ADVERTISEMENT

ഷിനി തന്റെ വലതു കൈ കൊണ്ട് മുന്നോട്ടു പോകാനുള്ള ലിവർ ചലിപ്പിച്ച് ഇടതു കരം കൊണ്ട് ഹൈഡ്രോളിക് ലിവർ നിയന്ത്രിക്കുമ്പോഴാണ് ഹാർവസ്റ്റർ എന്ന കൊയ്ത്തു മെതിയന്ത്രത്തിന്റെ സ്റ്റോറേജ് ക്യാബിനിൽ 750 കിലോ നെല്ല് തടസ്സമില്ലാതെ നിറയുന്നത്. പറഞ്ഞു വരുന്നത്, പുതുപ്പള്ളി എറികാട് പാടത്ത് വിളവെടുപ്പിന് വന്ന എറണാകുളം, നോർത്ത് പറവൂർ കരുമാല്ലൂരിലെ ഡ്രൈവർ ഷിനി വിനോദിനെ കുറിച്ചാണ്. പാടശേഖരത്തിലെ ചെളിയിലൂടെ വിദഗ്ദ്ധമായി വെള്ളച്ചാൽ ഒഴിവാക്കി, തെറ്റിച്ച്, ശ്രദ്ധാപൂർവം പാളിച്ച് ഹാർവസ്റ്റർ പായിച്ചു അങ്ങനെ കൊയ്തു മുന്നേറുമ്പോൾ ഷിനിക്ക് 100 മേനി ആത്മ വിശ്വാസം കൂട്ടിനുണ്ട് .

‘കേരളത്തിൽ റോഡ് റോളർ ഡ്രൈവിംഗ് ലൈസൻസ് നേടിയ ആദ്യ വനിത’ എന്ന തന്നെ കുറിച്ചുള്ള വാർത്ത പ്രമുഖ പത്രങ്ങളായ മലയാള മനോരമയും ടൈംസ് ഓഫ് ഇന്ത്യയും 2018-ൽ പ്രസിദ്ധീകരിച്ചതോർക്കുന്നു ഷിനി.

ADVERTISEMENT

സാഹസിക ഡ്രൈവിങ്ങിനോട് മുൻപേ താൽപര്യം ഉണ്ടായിരുന്നു. എറണാകുളം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയറുടെ അഗ്രികൾച്ചറൽ ഓഫീസിൽ നിന്ന് 7 വനിതകളോടൊപ്പം കിട്ടിയ പരിശീലനമാണ് വഴിത്തിരിവായത്. പിന്നീട് ജെ സി ബി, ട്രൈലർ ട്രാക്ടർ, ട്രില്ലർ വിത് ട്രൈലർ ഉൾപ്പടെ പതിമൂന്നോളം വാഹന ഇനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. നാൽപ്പത്തിയഞ്ചാം വയസ്സിലും പുതിയ ഒരു ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് ഷിനി.

68 കുതിരശക്തിയുള്ള 40 ലക്ഷം രൂപ വിലയുള്ള കുബോട്ട ഹാർവസ്റ്ററിനെ അനുസരിപ്പിക്കുന്ന ഷിനിയുടെ പതിരില്ലാത്ത വാക്കുകൾ ഇതാ.

ADVERTISEMENT

‘‘കൊയ്ത്ത് യന്ത്രവുമായി പാടശേഖരത്തേക്കെത്തുമ്പോഴെ പൊൻകതിരുകൾ മാടി വിളിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെടുക. ഓരോ പാടത്ത് നിന്ന് കൊയ്തു കയറുമ്പോഴും കൃഷിയുടമ മാത്രമല്ല ഒരു നാട് മുഴുവനുമല്ലേ സന്തോഷിക്കുന്നത്. അതാണ് വേതനത്തോടൊപ്പം കിട്ടുന്ന എക്സ്ട്രാ ആനന്ദം.

പുതുപ്പള്ളിയിൽ ജോലിക്ക് എത്തിയപ്പോഴാണ് ഈ കമ്പനിയുടെ ആദ്യ വിളവെടുപ്പാണെന്നറിഞ്ഞത്. നാളുകളായി കൃഷിയിറക്കാത്ത പാടത്ത് കീടനാശിനി പ്രയോഗിക്കാത്ത പുതിയ നെൽവിത്തിനം ‘പുണ്യ’ യുടെ സൂപ്പർ വിളവ് എല്ലാവർക്കും പുണ്യമാകട്ടെ’’

ADVERTISEMENT

നെൽപ്പാടത്തിന് നടുവിൽ, കുബോട്ട ഹാർവസ്റ്ററിന്റെ ഡ്രൈവർ സീറ്റിലിരുന്നു ഷിനി പൊതിച്ചോറഴിച്ചു. ഊണ് കഴിക്കാനും വിശ്രമത്തിനും എല്ലാം കൂടി 30 മിനിറ്റ് ധാരാളമാണ്. പിന്നെയെന്താ, ധാരാളം വെള്ളം കുടിക്കും. വെള്ളം നിറച്ച കുപ്പി സീറ്റിനരികേ തിരുകി, ദാ ഹാർവസ്റ്റർ വീണ്ടും ചലിച്ചു തുടങ്ങി.

കുബോട്ട ഹാർവസ്റ്ററിന്റെ ഡെമോ ഡ്രൈവറാണ് ഷിനി. അങ്ങനെ എല്ലാ ജില്ലകളിലും ഈ ജപ്പാൻ കമ്പനിയുടെ വണ്ടിയെ പരിചയപ്പെടുത്താനായി പോയിട്ടുണ്ട്. കുബോട്ട ഹാർവസ്റ്ററിന് എവിടെ ഡ്രൈവറെ ആവശ്യമുണ്ടെങ്കിലും ഷിനി റെഡിയാണ്.

ഓരോ ജില്ലയിലെയും മണ്ണിന്റെ സ്വഭാവവുമറിയാം ഷിനിക്ക്. ആലപ്പുഴയിലും കുട്ടനാട്ടിലും കോട്ടയത്തും ചില നെൽപാടങ്ങളിൽ അടിയിളക്കം കൂടുതലാണ്. അതിനാൽ ഹാർവസ്റ്റർ ചെളിയിൽ പുതയാതിരിക്കാൻ കൂടുതൽ സൂക്ഷിക്കണം. ചെളിയിൽ താഴുമെന്നറിയാമെങ്കിലും വെല്ലുവിളി നേരിട്ട് പരമാവധി കൊയ്തെടുക്കുക എന്നതാണ് ലക്ഷ്യം. വീലുകൾ പാടത്ത് താഴ്ന്നാലും പതറിയിട്ട് ഒരു കാര്യവുമില്ല. ചെളി വകഞ്ഞു മാറ്റി തെങ്ങോലകളും കച്ചിയും പുല്ലും എന്തെല്ലാമാണ് ചുറ്റുപാടും കിട്ടുക, അവയെല്ലാം യോജിക്കും പോലെ തിരുകി ഏറെ ക്ഷമയോടെ ഉണർന്നു പ്രവർത്തിച്ചാൽ അതിനെ കരകയറ്റാം.

ദിവസം 10 മണിക്കൂർ കൊയ്താലും ഷിനിക്ക് മടുപ്പില്ല. കഴിഞ്ഞ ദിവസം 50 ഏക്കർ പാടശേഖരം ആവേശത്തോടെ കൊയ്തു കയറിയ അനുഭവം വിവരിച്ചു. കണ്ണെത്താ ദൂരത്തോളമാണ് പാടശേഖരം. ഇലക്ട്രിക് ടവറിന്റെ താഴെ വണ്ടി ചെന്നാൽ കൂടുതൽ ശ്രദ്ധിക്കും.

പറവൂർ കരുമാല്ലൂരിൽ, വീടിനടുത്ത് 6 ഏക്കർ പാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്നുണ്ട് ഷിനി. അത് കൊണ്ട് നെൽകൃഷി ചെയ്യുന്ന കർഷകന്റെ സാഹസികതയും കഷ്ടപ്പാടും സന്തോഷവും സങ്കടവുമെല്ലാം നന്നായി അറിയാം. സോഡ കച്ചവടം ചെയ്യുന്ന ഭർത്താവ് വിനോദും വിദ്യാർത്ഥികളായ മക്കൾ അമലും വിമലും ഷിനിയുടെ സ്വന്തം കൃഷി പണികൾക്ക് പ്രോത്സാഹനമായി ഒപ്പമുണ്ട്.

ഷിനിയുടെ ഒരു ദിവസത്തെ കൊയ്ത്തു അവസാനിക്കാറായി.

ഇപ്പോൾ പുതുപ്പള്ളിയിൽ തൊഴിലവസരത്തിന് കാരണക്കാരായ ടൈസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയോടും നന്ദിയുണ്ട്.

പക്ഷികളുടെ മാർച്ചു പാസ്റ്റിനിടയിൽ വണ്ടിക്ക് മുന്നിലേക്ക് ഒരു വെള്ള കൊക്ക് പറന്നു വീഴുന്നു. വണ്ടി നിർത്തി ഷിനി മെല്ലേ പറഞ്ഞു. ‘‘ഇവരും ഈ ഭൂമിയുടെ അവകാശികളല്ലേ മാഷേ. ആമയും പാമ്പുമെല്ലാം ഇത് പോലെ പലപ്പോഴും വരാറുണ്ട്. ഒന്നു നിർത്തി കൊടുത്താൽ മതിയല്ലോ. അവർ അവരുടെ വഴിക്കും ഞാൻ എന്റെ വീട്ടിലേക്കും പോകും’’.

നെൽപ്പാടത്തിനരികിൽ ഹാർവസ്റ്റർ സുരക്ഷിതമായി പാർക്കു ചെയ്തു ഷിനി പൊട്ടിച്ചിരിക്കുന്നു.

Shini Vinod: A Trailblazer in Paddy Harvesting:

Shini Vinod, a skilled female harvester operator from North Paravoor Karumallur, expertly navigates a Kubota harvester through paddy fields in Puduppally Errikad, demonstrating exceptional control and dedication to agriculture. As the first woman in Kerala to obtain a road roller driving license, Shini's passion for operating heavy machinery extends to the challenging yet rewarding task of paddy harvesting, bringing joy to farmers and communities.

ADVERTISEMENT