മൂർഖന്റെ കടിയേറ്റിട്ടും പോരാടി, രണ്ടു മണിക്കൂറിനു ശേഷം വായിൽനിന്നു നുരയും പതയും: ഹീറോയായി ‘തൊമ്മിച്ചന്’, വീണ്ടും ജീവിതത്തിലേക്ക്... Pet Dog's Heroic Battle Against Venomous Snake
Mail This Article
മൂർഖന്റെ കടിയേറ്റിട്ടും കുടുംബാംഗങ്ങളെ രക്ഷിച്ച് ഹീറോയായി തൊമ്മിച്ചൻ എന്ന വളർത്തുനായ. ചങ്ങനാശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാടിൽ അമ്മിണി ജേക്കബ്, മകൾ ജിൻസി റെജി, ജിൻസിയുടെ ഭർത്താവ് റെജി ഏബ്രഹാം, മകൻ ജോബിൻ ജേക്കബ് ഏബ്രഹാം എന്നിവരടങ്ങുന്ന വീട്ടിലെ വളർത്തുനായയാണ് തൊമ്മിച്ചൻ. നാടൻ ഇനത്തിൽപെട്ട മറ്റു ആറു നായ്ക്കള്‍ കൂടി വീട്ടിലുണ്ട്.
21നാണ് സംഭവം. വീടിന് മുൻപിലുള്ള പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടത്. പത്താം ക്ലാസ് വിദ്യാർഥി ജോബിൻ നോക്കുമ്പോഴാണ് മൂർഖൻ ഫണം വിടർത്തി നിൽക്കുന്നത് കണ്ടത്. പാമ്പ് ജോബിന്റെ തൊട്ടുമുൻപിലെത്തിയിരുന്നു. ഉടനെ വളർത്തുനായ തൊമ്മിച്ചനും മറ്റ് നായ്ക്കളും കൂടി പാമ്പിനെ എടുത്തുകുടഞ്ഞു.
വീട്ടിലേക്കും ആട്ടിൻകൂട്ടിലേക്കും പാമ്പ് ഇഴഞ്ഞുപോകാതെ നായ്ക്കൾ വട്ടം ചുറ്റി നിന്നു. പാമ്പുമായുള്ള കടിപിടിക്കിടയിലാണ് തൊമ്മിച്ചന്റെ മുഖത്തിന്റെ ഒരു വശത്ത് കടിയേറ്റത്. എന്നിട്ടും തൊമ്മിച്ചൻ വിട്ടുകൊടുത്തില്ല. മറ്റു നായ്ക്കൾക്ക് നേരെ പാമ്പ് തിരിഞ്ഞപ്പോഴും തൊമ്മിച്ചൻ ഇടപെട്ടു. സംഘട്ടനത്തിനൊടുവിൽ പാമ്പ് ചത്തു. പരുക്കു കാണാത്തതിനാൽ തൊമ്മിച്ചന് കടിയേറ്റ വിവരം കുടുംബാംഗങ്ങൾ അറിഞ്ഞില്ല.
2 മണിക്കൂറിനു ശേഷം വായിൽനിന്നു നുരയും പതയും വരുന്നത് കണ്ടാണ് വീട്ടുകാർക്ക് മനസ്സിലായത്. സമീപത്തും കോട്ടയത്തുമായുള്ള സർക്കാർ മൃഗാശുപത്രികളിൽ ബന്ധപ്പെട്ടെങ്കിലും ഒരിടത്തും ആന്റിവെനമില്ലെന്ന് മറുപടി. ഒടുവിൽ മൂലവട്ടം മുപ്പായിക്കാട്ടെ സ്വകാര്യ വെറ്ററിനറി ആശുപത്രി ആന്റിവെനമുണ്ടെന്ന് അറിഞ്ഞു.
രാത്രി 10നു സമീപവാസിയും മൃഗസ്നേഹിയുമായ കുറ്റിയിൽ കുഞ്ഞൂഞ്ഞിന്റെ സഹായത്തോടെ ഇവിടെ എത്തിച്ചു. 10,000 രൂപ ചെലവഴിച്ച് 9 ആന്റിവെനം കുത്തിവച്ചു. ഡോക്ടർമാരുടെ പരിചരണവും രക്ഷയായി. പിറ്റേന്ന് പുലർച്ചെ തന്നെ ആശുപത്രി വിട്ടു. ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് കരുതിയ തൊമ്മിച്ചൻ തിരികെ വന്നു; അതും ഹീറോയായി.