‘ഷെറിന്റെ കരളൊന്നു പിടഞ്ഞു, കണ്ണീർ തുളുമ്പാതെ ധ്രിയയെ നെഞ്ചോടു ചേര്ത്തു’: ആലിനിന്റെ കരൾ ലഭിച്ച കുഞ്ഞിനെ കാണാൻ മാതാപിതാക്കളെത്തി! A Parent's Sacrifice, A Child's Future: The Story of Alin Sherin and Dhriya
Mail This Article
ധ്രിയയെ നെഞ്ചോടു ചേർത്തുവച്ചപ്പോൾ ഷെറിന്റെ കരളൊന്നു പിടഞ്ഞു, കണ്ണീർ തുളുമ്പാതെ അവർ ധ്രിയയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ നോക്കിയിരുന്നു. പ്രിയപ്പെട്ട മകൾ ആലിൻ ഷെറിനെ അപ്രതീക്ഷിതമായി കണ്ടപോലെ! ഫെബ്രുവരി 13 ന് നടന്ന കാറപകടത്തിലാണ് ആലിൻ ഷെറിൻ ഏബ്രഹാം മരണപ്പെട്ടത്. പത്തു മാസം തികയാൻ 3 ദിവസം ശേഷിക്കെയാണ് ദുരന്തം ആ കുടുംബത്തെ തേടിയെത്തിയത്.
മകൾ മറ്റുള്ളവരിലൂടെ ജീവിക്കട്ടേയെന്നു മാതാപിതാക്കളായ അരുൺ ഏബ്രഹാമും ഷെറിൻ ആൻ ജോർജും തീരുമാനിക്കുകയായിരുന്നു. ആറു അവയവങ്ങൾ ദാനം ചെയ്ത ആലിൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി. ആലിനിന്റെ കരൾ ലഭിച്ചത് 6 മാസം പ്രായമായ ധ്രിയയ്ക്കായിരുന്നു.
കിംസ് ഹെൽത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമമായ ‘ശലഭം’ പരിപാടിയിലാണ് ധ്രിയയെ കാണാൻ അരുണും ഷെറിനും എത്തിയത്. ചടങ്ങ് നടക്കുന്ന ഹാളിൽ അവരുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നതും ധ്രിയയെ. വൈകാതെ ധ്രിയയെ ചേർത്തുപിടിച്ചു അമ്മ വിദ്യ വന്നു.
മകളുടെ അവയവം സ്വീകരിച്ചവരിൽ ഒരാളെ ആദ്യമായി കാണുന്ന നിമിഷം. നിറകണ്ണുകളോടെ ഷെറിൻ. ധ്രിയയെ വിദ്യ നീട്ടിയപ്പോൾ ഷെറിൻ ഒന്നു മടിച്ചു. പിന്നെ ഇരുകൈകൾ നീട്ടി വാങ്ങി നെഞ്ചോടു ചേർത്തു. അരുണും തന്റെ നെഞ്ചിലേക്കു സ്വീകരിച്ചു, പൊന്നുമകളുടെ കരൾ തുടിക്കുന്ന ധ്രിയയെ.
പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിലേക്ക് കിംസ് ഹെൽത്തിൽനിന്നു വിളി എത്തുമ്പോൾ അരുണും ഷെറിനും തീരുമാനിച്ചിരുന്നു, മകളുടെ കരളിന്റെ ഉടമയെ കാണണം. ആദ്യ കൂടിക്കാഴ്ചയിൽ ധ്രിയയെ മടിയിൽ വച്ചിരിക്കുമ്പോൾ ഷെറിൻ പറഞ്ഞു, ‘മോൾ ഉണ്ടായിരുന്നെങ്കിൽ... കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം പിറന്നാൾ...’