ADVERTISEMENT

യോഗ പലർക്കും ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്. മനസ്സിനും ശരീരത്തിനും മികവേകുന്ന ഒന്ന്. പലതരം യോഗാ പരിശീലനങ്ങൾ ഇപ്പോഴുണ്ട്. അതിലൊന്നാണ് ഓൺലൈനിലൂടെയുള്ള പഠനം. ഇവിടെയിതാ, അത്തരമൊരു ഓൺലൈൻ യോഗ പരിശീലനത്തിന്റെ അനുഭവം രസകരമായി പങ്കുവയ്ക്കുകയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ഡയറക്ടർ ചുമതല വഹിക്കുന്ന എഴുത്തുകാരി കൂടിയായ അഷിത ഇന്ദിര അരവിന്ദ്.

അഷിതയുടെ കുറിപ്പ് വായിക്കാം –

ADVERTISEMENT

സമയം : രാവിലെ ഏഴ് മണി

സ്ഥലം : യോഗ മാറ്റ്

ADVERTISEMENT

കലാപരിപാടി: ഓൺലൈൻ യോഗ

ചെവിയിൽ കുത്തിയ നീലപ്പല്ലിലൂടെ അർച്ചന യാദവിന്റെ ശബ്ദം.

ADVERTISEMENT

‘നൗ വി ബിഗിൻ അവർ ബ്രീത്തിംഗ് എക്സർസൈസ്.

വി ബ്രീത്ത് ഇൻ ഫോർ ഫോർ കൗണ്ട്സ്, ബ്രീത്ത് ഔട്ട് ഫോർ സിക്സ് കൗണ്ട്സ്. ഇൻഹെയിൽ ഫോർ ഫോർ,ആൻഡ് ദെൻ എക്സെയ്ൽ ഫോർ സിക്സ്’.

അടുത്ത പത്ത് മിനുട്ട് വലിയ വേദനകളില്ലാതെ കടന്ന് പോകുന്നു.

‘നൗ വീ സിറ്റ് ഇൻ ദണ്ഡാസൻ, ലെഗ്‌സ് സ്ട്രെയിറ്റ്, സ്പൈൻ അപ്പ് റൈറ്റ്’.

ഞാൻ സ്ക്രീനിലേക്ക് നോക്കുന്നു. മൂന്ന് ചതുരക്കളങ്ങളിലായി ഞാൻ, അർച്ചന, റോഹിത്ത് ഷെട്ടി. അർച്ചനയാണ് യോഗാ ഗുരു. റോഹിത്ത്, ഹസിതയുടെ ഭാഷയിൽ പറഞ്ഞാൽ ജിമ്മനാണ്. അവനെ ഞാൻ നോക്കാറു പോലുമില്ല. എനിക്ക് കോംപ്ലക്സടിക്കും. അടുത്ത ചതുരത്തിൽ ദണ്ഡാസനിൽ ഇരിക്കുന്ന അർച്ചനയ്ക്ക് വയറില്ല . ഫ്‌ളാറ്റാണ്. തൊട്ട് താഴെയുള്ള ചതുരത്തിലിരിക്കുന്ന എന്റെ വയർ ! കൃഷ്ണാ... ഞാൻ അകത്തേക്ക് ശ്വാസം ആഞ്ഞു വലിച്ചു. യോഗ എന്ന് പറഞ്ഞാല്‍ തന്നെ ശ്വാസം അകത്തേക്കെടുക്കലും പുറത്തേക്ക് വിടലുമാണല്ലോ. അകത്തേക്കെടുത്ത ശ്വാസം ദണ്ഡാസനം കഴിഞ്ഞ് സൗകര്യം പോലെ പുറത്ത് വിടാം.

ഇപ്പോൾ എന്റെ ഇടത്തെ കാൽ എന്റെ തന്നെ വലതു കാലിന്റെ മുകളിലാണ്. ‘ബ്രിങ്ങ് ക്ലോസെർ റ്റു യുവർ ചെസ്റ്റ് , പുഷിറ്റ് എവേ, ക്ലോസെ…ർ…ർ , എ…വേ…..’ ഏതാണ്ട് ശിശുപാലാസന്റെ കസിൻ എന്ന് വിളിക്കാവുന്ന ഒരു സംഭവം. ചിന്തകൾക്കിടയിലെപ്പോഴോ പോസ് മാറിയതും അർച്ചന അതിന്റെ പേര് വിളിച്ച് പറഞ്ഞതും ഞാൻ കേട്ടില്ല. ഇതെപ്പോ എന്ന് ചിന്തിക്കുമ്പോഴേക്കും ഞാൻ വക്രാസനത്തിലായി. ‘ഥോഡാ ഔർ പീഛെ ദേഖോ അസിതാജി. ട്രൈ റ്റു ബ്രിങ്ങ് യുവർ ചിൻ ഓവർ യുവർ ഷോൾഡേഴ്സ്’. എന്റെ മനസ്സിൽ മിസ്റ്റർ പോഞ്ഞിക്കര വന്നു. ‘ഈശ്വരന്മാരേ....ഈ ഇരുപ്പിലെങ്ങാനും ലോക്കായി പോയാൽ ഇവിടെ നിന്നെങ്ങിനെ എണീക്കും!?’

നെക്സ്റ്റ് വി ഗോ റ്റു ക്യാറ്റ് ആൻഡ് കൗ പോസ്. ‘ആഹാ അത് തരക്കേടില്ലാത്തൊരു പോസാണ്. നട്ടെല്ലിന് നല്ലതാണ്’ പൂച്ച വളഞ്ഞ് നിൽക്കുന്ന പോലെയുള്ള മാർജ്ജാരസൻ മനസ്സിലാക്കാം, എന്നാല്‍ കൗ പോസിനു ആ പേരെങ്ങിനെ എങ്ങിനെ വന്നു ? പണ്ട് അച്ഛന്റെ തറവാട്ടിലുണ്ടായിരുന്ന പശുക്കൾ മുതൽ സൂരജിന്റെ വീട്ടിലെ പശുവിനെ വരെ മനസ്സിലേക്ക് കൊണ്ടുവന്നെങ്കിലും ഈ ആസനം എന്ത് കൊണ്ട് കൗ പോസ് എന്ന് പറയുന്നതെന്ന് പിടികിട്ടുന്നില്ല! പോസിന്റെ കാര്യകാരണം അര്‍ച്ചന ഹിന്ദിയിൽ പറഞ്ഞു. അതെങ്ങിനെ കേൾക്കാനാണ്. ആ ശബ്ദത്തിനു മുകളിലല്ലേ എന്റെ ഇന്നർ വോയ്‌സ്. ഈ ‘ഉള്ളീ.......ന്നുള്ള’ ശബ്ദം ഒന്ന് ശാന്തമാക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കുമൊക്കെയാണ് യോഗക്ക് ചേർന്നത്.

“കം റ്റു ന്യൂട്രൽ പോസ്. ഫ്രം ഹിയർ വി ഗോ റ്റു ഫലകാസൻ.” എനിക്ക് ചിരി വന്നു. ജിം ലവേഴ്‌സിന്റെ പ്ലാങ്ക് ഓർമ്മ നില്‍ക്കാൻ അതിനെ പലകാസനെന്നാണ് ഞാന്‍ പറയാറ്. പലക പോലെ ഞാൻ‍ നിൽപ്പ് തുടങ്ങിയിരിക്കുന്നു.

‘ഹിപ്പ്സ് ഡൌൺ അസിതാജി. ആംസ് ആൻഡ് ഷോൾഡേഴ്സ് ഇൻ വൺ ലൈൻ’

ഞാന്‍ എങ്ങിനെ നിന്നിട്ടും അർച്ചന തൃപ്തയായില്ല. ഒരു പത്ത് പതിനഞ്ച് സെക്കന്‍ഡുകൾക്ക് ശേഷം ‘വൺ റ്റു.....’ എന്ന് കേട്ടു.

‘ദൈവമേ ഒന്നേന്നു മുതൽ എണ്ണാൻ തുടങ്ങിയോ ?’, എന്റെ ‘ഉള്ളി’ ശബ്ദം എന്നോട് പതുക്കെ ചോദിച്ചു. ഞാൻ രോഹന്റെ ചതുരത്തിലേക്ക് നോക്കി. അവൻ അവന്റെ ഭാഷയിൽ എന്നെ ചീത്ത വിളിക്കുന്നുണ്ടെന്നുറപ്പ്. എന്റെ പോസ് ശരിയാക്കാനെടുത്ത സമയം കണക്കിലെടുക്കാതെയാണ് ഒന്ന് മുതൽ ‘ജീ’ എണ്ണിത്തുടങ്ങുന്നത്. ‘നൈ.....ൻ.. കണ്ടിന്യൂ...’ അർച്ചന പത്തിൽ നിർത്താൻ ഉദ്ദേശമില്ല.

‘സെവൻ’

കൈവിരലുകൾ ഒക്കെ വിടർത്തി വച്ചത് കൊണ്ടോ എന്തോ കഴിഞ്ഞ ദിവസത്തേക്കാൾ വേദന കുറവാണ്. ‘ആൻഡ് വൺ’ ഞാൻ ആന മുട്ടുകുത്തുന്ന പോലെ മുട്ടുകുത്തി.

‘കം റ്റു ശശാങ്കാസൻ’ എന്ന് ഞാൻ കേൾക്കുന്നത് എന്റെ നെറ്റി യോഗാമാറ്റിൽ മുട്ടിച്ച് കിടക്കുമ്പോഴാണ്. ശവാസനം കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ള പോസാണ് ഈ ശശാങ്കാസനം. ‘ശശാങ്കം മുയൽ അല്ലേ അതോ ശശാങ്കനോ മുയൽ ?’, ശബ്ദം.

‘കം റ്റു ന്യൂട്രൽ. ഫ്രം ഹിയർ വി ഗോ റ്റു അധോമുഖ ശ്വാനാസൻ ഡൗൺവാർഡ് ഡോഗ് പോസ്’. അത് വീണ്ടുമൊരു തരക്കേടില്ലാത്ത പോസാണ്. ഞാന്‍ എഴുന്നേറ്റ് വളഞ്ഞു കുത്തി നില്‍പ്പ് തുടങ്ങി. കോടതി വളപ്പിലെ ക്യാന്റീനിൽ ചായ കുടിക്കാൻ പോകുമ്പോൾ സ്ഥിരമായി ഒരു പട്ടിയെ കാണാറുണ്ട്. അലസനായി കിടക്കുന്ന അവൻ ഞങ്ങളെ കാണുമ്പോൾ ഒന്നെണീറ്റ് മൂരിനിവർത്താറുണ്ട്. ഈ നിൽക്കുന്ന എന്റെ പോസ് ആ പട്ടിയുടേതിന് തുല്യമാണോ എന്തോ.

‘ട്വന്റി’

‘കടവുളേ.....ടെൻസിന്റെ കൗണ്ട്. ഈ നിൽപ്പ് ഒരു മിനുറ്റ് നിൽക്കണം ന്ന് അര്‍ത്ഥം’.

‘തർട്ടി...’

മനസ്സ് അടുക്കള സ്ലാബിലേക്ക് പോയി. അവിടെ എന്തൊക്കെയോ എടുത്ത് വച്ചിട്ടാണ് ഞാൻ ഈ യോഗ മാറ്റിന്റെ പുറത്ത് നിന്ന് ഞാനാണോ ആ പട്ടിയാണോ പെർഫെക്ട് പോസിംഗ് എന്ന് ആത്മപരിശോധന നടത്തുന്നത്.

‘ഫോർട്ടി’

മനസ്സിൽ ‘പുതിയ മുഖോ .....o .....o’ എന്ന് ഇന്ദ്രജിത്ത് പാടാൻ തുടങ്ങിയതിനെ ശാസിച്ചടക്കി.

കഴിഞ്ഞ ദിവസമാണ് രണ്ട് പോസുകൾ ഒരുമിച്ച് ചെയ്യാമെന്ന പുതിയ പരിപാടി അർ‍ച്ചന കൊണ്ടുവന്നത്. അത് കഴിഞ്ഞപ്പോഴേക്കും ഞാൻ മിലിട്ടറി ട്രെയിനിംഗ്‌ കഴിഞ്ഞ് വരുന്ന ശ്രീനിവാസന്റെ അവസ്ഥയിലും (സിനിമ - സരോജ് കുമാർ).

അപ്പുറത്തെ ബ്ലോക്കിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എട്ടോ പത്തോ വയസ്സുള്ള ഒരു കുട്ടി നില്‍ക്കുന്നു. അവന്‍ നില്‍ക്കുന്നിടത്ത് നിന്ന് ഹാളിൽ യോഗ ചെയ്യുന്ന ഭാഗത്തേക്ക് കൃത്യമായി നോട്ടം കിട്ടും. ഞാനീ ചെയ്യുന്നത് അവന്‍ കാണുന്നുണ്ടോ !!! മഴവിൽക്കാവടി സിനിമയില്‍ ‘അച്ഛൻ’ എന്ന് പറഞ്ഞ് ഉര്‍വ്വശി ജനലിലൂടെ ജയറാമിന് കാണിച്ച് കൊടുത്ത കൃഷ്ണൻ കുട്ടി നായരെ പോലെ ഞാൻ മസിൽ പിടിച്ചു.

“ഫിഫ്ട്ടി....ടെൻ, നയൻ .....”

‘ആ ...കൗണ്ട് ഡൌൺ തുടങ്ങി’. ഒന്നിലെത്തലും കറക്ടായിട്ട് ശശാങ്കാസനം പിടിക്കണം. ഞാന്‍ മനസ്സു കൊണ്ടൊരുങ്ങി. ‘റെസ്റ്റിൻ ശശാങ്കാസൻ’ എന്ന് കേട്ടതേ ഞാനെന്റെ മുട്ടിലേക്ക് വീണു, നെറ്റി അതിവേഗം യോഗാ മാറ്റിൽ മുട്ടിച്ചു.

ഉടനെ മനസ്സിൽ നിന്നും ഒരു ചെക്ക് ലിസ്റ്റെടുത്ത് പുറത്തിട്ടു. അടുക്കള സ്ലാബിനു മുകളിലുള്ള ഓരോരോ സാധങ്ങൾ ആ ലിസ്റ്റിലേക്ക് പകർത്തി.

‘ഉച്ചക്ക് ചോറിനുള്ള അരി കുതിർത്തോ? ‘ചെക്ക് !’

‘ഫ്രീസറിൽ നിന്നും തേങ്ങ ചിരകിയത് പുറത്ത് വച്ചോ?’

‘ചെക്ക് !’

‘ദോശ മാവ്, വറക്കാനുള്ള മീൻ ഇത് രണ്ടും ഫ്രിഡ്ജിൽ നിന്നും പുറത്ത് വച്ചോ ?’

‘ചെക്ക് !’

ഒരു സുവിശേഷ പ്രാസംഗികന്റെ ശൈലിയില്‍ അർച്ചന അടുത്ത യോഗാ പോസുകൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെ ചിന്തകളാണെങ്കിൽ പരമ്പരാഗത ശൈലിയിലെ വേലിയെല്ലാം അവഗണിച്ച് മതിലു ചാടിയും ഗെയിറ്റ് തള്ളിത്തുറന്നും കാടും മലയും കയറുന്നു - എട്ട് മണിക്ക് ഇതവസാനിക്കും. എട്ടരയോടെ ബ്രെയ്ക്ക്ഫാസ്റ്റ്‌ കഴിക്കണമെങ്കിൽ നാല് ബർണറിലൊന്നിൽ ദോശ തവ വയ്ക്കണം. അടുത്തതിൽ തക്കാളി ചട്ട്ണിക്കായി ചീനച്ചട്ടി വയ്ക്കണം . മൂന്നാമത്തേതിൽ ചായ, നാലിൽ ചോറിനായി കുക്കർ. കോപ്പർ ബോട്ടം ചീനച്ചട്ടിയിലേക്ക് എനിക്ക് തക്കാളിയും ഉള്ളിയും മുറിച്ചിട്ടാൽ അത് ലോ ഫ്ലെയിമിലങ്ങ് പതുക്കെ ആയിക്കോളും. ഇതിനിടയിൽ അരി കഴുകി കുക്കറിൽ ഇടാം, ചായക്ക് വെള്ളവും വയ്ക്കാം. ദോശ തവ അപ്പോഴേക്കും പാകത്തിന് ചൂടായി കാണും.

കൃഷ്ണാ ..... യോഗ ചെയ്യുമ്പോഴെങ്കിലും മനസ്സിന് അൽപ്പം ശാന്തി കിട്ടുമോ ?

കൃഷ്ണനൊപ്പം യേശുവും മനസ്സിലേക്ക് വന്നു. തൃശൂർ പുത്തൻപള്ളിയിൽ എത്രയോ നേരം പോയി ഇരുന്നിട്ടുണ്ട്. പല പ്രശ്നങ്ങളാൽ മനസ്സിന് സമാധാനം നഷ്ടപ്പെട്ടപ്പോൾ അൾത്താരയുടെ പുറകിലെ പച്ചമുറിയിൽ അഭയം തേടിയിരിക്കുന്നു.

‘നൗ ......’ അടുത്ത പോസ് പറഞ്ഞു കഴിഞ്ഞു.

‘ദൈവമേ.... തൊട്ട് മുന്‍പ് പറഞ്ഞവ കഴിഞ്ഞോ? ഞാനവ ചെയ്തോ ? ചെയ്തു കാണും അല്ലെങ്കിൽ അർച്ചനയുടെ ‘അസിതാജി’ വിളി വന്നേനെ.

‘നമ്മളെവിടെയായിരുന്നു ?’ ഞാൻ ഉള്ളിലേക്ക് ചോദിച്ചു .

‘പള്ളിയിൽ’ അകത്ത് നിന്ന് ഉത്തരം ലഭിച്ചു....

“ആ....ഓക്കെ”

ഇവിടെ തിരുവനന്തപുരത്ത് തൃശൂരിലെ പുത്തൻപള്ളി പോലെ പള്ളിയുണ്ടാകുമോ ? കരിങ്കല്ലിൽ ഉണ്ടാക്കിയ ഒരു പള്ളി കണ്ടിരുന്നു. പിന്നെയൊരു വെള്ളച്ചായം പൂശിയ പള്ളിയും. സ്ഥലമറിയില്ല. അതിനകത്ത് എങ്ങിനെയൊന്നു കയറും? കയറിയാൽ സമാധാനമായി ഇരിക്കാൻ പറ്റിയ ഇടമുണ്ടാകുമോ ?

പദ്‌മനാഭസ്വാമി ക്ഷേത്രം !

അതിരാവിലെ ചെന്നാൽ അവിടെ ആ നീളൻ ഇടനാഴിയിലെ പല തൂണുകളിലൊന്നിനടുത്ത് ഇരുന്നാലും മനസ്സ് ശാന്തമാകുമല്ലോ. പക്ഷെ എന്ന് പോകും ? വെറുതെ പോകാൻ കഴിയില്ല. നാമപുസ്തകം വല്ലതും കൈയിൽ കരുതണം. അച്ഛന്റെ നാമപുസ്തകം കൊണ്ടുപോകാം.

‘നൗ ലൈ ഡൌൺ ഓൺ റ്റു യുവർ ബാക്ക് , വീ ഗോ ഫോർ ശവാസൻ’

‘അടി ബാലെ.... മൈ ഫേവറിറ്റ്’.

‘റിലാക്സ് യുവർ ബോഡി പാർട്സ്. യുവർ ലെഫ്റ് ലെഗ് , റൈറ്റ് ലെഗ്.......’ അര്‍ച്ചന ഒരീണത്തിൽ പറയുന്നു.

കണ്ണും ചെവിയുമെല്ലാം അയഞ്ഞു തുടങ്ങി.

ഈയിടെയായി ശവാസനത്തിൽ കിടക്കുമ്പോൾ പല പല കാഴ്ചകളാണ് കൺമുന്നിലൂടെ സിനിമ സ്‌ക്രീനിലെന്ന പോലെ കടന്ന് പോകുന്നത്. ചില രംഗങ്ങളിൽ ഞാനുണ്ട്. എന്നാൽ ചിലതിൽ ഞാൻ വെറും കാഴ്ചക്കാരി മാത്രമാണ്. മുൻപ് കണ്ടിട്ടോ പോയിട്ടോ പരിചയമുള്ളതോ ഉള്ള സ്ഥലങ്ങളല്ല കാണുന്നത്. കാണുന്ന കാഴ്ചകളിലെ വ്യക്തികളെയും മുൻപരിചയമില്ല. ആശയവിനിമയം ഏത് ഭാഷയിലെന്ന് മനസ്സിലായില്ലെങ്കിലും , എല്ലാം തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇനിയിത് വല്ല ആസ്ട്രൽ പ്രൊജക്ഷനോ, മൾട്ടിവേഴ്സ് യാത്രയോ മറ്റോ ആയിരിക്കുമോ !?

‘അനാവശ്യ റീലുകൾ കാണുന്നതിന്റെയാണ്. അടങ്ങൊന്ന് !’ ‘ഉള്ളീ’ മൊഴി.

അടുത്ത പ്രാവശ്യം ഈ യാത്ര എഴുതി വയ്ക്കണം. എന്റെ ശവാസന യാത്ര എന്ന് പേരിട്ട്, എല്ലാവരെ കൊണ്ടും വായിപ്പിച്ച് വലയ്ക്കണം.

‘മൂവ് യുവർ റ്റോ ഓർ യുവർ ഫിംഗർ’ ഞാന്‍

പിന്നീട് ഇടത് കൈ കുത്തി വലത് വശം തിരിഞ്ഞ് എഴുന്നേറ്റു.

‘ഓം ശാന്തി ശാന്തി ശാന്തി ഹി’ എന്ന് അവസാനിപ്പിക്കുമ്പോൾ മാത്രം മനസ്സ് എവിടെയും പോകാതെ എന്റെയൊപ്പം നിന്നു.

My First Online Yoga Session: A Humorous Journey:

An online yoga experience is detailed by Asitha Indira Arvind, Director of the Kerala Khadi Grama Vyavasaya Board and writer. Her humorous account of a virtual yoga session highlights the challenges and inner thoughts of a participant trying to follow instructions while multitasking.

ADVERTISEMENT