ADVERTISEMENT

‘‘എന്റെ തലയിൽ മുടിയിങ്ങനെ വന്നും പോയും നിൽക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് 20 വർഷമെങ്കിലും ആയിട്ടുണ്ട്. ചെറുപ്പത്തിൽ അൻപതു പൈസ വട്ടത്തിലാണ് മുടി പോയിരുന്നത്. എന്നാൽ അധികം വൈകാതെ തിരികെ വരുമെന്നതുകൊണ്ട് ആരുമതു കാര്യമാക്കിയില്ല. ഇടയ്ക്കൊക്കെ അമ്മയുടെ മേൽനോട്ടത്തിൽ എണ്ണയായും താളിയായുമെല്ലാം നാടൻ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.’’ അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന അശ്വതി എന്ന ഇരുപത്തിയെട്ടുകാരി പറയുന്നു.

സ്കൂൾ പഠനകാലം മുതൽ ചാനൽ പരിപാടികളിൽ ഡാൻസറായി പോകുന്നു. പ്രോഗ്രാമിനായി ഹെയർ സ്‌റ്റൈൽ ചെയ്യുമ്പോൾ എന്റെ മുടിമാത്രം അനുസരണയില്ലാതെ പല വഴിക്കു പോകും. ഒരു സ്‌റ്റൈലിസ്റ്റ് ചേച്ചിയാണു പറഞ്ഞത് സ്മൂത്തനിങ് ചെയ്താൽ നന്നായി കിടക്കുമെന്ന്. സ്മൂത്തനിങ് ചെയ്തതോടെ വന്നും പോയും നിന്നിരുന്ന മുടി അപ്പാടെ കൊഴിയാൻ തുടങ്ങി. ചീപ്പ് തൊടുന്ന ഭാഗങ്ങളിൽനിന്നു മുടി വേരോടെ ഊരി വരും. പുറത്തിറങ്ങുമ്പോൾ തലയിൽ ദുപ്പട്ടയിടും. എങ്കിലും ആരെങ്കിലും തലയിലേക്കു നോക്കിയാൽ ആത്മവിശ്വാസം ചീട്ടുകൊട്ടാരം പോലെ തകരും.’’ അശ്വതിയുടെ വാക്കുകള്‍ ഇടറി.

aswathyteas2
ADVERTISEMENT

ആ വാക്കു കേൾക്കുന്നത് ആദ്യമായി

‌മുടികൊഴിച്ചിലുമായി അശ്വതി പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. നാൾക്കുനാൾ അവസ്ഥ മോശമായി. തലയിലുള്ളതിനേക്കാൾ മുടി തറയിലുണ്ടായിരുന്നുവെന്ന തമാശയിൽ അശ്വതി സ്വയം ചിരിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ അതനുവദിച്ചില്ല.

ADVERTISEMENT

‘‘സ്മൂത്തനിങ് എന്ന ധിക്കാരമാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഒരുപാടുപേർ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ് അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയാണ് മുടികൊഴിച്ചിലിനു പിന്നിലെന്നറിയുന്നത്. അലോപേഷ്യ എന്ന വാക്കുപോലും ആദ്യമായാണു കേൾക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം മുടിവേരുകളെ ശത്രുവായിക്കണ്ട് ആക്രമിക്കുന്ന അവസ്ഥയാണിത്. അലോപേഷ്യ അവസ്ഥകളിലൂടെ കടന്നു പോകുന്നവർ കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്താൽ അവസ്ഥ മോശമാകുമെന്നു പിന്നീടറിഞ്ഞു. ഇതിനൊപ്പം തൈറോയ്ഡും വന്നു.

എന്താണ് ടോട്ടാലിസ്, കാരണം, പ്രതിവിധി തുടങ്ങിയ വിവരങ്ങൾ ഡോക്ടർ വിശദീകരിച്ചു. മുടി തിരികെ വരാനുള്ള സാധ്യത കുറവാണെങ്കിലും ചികിത്സിക്കാമെന്നു തീരുമാനിച്ചു. ചികിത്സയുടെ ഭാഗമായി തലയിൽ പൗഡർ പോലൊരു മരുന്നിടും. അതിടുമ്പോൾ തലയ്ക്കു നല്ല തണുപ്പ് അനുഭവപ്പെടുമെങ്കിലും പിന്നാലെ വരുന്ന പുകച്ചിൽ ജീവനെടുക്കും. പൊടിയിട്ടാൽപ്പിന്നെ ഒരാഴ്ച തല നനയ്ക്കാൻ പാടില്ല. ദിവസങ്ങൾ മുന്നോട്ടു പോകുമ്പോൾ പുകച്ചിലും അസ്വസ്ഥതയും കൂടും.

ADVERTISEMENT

രാത്രിയായാൽ ഉറങ്ങാൻ സാധിക്കില്ല. അടച്ചിട്ട മുറിക്കുള്ളിലിരുന്ന്, കരഞ്ഞു നേരം വെളുപ്പിച്ചിട്ടുണ്ട്. അച്ഛന്‍ ശശിധരൻ നായർ റബർ ടാപ്പിങ് തൊഴിലാളിയാണ്. അമ്മ രമാകുമാരി വീട്ടമ്മയും. ആവശ്യത്തിലധികം പ്രശ്നങ്ങളുള്ള അവരെ മുടിയുടെ പേരിൽ വിഷമിപ്പിക്കാൻ തോന്നിയില്ല. ആ ദിവസങ്ങളിൽ വലിയൊരു പരിധി വരെ എന്റെ ധൈര്യവും ആശ്വാസവും അനിയത്തി അപർണയാണ്.’’ ദീർഘനിശ്വാസത്തിനു ശേഷം അശ്വതി തുടർന്നു.

Aswoldnew

‘‘തലമുടിക്കു പുറമേ പുരികവും കൺപീലികളും കൂടി പൊഴിഞ്ഞു തുടങ്ങിയതോടെ എവിടെ നിന്നോ ധൈര്യം വന്നു. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്കു പേടിക്കാനും ഒന്നുമില്ലെന്നു പറയില്ലേ, അതുപോലെ.

ഒരു ദിവസം രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത കടയിലേക്കു പോയി, ബ്ലേഡ് വാങ്ങി. അങ്ങിങ്ങായി, കളിയാക്കാനെന്നോണം നിന്നിരുന്ന തലമുടി ഷേവ് ചെയ്തു കളഞ്ഞു. ഏറെ നാളായി ഞാൻ ചുമന്നിരുന്ന ഭാരം ഇറക്കി വച്ച സുഖമാണ് അന്നു കിട്ടിയത്. അങ്ങനെ ഇരുപതാം വയസ്സിൽ ഞാൻ ‘മൊട്ടക്കുട്ടി’യായി. പുരികത്തിലും കൺപീലിയിലും ഇപ്പോൾ ചെറുതായി മുടി വളർന്നു തുടങ്ങി.’’ നിരാശ തീണ്ടാത്ത സ്വരത്തിൽ അശ്വതി പറഞ്ഞു.

പ്രതീക്ഷകൾ കൊഴിയുന്നു, പൂക്കുന്നു

എല്ലാം അറിഞ്ഞ് ഇഷ്ടം തോന്നിയാണ് അയാൾ അശ്വതിയെ ജീവിതസഖിയായി ഒപ്പം കൂട്ടിയത്. സന്തോഷവും സമാധാനവും നിറയുന്ന ജീവിതം സ്വപ്നം കണ്ട അശ്വതിയെ കാത്തിരുന്നത് വേദനകളായിരുന്നു. ദാമ്പത്യം രണ്ടര വർഷം തികയുന്നതിനുള്ളിൽ തീരാത്ത ബാധ്യതകൾ അശ്വതിയുടെ ചുമലിൽ വച്ച് അയാൾ അപ്രത്യക്ഷനായി.

‘‘തിരുവനന്തപുരം നെടുമങ്ങാടാണ് എന്റെ വീട്. ആള് സ്കൂളിൽ എന്റെ സീനിയറായിരുന്നു. വിവാഹത്തിന്റെ ആ ദ്യ നാളുകൾ സന്തോഷകരമായിരുന്നു. എന്നാൽ, ആദ്യമോളെ ഗർഭിണിയായിരിക്കുമ്പോൾ മുതൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാട്ടിൽ ചെറിയ ജോലികൾ ചെയ്തു മുന്നോട്ടു പോയിരുന്ന ആൾ പെട്ടെന്നാണ് വിദേശത്തേക്കുപോകുന്നുവെന്നു പറഞ്ഞത്. എല്ലാം നല്ലതിനാകുമെന്നു കരുതിയെങ്കിലും താങ്ങാവുന്നതിലും വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചിട്ടാണ് അയാൾ നാടുവിട്ടത്.

എനിക്കു അസുഖമാണെന്നു പറഞ്ഞ് അയാൾ പലരിൽ നിന്നും പണം കടമായും സഹായമായും വാങ്ങി. എന്നെക്കുറിച്ചു പറഞ്ഞതിനേക്കാൾ നോവിച്ചത് എന്റെ കുഞ്ഞിന്റെ പേരിലും പണം പിരിച്ചതാണ്. അയാൾ പോയി ഒരു മാസത്തിനുള്ളിലാണു വീണ്ടുമൊരു കുഞ്ഞു ജീവൻ എന്റെയുള്ളിൽ തുടിക്കുന്നുവെന്നറിഞ്ഞത്. വിശേഷം അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ആദ്യ മോൾക്ക് ഒരു വയസ്സു തികയുന്നതിനു മുൻപ് പോയ ആൾ തിരികെ വന്നത് അവൾക്ക് നാലു വയസ്സുള്ളപ്പോൾ. വേദ്യ മോൾക്കിപ്പോൾ മൂന്നു വയസ്സായി.

ഒരു വർഷത്തിനു മുൻപ് അപർണ ഞങ്ങളെ വിട്ടു പോയി. എല്ലാത്തിനു ഒപ്പമുണ്ടായിരുന്ന കൂടപ്പിറപ്പു പോയ വേദനയും ഞാൻ ഒറ്റയ്ക്കു താങ്ങേണ്ടി വന്നു.’’ അശ്വതിയുടെ മുഖം വാടി.

aswFam

ഇതെന്റെ തിരിച്ചു വരവ്

‘‘എന്റെ ജീവിതം എങ്ങനെയെന്ന് മറ്റുള്ളവരെ അറിയിക്കേണ്ടതില്ലെന്ന തിരിച്ചറിവാണു യഥാർഥത്തിൽ കരുത്തു പകർന്നത്. കടന്നു പോയ വർഷങ്ങൾ പഠിപ്പിച്ച പാഠങ്ങൾ വളരെ വലുതാണ്. രണ്ടു ചെറിയ കുഞ്ഞുങ്ങളെ കയ്യിൽപ്പിടിച്ച് എന്തുചെയ്യുമെന്നറിയാതെ നിന്നപ്പോൾ താങ്ങായത് എന്റെ കുടുംബം മാത്രമാണ്.

വീടിനടുത്തൊരു ലോൺട്രി സർവീസിൽ ചെറിയ ജോലിയുണ്ട്. രണ്ടു മക്കളേയും അച്ഛനേയും അമ്മയേയും നോക്കി നന്നായി ജീവിക്കാമെന്ന ധൈര്യമുണ്ടിപ്പോൾ.’’ അശ്വതിയുടെ വാക്കിൽ ആത്മവിശ്വാസം തുടിച്ചു.

കുട്ടിക്കാലം മുതൽ ഡാൻസിനോടുണ്ടായിരുന്ന ഇഷ്ടമാണ് ഇപ്പോൾ റീലുകളിലൂടെ തുടരുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിൽപോയപ്പോൾ തമാശയ്ക്കു ചെയ്ത റീൽ വൈറലായതോടെ ആവേശമായി. ആവേശം എന്നതിനപ്പുറം യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണത്. ഡാൻസ് റീലുകളാണ് കൂടുതലും ചെയ്യുന്നത്.

എന്റെ ഡാൻസിനേക്കാൾ ഫാൻസ് ഉള്ളത് ഈ മൊട്ടത്തലയ്ക്കാണെന്നു തോന്നുന്നു. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുന്നു. ചെറിയ കൊളാബുകളും കിട്ടുന്നുണ്ട്.’’ അശ്വതിയുടെ കണ്ണുകളിൽ സന്തോഷം തൊട്ടു.

‘‘എന്റെ അമ്മ ഇങ്ങനെയാ നല്ലത്. മുടി വേണ്ട.’’ കിന്നരി വാക്കിലൂടെ അശ്വതിയുടെ ആദ്യത്തെ കൺമണി ആദ്യ പറഞ്ഞു. പോക്കുവെയിലിൽ അശ്വതിയുടെ ചിരിയും തലയും സ്വർണവർണത്തിൽ തിളങ്ങി.

Aswathi's Battle with Alopecia Totalis:

Aswathi, a 28-year-old woman, shares her journey with alopecia totalis, a condition that led to significant hair loss starting in her youth. Initially experiencing minor hair fall, her condition worsened after a smoothing treatment, causing complete hair loss, including eyebrows and eyelashes.

ADVERTISEMENT