സൈസ് മാറ്റേഴ്സ്: മോളി ആന്റിയുടെ 'ഷർട്ട് ' നിരീക്ഷണങ്ങൾ The Ultimate Guide to Shirt Fits: Molly Aunty's Lessons
Mail This Article
മോളി ആന്റിക്കൊരു മോഹം. അച്ചായന് ഒരു ഷർട്ട് സമ്മാനമായി കൊടുക്കണം. അടുത്ത മാസം വരുന്ന കുടുംബയോഗത്തിൽ അച്ചായൻ ആ ഷർട്ടും ഇട്ടു ഞെളിഞ്ഞു നിൽക്കുന്നത് മോളി ആന്റി സ്വപ്നം കാണാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. അച്ചായന് എപ്പോഴും സ്വന്തം സിലക്‌ഷൻ ആണ് താൽപര്യം.
അതുകൊണ്ട് തന്നെ ഡ്രസ് എടുക്കാൻ ഒരുമിച്ചു പോകുമ്പോഴും മോളി ആന്റി ഇടപെടാറില്ല. പക്ഷേ, ഒരു മോഹം തോന്നിയാൽ അങ്ങനെ വെറുതേ വിട്ടുകളയുന്ന പ്രകൃതക്കാരിയുമല്ല ആന്റി.
ബുധനാഴ്ച രാവിലെ കൃത്യം 11:30-ന് തന്നെ മോളി ആന്റി ഷോപ്പിലെത്തി. ലിഫ്റ്റിൽ കയറി മൂന്നാം നിലയിലിറങ്ങിയ ശേഷം അൽപനേരം കസേരയിലിരുന്നു വിശ്രമിച്ചു. ഭസ്മക്കുറിയണിഞ്ഞ തമിഴ് ചുവയോടെ മലയാളം സംസാരിക്കുന്ന സെയിൽസ്മാൻ ആന്റിയുടെ അരികിലേക്കു വന്നു. ആ പരിഗണന ആന്റിക്ക് ഇഷ്ടമായി.
‘ഒരു ഷർട്ട് നോക്കാൻ വന്നതാ..’ ആന്റി പറഞ്ഞു.
‘എത്രയാണ് സൈസ്?’ സെയിൽസ്‌മാൻ ചോദിച്ചു.
‘42’ മോളി ആന്റി പഠിപ്പിസ്റ്റ് കുട്ടിയെ പോലെ പെട്ടെന്ന് മറുപടി പറഞ്ഞു.
‘ഫുൾ അതോ ഹാഫ്?’ അടുത്ത ചോദ്യം. ഇത് എന്തിനാണ് ഇപ്പോൾ ഈ ചോദ്യം എന്ന മട്ടിൽ മോളി ആന്റി സെയിൽസ്മാനെ ഒന്നു നോക്കി. ‘ഫുൾ സ്ലീവാ....ഹാഫ് സ്ലീവാാ ?’ സെയിൽസ്മാൻ ചോദ്യം വിപുലീകരിച്ചു.
അച്ചായൻ ഷർട്ടിന്റെ കൈമടക്കി വയ്ക്കുന്ന ശീലക്കാരനാണ്. നല്ല രസമായി അതു ചെയ്യും. അത്രയും ശ്രദ്ധ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു പോലും ആന്റി മോഹിച്ചിട്ടുണ്ട്. എങ്കിലും അതൊന്നും ഇവിടെ പറയാൻ കൊള്ളില്ലല്ലോ. ‘രണ്ടും നോക്കാം’. ആന്റി പ്രൗഢി കുറയ്ക്കാതെ പറഞ്ഞു.
ഒരു ഷർട്ടിൽ എത്ര ചോദ്യങ്ങൾ
‘ഫോർമലാ... കാഷ്വലാാ...?’
‘ബ്രാൻഡഡ് വേണോ ഇൻ-ഹൗസ് മതിയോ?’
‘സോളിഡ് വേണോ, സ്ട്രൈപ്പ് വേണോ?’
സെയിൽസ്മാൻ ചോദ്യശരങ്ങൾ എയ്തു കൊണ്ടേയിരുന്നു. ഒരു ഗ്യാപ് കിട്ടിയപ്പോൾ ആന്റി പറഞ്ഞു.
‘‘മോനേ, എന്റെ അറുപത് വയസ്സുള്ള ഭർത്താവിന് കുടുംബയോഗത്തിൽ ഇടാൻ പറ്റിയ നല്ലൊരു ഷർട്ട്, അത്രയേ എനിക്ക് വേണ്ടൂ.’’
‘എന്നാൽ ബോഡിടൈപ് പറയൂ, സൈസ് പ്രധാനമാണ്. വണ്ണമുള്ള ആളാണോ?’ കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാൻ ആന്റി അപ്പുറത്തെ കൗണ്ടറിൽ നിന്ന ഒരാളെ ചൂണ്ടിക്കാണിച്ചു. ‘ദേ , അയാളുടെ അത്രയും വണ്ണവും പൊക്കവുമുണ്ട്.’
അഞ്ചു മിനിറ്റിനുള്ളിൽ ഒരു ഡസൻ ഷർട്ടുകളുമായി സെയിൽസ്മാൻ തിരിച്ചെത്തി. സ്ലിം ഫിറ്റ്, റെഗുലർ ഫിറ്റ്, കംഫർട്ട് ഫിറ്റ് എന്നിങ്ങനെ സെയിൽസ്മാൻ ഫിറ്റുകളുടെ നീണ്ട പട്ടിക നിരത്തിയപ്പോൾ ആന്റിക്ക് പഴയ സയൻസ് ക്ലാസിൽ എത്തിയതു പോലെ തോന്നി.
സഹികെട്ട് ആന്റി പറഞ്ഞു: "മോനേ, നീ ആ റെഗുലർ' എന്നുപറഞ്ഞ സാധനം ഇങ്ങ് എടുത്തേ, അതാകുമ്പോൾ അച്ചായന് ശ്വാസം മുട്ടാതെ ധരിക്കാം.!"
അവസാനം, ആ ലൈറ്റ് ബ്ലൂ റെഗുലർ ഫിറ്റ് ഷർട്ടും പൊതിഞ്ഞു കെട്ടി കടയ്ക്ക് പുറത്തിറങ്ങിയപ്പോൾ മോളി ആന്റിക്ക് ഷർട്ടുകളെ കുറിച്ച് ഒരു ‘ഫാസ്റ്റ് ട്രാക്ക് ഗ്രാജുവേഷൻ’ കഴിഞ്ഞ പ്രതീതിയായിരുന്നു.
വീട്ടിലെത്തി ആവേശത്തോടെ ഷർട്ട് അച്ചായന് സമ്മാനിച്ചപ്പോൾ ആന്റിക്ക് വല്ലാത്തൊരു ഉൾപ്പുളകം തോന്നി. ഷർട്ട് നിവർത്തി നോക്കും മുൻപേ അച്ചായൻ ചോദിച്ചു. ‘‘ മോളി... ഇതിന് പോക്കറ്റ് ഉണ്ടല്ലോ അല്ലേ? പേനയും താക്കോലും പിന്നെ ആസ്മയുടെ ഇൻഹേലറും ഒക്കെ വയ്ക്കാനുള്ളതാ!’’
ഭാഗ്യം ആന്റി എടുത്ത ഷർട്ടിന് വലിയ രണ്ടു പോക്കറ്റുകൾ ഉണ്ടായിരുന്നു. അന്നേരം മോളി ആന്റിക്ക് ഒരു കാര്യം ബോധ്യം വന്നു. അച്ചായന് വേണ്ടത് ‘ലുക്ക്’ ഒന്നുമല്ല, ‘ചെറിയ സ്റ്റോറേജ് റൂം’സൗകര്യമുള്ള ഷർട്ടാണ്!
കുടുംബയോഗത്തിൽ അച്ചായൻ ആ ഷർട്ടും ഇട്ടു ഞെളിഞ്ഞു നിൽക്കുമോ അതോ പോക്കറ്റിൽ സാധനങ്ങൾ നിറച്ച് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുമോ എന്ന് കണ്ടുതന്നെ അറിയണം !
മോളി ആന്റിയുടെ 'ഷർട്ട് ' നിരീക്ഷണങ്ങൾ
ഷർട്ട് വാങ്ങാൻ പോയ അനുഭവത്തിൽ നിന്ന് മോളി ആന്റി പഠിച്ച കാര്യങ്ങൾ:
- സ്ലിം ഫിറ്റ് (Slim Fit): രണ്ടാമത്തെ ബിരിയാണി സെർവിങ് വേണ്ടെന്ന് വെക്കുന്നവർക്ക് വേണ്ടിയുള്ളതാണിത്. തോൾ, നെഞ്ച്, വയറ്—എല്ലാം ഒരേ നേർരേഖയിലാണെങ്കിൽ ഇത് നോക്കാം.
- റെഗുലർ ഫിറ്റ് (Regular Fit): അമിത ഗ്ലാമർ തരില്ലെങ്കിലും, സദ്യ കഴിക്കാനും ശ്വാസം വിടാനും കസേരയിൽ ഇരിക്കാനും അനുവദിക്കും. വിവാഹങ്ങൾക്കും കുടുംബയോഗങ്ങൾക്കും ചേരും.
- റിലാക്സ്ഡ് ഫിറ്റ് (Relaxed Fit): നല്ല ലൂസ് ഉണ്ടാകും. യാത്രകൾക്കും ഷോപ്പിങ്ങിനും ബസ്സിൽ ഉറങ്ങാനും ബെസ്റ്റ് ആണ്.
- സ്ട്രെയിറ്റ് ഫിറ്റ് (Straight Fit): സ്ലിം ഫിറ്റ് പോലെ ശരീരത്തോട് ഒട്ടിനിൽക്കില്ല, റെഗുലർ ഫിറ്റ് പോലെ അധികം അയവുമില്ല. ‘മാന്യമായ അകലം’ പാലിക്കുന്ന ഷർട്ട്.
സാഹചര്യങ്ങൾക്കനുസരിച്ച്...
1.ഫോർമൽ ഷർട്ടുകൾ: ഓഫിസ് മീറ്റിങ്ങുകൾക്കും ഇന്റർവ്യൂവിനും മറ്റും. നിങ്ങളുടെ വ്യക്തിത്വത്തിനു ആധികാരികത തോന്നിപ്പിക്കാൻ ഇവ സഹായിക്കും. ലൈറ്റ് നിറങ്ങളും കട്ടിയുള്ള കോളറുകളും—ഫുൾ സീരിയസ് മോഡ്!
2. കാഷ്വൽ ഷർട്ടുകൾ: ഉല്ലാസ ഭാവം തോന്നിപ്പിക്കുന്നവയാണിവ. നിറങ്ങളിൽ നിയന്ത്രണമില്ല, ഇൻ (tuck) ചെയ്യണമെന്നില്ല, കൈ മടക്കി വയ്ക്കാം, ബട്ടൺ വേണമെങ്കിൽ തുറന്നുമിടാം.
3.സെമി-ഫോർമൽ: ഇതൊരു കൺഫ്യൂഷൻ ഐറ്റമാണ്. സീരിയസ്സും അല്ല, എന്നാൽ പക്കാ കാഷ്വലും അല്ല.