്ലുകൾ പൊട്ടിത്തെറിച്ച്, അതു ടെസയുടെ കാലിൽ തുളച്ചു കയറി. ടിവി ഉൾപ്പെടെ വീട്ടുപകരണങ്ങൾ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖിൽ അടുത്ത മുറിയിലേക്ക് ഓടി.
ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയിൽ ജനൽചില്ല് തട്ടിയെങ്കിലും പരുക്കില്ല. കുഞ്ഞുങ്ങളെയും വാരിയെടുത്ത് നിഖിലും അമ്മുവും പുറത്തേക്ക് ഓടി. സമീപത്തെ വീടുകളിൽനിന്നും ആളുകൾ പുറത്തേക്ക് ഓടിവരുന്നതു കണ്ടതായി നിഖിൽ പറഞ്ഞു. ടെസയുടെ വലതുകാലിന്റെ മുട്ടിനു താഴെയാണ് 2 വലിയ ചില്ലുകൾ തറച്ചു കയറിയത്. മുണ്ടത്തുകാവ് ബിവിഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുക്കൾ ഒത്തുകൂടിയതിന്റെ ആഹ്ലാദം, പൊടുന്നനെ ഭൂമികുലുങ്ങുന്ന ഉഗ്രശബ്ദവും
മുണ്ടത്തിക്കോട് കുട്ടംകുളത്തു സ്ഫോടന സ്ഥലത്തു നിന്നു വിളിപ്പാടകലെ പാടത്തിനരികിലെ ചീരമ്പൻ വീട്ടിലെല്ലാവരും പള്ളിപ്പെരുന്നാൾ ആഘോഷത്തിനു ബന്ധുക്കൾ ഒത്തുകൂടിയതിന്റെ ആഹ്ലാദത്തിലായിരുന്നു. പൊടുന്നനെ ഭൂമികുലുങ്ങുന്ന ഉഗ്രശബ്ദവും ജനലുകൾ ചിതറിത്തെറിക്കുന്ന കാഴ്ചയും. കട്ടിലിൽ കിടന്ന കൈക്കുഞ്ഞിനെയുമെടുത്തു നിലവിളിച്ചുകൊണ്ടു പുറത്തേക്കോടിയ അനുഭവം പറയുമ്പോൾ ചീരമ്പൻ ആന്റണിയുടെ ഭാര്യ മറിയത്തിന്റെ കൈകാലുകൾ ഇപ്പോഴും വിറയ്ക്കുന്നു.
വീടിനു സമീപത്തൊരു വെടിക്കെട്ടുപുര പ്രവർത്തിക്കുന്നതിന്റെ ആധി പരിസരവാസികളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നുവെന്നു മറിയം പറയുന്നു. അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും വീടിന്റെ നേരെ മുന്നിൽ നോക്കിയാൽ കാണാവുന്നിടത്തെ പടക്കനിർമാണശാലയെക്കുറിച്ചു പരിസരവാസികൾ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ രണ്ടു കിലോമീറ്ററോളം ചുറ്റളവിലാണ് വീടുകളിലെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നത്. അടുക്കളയിലെ പാത്രങ്ങൾ ചിതറിത്തെറിച്ചു.
നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ വാസുദേവൻ
തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ച വാസുദേവൻ കുടുംബത്തിന്റെ നെടുംതൂണായിരുന്നു. ഇന്നലെ രാവിലെയാണ് തൃശൂരിൽ പടക്കനിർമാണത്തിനായി വീട്ടിൽ നിന്നിറങ്ങിയത്. നാട്ടിൽ യന്ത്രം ഉപയോഗിച്ചു പുല്ലുവെട്ടലായിരുന്നു ജോലി. കൃത്യമായും വൃത്തിയായും ചെയ്യുന്നതിനാൽ പല ക്ഷേത്രങ്ങളിലും ഉത്സവത്തിനു മുന്നോടിയായി കാടും പൊന്തയും വെട്ടിത്തെളിക്കുന്ന പണിയുണ്ടാകും.
അതില്ലാത്ത സമയത്ത് അറിയുന്ന മറ്റൊരു തൊഴിലായ പടക്കനിർമാണത്തിനു പോകും. പോയാൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണു മടക്കം. മാസങ്ങൾക്കു മുൻപു മകന് അപകടം പറ്റി ഏറെ സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു വാസുദേവൻ. ഇന്നലെ മകൻ അശ്വിൻ ദേവ് പഠനാവശ്യത്തിനായി എറണാകുളത്തു പോയിരിക്കുകയായിരുന്നു. കൊടിക്കാംകുന്നിലെ ഏതൊരു പൊതുകാര്യത്തിനും ചെറുപുഞ്ചിരിയോടെ മുന്നിലുണ്ടാവാറുള്ള വാസുവിന്റെ സാന്നിധ്യം ഇനിയില്ല.
ചില്ലുകൾ ദേഹത്തേക്കു ചിതറി; സിലിണ്ടർ പൊട്ടിയെന്നു കരുതി
കുട്ടംകുളം പാടത്തിനു സമീപം താമസിക്കുന്ന കിടങ്ങൻ ബാബു വീട്ടിലെ സ്വീകരണ മുറിയിൽ നിലത്ത് വിശ്രമിക്കുകയായിരുന്നു. സ്ഫോടനത്തിനു പിന്നാലെ ജനൽച്ചില്ലുകൾ പൊട്ടി ദേഹത്തേക്കു പതിച്ചെന്ന് ബാബു പറഞ്ഞു. ഈ സമയം ഭാര്യ ഓമന, മകൻ ലിജോ, മരുമകൾ സ്റ്റാനി, പേരക്കുട്ടികളായ ഇവാനിയ (6), ഇവാമിയ (3) എന്നിവർ വീട്ടിലുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ വിശ്രമിക്കുകയായിരുന്നു ഇവർ. കുട്ടികൾ ഉറക്കത്തിലും.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയതെന്നും ഉടൻ കുട്ടികളെ വാരിയെടുത്ത് പുറത്തേക്ക് ഓടിയെന്നും ഞെട്ടൽ വിട്ടുമാറാതെ ഓമനയും സ്റ്റാനിയും പറഞ്ഞു.
കിടങ്ങൻ വീടിന്റെ ഇരു നിലകളിലുമായി ആറോളം ജനൽച്ചില്ലകൾ പൊട്ടിച്ചിതറിയിട്ടുണ്ട്. സമാന രീതിയിൽ വെടിക്കെട്ട് നിർമാണശാലയിലെ പ്രധാന വഴിയിൽ താമസിക്കുന്ന സഹോദര കുടുംബങ്ങളായ നീലങ്കാവിൽ പീറ്ററിന്റെയും നീലങ്കാവിൽ ഷാജി ഫ്രാൻസിസിന്റെയും വീടുകൾക്കും നാശനഷ്ടമുണ്ടായി. പീറ്ററിന്റെ വീട്ടിൽ മുകളിൽ നിലയിലെ ഷീറ്റുകളും ഇരു നിലകളിലെ ജനൽച്ചില്ലകളും തകർന്നു.
സ്ഫോടനശബ്ദം കേട്ട് പുറത്തേക്ക് ഓടിയെന്ന് നടുക്കം വീട്ടുമാറാതെ പീറ്റർ പറഞ്ഞു. ഷാജി ഫ്രാൻസിസിന്റെ വീട്ടിലെ മുകൾ നിലയിലെ വാതിലുകളിലൊന്ന് കട്ടിളയടക്കം തകർന്നു വീണു. ഇതോടൊപ്പം കട്ടിലുകളിലൊന്നിലെ കിടയ്ക്കയും കത്തിനശിച്ചു.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചു. മരണപ്പെട്ട 9 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തു പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടു പേർ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി വിട്ടുനൽകി. ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യകുമാർ (48), വേലൂർ സ്വദേശി സാജൻ (38), വിഷ്ണു (30), പ്രവീൺ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരൻ (46), എന്നിവരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.