‘അവൾ ചത്തു കഴിഞ്ഞാൽ ബാക്കി നോക്കാം’; സുനിതയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി, തല ഭിത്തിയിലിടിപ്പിച്ചു! കണ്ണില്ലാത്ത ക്രൂരത Sunitha's Life Lost to Employer's Brutality in Bengaluru
Mail This Article
ജീവിതമാര്‍ഗം കണ്ടെത്താന്‍ ബെംഗളൂരുവിൽ എത്തിയതായിരുന്നു സുനിത. പക്ഷേ, വിധി കാത്തുവച്ചത് കണ്ണില്ലാത്ത ക്രൂരത. തൊഴിലുടമയുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ സുനിതയുടെ ജീവന്‍ നഷ്ടപ്പെട്ടു. തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സ്വദേശി സുനിതയാണ് (47) മർദനത്തില്‍ കൊല്ലപ്പെട്ടത്.
അബോധാവസ്ഥയിലായ സുനിതയെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുനിതയുടെ ഭർത്താവ് ഷിന്റോ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന മലയാളിയായ തൊഴിലുടമ ദീപക് കൃഷ്ണനെ പൊലീസ് തിരയുന്നു.
സംഭവം ഇങ്ങനെ;
തളിക്കുളത്തെ വീട്ടിൽ 160 തെരുവുനായ്ക്കൾക്ക് അഭയം നൽകുന്നവരാണ് സുനിതയും ഷിന്റോയും. വാടാനപ്പള്ളി ഭാഗത്തെ ഏഴു സ്കൂളുകളിൽ മിച്ചംവരുന്ന ഉച്ചഭക്ഷണം പൊതിഞ്ഞെടുത്തു കൊണ്ടുപോയാണ് അവർ നായ്ക്കളെ പോറ്റിയിരുന്നത്. സ്കൂളടച്ചതോടെ നായ്ക്കൾക്കു ഭക്ഷണം നൽകാൻ നിവൃത്തിയില്ലാതായി. ഈ സമയത്താണ് ബെംഗളൂരുവിൽ ദീപക് കൃഷ്ണൻ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ നടത്തുന്ന കേന്ദ്രത്തിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞത്. മാസം 40,000 രൂപ നൽകാമെന്നു ദീപക് വാഗ്ദാനം ചെയ്തു. ഏപ്രിൽ 17 നാണ് ബെംഗളൂരുവിലേക്കു പോയത്.
ബെംഗളൂരുവിൽ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടിൽ 16 നായ്ക്കളാണുണ്ടായിരുന്നത്. സുനിതയ്ക്കൊപ്പം, ബന്ധുവായ പെൺകുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും പോയിരുന്നു. ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് ഇവർ അറിയിച്ചു. ഇതോടെ ദേഹോപദ്രവം തുടങ്ങി. നാട്ടിലേക്കു മടങ്ങുകയാണ് എന്ന വിവരം മേയ് മൂന്നിനു വൈകിട്ട് ഇവർ ദീപക്കിനെ അറിയിച്ചതോടെ മൃഗീയമായ ഉപദ്രവമുണ്ടായി. സുനിതയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി. നിലത്തിട്ടു തലയിൽ ചവിട്ടി. മുടിയിൽ കുത്തിപ്പിടിച്ചു പലവട്ടം തല ഭിത്തിയിൽ ഇടിപ്പിച്ചു.
സുനിത അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ടു പെൺകുട്ടികൾക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു പുറത്തേക്കു പോയി. ഇവർ പൊലീസിനെ അറിയിച്ചപ്പോൾ 2 പൊലീസുകാർ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി. എന്നാൽ, പിന്നാലെ എത്തിയ ദീപക് മറ്റൊരു പൂട്ടിട്ട് പൊലീസുകാരെയടക്കം ഉള്ളിലിട്ടു പൂട്ടി. കൂടുതൽ പൊലീസ് സംഘമെത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചതും സുനിതയെ ആശുപത്രിയിലാക്കിയതും.
വിവരമറിഞ്ഞു ഷിന്റോ ബെംഗളൂരുവിലെത്തി ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു. സുനിതയെ താൻ ഉപദ്രവിച്ചിട്ടുണ്ടെന്നും ‘അവൾ ചത്തുകഴിഞ്ഞാൽ ബാക്കി നോക്കാം’ എന്നും പറയുന്ന ഭീഷണി സന്ദേശം ദീപക് കൃഷ്ണൻ അയച്ചത് ഷിന്റോ പൊലീസിനു കൈമാറിയിട്ടുണ്ട്.